Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightനാടും വീടും...

നാടും വീടും ഉപേക്ഷിച്ച് ബ്ളെസിയുടെ ഒളിച്ചോട്ടം; മയ്യഴിയിലേക്ക്

text_fields
bookmark_border
നാടും വീടും ഉപേക്ഷിച്ച് ബ്ളെസിയുടെ ഒളിച്ചോട്ടം; മയ്യഴിയിലേക്ക്
cancel

കൗമാരത്തില്‍ വീടും നാടും വിട്ടു പുറപ്പെട്ടു പോകണമെന്ന് തോന്നാത്തവര്‍ കുറവായിരിക്കും. തിരുവല്ലയിലെ ഒരു കോളജ് കുമാരനും ആ പ്രായത്തില്‍ അങ്ങനെയൊരു വേണ്ടാതീനം വന്നു മനസ്സിലുദിച്ചു. എങ്ങോട്ടു പോകും? കേരളം വിട്ടു പോകണം. അപ്പോഴാണ് മനസ്സിലൊരു പുഴയും ആ പുഴയോരത്തെ കുറെ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിലേക്ക് ആ പുഴയുടെ പ്രവാഹം കടത്തിവിട്ട എഴുത്തുകാരനേയും ഓര്‍മ വന്നത്. ആ പുഴത്തീരത്തേക്ക് പോകാം, മയ്യഴിപ്പുഴയുടെ തീരത്തേക്ക്. അങ്ങനെയാണ് കിട്ടിയ വണ്ടിക്ക് ആ പയ്യന്‍ മയ്യഴിയിലേക്ക് വണ്ടി കയറിയത്. ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ ഭൂകമ്പം സൃഷ്ടിച്ച, മനസ്സുകളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആ വലിയ എഴുത്തുകാരനെ കാണണം. എം. മുകുന്ദനെ കാണണം.

മയ്യഴിയില്‍ വണ്ടിയിറങ്ങിയ അവന്‍ ആദ്യം കണ്ട പെട്ടിക്കടക്കാരനോട് ചോദിച്ചു. മുകുന്ദന്‍െറ വീട് എവിടെയാ? കടക്കാരന്‍ മിഴിച്ചുനോക്കി. ഏത് മുകുന്ദന്‍? മയ്യഴിയില്‍ എത്ര മുകുന്ദന്മാരുണ്ട് എന്നൊരു മറുചോദ്യം ആ നോട്ടത്തില്‍ തെളിഞ്ഞുവന്നു. കഥകളൊക്കെ എഴുതുന്ന എം. മുകുന്ദന്‍ എന്നു പറഞ്ഞിട്ടും അയാള്‍ക്ക് തിരിഞ്ഞില്ല. പിന്നെയും പലരോടും ചോദിച്ചു. വായനക്കാരന്‍െറ മനസ്സില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയ ആ വലിയ എഴുത്തുകാരനെ മയ്യഴിയില്‍ ആര്‍ക്കും അറിയില്ളെന്ന അറിവ് തിരുവല്ലയില്‍നിന്ന് പുറപ്പെട്ടുപോന്ന ചെറുപ്പക്കാരനെ നിരാശനാക്കി. എങ്കിലും മയ്യഴിപ്പുഴ കാണണം, പുഴയില്‍ ഒന്നു മുങ്ങിനിവരണം.
ആവിലായിലെ കോയിന്ദനും അയാളുടെ മകന്‍ പ്രഭാകരനും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും ചന്ദ്രിയുമൊക്കെ വളര്‍ന്നുവികസിച്ച ആ മണ്ണിലൂടെ വെറുതെയെങ്കിലും അങ്ങോട്ടുമിങ്ങോട്ടും നടന്നു. പ്രസിദ്ധമായ മാഹി പള്ളിയില്‍ ഉറങ്ങി. തുണി കഴുകി കരയിലെ പാറയില്‍ ഉണക്കാനിട്ടു. പുഴയിലിറങ്ങി കുളിച്ചു. ആ പാറപ്പുറത്ത് കുറച്ചുനേരം മലര്‍ന്നുകിടന്നു.

