മാടത്തയെ തരട്ടേ?
text_fieldsടി. പത്മനാഭനോട് കുട്ടിക്കാലം മുതൽ നീളുന്ന നീണ്ട ഉറ്റബന്ധമാണ് കഥാകൃത്ത് രേ ഖക്കുള്ളത്. ആ കഥകളിലെ കഥാപാത്രമായും രേഖ നിറഞ്ഞു. ആരാധനയും സ്നേഹവും പിണക്കവും ഒക ്കെ നിറഞ്ഞ ആ ബന്ധത്തിെൻറ ഇഴയടുപ്പത്തെപ്പറ്റിയാണ് ഇൗ കുറിപ്പ്....
ടി. പത്മന ാഭനെക്കുറിച്ച് ഓർക്കുമ്പോൾ ഇതാ ഈ ഡിസംബറിൽ, ക്രിസ്മസ് പിറ്റേന്നു പോ ലും, മഴ പെയ്യുന്നു. ഞാനാദ്യമായി അദ്ദേഹത്തെ കാണുമ്പോൾ, അന്നും മഴ പെയ്തിര ുന്നു. അന്നു പെയ്ത ആ മഴയെക്കുറിച്ച് അദ്ദേഹം ഒരു കഥയുമെഴുതി- ‘കാലവ ർഷം’.
‘കാലവർഷം’എന്ന ആ കഥയെക്കുറിച്ച് എപ്പോഴോർത്താലും എെൻറ കണ ്ണുകൾ സജലങ്ങളാകും. വടക്കുനിന്നു വരുന്ന എഴുത്തുകാരനെ കാത്ത് തൃശൂ ർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന അതീവ നിഷ്കളങ്കയായ ആ കുട്ടി, നിറയ െ പീലികൾ നിറഞ്ഞ വെളുത്ത കണ്ണുകളോടെ എന്നെ നോക്കി ചിരിക്കും. സഹതപിക്കു ം. എന്തൊരു മാറ്റം നിനക്ക് എന്നു പരിഹസിക്കും.
കഥകളിലെല്ലാം അദ്ദേഹത്ത െ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം ‘അയാൾ’ ആയിരുന്നു. അയാളുടെ പൂച്ചക് കുട്ടികൾ, അയാളുടെ മുരിങ്ങമരം, അയാൾ കണ്ട കടൽ, അയാളുടെ കഥക്കുട്ടി കൾ, അയാളുടെ റോസാപ്പൂക്കൾ, അയാളുടെ സംഗീതം, അയാളുടെ ഏകാന്തത...
അയാ ളുടെ അഭിമുഖങ്ങളിലെല്ലാം ആവർത്തിക്കുന്ന ഒരു വരിയുണ്ട്: ‘‘എനിക്കൊ രു കുട്ടിയുണ്ടാകുന്നുവെങ്കിൽ അതൊരു പെൺകുട്ടിയാകണം.’’ എട്ടാം ക്ലാസ ് മുതൽ ആ വരി അവൾക്കു നൽകിയിട്ടുള്ള ആത്മവിശ്വാസം കുറച്ചൊന്നുമല് ല. അതുതന്നെയാണ് അവൾക്കു കത്തെഴുതാനുള്ള വിശ്വാസവും ജീവനും കൊടുത് തത്.
തൃശൂരിലെ ഒരു കുഗ്രാമജീവിതത്തിൽനിന്ന് ഒരു വലിയ എഴുത്തുകാ രന് കത്തെഴുതുക എന്നത് ഒരു വലിയ ആർഭാടമായിരുന്നു. എന്നിട്ടും കുട്ടി യുടെ കത്തുകൾ ‘അയാൾ’ കാണുക തന്നെ ചെയ്തു. ഒട്ടും ഭംഗിയില്ലാത്ത പലകപ്പ ല്ലുപോലുള്ള അവളുടെ അക്ഷരങ്ങളും വാക്കുകളും വാത്സല്യത്തോടെ തൊട്ടു.
അ വളെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ലക്കം ഇന്ത്യാ ടുഡേയിൽ ‘അയാൾ’ ആ കുട്ടി യെക്കുറിച്ച്, അവളുടെ കത്തുകളിലെ വരികളെക്കുറിച്ച് ഒരു കഥ എഴുതി-‘ രാത്രിയുടെ അവസാനം’.
