യോജിപ്പിന്‍റെയും വിയോജിപ്പിന്‍റെയും മഹോത്സവം

മാധ്യമം ലിറ്റററി ഫെസ്റ്റ്

കലുഷമാകുന്ന കാലത്തില്‍ വാക്കുകള്‍ കൊണ്ടു പോര്‍ നയിക്കുന്നവര്‍. ആ വാക്കുകളിലെ ആഹ്വാനങ്ങള്‍ ഉള്ളിലേക്ക് ചേര്‍ത്ത് പടയാളികളായി നിരന്നവര്‍. വാക്കിന്‍െറയും നോക്കിന്‍െറയും ഇരുകരകളിലിരുന്നു നാടിനെയോര്‍ത്ത് വെപ്രാളപ്പെട്ടവര്‍. പൊതുസ്ഥലങ്ങളുടെ ധാരാളിത്തങ്ങള്‍ റദ്ദു ചെയ്യപ്പെട്ട കാലത്ത്, തന്നിലേക്കുതന്നെ മുങ്ങാംകുഴിയിട്ട് ശ്വാസംമുട്ടി ചത്ത കാലത്ത് അവരെല്ലാം ഒന്നിച്ചിരുന്നു വര്‍ത്തമാനങ്ങള്‍ പറഞ്ഞു, ശങ്കകള്‍ പങ്കിട്ട് വീണ്ടും കണ്ടുമുട്ടിയേക്കാമെന്ന പ്രത്യാശക്കുറിപ്പില്‍ സലാം പറഞ്ഞുപോയ രണ്ടുനാളുകളാണ് തിരൂരിലെ തുഞ്ചന്‍പറമ്പില്‍ ആവിഷ്കരിക്കപ്പെട്ട മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ ഏറ്റവും ചുരുങ്ങിയ വിശേഷത. അതിനിടയില്‍ പാട്ടും പഴമ്പുരാണങ്ങളുമുണ്ടായിരുന്നു. ദൃശ്യപ്പെടലുകളും വെളിപ്പെടലുകളുമുണ്ടായി. കേരളത്തില്‍ ആദ്യമായാണ് ഒരു ദിനപത്രം ലിറ്റററി ഫെസ്റ്റിവല്‍ നടത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ അക്ഷരസംഗമത്തിന്.

മീരയും മുകുന്ദനുമായുള്ള സംവാദം
 
അക്ഷരങ്ങള്‍ക്കുമേല്‍ അടയിരുന്ന വര്‍ണബോധത്തിനെതിരെ കലാപമുയര്‍ന്ന മണ്ണാണ് തുഞ്ചന്‍േറത്. സ്വന്തം നാവാല്‍ കവിത ചൊല്ലാനുള്ള അയിത്തക്കുറ തീരാത്തതിനാല്‍ കിളിയെക്കൊണ്ട് പാടിക്കേണ്ടിവന്ന എഴുത്തച്ഛന്‍െറ മുറ്റം. ആ മണ്ണില്‍ ആവിഷ്കരിച്ച മൂന്നു വേദികള്‍. മലയാള സാഹിത്യത്തിന്‍െറ നാഴികകളെ വലിയ മണിയൊച്ച കൊണ്ട് അടയാളപ്പെടുത്തിയ മൂന്നു ദേശങ്ങളുടെ - തലയോലപ്പറമ്പും തസ്രാക്കും പൊന്നാനിയും - പേരിട്ട വേദികള്‍. തലയോലപ്പറമ്പിലെ വീട്ടുമുറ്റത്ത് പാത്തുമ്മയുടെ ആടിനെ നോക്കി ബീഡി പുകച്ചിരിക്കുന്ന ബഷീറിനെ സാക്ഷിയാക്കി, ബഷീറിന് പ്രിയപ്പെട്ട മാങ്കോസ്റ്റിന്‍ മരത്തൈകള്‍ക്ക് ജീവജലം പകര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത് രാജ്മോഹന്‍ ഗാന്ധിയായിരുന്നു. മഹാത്മ ഗാന്ധിയുടെ മകന്‍ ദേവദാസ് ഗാന്ധിയുടെ പുത്രന്‍. അദ്ദേഹം പറഞ്ഞത് കേള്‍ക്കുക. ‘നമ്മുടെ അയല്‍ക്കാരനെ കുറിച്ച് നമുക്ക് ഉറച്ച ചില തീര്‍പ്പുകളുണ്ട്. പക്ഷേ, നമ്മുടെ അയല്‍ക്കാരനെക്കുറിച്ച് ഒന്നും അറിയില്ല..’

കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളി 1921ലെ മലബാര്‍ കലാപകാലത്ത് മാപ്പിളമാര്‍ തകര്‍ത്ത് പള്ളിയാക്കിയതാണെന്ന് വിശ്വസിച്ച ടാക്സി ഡ്രൈവറെ ഹിന്ദുക്കളും മുസ്ലിംകളും ചേര്‍ന്ന് 14ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍നിന്ന് പള്ളി സംരക്ഷിച്ച ചരിത്രം പറഞ്ഞ് തിരുത്തിയ കഥ രാജ്മോഹന്‍ ഗാന്ധി പറഞ്ഞു. തൊട്ടപ്പുറത്തുള്ളവന്‍ ആരെന്നോ, എന്തെന്നോ അറിയാതെ അവരെക്കുറിച്ച് ആധികാരികമായി വിധിപ്രഖ്യാപനം നടത്തുന്ന ഈ കാലത്തിന്‍െറ ഒറ്റ ഉദാഹരണം മാത്രമായിരുന്നു അത്.

അപ്പുറത്തുള്ളവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ കൂടിയുള്ളതായിരുന്നു രണ്ടു നാളിലെ 13സെഷനുകള്‍. ഇന്ത്യയിലെ തിളച്ചുമറിയുന്ന കാമ്പസില്‍നിന്ന് വന്ന യുവ പോരാളികള്‍, എഴുത്തില്‍ രാഷ്ട്രീയം നിര്‍ബന്ധമുള്ള പുതുതലമുറ എഴുത്തുകാര്‍, മലയാള സാഹിത്യത്തിലെ മലപ്പുറം എന്ന ഇടം, ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങളുടെ കഴുത്തു ഞെരിക്കുന്നതിനെതിരെ തസ്രാക്കില്‍ ചൂടുപിടിച്ച ചര്‍ച്ച, പ്രവാസത്തിന്‍െറ കടലുകള്‍ താണ്ടിയപ്പോഴും കൂടെ ചേര്‍ത്ത എഴുത്തും വായനയും പൂത്ത വര്‍ത്തമാനങ്ങള്‍, സാഹിത്യവും സിനിമയും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍, ആത്മീയതയുടെ കൂടി പ്രകാശനമായ സാഹിത്യത്തിന്‍െറ ഉള്ളറകളിലേക്കുള്ള യാത്ര, പാട്ടുപാടി തഴമ്പിച്ച മലയാളത്തിന്‍െറ പാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും കണ്ടത്തെലുകളും. പോരാട്ടത്തിന്‍െറ പോര്‍മുനകളായി എവിടെയും എഴുന്നേറ്റു നില്‍ക്കുന്ന പെണ്‍കരുത്തിന്‍െറ അടയാളപ്പെടുത്തലുകള്‍ അങ്ങനെ സംവാദത്തിന്‍െറ വേദികള്‍ തുറന്നുകിടന്നു.

