എന്‍െറ പത്ത് പുസ്തകങ്ങള്‍
text_fieldsകേരള സംസ്ഥാന രൂപവത്കരണത്തിനുശേഷമുള്ള കാലത്ത്, മലയാളത്തിലുണ്ടായ സാഹിത്യകൃതികളില്‍നിന്ന് 10 പുസ്തകം തെരഞ്ഞെടുക്കുക ശ്രമകരമാണ്. അഭിരുചിപരമായി തുല്യനിലയില്‍ ആകര്‍ഷിച്ച കൃതികള്‍ പലതും പുറത്താകുന്നത് പത്രാധിപനിര്‍ദേശത്തിന്‍െറ ‘പത്ത്’ എന്ന വാള്‍മുനമൂലമാണ്. പല ഇനങ്ങളിലായി പത്തിരുപത് പുസ്തകങ്ങളെങ്കിലും ഒഴിവാക്കാനാവാത്തവിധം, ഇവിടെ തെരഞ്ഞെടുത്ത കൃതികള്‍ക്കൊപ്പം മികവുള്ളതായി, പ്രിയപ്പെട്ടതായി ഉണ്ട്.
1. സുന്ദരികളും സുന്ദരന്മാരും
മലയാളത്തില്‍ സി.വിയുടെ നോവലുകള്‍ക്കുശേഷം ജീവിതത്തെ ആഴത്തിലും വ്യാപ്തിയിലും ആവിഷ്കരിച്ച ഉറൂബിന്‍െറ ‘സുന്ദരികളും സുന്ദരന്മാരും’ ചരിത്രവും രാഷ്ട്രീയവും സാമൂഹികോദ്വേഗങ്ങളും ഇഴചേരുന്ന രചനയാണ്. ചൈതന്യമാര്‍ന്ന കഥാപാത്രങ്ങള്‍, ചരിത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥാഘടന, വ്യക്ത്യനുഭവത്തിന്‍െറ സൂക്ഷ്മാവിഷ്കാരം എന്നിവയൊക്കെ ചേര്‍ന്ന ആഖ്യാനത്തിന് നവോത്ഥാനകാലത്തിന്‍െറ മാനവികതാദര്‍ശനം ദീപ്തി പകരുന്നു.
2. പാത്തുമ്മയുടെ ആട്
നോവല്‍ എന്ന സാഹിത്യരൂപത്തെക്കുറിച്ചുണ്ടായിരുന്ന എല്ലാ സങ്കല്‍പങ്ങളെയും അതിവര്‍ത്തിച്ച് എഴുത്തുകാരന്‍ തന്‍െറ ജീവിതപരിസരങ്ങളുടെ സാധാരണ രീതിയിലുള്ള വിവരണത്തിലൂടെ അത്യസാധാരണമായ ജീവിതാവിഷ്കാരവും മനുഷ്യപ്രകൃതിയുടെ സൂക്ഷ്മ വൈചിത്ര്യങ്ങളും ആവിഷ്കരിക്കുന്നു. പൂച്ച മറഞ്ഞുപോയാലും പൂച്ചയുടെ ചിരി അവശേഷിക്കുന്നതുപോലെയുള്ള ആഖ്യാനകലയുടെ മാന്ത്രികത ഈ ബഷീര്‍കൃതിയെ വിസ്മയകരമാക്കുന്നു.
3. ഖസാക്കിന്‍െറ ഇതിഹാസം
എന്‍െറ തലമുറയെ അഗാധമായി സ്പര്‍ശിച്ച നോവല്‍. എഴുത്തുകാരന്‍െറ ഒറിജിനാലിറ്റി എന്നത്, രചന ഭാഷാനുഭവത്തില്‍ സൃഷ്ടിക്കുന്ന പുതുമയാണ് എന്ന് ഒ.വി. വിജയന്‍ ഖസാക്കിലൂടെ മലയാളിയെ ബോധ്യപ്പെടുത്തി. ഉള്ളടക്കത്തിലെ നിഷേധദര്‍ശനത്തെ ആഖ്യാനത്തിന്‍െറ സൂക്ഷ്മഭംഗികള്‍കൊണ്ട്, കല്‍പവൃക്ഷത്തിന്‍െറ ഇളനീരുകൊണ്ടെന്നതുപോലെ വിജയന്‍ പവിത്രീകരിച്ചു.