അമേരിക്കൻ എഴുത്തുകാരനായ ട്രൂമാൻ കപോട്ടി യുടെ വാക്കുകളുടെ ഭംഗിയുണ്ട് അവളുടെ വരികൾക്കെന്നും അയാൾ എഴുതി യിരുന്നു.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കഥാസമാഹാരം അയക്കുക യും ചെയ്തു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘‘പ്രകാശം പരത്തുന്ന ഒരു പെൺകു ട്ടിക്ക്, എത്രയും സ്നേഹത്തോടെ പത്മനാഭൻ.’’
(അന്നത്തെ ആ സന്തോഷം പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. സന്തോഷത്തിന് ഒരു കുഴപ ്പമുണ്ട്. ലോകം മികച്ചതെന്നു കരുതുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സ ംഭവിച്ചാലും, നമ്മുടെ മനസ്സ് അതു ശരിവെച്ച് ഉല്ലാസവിളക്കുകൾ കൊളു ത്തുമ്പോൾ മാത്രമേ അതു സന്തോഷമായി മാറുകയുള്ളൂവല്ലോ.)
ഓരോ തവണ തൃശൂ രിലെത്തുമ്പോഴും അയാൾ കുട്ടിയെ വിവരമറിയിച്ചു. അയാളെ കാണാൻ ആ കുട ്ടി ക്ലാസ് മുറികളുപേക്ഷിച്ചു. മുതിർന്ന എഴുത്തുകാരോ പത്രപ്രവർത്തക രോ സാംസ്കാരിക പ്രമുഖരോ ഒക്കെ സന്ദർശകരായി അദ്ദേഹത്തിന് ഒപ്പം ഉണ്ട ാകുമെങ്കിലും അതൊന്നും കുട്ടിയുടെ വരവിനു തടസ്സമായില്ല.
ഇതേതു കു ട്ടി എന്ന് ആരെങ്കിലും ചിന്തിക്കുമോ, ശല്യക്കാരിയായ വ്യവഹാരിയായി കരു തുമോ എന്നൊക്കെ കുട്ടിക്ക് ശങ്കയുണ്ടായിരുന്നെങ്കിലും അയാൾക്കു ശങ്കയ ില്ലായിരുന്നു.
‘കാലവർഷം’. അച്ചടിച്ചുവന്ന് ഏതാനും നാളുകൾ കഴിഞ്ഞ പ്പോൾ, അയാളെ യാത്രയയക്കാൻ ആ കുട്ടി നിൽക്കുമ്പോൾ, പരശുറാം എക്സ്പ്രസ ിൽ നിന്ന് നിരൂപക മിനിപ്രസാദ് ‘അയാളോടു’ ചോദിച്ചു: ‘‘ഇത് രേഖയല്ലേ?’’
കുട് ടിയും അയാളും ചിരിച്ചു.
കുട്ടിക്ക് അയാളോട് എന്തും ചോദിക്കാമായിരുന്നു- ആരാണ് ‘ഗൗരി’യെന്നോ ‘കടലിലെ’അമ്മയെന്നോ ഒക്കെ പ്രായത്തിെൻറ കൗതുകവ ും കുസൃതിയുമായി അവൾ ചോദിച്ചു.

അയാളൊരിക്കലും അതിനായിരുന്നില്ല മറുപടി പറഞ്ഞത്. പകരം ഒരു കഥ പറയുകയായിരുന്നു. ഒരിക്കൽ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് അബ്ദുൾ കരീം ഖാെൻറയും കർണാടക സംഗീതജ്ഞ വീണ ധനമ്മാളിെൻറയും സവിശേഷമായ സ്നേഹബന്ധത്തെക്കുറിച്ച്.
മറ്റൊരിക്കൽ നെഹ്റുവിെൻറയും ലേഡി മൗണ്ട് ബാറ്റെൻറയും റോസാപ്പൂ മണമുള്ള അകളങ്കസ്നേഹത്തെക്കുറിച്ച്.
ഗോപാൽപൂരിലെ ആ ചുവന്ന സന്ധ്യയിൽ അയാൾക്കൊപ്പം നടന്ന ആ സ്നേഹം ആരെന്നു മാത്രം ഒരിക്കലും പറഞ്ഞില്ല. മാംസനിബദ്ധമല്ലാത്ത, ആണും പെണ്ണും തമ്മിലുള്ള പരിശുദ്ധ സ്നേഹത്തെക്കുറിച്ചുള്ള പല പല കഥകൾ മാറിമാറി പറഞ്ഞു മായാജാലക്കാരനായി മാറിയതല്ലാതെ...