പിന്നീട് കടല്‍കരയില്‍ ചെന്ന് അതിന്‍െറ അനന്തനീലിമയിലേക്ക് നോക്കിനിന്നു. വെള്ളിയാങ്കല്ല് എവിടെയാകും? അന്നേരം ആകാശത്തു വട്ടമിട്ട തുമ്പിക്കൂട്ടങ്ങളില്‍ വെള്ളിയാങ്കല്ലില്‍നിന്നു പറന്നുവരുന്ന ദാസന്‍െറയും ചന്ദ്രികയുടെയും ആത്മാക്കളുണ്ടാകുമോ? ദാസനും പ്രഭാകരനും മുകുന്ദന്‍െറ മറ്റു കഥാപാത്രങ്ങളും അനുഭവിച്ച അസ്തിത്വദു$ഖങ്ങളൊന്നുമായിരുന്നില്ല ആ പയ്യനെ നാടുവിട്ട് വടക്കോട്ട് വണ്ടികയറാന്‍ പ്രേരിപ്പിച്ചത്. ഒരു അഭിശപ്തനിമിഷത്തില്‍ ആരോടൊക്കെയോ തോന്നിയ വൈരാഗ്യത്തിനു പുറപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ആ വൈരാഗ്യം അലിഞ്ഞു തീര്‍ന്നതോടെ അപരിചിതമായ ആ നാട് ഒരു  ഭയമായി ഉള്ളില്‍ ഇരുളാന്‍ തുടങ്ങി. കോയിന്ദനെ നോട്ടമിട്ട ആന്‍റണി സായിപ്പും ഉസ്മാന്‍ പൊലീസും തടിക്കച്ചവടക്കാരന്‍ ഇബ്രാഹിം സാഹിബുമൊക്കെ ഈ നാട്ടുകാരല്ളേ. മയ്യഴി തന്നെയല്ളേ ആവിലായി.

പിന്നെ ഏറെ ആലോചിക്കാന്‍ മെനക്കെടാതെ തെക്കോട്ടുള്ള ആദ്യ വണ്ടിക്ക് തിരിച്ചുകയറി. മുകുന്ദന്‍െറ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച കൊടുങ്കാറ്റും ഭൂകമ്പവും അപ്പോഴും ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞിട്ടും ഉള്ളില്‍ തീപടര്‍ത്തുന്ന കഥകളുമായി മുകുന്ദന്‍െറ കഥകള്‍ പിന്നെയും വന്നുകൊണ്ടിരുന്നു. അന്ന് മുകുന്ദനെ കാണാതെ മയ്യഴിയില്‍നിന്ന് നിരാശനായി മടങ്ങിയ ആ പയ്യന്‍ പിന്നീട് മലയാളത്തിലെ അറിയപ്പെടുന്ന ചലച്ചിത്രസംവിധായകനായ ബ്ളെസിയായിരുന്നു. കാഴ്ച, തന്‍മാത്ര, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ പുതിയ അനുഭവങ്ങള്‍ നിറച്ചു. പക്ഷേ, മുകുന്ദനും ബ്ളെസിയും നേരില്‍ കാണുന്നത് ഇക്കഴിഞ്ഞ ദിവസമാണ്. അതും അനവധി വായനക്കാര്‍ തേടി വരുന്ന മറ്റൊരു  എഴുത്തുകാരന്‍െറ വീട്ടുമുറ്റത്ത്. ആടുജീവിതം കൊണ്ട് എഴുത്തില്‍ വിസ്മയം തീര്‍ത്ത ബെന്യാമിന്‍െറ  വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. അന്നേരം കേരളത്തിന്‍െറ നാനാ ഭാഗങ്ങളില്‍നിന്ന് ബെന്യാമിനെ കാണാനും ബെന്യാമിനോട് സംവദിക്കാനുമത്തെിയ അനേകം വിദ്യാര്‍ഥികളുമുണ്ടായിരുന്നു ആ വീട്ടുമുറ്റത്ത്. ബെന്യാമിന്‍െറ ജന്മനാടായ കുളനട വായനക്കൂട്ടം ഒരുക്കിയ ‘ബെന്യാമിനൊപ്പം ഒരു പകല്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കാനത്തെിയ കോളജ് വിദ്യാര്‍ഥികളാണ് അവര്‍. അവരെ കണ്ടപ്പോള്‍ ബ്ളെസി മനസ്സു തുറന്നു.

 ‘‘നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ഒരെഴുത്തുകാരന്‍െറ വീട്ടില്‍ വന്ന് അദ്ദേഹത്തെ പരിചയപ്പെടാനും അദ്ദേഹത്തോട് സംവാദം നടത്താനും അവസരംലഭിക്കുക എന്നത് വലിയ കാര്യമാണ്. കോളജില്‍ പഠിക്കുമ്പോള്‍  ഞരമ്പുകളില്‍ ഭൂകമ്പം സൃഷ്ടിച്ച ഒരെഴുത്തുകാരനുണ്ടായിരുന്നു. വലിയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച കഥാകാരന്‍. പഠിക്കുന്ന കാലത്ത് മുകുന്ദനെ കാണാന്‍ മയ്യഴിയിലേക്ക് നാടുവിട്ടു പോയി, നിരാശനായി തിരിച്ചുപോന്ന ഒരു വായനക്കാരനാണ് ഞാന്‍. പിന്നീട് പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ നേരില്‍ കാണുന്നത് ഇതാ ഈ വേദിയില്‍വെച്ചാണ്’’. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ അവസാന വാചകം- അവിടെ അപ്പോഴും ആത്മാവുകള്‍ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു, ആ തുമ്പികളിലൊന്ന് ദാസനായിരുന്നു-എന്ന് ഹൃദ്യസ്ഥമാണെന്നും ബ്ളെസി പറഞ്ഞു. 
  •

Show Full Article
TAGS:director blessy m mukundan 
Web Title - director blessy meets m mukundan
Next Story