നല്ല പുസ്​തകം നൻമ നിറഞ്ഞ സുഹൃത്ത്​

അനില എം.കെ
14:59 PM
23/04/2020
books.jpg
Representative Image

‘‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’’കുഞ്ഞുണ്ണി മാഷിൻെറ വരികളാണ്​. വായനയുടെ ശക്തിയെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ​ ഇതിലും സ്​പഷ്​ടമായി എങ്ങനെ പറയാനാണ്​. ആശയ വികാസങ്ങളുടെ ഓരോ പടവുകളും കയറി അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികൾ ആണ് പുസ്തകങ്ങൾ. ഓരോ വർഷവും ഏപ്രിൽ 23ന്​ ലോക പുസ്​തദിനം വന്നുചേരു​മ്പോൾ ഇനിയും വായിച്ചിട്ടില്ലാത്ത പുസ്​തകങ്ങളിലേക്കും പുതിയ വായനാനുഭവങ്ങളിലേക്കും കടന്നുചെല്ലാനുള്ള പ്രേരണയാണത്​ സമ്മാനിക്കുന്നത്​.

ജനനവും മരണവും ഒരേ മാസത്തിലെ ഒരേ ദിനത്തിലാവുക ആ ദിനം ലോകപുസ്തകദിനമാവുക, ഷേക്സ്പിയർ എന്ന എഴുത്തുകാരന്​ മാത്രമായുള്ള സവിശേഷതയാണിത്. എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കുന്നു. പുസ്തക വായന നമ്മുടെ വളർച്ചയുടെ പടികളാ​ണെന്ന ഓർമ്മപ്പെടുത്തലാണ്​ ഓരോ പുസ്തക ദിനവും സമ്മാനിക്കുന്നത്​. 

സ്പെയിനിൽ 1923 ഏപ്രിൽ 23നാണ് പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്പെയിനിലെ വിഖ്യാത എഴുത്തുകാരൻ  മിഷേൽ ഡി സെർവൻ്റിസിൻെറ ചരമവാർഷിക ദിനം ആണ് ഏപ്രിൽ 23. 1995ലാണ് യുനസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ തുടങ്ങിയത്. വിശ്വസാഹിത്യ നായകനായ വില്യം ഷേക്സ്പിയറിൻെറ ജനന-മരണ തീയതിയും ഈ ദിവസം തന്നെയായിരുന്നു. ഈ ദിനം പുസ്തകദിനമായി കണക്കാക്കിയതിൽ ഇതും ഒരു കാരണമാണ്. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനും ഓർക്കാനുള്ള ഒരു ദിനം കൂടിയാണ് പുസ്തകദിനം. പുസ്തകങ്ങളിലൂടെ നമുക്ക് ധാരാളം ആശയങ്ങളിലേക്കും വിജ്ഞാന ത്തിലേക്കും കടന്നുചെല്ലാൻ സാധിക്കുന്നു.

എ.പി.ജെ അബ്​ദുൽ കലാം ലോകത്തോട് പറഞ്ഞിട്ടുണ്ട്, "ദിവസവും വായനയ്ക്കായി ഒരു മണിക്കൂർ മാറ്റി വെക്കൂ അത് നിങ്ങളെ അറിവിൻറെ കേന്ദ്രമാക്കി ഏതാനും നാളുകൾക്കുള്ളിൽ തന്നെ പരിണമിപ്പിക്കും".

മാറുന്ന വായനാശീലങ്ങൾ

പണ്ട് വീട്ടിൽ വരുത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറി പുസ്തകങ്ങളും കൊതിയോടെ വായിച്ചിരുന്ന തലമുറയായിരുന്നു. കഥ, കവിത,നോവലുകളുമെല്ലാം അവർ ആസ്വദിച്ച്​ വായിച്ചിരുന്നു. കടയിൽ നിന്നും സാധനങ്ങൾ പൊതിഞ്ഞുകൊണ്ട് വരുന്ന ചെറിയ പത്രത്തുണ്ടിലെ അക്ഷരങ്ങൾ പോലും വായിക്കാൻ അവർ മത്സരിച്ചിരുന്നു. കിട്ടുന്നതെന്തും കിട്ടുന്ന സമയം കൊണ്ട് വായിക്കാൻ തല്പരരായിരുന്നു പണ്ടത്തെ ആളുകൾ. കാരണം അച്ചടിമഷി പുരണ്ട കടലാസുകളായിരുന്നു വായനക്കുള്ള അവരുടെ ഏക ആശ്രയം.

e-reading.jpg

ഇന്ന് ലോകം സെക്കൻഡുകൾ തോറും വികസിച്ചുകൊണ്ടിരിക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് മനുഷ്യൻറെ രീതികളിലും മാറ്റം വന്നു. അതിൻറെ തുടച്ചയെന്നോണം വായന പുസ്തകങ്ങളിൽ ഒതുങ്ങിനിൽക്കാതെ ഇൻറർനെറ്റ് ലോകത്തിലേക്ക് കടന്നു. എഴുത്ത് പേജുകളിൽ നിന്ന് കമ്പ്യൂട്ടറിലേക്കും വഴിമാറി. പണ്ടത്തെ ആളുകളിൽ നിന്ന് വ്യത്യസ്തമായി ഏതു പുസ്തകങ്ങളും ഞൊടിയിടകൊണ്ട് മുന്നിലെത്തിക്കാൻ ഇന്നത്തെ ഡിജിറ്റൽ തലമുറയിലെ വായനക്കാർക്ക് സാധ്യമാണ്.

വായന മരിക്കുന്നുവോ?

വളരെ നാളുകളായി ഉയർന്നുകൊണ്ടിരിക്കുന്ന ആശങ്കയാണ് വായനക്ക് മരണം സംഭവിച്ചുവെന്ന്. എന്നാൽ ഇത്തരം ആശങ്കകൾക്കൊന്നും വലിയ അടിസ്ഥാനമില്ല. വായനാ രീതികൾക്കാണ് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇ-വായന, ബ്ലോഗ് വായന, സമൂഹ മാധ്യമങ്ങളിലെ വായന തുടങ്ങിയ രൂപ-ഭാവങ്ങളിലെ വ്യത്യസ്​ത തലങ്ങളിലുടെ വായന സംഭവിച്ചുകൊണ്ടേയിരിക്കുന്നു. വായന ഏതു മാർഗ്ഗത്തിലൂടെയായാലും ആശയങ്ങൾ ആളുകളിലേക്ക് എത്തുന്നുണ്ടോ എന്നതിലാണ് കാര്യം. 

digital-reading.jpg

ഒരുപാട് സാഹിത്യകാരന്മാരുടെ ചിന്തകളും അവരാർജ്ജിച്ച ശേഷികളുടെ സത്തും വിയർപ്പുമാണ് ഓരോ പുസ്തകങ്ങളും. ഒരു നല്ല പുസ്തകം നൂറ് നല്ല സുഹൃത്തുക്കൾക്ക്​ സമമാണ് എന്ന ആപ്​ത വാക്യം ഓരോ പുസ്തകദിനത്തിലും നമുക്ക് ഓർക്കാം.
 

Loading...
COMMENTS