Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightജിബ്രാൻ:...

ജിബ്രാൻ: പ്രണയത്തിന്‍റെ തോഴൻ

text_fields
bookmark_border
ജിബ്രാൻ: പ്രണയത്തിന്‍റെ  തോഴൻ
cancel

കാറ്റും പൂവും തമ്മിലുള്ള നിശബ്ദമായ സംവേദനം.. അതിന്‍െറ സൗന്ദര്യവും സൗരഭ്യവും ലോകമാനം പരക്കുന്നു. വിശദീകരണങ്ങളില്ലാതെ വിവശതകളില്ലാതെ നമ്മള്‍ പോലുമറിയാതെ അത് ആത്മാവിലലിഞ്ഞു ചേരുന്നു. ഖലീല്‍ ജിബ്രാന്‍റെ രചനകളും ഇത്തരത്തില്‍ വായനക്കാരന്‍റെ ഉള്ള് തുരന്ന് ഇറങ്ങിച്ചെല്ലുന്നു. ആ യാത്രയില്‍ സ്നേഹത്തിന്‍െറ പുതിയ വെളിച്ചവും പുതിയ ആകാശവും നമുക്ക് കൂട്ടു വരുന്നു.

ലോകത്തിന്‍െറ ആകുലതകളെ മുഴുവന്‍ സ്നേഹത്തിന്‍െറ സുവർണസ്പര്‍ശം കൊണ്ട് മായ്ച്ചുകളയാനുള്ള മാന്ത്രികത ജിബ്രാന്‍െറ ഓരോ രചനകളിലും ഒളിഞ്ഞിരിപ്പുണ്ട്.  സമൂഹം നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ സംഹിതകളെ തച്ചുടക്കാനുള്ള ശക്തി അദ്ദേഹത്തിന്‍െറ രചനകളിലെ സ്നേഹമെന്ന സത്യത്തിനുണ്ട്. സാഹിത്യത്തെ ആത്മീയചിന്തകളിലേക്കും തത്ത്വചിന്തയിലേക്കും നയിച്ച എഴുത്തുകാരിലൊരാളാണ് ജിബ്രാന്‍. സ്വത്വബോധത്തെ ഉണര്‍ത്തുന്നതിലും ഹൃദയത്തെ ശുദ്ധീകരിക്കുന്നതിലും ജിബ്രാന്‍െറ രചനകള്‍ക്കുള്ള കഴിവ് ചെറുതല്ല.

1883 ജനുവരി ആറിന് ലെബനനിലെ ബഷരി എന്ന പട്ടണത്തില്‍ ജനിച്ച ജിബ്രാന്‍ ജീവിതത്തിന്‍റെ ഭൂരിഭാഗവും അമേരിക്കന്‍ ഐക്യനാടുകളിലാണ് ചെലവഴിച്ചത്. ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്ന അദ്ദേഹം പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ അപൂര്‍വം എഴുത്തുകാരിലൊരാളാണ്. ജിബ്രാന്‍ സാഹിത്യജീവിതം ആരംഭിക്കുന്നത് അമേരിക്കയില്‍ വെച്ചാണ്. അറബിയിലും ഇംഗ്ളീഷിലും അദ്ദേഹം രചനകള്‍ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ വിമതനായിട്ടാണ് ഇന്നും അറബ് ലോകം അദ്ദേഹത്തെ കണക്കാക്കുന്നത്. ഗദ്യകവിതകള്‍ എന്ന ശാഖ തന്നെ ജിബ്രാന്‍െറ സംഭാവനയായിരുന്നു.