കുട്ടിയുടെ എപ്പോഴുമുള്ള ഈ ചോദ്യത്തോട്, ക്ഷിപ്രകോപിയായ അയാൾക്കു വാത്സല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അയാളുടെ മുഖത്ത് തെളിയുന്ന ആ ഭാവം -കെ.പി. അപ്പൻ ‘ഗൗരി’ എന്ന കഥയെക്കുറിച്ചു പറഞ്ഞിട്ടുള്ള പരാമർശത്തിനു -പ്രണയത്തിെൻറ അധരസിന്ദൂരംകൊണ്ടെഴുതിയ കഥ-സമമായിരുന്നു. പ്രണയസ്മരണയുടെ അധരസിന്ദൂരവും മുന്നിലിരിക്കുന്ന വെള്ളക്കണ്ണുള്ള കുട്ടിയോടുള്ള വാത്സല്യവും കൂടിക്കലരുന്ന ആ ഭാവം മരണംവരെയും ഓർമകൾക്കൊപ്പം നടക്കണേ എന്നാണ് എെൻറ പ്രാർഥന.
എത്ര തിരക്കുണ്ടെങ്കിലും കുട്ടിക്ക് കൃത്യമായി അയാൾ മറുപടികളെഴുതി. പരീക്ഷാക്കാലങ്ങളിൽപോലും അയാളുടെ പച്ച നിറമുള്ള അക്ഷരങ്ങൾ പ്രതീക്ഷിച്ചാണ് അവൾ വീട്ടിലേക്ക് ഓടിക്കിതച്ചെത്തിയത്. കാലവും കത്തുകളും അങ്ങനെ സ്വകാര്യം പറഞ്ഞ് കടന്നുപോയി. കുട്ടി മുതിർന്ന് കല്യാണക്കാരിയായി. തൃശൂരിലെ കല്യാണച്ചടങ്ങിൽ സമയത്തിനു മുേമ്പ എത്തി അയാൾ അവളെ അനുഗ്രഹിച്ചു.
കല്യാണം കഴിഞ്ഞ് തൃശൂർ-തിരുവനന്തപുരം നെട്ടോട്ടവും കൊച്ചിയിലെ ജേണലിസം പഠനവുമൊക്കെ കത്തുകളുടെ വേഗം കുറച്ചെങ്കിലും നടുവേദനക്കാരി ഹോസ്റ്റൽ മുറിയിൽ കുനിഞ്ഞും ചരിഞ്ഞും ഇരുന്ന് അയാൾക്കു കത്തുകളെഴുതി. ജേണലിസം പഠനം പൂർത്തിയാക്കും മുമ്പ് മനോരമയിൽ ജോലി കിട്ടി.
പത്രമോഫിസിൽ മുഴുസമയ ജോലിയായിരുന്നു. പകൽ ക്ലാസുകളും രാത്രി ഡെസ്കിൽ പ്രായോഗിക പരിശീലനവും. ക്ഷീണിച്ചുതളർന്ന്, രാത്രി കിടക്കും മുമ്പ് ‘അയാൾക്ക്’എഴുതിയില്ലല്ലോ എന്ന ആലോചനപോലും പൂർത്തിയാക്കും മുമ്പ് ഉറങ്ങിപ്പോകുന്നത്ര ക്ഷീണം.
കത്തുകൾ നിലച്ചുപോയി. ഒരിക്കൽ കോട്ടയത്ത് മനോരമക്ക് എതിർവശത്തുള്ള താലി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ, അതാ ‘അയാൾ’ ഇരിക്കുന്നു. പറഞ്ഞാൽ തീരാത്ത സന്തോഷത്തോടെ അവളും കൂട്ടുകാരിയും അയാൾക്കരികിലേക്ക് ഓടിയെത്തി.
പക്ഷേ, അയാൾ ക്ഷോഭത്തിലായിരുന്നു. അവളുടെ സ്നേഹവും പരിഭ്രമവും അയാൾ തട്ടിമാറ്റി. പുറമേ കറുത്ത വാക്കുകൾ പറഞ്ഞുവെങ്കിലും ആ മനസ്സിൽ അലയടിക്കുന്ന സ്നേഹക്കടൽ ഒളിച്ചുവെക്കാൻ അയാൾ ബദ്ധപ്പെടുന്നുമുണ്ടായിരുന്നു. പ്രശസ്തനായ ഗുസ്തിക്കാരാ, എത്ര നേരം ഈ ശുണ്ഠിയുടെ അടവുമായി അങ്ങേക്ക് മുന്നേറാനാകും.