4. ശാന്ത
വൈയക്തികാനുഭവത്തിന് സാമൂഹികവും രാഷ്ട്രീയവും ആദിപ്രരൂപപരവുമായ മാനങ്ങള്‍ നല്‍കിയ കവിതയാണ് കടമ്മനിട്ടയുടെ ‘ശാന്ത’. അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയവരള്‍ച്ചയുടെ കാലത്ത് ജാഗ്രതയുള്ള കവിമനസ്സില്‍ രൂപപ്പെട്ട രചന. പരുക്കന്‍ ജീവിതചിത്രങ്ങളുടെ ഗദ്യവും കാല്‍പനികമായ താളാത്മക ഭാഗങ്ങളും ഇടകലര്‍ന്ന ‘ശാന്ത’യുടെ ഘടന ആ കാലത്തിന്‍െറ ആന്തരവൈരുധ്യത്തെ ആവിഷ്കരിക്കുന്നു. എക്കാലത്തെയും വിമോചനപ്രതീക്ഷയുടെ കവിതയാണ് ‘ശാന്ത’.
5. എന്‍െറ കഥ
മലയാളത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത വിധത്തില്‍ ആന്തരികധീരതയോടെ സ്ത്രീമനസ്സിന്‍െറ ആവിഷ്കാരം നിര്‍വഹിച്ച കൃതിയാണ് മാധവിക്കുട്ടിയുടെ ‘എന്‍െറ കഥ’. ആത്മഭാഷണത്തിന്‍െറ സ്വരത്തില്‍ അനുഭവങ്ങളും കഥാഭാവനയും കവിതയും കൂടിക്കലര്‍ന്നപ്പോള്‍ സ്ത്രീയുടെ സ്വാതന്ത്ര്യാന്വേഷണത്തിന്‍െറ സര്‍ഗാത്മകമുഖം, പകരം മറ്റൊന്ന് ചൂണ്ടിക്കാണിക്കാനാകാത്തവിധം തെളിഞ്ഞുകണ്ടു.
6. എന്‍െറ പ്രിയപ്പെട്ട കഥകള്‍
എം.ടി. വാസുദേവന്‍ നായര്‍ സൂക്ഷ്മശ്രദ്ധയോടെ പരിചരിച്ച ചെറുകഥ എന്ന സാഹിത്യരൂപത്തില്‍ അദ്ദേഹം തുടക്കം മുതല്‍ ക്രമാനുഗതമായ വളര്‍ച്ച നേടി. ആദ്യഘട്ടത്തില്‍ എഴുതിയ ‘ഓപ്പോള്‍’ മുതല്‍ ഒടുവില്‍ എഴുതിയ ‘കാഴ്ച’ വരെയുള്ളവയില്‍നിന്ന് എം.ടിതന്നെ എടുത്ത മികച്ച ചെറുകഥകളുടെ സമാഹാരം. സ്വാതന്ത്ര്യാനന്തര ഘട്ടത്തിലെ ഏകാകികളായ വ്യക്തികളുടെ ജീവിതത്തിലെ ചില സൂക്ഷ്മസന്ദര്‍ഭങ്ങളിലൂടെ സമൂഹത്തെയും കാലത്തെയും നാട്യങ്ങളില്ലാത്ത ആഖ്യാനമികവോടെ ഈ ചെറുകഥകള്‍ അവതരിപ്പിച്ചു.
7. ദല്‍ഹി ഗാഥകള്‍
മയ്യഴിയില്‍ ജീവിച്ചതിനെക്കാള്‍ കൂടുതല്‍കാലം ഡല്‍ഹിയില്‍ കഴിഞ്ഞ എം. മുകുന്ദന്‍, 1960കളുടെ തുടക്കം മുതലുള്ള ഡല്‍ഹിയിലെ സാധാരണക്കാരുടെയും പ്രാന്തീകൃതരുടെയും ജീവിതം അവതരിപ്പിക്കുന്നു. അധികാരകേന്ദ്രമായ ഡല്‍ഹി എന്ന രാഷ്ട്രീയസ്ഥലത്തിന്‍െറ മനുഷ്യത്വരഹിതമായ സ്വഭാവം ദേശരാഷ്ട്രസങ്കല്‍പത്തെ പ്രശ്നവത്കരിച്ചുകൊണ്ട്, സന്ദിഗ്ധതകളില്ലാത്ത ഒരു രാഷ്ട്രീയ സമീപനത്തോടെ മുകുന്ദന്‍ ചിത്രീകരിക്കുന്നു.