ഭാഗ്യലക്ഷ്മിയും മഞ്ജുവാര്യരും
 

ടി. പദ്മനാഭന്‍, സച്ചിദാനന്ദന്‍, ഡോ. എം. ലീലാവതി, പെരുമ്പടവം ശ്രീധരന്‍, രവി ഡി.സി, സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍, സേതു, സി.വി. ബാലകൃഷ്ണന്‍, കെ.പി. രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, ടി.ഡി. രാമകൃഷ്ണന്‍, എം.ജി.എസ് നാരായണന്‍, അംബികാസുതന്‍ മാങ്ങാട്, സുഭാഷ് ചന്ദ്രന്‍, പി.പി. രാമചന്ദ്രന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍, വി.ആര്‍. സുധീഷ്, ആലങ്കോട് ലീലാ കൃഷ്ണന്‍, അജയ് പി. മങ്ങാട്ട് തുടങ്ങിയ പല തലമുറകളിലെ എഴുത്തുകാരുടെ വലിയ നിര. എം.ബി. മനോജ്, കെ.കെ. ബാബുരാജ്, എസ്. കലേഷ് തുടങ്ങിയ ചിന്തകരും എഴുത്തുകാരും കവികളും. ഹെബ അഹമ്മദ്, രാഹുല്‍ സോന്‍പിംപ്ളെ പുനറാം തുടങ്ങിയ കാമ്പസ് പ്രതിശബ്ദങ്ങള്‍.  മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എം. മുകുന്ദന്‍െറ ‘കുട നന്നാക്കുന്ന ചോയി’യുടെയും കെ.ആര്‍. മീരയുടെ ‘ആരാച്ചാരു’ടെയും എഴുത്തനുഭവങ്ങള്‍. മഞ്ജുവാര്യരും ഭാഗ്യലക്ഷ്മിയുമായുള്ള സംസാരം. ഇമേജറികള്‍ പൂത്തുകിടന്ന കവിസദസ്സ്.

സംഘാടകരെപ്പോലും കണക്കിന് വിമര്‍ശിച്ച് സക്കറിയയും ജോയ്മാത്യുവുമൊക്കെ നിലപാട് പ്രഖ്യാപിച്ചപ്പോള്‍ വിയോജിപ്പുകളെ മാനിച്ച് നിറഞ്ഞ് കൈയടിച്ച സദസ്സായിരുന്നു തുഞ്ചന്‍പറമ്പിലെ പ്രത്യേകത. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ആവോളം തുറന്നിട്ട ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന മഹോത്സവത്തില്‍ ഇതൊരു അതിശയോക്തിയല്ല. അങ്ങനത്തെന്നെയാണ് ആവേണ്ടതും. ‘മറ്റുള്ളവര്‍ പറയുന്നത് നമുക്ക് ഇഷ്ടപ്പെടണം എന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ, ആ അനിഷ്ടകരമായ അഭിപ്രായങ്ങളും തുറന്നു പ്രഖ്യാപിക്കാനാണ് ഈ ഫെസ്റ്റിവല്‍’ എന്ന് മാധ്യമത്തിന്‍െറ എഡിറ്റള്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അത് വ്യക്തമാക്കിയിരുന്നു.

സംഘാടകരുടെ രാഷ്ട്രീയത്തോട് പൂര്‍ണമായി യോജിപ്പുള്ളവരല്ലാഞ്ഞിട്ടും ഇരുട്ട് ആക്രമിച്ച് കീഴ്പ്പെടുത്തുന്ന കാലത്തെ കുറിച്ച് അത്യന്തം ഉത്കണ്ഠയുള്ളവരായിരുന്നു പങ്കെടുത്തവരെല്ലാം. എങ്ങനെ ചെറുത്തു നില്‍പ്പിന്‍െറ തുരുത്തുകള്‍ കണ്ടത്തൊമെന്ന് അവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. എഴുത്ത് എന്ന സങ്കേതത്തിന്‍െറ വൈവിധ്യങ്ങളായ രൂപഭേദങ്ങളില്‍ പാലിക്കേണ്ട സങ്കേതബന്ധിതമായ കേവല ചര്‍ച്ചകള്‍ക്കായല്ല ഇവിടെ ഒത്തുകൂടിയത്. പക്ഷേ, ആ ചര്‍ച്ചകള്‍ അന്യവുമായിരുന്നില്ല. അസഹിഷ്ണുതയുടെ വലിയൊരു പരീക്ഷണ ശാലയായി രാജ്യം മാറുമ്പോള്‍ എഴുത്തുകാരന്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം തേടല്‍ കൂടിയായിരുന്നു മാധ്യമം ലിറ്റററി ഫെസ്റ്റിവെല്‍.