അപ്പോൾ അയാൾക്കൊപ്പം അവളുടെ ഒരു സഹപ്രവർത്തകനും ഉണ്ടായിരുന്നു. സഹപ്രവർത്തകൻ കാണുന്നതിൽ അവൾക്കു ജാള്യം തോന്നി.
പിന്നീടൊന്നും പറയാതെ അവൾ ചോദിച്ചു: ‘‘ഏത് ട്രെയിനിലാണ് പോകുന്നത്?’’അയാൾ മറുപടി പറഞ്ഞു.
അവളും കൂട്ടുകാരിയും റെയിൽവേ സ്റ്റേഷനിലെത്തി. അൽപം കഴിഞ്ഞപ്പോൾ അയാളും നേരത്തേ കണ്ട ആ സഹപ്രവർത്തകനും എത്തി. സഹപ്രവർത്തകനാണ് അയാളുടെ പെട്ടി പിടിച്ചിരുന്നത്. (ഈ സഹപ്രവർത്തകൻ ഒരു ലക്ഷ്യവും കാണാതെ ഇങ്ങനെ മറ്റൊരാളുടെ പെട്ടിപിടിച്ചു മണിയടിച്ചു നിൽക്കുന്ന ആളല്ലല്ലോ എന്ന് കൂട്ടുകാരി അടക്കം പറഞ്ഞു. എന്തോ ഉന്നംെവച്ചിട്ടിട്ടുണ്ട് എന്ന് അവൾ സംശയക്കാരിയായി-അവളുടെ ഊഹം ശരിയുമായിരുന്നു.)
അയാളുടെ കോപം മഞ്ഞുപോലെ ഉരുകി. വീണ്ടും വാത്സല്യക്കാരനായി. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
‘‘ഞാനൊരു കത്ത് എഴുതിത്തുടങ്ങിയതാണ്. പൂർത്തിയാക്കാനായില്ല...’’ അവൾ വിക്കിവിക്കിപ്പറഞ്ഞു. അയാൾ കരുണ നിറഞ്ഞ കണ്ണുകളോടെ അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി. എനിക്കു നിന്നെ മനസ്സിലാകും എന്നായിരുന്നു അതിനർഥം. പിന്നെ ഒരിക്കലും അയാൾ അവളെ അങ്ങനെ നോക്കിയിട്ടില്ല. അയാൾ അവളെ കേട്ടിട്ടുമില്ല, മനസ്സിലാക്കിയിട്ടുമില്ല. പിന്നീട് അവൾ കടന്നുപോന്ന ജീവിതത്തിെൻറ സങ്കടൽ അയാൾ അറിഞ്ഞിട്ടില്ല. അതായിരുന്നു, അവസാനത്തെ സ്നേഹ സംഗമം.
ജീവിതത്തിെൻറ കാഠിന്യം അവൾ അറിഞ്ഞുതുടങ്ങിയ നാളുകളായിരുന്നു, അത്. അതൊന്നും നേരിടാനാകാതെ ആശ്രയമില്ലാതെ അവൾ വലയുന്ന കാലം. എന്തുകൊണ്ടോ അവളത് അയാളോടു പറഞ്ഞില്ല. ജീവിതത്തിലെ ഓരോ കുഞ്ഞുകുഞ്ഞുകാര്യങ്ങളും ഒരു കൂട്ടുകാരനോടെന്നപോലെ മുതിർന്ന ആ എഴുത്തുകാരനോടു പങ്കുെവച്ചിരുന്ന അവൾ എന്തുകൊണ്ടാണ് പിന്നെ മൗനിയായതെന്ന് കുറ്റബോധത്തോടെ ആലോചിക്കാറുണ്ട്. അവളുടേതുമാത്രമായ സങ്കടങ്ങളും ന്യായങ്ങളുംകൊണ്ട് അതിനു സ്വയം മറുപടി പറഞ്ഞു സമാധാനിക്കാറുമുണ്ട്.