കടുത്ത ദാരിദ്ര്യത്തിന്‍െറ പിടിയിലായിരുന്നു ജിബ്രാന്‍െറ ബാല്യം. അക്കാലത്തെ തീക്ഷ്ണമായ അനുഭവങ്ങളാവാം രചനകള്‍ക്ക് കൂടുതല്‍ മിഴിവേകിയത്. ദാരിദ്ര്യം മൂലം ജിബ്രാന് ഒൗപചാരിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തില്‍ താല്പര്യം കാണിച്ച ജിബ്രാന് ഗ്രാമത്തിലെ ഒരു പുരോഹിതന്‍ വീട്ടിലത്തെി സുറിയാനിയും അറബിയും പഠിപ്പിക്കാന്‍ തയ്യാറായി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്ള വീടിന്‍്റെ ചുറ്റുപാടുകളില്‍ അതീന്ദ്രിയമായ സ്നേഹ സ്പര്‍ശം ബാല്യത്തിലേ ജിബ്രാന്‍ ദര്‍ശിച്ചു കാണണം. പ്രകൃതിയിലലിഞ്ഞ് ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പില്‍ക്കാലത്തെ അദ്ദഹത്തേിന്‍റെ ചിത്രങ്ങളിലും കവിതകളിലും  പ്രകൃതി സാമീപ്യത്തിന്‍റെ സ്വാധീനവും ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകളും കാണാം.

1894ല്‍ അമേരിയ്ക്കയിലേക്ക് ജിബ്രാന്‍െറ കുടുംബം കുടിയേറി. രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനട്ടില്‍ മടങ്ങിയത്തെിയ ജിബ്രാന്‍ ബെയ്ത്തൂറിലെ മദ്രസ-അല്‍-ഹിക്മ എന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്രനിയമം, മതങ്ങളുടെ ചരിത്രം, സംഗീതം എന്നിവയും അഭ്യസിച്ചു. 1904ല്‍ ജിബ്രാന്‍ തന്‍്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. 1908ല്‍ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി. ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ ജിബ്രാനെ സഹായിച്ചത്. ചിത്രകലയിലെ ആധുനികപ്രവണതകള്‍ അദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഭ്രാന്തന്‍ വിപ്ളവം എന്നാണ് ആധുനികചിത്രകലയെ ജിബ്രാന്‍ വിശേഷിപ്പിച്ചത്.

ജിബ്രാന്‍റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാവുന്നതാണ്.1905 മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918 മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും. ജിബ്രാന്‍റെ ആദ്യകാലകൃതികളില്‍ നിരാശ, ക്ഷോഭം എന്നിവക്കാണ് മുൻതൂക്കമെങ്കിൽ രണ്ടാംഘട്ടത്തിലെ രചനകളിൽ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിക്കാം. കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കതേം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് കാണാം. സോളമന്‍റെ ഗീതങ്ങളുടേയും സങ്കീര്‍ത്തനങ്ങളുടേയും സ്വാധീനവും കാണാം. രണ്ടാംഘട്ടത്തിലാണ് അദ്ദേഹം ഇംഗ്ളീഷില്‍ രചനകള്‍ നടത്തിയത്.

1905ല്‍ അറബി ഭാഷയില്‍ രചിച്ച ‘അല്‍ മ്യൂസിക്കാ’ ആണ് ജിബ്രാന്‍റെ ആദ്യ കൃതി. താഴ് വരയിലെ സ്വര്‍ഗകന്യകള്‍(Nymphs of the Valley), ഒടിഞ്ഞ ചിറകുകള്‍(Broken Wings), ക്ഷോഭിക്കുന്ന ആത്മാവ്(Spirits Rebellious), പ്രവാചകന്‍(The Prophet), യേശു മനുഷ്യന്‍്റെ പുത്രന്‍(JesusThe Son Of Man), മണലും നുരയും(Sand and Foam), ദ് മാഡ് മാന്‍ എന്നിവയാണ് അദ്ദേഹത്തിന്‍െറ മറ്റ് പ്രധാന രചനകള്‍. വിവാഹമെന്ന സാമൂഹികസമ്പ്രദായത്തെ തന്നെ വെറുക്കാനിട വന്ന ഒരു പ്രണയബന്ധത്തിന്‍റെ തകര്‍ച്ചയാണ് 1908ല്‍പ്രസീദ്ധീകരിച്ച ഒടിഞ്ഞ ചിറകുകള്‍ എന്ന കൃതിക്ക് കാരണമായത്. അമ്മയുടെ മരണത്തില്‍ നിന്നുണ്ടായ നഷ്ടബോധവും ഈ കൃതിയില്‍ കാണാം. കൃതിയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ‘മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ. അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിര്‍ഭരമായ പദമാകുന്നു; ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നുവരുന്ന മധുരോദാരമായ പദം.‘ മതാചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കര്‍ക്കശമായി വിമര്‍ശിച്ചു എന്ന കാരണത്താല്‍ 1908ല്‍ പ്രസിദ്ധീകരിച്ച ക്ഷോഭിക്കുന്ന ആത്മാവ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

