Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകുട്ടികൃഷ്ണമാരാർ- ഭാഷ...

കുട്ടികൃഷ്ണമാരാർ- ഭാഷ പടവാളാക്കിയ വിമര്‍ശനാചാര്യന്‍

text_fields
bookmark_border
കുട്ടികൃഷ്ണമാരാർ- ഭാഷ പടവാളാക്കിയ വിമര്‍ശനാചാര്യന്‍
cancel

"മാരാരുടെ പക്കല്‍ ഒരു ചെണ്ടയുണ്ട്. അസാധാരണ തേജസും മോടിയും കൂടിയ മാരാരുടെ ഭാഷാശൈലി. വിമര്‍ശനത്തിനു പറ്റിയ ഇത്ര മനോഹരമായ ഭാഷ മറ്റൊരാളുപയോഗിച്ചുകണ്ടിട്ടില്ല. മാരാരുടെ അഭിപ്രായത്തോടു നിങ്ങള്‍ക്കു യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ആ അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷാരീതി-അതെ, അതുള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കു രസിച്ചാലും ശരി, ഇല്ലെങ്കിലും ശരി വായിക്കുന്നത് ഒരു രസവും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു സാഹിത്യാനുഭവവുമാണ്" ‘മാരാരും കൂട്ടരും' എന്ന തൂലികാ ചിത്രസമാഹാരത്തില്‍ വള്ളത്തോള്‍, കുട്ടികൃഷ്ണ മാരാരുടെ ഭാഷയെ കുറിച്ച് അഭിപ്രായപ്പെട്ടതിങ്ങനെയാണ്.

ഇത് അക്ഷരം പ്രതി ശരിയാണെന്നത് മലയാള സാഹിത്യനിരൂപണ ചക്രവര്‍ത്തിയായ കുട്ടികൃഷ്ണ മാരാരുടെ കൃതികള്‍ വായിച്ച ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. സാഹിത്യ വര്‍ണനകളെ തലനാരിഴ കീറി പരിശോധിച്ച മാരാരുടെ വിമര്‍ശനങ്ങളും അതില്‍ തെളിഞ്ഞു കണ്ട അദ്ദേഹത്തിന്‍്റെ നിലപാടുകളും സഹൃദയലോകത്തിന് ഒട്ടും രുചിച്ചിരുന്നില്ല. എന്നാല്‍ മാരാരുടെ ഭാഷാശൈലി മലയാള ഭാഷയില്‍ ഒരു ശുദ്ധികലശം തന്നെ നടത്തി എന്നതില്‍ രണ്ടഭിപ്രായമില്ല.

കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായി 1900 ജൂണ്‍ 14നാണ് കുട്ടികൃഷ്ണ മാരാര്‍ ജനിച്ചത്.  കുലവിദ്യയിലായിരുന്നു ആദ്യമായി അഭ്യസിച്ചത്. 1923-ല്‍ പട്ടാമ്പി സംസ്കൃത കോളേജില്‍ ചേരുകയും മദിരാശി സര്‍വകലാശാലയുടെ സാഹിത്യശിരോമണി പരീക്ഷ ജയിക്കുകയും ചെയ്തു. സാഹിത്യത്തിലെന്ന പോലെ ചിത്രകലയിലും അതീവ തല്‍പരനായിരുന്നു മാരാര്‍. കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ അയ്യപ്പന്‍്റെ ശ്രീകോവില്‍ചുമരില്‍ കുട്ടികൃഷ്ണമാരാര്‍ വരച്ച ചിത്രം ഇതിന് മികച്ച ഉദ്ദാഹരണമാണ്.
വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ പണ്ഡിതരുടെ വിഹാരരംഗമായിരുന്ന സഹൃദയ തുടങ്ങിയ സംസ്കൃത പത്രികകളില്‍ മാരാരുടെ ലേഖനങ്ങളും ഇടംകണ്ടിരുന്നു. പട്ടാമ്പി കോളേജിലെ അധ്യാപകനായിരുന്ന ശംഭുശര്‍മ്മയുടെ ‘സാത്വിക സ്വപ്നം’, ’പ്രാകൃതസംവിധാനം’ തുടങ്ങിയ സംസ്കൃതകൃതികള്‍ക്ക് അവതാരികയും ടിപ്പണിയും എഴുതിയത് മാരാരാണ്. കോളേജ് വിട്ടപ്പോള്‍ അദ്ദേഹം തന്‍റെ ഗുരുനാഥന്‍ പുന്നശ്ശേരി നീലകണ്ഠശര്‍മയെ എതിര്‍ത്തുകൊണ്ട് സംസ്കൃതത്തില്‍ ഒരു ലേഖനമെഴുതി പ്രസിദ്ധപ്പെടുത്തുകയാണ് ആദ്യമായി ചെയ്തത്. കൊല്ലവര്‍ഷം 1100-ല്‍ തൃക്കാവില്‍ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു.