അയാളന്ന് ട്രെയിനിൽ കയറിപ്പോകുമ്പോൾ അവൾക്ക് ഒരു വല്ലാത്ത സങ്കടം തോന്നി; നഷ്ടബോധവും. ജീവിതത്തിനു തണുപ്പുപകരുന്ന തുരുത്തുകളെല്ലാം ഇല്ലാതായി, ഒറ്റപ്പെടലിെൻറ വൻകടലിലേക്കും മരുഭൂമിയിലേക്കും എടുത്തെറിയപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നവൾക്കു തോന്നി...
കൂട്ടുകാരിയുടെ തോളിൽ തല ചായ്ച്ച് കുറച്ചുസമയം അവൾ റെയിൽവേ സ്റ്റേഷനിലിരുന്നു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കു കൊല്ലത്തേക്ക് സ്ഥലംമാറ്റമായി. കോഴിക്കോട്ടുനിന്നു കാണാനെത്തിയ ഭർത്താവിനെ യാത്രയാക്കാനായി അവൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്. അപ്പോൾ പരശുറാം എക്സ്പ്രസിെൻറ എ.സി കംപാർട്മെൻറിെൻറ വാതിലിനരികിൽ അയാൾ...അവൾ ഓടിയടുത്തെങ്കിലും അയാൾ ക്ഷോഭംകൊണ്ട് വിറച്ചു.
‘‘നീ അന്ന് എഴുതിത്തുടങ്ങിയ കത്ത് ഇതുവരെയും അയക്കാനായില്ലേ?’’ അയാൾ ചോദിച്ചു. അവൾ തലകുനിച്ചു. അയാൾ ഒരു തട്ടിപ്പുകാരിയെ നോക്കുന്ന പൊലീസിനെപ്പോലെ അവളെ നോക്കി. താനൊരു തട്ടിപ്പുകാരിയാണെന്ന് അവൾക്കു പോലും ബോധ്യപ്പെടുംമട്ടിൽ.
ആ പരിഭവം അലിയിച്ചുകളയാനുള്ള സാവകാശം ആ ട്രെയിനിന് ഇല്ലായിരുന്നു. അത് മുന്നോട്ടു കുതിച്ചു.
അത്രയേറെ പവിത്രമെന്നു കരുതിയിരുന്ന കത്തുകളെഴുതാൻ ആദ്യം വേണ്ടത് മനഃസമാധാനം ആണെന്ന്, അതില്ലാതിരുന്നതുകൊണ്ടാണ് എഴുതാതിരുന്നതെന്ന്... ഒന്നും പറയാനായില്ല.
പിന്നീടൊരിക്കലും കത്തുകളെഴുതിയില്ല. കഥാസമാഹാരങ്ങൾ അയച്ചുകൊടുത്തപ്പോൾ മറുപടിയുമുണ്ടായില്ല. ഒന്നോ രണ്ടോ തവണ ഫോൺ വിളിച്ചപ്പോൾ അപ്പുറത്തു നിന്ന് കനപ്പെട്ട മൗനം മാത്രം കേട്ടു. അയാൾ കോട്ടയത്ത് വരുന്നതും പോകുന്നതും പിറ്റേന്ന് പത്രത്തിലൂടെ അറിയുന്നുണ്ടായിരുന്നു.
ഒരിക്കൽ കോട്ടയത്ത്, ഞങ്ങളുടെ മേധാവി തോമസ് ജേക്കബ് സാറിെൻറ മകെൻറ വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള രാത്രിവിരുന്നിൽ അയാളെ കണ്ട് ഞാനോടിച്ചെന്നപ്പോൾ തൊട്ടടുത്ത് നിന്നിരുന്ന രവി ഡി.സിയോട് അയാൾ എന്നെ നോക്കി പറഞ്ഞു: ‘‘കള്ള ജാതികളാ...’’