കൃത്യതയും അച്ചടക്കവും സമയനിഷ്ഠയും പാലിച്ച് പാളിച്ചകളില്ലാതെ ഒരുക്കിയ സംഘാടനമായിരുന്നു ഫെസ്റ്റിവലിന്‍െറ ഏറ്റവും വലിയ സവിശേഷത. മാധ്യമത്തിന്‍െ പല ശ്രേണികളിലുള്ള പ്രവര്‍ത്തകര്‍ക്കൊപ്പം സഹായിക്കാനത്തെിയ വളന്‍റിയര്‍മാരായ വിദ്യാര്‍ഥിക്കൂട്ടത്തിന്‍െറ വരെ വിജയമായി ഈ മേള ഓര്‍മിക്കപ്പെടും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പി.കെ. പാറക്കടവിന്‍െറ നേതൃത്വത്തിലായിരുന്നു രണ്ടു നാളിലെ സാഹിത്യ സംഗമം. ഒടുവില്‍ മലയാളത്തിന്‍െറ യശസ്സ് ലോകത്തോളമത്തെിച്ച മഹാപ്രതിഭകളെ തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ മൈതാനിയില്‍ ഒഴുകിയത്തെിയ പതിനായിരങ്ങളെ സാക്ഷിയാക്കി ‘മധുരമെന്‍ മലയാളം’ വേദിയില്‍ ആദരവോടെയായിരുന്നു അക്ഷര പെരുംപൂരത്തിന് കൊടിയിറങ്ങിയത്.

മലയാള സിനിമക്ക് ലോകത്തിന്‍െറ തിരശ്ശീലകളില്‍ മേല്‍വിലാസമുണ്ടാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, നിരൂപണ സാഹിത്യത്തിന്‍െറ തറവാട്ടമ്മയായ ഡോ. എം. ലീലാവതി, അര നൂറ്റാണ്ടായി മലയാള സിനിമയില്‍ നടന വിസ്മയം തീര്‍ത്ത മധു, മാപ്പിള പാട്ടിലെ ജീവിച്ചിരിക്കുന്ന വിസ്മയം റംല ബീഗം എന്നിവരെയാണ് ആദരിച്ചത്.  ആദ്യ ദിവസം ഷഹബാസ് അമന്‍ ഒരുക്കിയ ഗസല്‍ സന്ധ്യ കേള്‍ക്കാന്‍ തുഞ്ചന്‍പറമ്പ് കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണത്തെിയത്. ഒടുവില്‍ എം.ജി. ശ്രീകുമാറും അഫ്സലും നയിച്ച ഗാനസന്ധ്യ. സമീപകാലത്ത് മണ്‍മറഞ്ഞ പി. ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ്, യൂസഫലി കേച്ചേരി, കാവാലം നാരായണപ്പണിക്കര്‍, ഗിരീഷ് പുത്തഞ്ചേരി എന്നീ ഗാനരചയിതാക്കള്‍ക്കും കലാഭവന്‍ മണിയെന്ന അഭിനയ പ്രതിഭക്കുമുള്ള ആദരം കൂടിയായിരുന്നു.

പൊതു സ്ഥലങ്ങള്‍ ഒന്നൊന്നായി മാഞ്ഞുകൊണ്ടിരിക്കെ ഇനിയുമിനിയും ഇത്തരം സംഗമങ്ങള്‍ ഉണ്ടാവണമെന്ന് സംഘാടകരെ ഓര്‍മപ്പെടുത്തിയായിരുന്നു പ്രതിനിധികളും നാടിന്‍െറ നാനാഭാഗങ്ങളില്‍ നിന്ന് കേട്ടറിഞ്ഞുമത്തെിയ നൂറുകണക്കിന് പേര്‍ പിരിഞ്ഞുപോയത്.

COMMENTS