1923ല്‍ എഴുതിയ പ്രവാചകന്‍ എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്. ഈ കൃതിയില്‍ തന്‍്റെ സന്ദേഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ദര്‍ശനസാന്ദ്രമായ ആവിഷ്കാരം നല്‍കി. പ്രണയം, വിവാഹം, നിയമം, കുഞ്ഞുങ്ങള്‍, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം, മതം, സുഖം, ദുഃഖം എന്നിങ്ങനെയുള്ള ആശയങ്ങള്‍ക്ക് അല്‍മുസ്തഫ എന്ന പ്രവാചകനിലൂടെ ഉത്തരം നല്‍കുന്നു. ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ അവന്‍ കടന്നു പോകുന്ന കാലഘട്ടങ്ങളില്‍ അവന്‍െറയുള്ളില്‍ രൂപപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ‘പ്രവാചകന്‍’. 50ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയപ്പെട്ട കൃതി എക്കാലത്തെയും ‘ബെസ്റ്റ് സെല്ലര്‍’ ആയിരുന്നു. അച്ചടിച്ചതു മുതല്‍ ഇന്നു വരെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.
മിഥ്യാബോധത്തിന്‍െറ പുകമഞ്ഞിലകപ്പെട്ട ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്കും സത്യത്തിലേക്കുമത്തെിക്കുന്ന ചുമതലയാണ് ‘പ്രവാചകനുള്ളത്’. സ്വത്വത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെ മനുഷ്യന് എക്കാലത്തും സംശയങ്ങളുണ്ടായിട്ടുണ്ട്. കൃത്യമായ ഉത്തരം കിട്ടാതെ കുഴങ്ങിയിട്ടുണ്ട്. ‘പ്രവാചകന്‍’ സംശയനിവാരണം നടത്തുന്നവനാണ്. നന്മയിലേക്ക് നയിക്കുന്നവനാണ്. സത്യത്തെ അതിന്‍റെ സരളദീപ്തിയോടെ വെളിപ്പെടുത്തുന്നു. സ്നേഹമാണ് പരമമായ ചൈതന്യത്തിലത്തെിക്കുക എന്ന് പ്രവാചകന്‍ ഉദ്ഘോഷിക്കുന്നു. ഇതു തന്നെയാണ് ഇന്നും ജിബ്രാന്‍െറ ‘പ്രവാചകന്‍’ ലോകമെമ്പാടും വായിക്കപ്പെടാനുള്ള പ്രധാന കാരണം.