(രണ്ടേ രണ്ടേ വാക്കുകൾകൊണ്ട് അത്രയും വലിയൊരു മുറിവ് ഉണ്ടാക്കാനാകുമെന്ന് ഞാനറിഞ്ഞ നിമിഷം. ഞാനൊരു നല്ല മനുഷ്യസ്ത്രീയാണെന്നും, ആരും എന്നെക്കുറിച്ച് ഇത്തരത്തിൽ പറഞ്ഞുകൂടെന്നും നിർബന്ധം പുലർത്തുന്ന ഒരു മണ്ടിയായിരുന്നു, ഞാനന്ന്. നിറഞ്ഞ കണ്ണുകളോടെ പിണങ്ങിപ്പോന്ന ആ കുട്ടിയെ അയാൾ കണ്ടുകാണില്ല. വർഷങ്ങൾക്കു മുമ്പ് –നിശ്ശബ്ദമാം നിശീഥത്തിൽ, ശാന്തശീത സമീരനിൽ, ചാഞ്ചാടും പാതിരാദീപ, ജ്വാലാപത്മദളങ്ങളിൽ നിങ്ങൾ കണ്ട, ‘നിങ്ങൾ പ്രഭാതപുഷ്പംപോലെ ഒരു പെൺകുട്ടി’എന്നെഴുതിയ ഒരുവളെയാണ് നിങ്ങളപ്പോൾ കോപത്തിെൻറ വാളുകൊണ്ട് വീഴ്ത്തിയതെന്ന്...)
നിസ്സഹായതയോടെ ഞാനാ ബന്ധത്തിെൻറ വിശുദ്ധ പുസ്തകം അടച്ചുവെച്ചു. തുറക്കണമെന്നു തോന്നുമ്പോഴൊക്കെ എെൻറ പാവം മനസ്സു പറഞ്ഞു: വേണ്ട നല്ല ഓർമകൾ മാത്രമുള്ള, പനിനീർപ്പൂ മണമുള്ള ആ സ്നേഹം മറ്റേതോ ജന്മത്തിലായിരുന്നു എന്നു കരുതി സമാധാനിക്കൂ...
മക്കളെ എഴുത്തിനിരുത്താൻ ഈ എഴുത്തുകാരൻ തന്നെ വേണം എന്ന വിചാരം മുളയ്ക്കുമ്പോഴേക്കും നുള്ളിക്കളഞ്ഞുകൊണ്ടിരുന്നു.
കാലത്തിനൊപ്പിച്ചുള്ള ഓട്ടത്തിൽ സ്വാർഥത വന്ന് നിഷ്കളങ്കതയെയും നന്മയെയുമൊക്കെ കൊണ്ടുപോയപ്പോൾ ആദ്യം പൊഴിഞ്ഞുപോയത് ആ പെൺകുട്ടിയുടെ നീണ്ട കൺപീലികളായിരുന്നു. പിന്നെ ആ വെളുത്ത കണ്ണുകൾ കലക്കമുള്ളതായി. അതിൽ നിറയെ അഴുക്കു നിറഞ്ഞു. ചുവപ്പുരാശിയുമായി.
മൈക്കലാഞ്ജലോയുടെ ശിൽപങ്ങൾക്ക്- ക്രിസ്തുവിെൻറ കുട്ടിക്കാലത്തിനും വളർന്നപ്പോൾ യൂദാസിെൻറ ക്രൂരതക്കും- മോഡലാകാൻ വിധിക്കപ്പെട്ട ആ ഭാഗ്യഹീനനെപ്പോലെ...
അതവിടെ നിൽക്കട്ടെ...
അക്ഷരങ്ങളിലെ ഏറ്റവും നല്ല മഴ ആരുടേതെന്നു ചോദിച്ചാൽ, ലോകത്തിലെ ഏറ്റവും നല്ല അക്ഷരക്കുട്ടികൾ ആരുടേതെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ- ടി. പത്മനാഭൻ. ചെക്കോവിെൻറ കുട്ടികൾപോലും പത്മനാഭെൻറ കുട്ടികളോളം മനസ്സിനെ തൊടുമോ? സംശയമാണ്.
അദ്ദേഹത്തിെൻറ ശീലങ്ങളും സ്വഭാവവും പെരുമാറ്റവുമായി ഏറ്റവും ഇണങ്ങുന്ന പ്രകൃതിപ്രതിഭാസവും മഴയാണ്. ചിലപ്പോൾ ചാഞ്ഞുപെയ്യുന്ന മഴ, പെയ്യണോ എന്നു ശങ്കിച്ച് നിൽക്കുന്ന ആദ്യമഴ, സകലം കടപുഴക്കിയെറിയുന്ന പെരുമഴ, പ്രളയമായും സ്നേഹമായും കാരുണ്യമായും ജീവജലമായും ഒക്കെ പെയ്തിറങ്ങുന്ന മഴ ആ കഥകളിലെന്നപോലെ ആ ജീവിതത്തിലുമുണ്ട്.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’, ‘വീടു നഷ്ടപ്പെട്ട കുട്ടി’ തുടങ്ങിയ കഥകളിലെ കുട്ടികളെല്ലാം അതിപ്രശസ്തരാണ്. പക്ഷേ എനിക്കേറ്റവും ഇഷ്ടമുള്ള പത്മനാഭൻകുട്ടി –‘ഒരു ചെറിയ കഥ’ എന്ന കഥയിലെ കുട്ടിയാണ്.