15 കൊല്ലത്തോളം മഹാകവി വള്ളത്തോളിനൊപ്പമായിരുന്നു മാരാർ. വള്ളത്തോള്‍ കൃതികളുടെ പ്രസാധകനായും കുട്ടികളുടെ സംസ്കൃതാധ്യാപകനായും കലാമണ്ഡലത്തിൽ വള്ളത്തോളിന്‍റെ സഹയാത്രികനായിരുന്നു അക്കാലത്ത് മാരാര്‍. വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് മാരാരുടെ ശ്രദ്ധ തിരിച്ചു. ആ സമയത്ത് നാലപ്പാട്ട് നാരായണ മേനോനെ കാണുകയും അദ്ദേഹത്തില്‍ മാരാര്‍ ഗുരുവിനെ കണ്ടത്തെുകയും ചെയ്തു. ഇതിനു ശേഷം മുമ്പ് വള്ളത്തോളിനെ പ്രശംസിച്ചു പറഞ്ഞതൊക്കെ മാറ്റി പറയാനും മാരാര്‍ മടിച്ചില്ല. ആദ്യകാലത്ത്(1928) 'സാഹിത്യഭൂഷണം" എന്നൊരു അലങ്കാരഗ്രനഥമെഴുതിയെങ്കിലും അച്ചടിശാലയില്‍ നിന്ന് വിട്ടുകിട്ടിയില്ല. പിന്നീട് ആ പുസ്തകം 1965-ല്‍ സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

മാരാര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് 'നിഴലാട്ടം' എന്ന ഒരു കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടായിരുന്നു. സാഹിത്യവൃത്തങ്ങള്‍ അതിനെ അത്ര ഗൗനിച്ചിരുന്നില്ല. കവിയായിത്തീരാനുള്ള മാരാരുടെ മോഹം അങ്ങനെ ആദ്യകാലത്തുതന്നെ അലസിപ്പോയി. അതില്‍ മാരാര്‍ സഹൃദയലോകത്തോടുതന്നെ ഒരു പ്രതിഷേധം വെച്ചുപുലര്‍ത്തുന്നതുപോലെ തോന്നുമെന്ന് ‘സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ എസ്.കെ. പൊറ്റക്കാട്ട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, മഹാപണ്ഡിതന്‍, മലയാളശൈലിയുടെ പ്രഗല്ഭശില്പി, കാളിദാസകാവ്യങ്ങളുടെ കലാമര്‍മജ്ഞനായ വ്യാഖ്യാതാവ് എന്നീ നിലകളില്‍ കുട്ടികൃഷ്ണമാരാരോട് ആദ്യം മുതൽക്കേ തനിക്ക് ആരാധനയോടടുത്ത ഒരു ആദരവാണുണ്ടായിരുന്നതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.

വിമര്‍ശനകലയെ സര്‍ഗാത്മക കലയാക്കി മാറ്റിയ മാരാര്‍, കൃതി കാലത്താല്‍ നിര്‍ണയിക്കപ്പെടുന്നു എന്ന ആശയത്തിന് എതിരായിരുന്നു. ‘കല കലയ്ക്കു വേണ്ടി’, ‘കല ജീവിതത്തിന് വേണ്ടി’ എന്നീ രണ്ടു വാദമുഖങ്ങള്‍  എക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവയില്‍ നിന്ന് വ്യത്യസ്തമായി ‘കല ജീവിതം തന്നെ’ എന്നതായിരുന്നു മാരാരുടെ വാദം. വിമര്‍ശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമര്‍ശനം, വിമര്‍ശകന്‍റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാല്‍ നിര്‍ജീവം ആയിരിക്കുമെന്നും മാരാര്‍ വിശ്വസിച്ചു. വിമര്‍ശനം കേവല വാചാടോപവും വ്യക്തിവൈരാഗ്യത്തിനുള്ള ആയുധവുമായി തീര്‍ന്ന കാലത്താണ് മാരാരുടെ വിമര്‍ശനങ്ങളുടെ പ്രസക്തി.

1938 മുതല്‍ 1961 വരെ മാരാർ മാതൃഭൂമിയിലെ പ്രൂഫ് വായനക്കാരനായിരുന്നു. മാരാരുടെ പ്രമുഖ സാഹിത്യ പരിശ്രമങ്ങളായ ‘മലയാളശൈലി’ മുതല്‍ ‘കലജീവിതം തന്നെ’ വരെയുള്ള എല്ലാ പ്രധാന നിരൂപണങ്ങളും ഉപന്യാസങ്ങളും ഇക്കാലത്താണ് രചിച്ചത്. മലയാള ശൈലി എന്ന പുസ്തകം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചുവെങ്കില്‍ ‘ഭാരതപര്യടനം’ എന്ന ഇതിഹാസപഠനം മഹാഭാരതത്തെ എപ്രകാരം വായിക്കണമെന്ന് കാട്ടിത്തന്നു. 1953 മുതല്‍ക്കേ കാളിദാസന്‍റെ കൃതികളുടെ ഗദ്യപരിഭാഷകളും മാരാര്‍ എഴുതുന്നുണ്ടായിരുന്നു. ‘രാജാങ്കണം’ എന്ന നിരൂപണകൃതി ഏറെ പ്രകീര്‍ത്തിക്കപ്പെട്ട പുസ്തകമാണ്.