‘പ്രവാചകനി’ല്‍ നിന്ന് ഒരു ഭാഗം
കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു: “ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക”.
പ്രവാചകന്‍ പറഞ്ഞു:
“നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നിലനില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന് ജനിച്ച കുട്ടികളാണവര്‍.
അവര്‍ നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളില്‍ നിന്നല്ല വന്നത്
നിങ്ങളോടൊപ്പമാണെങ്കിലും അവര്‍ നിങ്ങളുടേതല്ല..
നിങ്ങള്‍ അവര്‍ക്ക് സ്നേഹം നല്‍കിക്കോളൂ, ചിന്തകള്‍ നല്‍കരുത്...
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരെ പോലെയാകാന്‍ നിങ്ങള്‍ക്ക് പരിശ്രമിക്കാം..
പക്ഷേ അവരെ ഒരിക്കലും നിങ്ങളെ പോലെ ആക്കാന്‍ ശ്രമിക്കരുത്,
ജീവിതം പിന്നോട്ട് പായുന്നില്ല, ഇന്നലെയില്‍ തങ്ങി നില്‍ക്കുന്നുമില്ല..
നിങ്ങള്‍ വില്ലാണെങ്കില്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകള്‍ ലക്ഷ്യം കാണൂ.
അതിനായി ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

ജിബ്രാന്‍ തന്‍െറ രചനകളിലൂടെ മാനവകുലത്തെയാകെ ഉദ്ദീപിപ്പിക്കുന്നു. ചിന്തകളില്‍ വര്‍ണം വിതറാന്‍ ആഹ്വാനം ചെയ്യുന്നു. സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്. ജിബ്രാന്‍െറ രചനകളിലെ ദാര്‍ശനികതയും ഉള്‍ക്കാഴ്ചയും വായനക്കാരനെ അവരവരുടെ ഉള്ളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. എഴുത്തിലെ ലാളിത്യത്തേക്കാളധികം സ്വത്വബോധത്തിലൂന്നിയ കാഴ്ചപ്പാടുകള്‍ വായനക്കാരനെ പിടിച്ചുലക്കുന്നു. അവരെ അതീന്ദ്രിയജ്ഞാനത്തിന്‍െറ കാണാക്കയങ്ങളില്‍ നീരാടാന്‍ വിടുന്നു. ഓരോ വരിയും ഓരോ പുതിയ ചോദ്യവും ഓരോ പുതിയ ഉത്തരവും നല്‍കുന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും അഴിയാകണ്ണികള്‍ കൃതി അവസാനിക്കുന്നിടം വരെയും അതിനു ശേഷവും പുതിയ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്നു. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രസച്ചരട് പൊട്ടാതിരിക്കാന്‍ മിക്കവരും ജിബ്രാന്‍െറ കൃതികള്‍ ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കുന്നതാണ് പതിവ്. അദ്ദേഹത്തിന്‍െറ ഓരോ കവിതയും നിര്‍മലസ്നേഹത്തിന്‍െറയും പുത്തന്‍ പ്രത്യാശകളുടെയും പുതിയ സൂര്യനെ സമ്മാനിക്കുന്നുണ്ട്...

ഉരുകി, രാത്രിയോട് രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയ മൃദുലതയുടെ
വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ
സ്വന്തം ധാരണയാല്‍ മുറിവേല്‍ക്കുക.
അങ്ങനെ പൂര്‍ണ്ണ മനസ്സോടും
ഹര്‍ഷവായ്പ്പോടും ചോരയൊഴുക്കുക.
(ജിബ്രാന്‍െറ കവിതകളിലൊന്ന്)

1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ച ജിബ്രാന്‍ അവിടെയുള്ള ഹെര്‍മിറ്റജേ് എന്ന് വിളിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു ജീവിതാവസാനം വരേയും  കഴിച്ചുകൂട്ടിയത്.1931 ഏപ്രില്‍ പത്തിന് നാല്പത്തെട്ടാമത്തെ വയസ്സില്‍ തന്‍െറ രചനകളില്‍ സ്നേഹത്തിന്‍െറയും സത്യത്തിന്‍െറയും ഒരിക്കലും കെടാത്ത ഒരായിരം ചിരാതുകള്‍ കത്തിച്ചുവെച്ച സംതൃപ്തിയില്‍ ജിബ്രാന്‍ മടങ്ങി.

Show Full Article
TAGS:khalil gibran 
News Summary - khalil gibran
Next Story