പത്രപ്രവർത്തനം പഠിച്ച് ബിരുദമൊക്കെ എടുത്തെങ്കിലും പത്തുപതിനെട്ടു വർഷം ആ ജോലി ചെയ്തെങ്കിലും എഡിറ്റിങ്ങിനെക്കുറിച്ച് സംശയം വരുമ്പോൾ, ഞാൻ ഓർമയോടു സഹായം തേടിച്ചെല്ലുന്നത് ഈ കഥയിലേക്കാണ്.
ഇത്തിരിപ്പോന്ന ആ കഥ, ഏറ്റവും കുറച്ചു വാക്കുകളിൽ വികാരങ്ങളുടെ പെരുമഴയെ ഗർഭത്തിൽ ചുമക്കുന്ന കാർമേഘമാണ്. എങ്ങനെ വാക്കുകളുടെ കൈക്കണക്ക് ഒപ്പിക്കണം എന്നതിെൻറ തച്ച്, കൃത്യമായ ഉളിപ്രയോഗം ഒക്കെ ആ കഥയിലുടനീളം കാണാം.
മരിച്ചുപോയ പരിചയക്കാരിയായ ഒരു കുട്ടിയെക്കുറിച്ച്, കഥാകൃത്ത് ഒരു കഥ എഴുതാൻ തുടങ്ങുമ്പോഴാണ് വാതിലിൽ മുട്ടു കേൾക്കുന്നത്. മാടത്തയെ തരട്ടേ എന്നും ചോദിച്ചുകൊണ്ട് ഒരു കുട്ടിയായിരുന്നു അത്. അയാൾ ക്ഷോഭത്തോടെ തന്നെ അവനെ ഇറക്കിവിട്ടു. തിരികെ വന്ന് എഴുതാനിരിക്കുമ്പോൾ കഥാകൃത്തിന് എഴുതാനാകുന്നില്ല. അയാൾ അസ്വസ്ഥനായി. മാടത്തയെ നെഞ്ചോടടുക്കി, മഴ നനഞ്ഞ് കോളനിയിലെ വീടുവീടാന്തരം കയറി ഇറങ്ങുകയായിരുന്ന ആ കുട്ടിയെ അയാൾക്കു കണ്ടെത്താനാകുന്നില്ല. ആ വേദനയോടെ കഥ തീരുന്നു. ഇക്കഥ പൂർണമായും വായനക്കാരേൻറതാണ്. കഥ പൂർത്തിയാക്കേണ്ട ചുമതലയും വായനക്കാരേൻറതാണ്.
‘നിധിചാല സുഖമാ’യിലെ രാമനാഥനെപ്പോലെ എല്ലാം ഇട്ടെറിഞ്ഞ്, എല്ലാ സ്വാർഥതകളുമുപേക്ഷിച്ച്, കലയുടെ ലോകത്തേക്ക് ജീവിതത്തെ കൊണ്ടുപോകണം എന്നതാണ് എെൻറ ഏറ്റവും വലിയ മോഹം.(നടക്കുന്നില്ലെങ്കിലും...)
ഇപ്പോൾ ക്ലാസ്മുറിയിൽ മഖൻസിങ്ങിെൻറ മരണവും കടയനെല്ലൂരിലെ ഒരു സ്ത്രീയുമൊക്കെ പഠിപ്പിക്കുമ്പോൾ, കുട്ടികളോട് നിങ്ങളുടെ ഈ പ്രായത്തിൽ ഈ കഥാകൃത്താണ് എനിക്ക് അക്ഷരങ്ങളുടെ ജീവവായു തന്ന് എന്നെ നേർനടത്തിയതെന്ന് ഞാൻ പറയാറുണ്ട്. അപ്പോൾ ക്ലാസ്മുറിയിൽ പ്രഭാതപുഷ്പങ്ങളുടെ ഗന്ധം നിറയുന്നത് ഞാൻ മാത്രം അറിയുന്നുണ്ട്. അത്രയും ആഴമുള്ള വിശുദ്ധസ്നേഹം എത്ര വിശദീകരിച്ചാലും എെൻറ മുന്നിലെ കുഞ്ഞുങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല...