8. കയര്‍
തകഴിയുടെ പില്‍ക്കാല കൃതിയായ ‘കയര്‍’, 1970 വരെയുള്ള ഒരു നൂറ്റാണ്ടിലേറെക്കാലത്തെ കേരളീയജീവിതപരിണാമം ഒരു കുട്ടനാടന്‍ ഗ്രാമത്തെ കേന്ദ്രീകരിച്ച്, പലതലമുറകളിലെ മനുഷ്യരിലൂടെ വരച്ചിടുകയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍െറ ചരിത്രമാനങ്ങളും ഭവിഷ്യത്ചിത്രങ്ങളും ഈ നോവലില്‍ കാണാം. കൃഷി ജീവിതവൃത്തിയില്‍നിന്ന് വ്യവസായമായി മാറുന്നത് കണ്ട തകഴി ചോദിക്കുന്നു: ‘‘ഇക്കാണായ മനുഷ്യര്‍ക്കൊക്കെയും തിന്നേണ്ടേ?’’ ആ ചോദ്യത്തിന്‍െറ മുഴക്കമാണ് ആധുനിക മലയാളത്തിലെ ഇതിഹാസമായ കയറിന്‍െറ നാരുബലം.
9. ആലാഹയുടെ പെണ്‍മക്കള്‍
മലയാളത്തില്‍ സ്ത്രീരചനകള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള ആശയാന്തരീക്ഷം സൃഷ്ടിച്ച എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറ ജോസഫിന്‍െറ ആദ്യത്തെ നോവല്‍. ജീവിതത്തിന്‍െറ അരികുകളില്‍ ഒതുക്കപ്പെട്ട എച്ചില്‍മനുഷ്യരുടെ ലോകത്തിന് ഒരു സ്ത്രീഭാഷ്യം രചിക്കുകയാണ് ‘ആലാഹയുടെ പെണ്‍മക്കള്‍’. പെണ്‍മയും പ്രകൃതിയും ഭാഷയും നേരിടുന്ന അധിനിവേശത്തിനെതിരെയുള്ള പ്രതിരോധസ്വരമാണ് അതിന്‍െറ പ്രാണസാരം.
10. ചെറിയ മനുഷ്യരും വലിയ ലോകവും
ഒരുപക്ഷേ, താന്‍ രചിക്കുന്നത് ഒരു ഗ്രാഫിക് നോവലാണ് എന്നറിയാതെ അരവിന്ദന്‍ വരക്കുകയും എഴുതുകയും ചെയ്തതാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’. 1960 മുതല്‍ 73 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ അവസാന താളില്‍ പ്രത്യക്ഷപ്പെടുകയും 1978ല്‍ പുസ്തകരൂപത്തില്‍ വരുകയും ചെയ്ത ഈ രചന, രാമു എന്ന അഭ്യസ്തവിദ്യനായ യുവാവിനെ കേന്ദ്രീകരിച്ച് ആ കാലത്തെ ഇന്ത്യന്‍ സാമൂഹികാവസ്ഥയെയും യുവത്വം നേരിടുന്ന പ്രതിസന്ധികളെയും ആവിഷ്കരിച്ചു. ആധുനികതാവാദത്തിന്‍െറ ഉള്‍ക്കാഴ്ചകളോടെ സാമൂഹിക പ്രശ്നങ്ങളെയും വ്യക്തിയുടെ ആത്മീയപ്രതിസന്ധികളെയും അവതരിപ്പിച്ച ഈ രചന മാധ്യമപരമായും ഭാവുകത്വപരമായും പകരം വെക്കാനില്ലാത്ത ഒന്നാണ്.