ഭാരതീയ സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങളില്‍ മഹിമഭട്ടന്‍റെ ‘അനുമാന’ത്തോട് ആയിരുന്നു അദ്ദേഹത്തിനു പ്രതിപത്തി. ഇത് അദ്ദേഹത്തിന്‍റെ ‘ഭാരതപര്യടനം' എന്ന കൃതിയില്‍ ഉടനീളം പ്രകടമാണ്. ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ കൃതിയായിരുന്നു ഭാരതപര്യടനം. 1948ല്‍ മഹാഭാരതത്തെ ഇതിവൃത്തമാക്കി മാരാര്‍ എഴുതിയ ‘ഭാരതപര്യടനം'ത്തില്‍ ഇതിഹാസ കഥാപാത്രങ്ങളെയെല്ലാം വെറും മനുഷ്യരായി കണ്ട് വിശകലനം ചെയ്യുകയാണ്. തിന്മയും നന്മയും ഇരു വിഭാഗങ്ങളല്ലെന്നും രണ്ടും ഓരോ വ്യക്തിയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നന്മയുടെ പക്ഷത്തു നിന്ന് രാമന്‍, ധര്‍മപുത്രന്‍, കൃപര്‍, വിഭീഷണന്‍ എന്നിവരെ തള്ളിക്കളഞ്ഞ് കര്‍ണന്‍, അശ്വത്ഥാമാവ്, പക്ഷികള്‍, മേഘങ്ങള്‍ എന്നീ അരികുവത്കരിക്കപ്പെട്ട ജനതയോടൊപ്പം നില്‍ക്കുകയാണ് മാരാര്‍ ചെയ്തത്. ഏറ്റവും ഹൃദയവിശുദ്ധിയുള്ള ഒരാള്‍ക്ക് മാത്രം കഴിയുന്ന തരത്തില്‍ ഏറ്റവും കഠിനമായാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ നടത്തിയത്. കുമാരാശാന്‍റെ ലീല ഭര്‍ത്താവിനെ കൊന്നതാണ് എന്ന മാരാരുടെ കാഠിന്യം കല്ലുകടിയായാണ് ഭൂരിഭാഗം പേര്‍ക്കും അനുഭവപ്പെട്ടത്. സാഹിത്യഭൂഷണം, പതിനഞ്ചുപന്യാസങ്ങള്‍, ഋഷിപ്രസാദം, സാഹിത്യസല്ലാപം, സാഹിത്യവിദ്യ, കൈവിളക്ക്, ചര്‍ച്ചായോഗം, ദന്തഗോപുരം, വൃത്തശില്‍പം, ഭാഷാപരിചയം, ഹാസ്യസാഹിത്യം എന്നിവയാണ് മാരാരുടെ മറ്റ് പ്രശസ്ത കൃതികള്‍.

1967ല്‍ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജില്‍ നിന്ന് സാഹിത്യരത്നം, തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍ നിന്ന് സാഹിത്യനിപുണന്‍ പുരസ്കാരങ്ങള്‍ നേടി. ‘ഭാരതപര്യടന’ത്തിനു മദ്രാസ് ഭരണകൂടത്തിന്‍റെ പുരസ്കാരവും. ‘കല ജീവിതം തന്നെ’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങളും ലഭിച്ചു. 1961 മുതല്‍ പ്രധാനമായും ആധ്യാത്മക ഉപന്യാസങ്ങളാണ് എഴുതിയിരുന്നത്. മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചു വന്നത്. അക്കാലത്ത് മാരാര്‍ പലര്‍ക്കുമെഴുതിയ കത്തുകള്‍ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1966 മെയ് 27-നു ഭാര്യയുടെ മരണത്തോടെ പൂർണമായും ആധ്യാത്മക മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. വിമര്‍ശന സാഹിത്യത്തില്‍ ഒരിക്കലും പൂരിപ്പിക്കാനാവത്ത വിടവ് ബാക്കിവെച്ചാണ് 1973 ഏപ്രില്‍ 6ന് മാരാരുടെ ആത്മാവ് ശരീരം വെടിഞ്ഞത്.

Show Full Article
TAGS:Kuttikrishna marar 
Web Title - Kuttikrishnamarar
Next Story