രണ്ടുതവണ കണ്ണൂരിലെത്തിയിട്ടും ഒരു തവണ പള്ളിക്കുന്നിലെ വീടിനു സമീപം വരെ എത്തിയിട്ടും വീട്ടിൽ കയറാതെ ഭീരുവിനെപ്പോലെ മടങ്ങിപ്പോന്നു.
കൂട്ടുകാരി ചോദിച്ചു: ‘‘നീയീ ചെയ്യുന്നത് ആത്മവഞ്ചനയല്ലേ?’’
വയ്യ. ഇനി ഒരു തവണകൂടി കോപത്തിെൻറ ആ വാൾ എെൻറ കഴുത്തിലൂടെ കടന്നുപോയാൽ പിന്നെ ഞാനില്ല- ഞാൻ പറഞ്ഞൊഴിഞ്ഞു.
ഈയിടെ കൂട്ടുകാരനും മനോരമയിലെ സഹപ്രവർത്തകനുമായിരുന്ന ടി. അജീഷ് പറഞ്ഞു: ഒരു വിദേശയാത്രക്കു പോകാനായി, വിമാനത്താവളത്തിനു സമീപമുള്ള അജീഷിെൻറ വീട്ടിലെത്തിയ അദ്ദേഹത്തോട്, അജീഷ്, ഞാൻ പത്രപ്രവർത്തനം വിട്ട് കോളജിൽ പഠിപ്പിക്കാൻ ചേർന്ന വിവരം പറഞ്ഞു.
കുറച്ചുസമയം അദ്ദേഹം മൗനമായിരുന്നു.
പിന്നെ പറഞ്ഞു: ‘‘അറിഞ്ഞില്ല.’’
അതുകേട്ടപ്പോൾ എനിക്കു സമാധാനമായി. അങ്ങയുടെ മനസ്സിൽ ഇപ്പോഴും എനിക്കൊരിടമുണ്ട്.
അങ്ങയെ നേരിടാനുള്ള നിഷ്കളങ്കത, പിന്നീടുള്ള ജീവിതത്തിന് ഇല്ലെന്നു തോന്നിയപ്പോഴായിരുന്നു മാറിനിന്നത് എന്ന് ഇന്നു തിരിച്ചറിയുന്നുമുണ്ട്.
പ്രിയപ്പെട്ട എഴുത്തുകാരാ, അങ്ങ് ഇതു വായിക്കുമോ എന്നറിഞ്ഞുകൂടാ. വായിച്ചുപൂർത്തിയാക്കുമെങ്കിൽ, വാതിലിൽ ഒരു മുട്ട് കേൾക്കാം. അങ്ങ് ഒന്നു വാതിൽ തുറക്കണം. (അനാഥരായ പൂച്ചകൾക്കും പട്ടികൾക്കും തുറന്നുകൊടുത്ത ആ വാതിൽ.)
മാടത്തയെ തരട്ടെ എന്നു ചോദിച്ചുകൊണ്ട് നിൽക്കുന്നത് ആ പഴയ കുട്ടിയാണ്. അവളെ കണ്ടപ്പോഴൊക്കെ ‘അയാൾ’ ക്ഷോഭിച്ചെങ്കിലും അവൾക്കറിയാമായിരുന്നു- അതൊരു പുറംമോടി മാത്രമാണെന്നും അകമേ സ്നേഹത്തിെൻറ പെരുമഴയാണെന്നും. എന്നിട്ടും അവളൊരു പ്രതിമപോലെ ഉറഞ്ഞുപോയി. ക്ഷമിച്ചേക്കുക.
ആദ്യമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ അവളെ കാണുമ്പോളുണ്ടായിരുന്ന വാത്സല്യത്തിെൻറ കടൽ അങ്ങയുടെ കണ്ണുകളിൽ ഉണ്ടായാൽ, എെൻറ ഈ ജീവിതം വെറുതെയായില്ലെന്ന് എെൻറ ജീവിതത്തിനുമേൽ ഞാനൊരു അടിക്കുറിപ്പ് എഴുതിവെക്കും.
(ടി. പത്മനാഭനെക്കുറിച്ചുള്ള 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പിൽ (ജനുവരി) പ്രസിദ്ധീകരിച്ച ലേഖനം)