ചൂരക്കിനാവ്
text_fieldsചൂര തേടിയാണ് ആ യാത്ര. ജീവൻ കൈയിൽപിടിച്ച് കടലിനോടും കാറ്റിനോടും പൊരുതി, എട്ടുരാവും എട്ടു പകലും... അങ്ങോട്ടുമിങ്ങോട്ടുമുള്ള 16 ദിവസയാത്രയും മീൻപിടിക്കാൻ മറ്റൊരു 16 ദിവസവും അടക്കം ഒരു മാസത്തിലധികം കടലിലായിരിക്കും. ഇത്രയും നീണ്ട യാത്ര നടത്താൻ എല്ലാവർക്കുമാകില്ല. അതിന് മനക്കരുത്ത് കുറെയേറെ വേണം. യാത്രക്കിടെ ഹൃദയസ്തംഭനം വന്നാൽ വൈദ്യസഹായം കിട്ടാതെ മരിച്ചേക്കാം; എന്നാലും പോകുമെന്ന് പറഞ്ഞ് ഹൃദയത്തെ കല്ലാക്കണം. തോൽക്കില്ലെന്ന നിശ്ചയദാർഢ്യം വേണം. കാരണം, ഇതൊരു ജീവൻമരണ പോരാട്ടമാണ്.എല്ലാമറിഞ്ഞാണ് അത്തരമൊരു യാത്രക്ക് അവർ ഒരുങ്ങിയത്. കരയിൽ കഴിയുന്ന കുടുംബത്തെ സംരക്ഷിക്കാൻ കടലിലിറങ്ങിയേ തീരുമായിരുന്നുള്ളൂ. രണ്ട് ബോട്ടുകളിലായി 32 പേർ. കുറെ പേർ തമിഴർ. ബാക്കിയൊക്കെ മലയാളികളും. പലരും ഒന്നോ രണ്ടോ തവണ ഇത്തരം യാത്ര നടത്തിയവരാണ്. ചിലർ കന്നിയാത്രക്കാരും. യാത്രക്കൊടുവിൽ കൈയിൽ കിട്ടുന്നത് ലക്ഷങ്ങൾ. അതുതന്നെയാണ് ഇൗ സാഹസിക യാത്രയുടെ ആകർഷണം. ഫെബ്രുവരി 15ന് കൊച്ചിയിൽനിന്നു പുറപ്പെട്ട 32 അംഗ സംഘത്തിന് കിട്ടിയത് പക്ഷേ, തടവറ ജീവിതം. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് അവർ തിരികെ കരക്കണഞ്ഞത്. ആ അനുഭവകഥകളിലൂടെ കടന്നുപോകുേമ്പാൾ ഇപ്പോഴും അവർ നടുങ്ങുന്നു.
ചൂര പൂക്കുന്ന ഡീഗോ ഗാർഷ്യ
ഫെബ്രുവരി അഞ്ചിനാണ് അവർ യാത്രതിരിച്ചത്. കന്യാകുമാരി സ്വദേശി ജൂഡി ആൽബർട്ടിെൻറ ‘മെർമെയ്ഡ്’, എറണാകുളം പള്ളുരുത്തി സ്വദേശി കെ.എസ്. ഹുസൈെൻറ ‘അൽഅമീൻ’ എന്നീ ബോട്ടുകൾ കൊച്ചിയിൽനിന്ന് യാത്ര തുടങ്ങിയത് അന്ന് പുലർച്ചെയാണ്. ഡീഗോ ഗാർഷ്യ ദ്വീപിലേക്ക് സാധാരണ ഏഴു മുതൽ ഒമ്പതു ദിവസം വരെ യാത്രാസമയം വേണ്ടി വന്നേക്കാം. പ്രകൃതിക്ഷോഭമോ കാലാവസ്ഥ വ്യതിയാനമോ ദിവസങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാക്കാം. ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളുടെ പട്ടാളക്കപ്പലുകളുടെ കണ്ണിൽ പെടാതിരിക്കാൻ ദ്വീപസമൂഹങ്ങളെ ചുറ്റി വളഞ്ഞാണ് ഇവരുടെ യാത്ര. ഒരിക്കലും നേരിട്ടുള്ള കടൽപാത ഇവർ തെരഞ്ഞെടുക്കാറില്ല. അങ്ങനെ വന്നാൽ സമയം ലാഭിക്കാമെങ്കിലും ഏതു നിമിഷവും പട്ടാളക്കപ്പലുകളുടെ പിടിയിലാകാം. എന്നാൽ, മീൻക്കൊയ്ത്ത് നടത്തി തിരിച്ചു വന്നാൽ ഒാരോരുത്തർക്കും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാം.

‘ഇത്തവണത്തെ യാത്ര ഒരിക്കലും മറക്കാനാകില്ല. ജനിച്ച മണ്ണും വീടും വീണ്ടും കാണാൻ കഴിഞ്ഞത് പ്രിയപ്പെട്ടവരുടെ പ്രാർഥന കൊണ്ടുമാത്രമാണ്. ഇനിയൊരിക്കലും ഇത്തരമൊരു യാത്ര നടത്തില്ല’ -തിരുവനന്തപുരം പുല്ലുവിള സ്വദേശി ഇമ്മാനുവൽ പറയുന്നു.മൂന്നാം തവണയാണ് ഇമ്മാനുവൽ ഡീഗോ ഗാർഷ്യയിലേക്ക് പോകുന്നത്. സാഹസിക ഭ്രമം കൊണ്ടൊന്നുമല്ല ഇൗ യുവാവ് പോയത്. ഇവിടെങ്ങും മീനില്ല. ഇന്ത്യയുടെ കടൽത്തീരം ശുഷ്കമാണ്. വിദേശ കപ്പലുകളും ട്രോളിങ് ബോട്ടുകളും ഇന്ത്യൻ കടൽത്തീരം കാലിയാക്കി. അന്നന്നത്തെ അപ്പം തേടുന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ പുലർച്ചെ രണ്ടിനും മൂന്നിനും കടലിൽ പോയാൽ മിക്കവാറും വള്ളത്തിലൊന്നുമില്ലാതെ മടങ്ങുകയാണ് പതിവ്. വെയിൽ മൂക്കുന്നതുവരെ ചൂണ്ടയിട്ടാലും അവെൻറ വീട്ടിൽ അടുപ്പ് പുകയുന്നതിനുള്ള പണം ലഭിക്കില്ല. അപ്പോൾ പിന്നെ മീനുള്ള ഇടങ്ങൾ തപ്പിപ്പിടിച്ചുപോകും.
ഇമ്മാനുവലും കൂട്ടുകാരും ജി.പി.എസ് വഴി ചൂരക്കൂട്ടത്തിെൻറ സ്ഥാനം തിരിച്ചറിഞ്ഞാണ് ഡീഗോ ഗാർഷ്യ തീരങ്ങളിലെത്തുന്നത്. അപ്പൻ ജെറോം, അമ്മ സ്റ്റെല്ല എന്നിവരുടെ നാല് ആൺമക്കളിൽ മൂത്തവനാണ് ഇമ്മാനുവൽ. വയസ്സ് 31. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വള്ളത്തിൽ കടലിൽ പോയിത്തുടങ്ങി. പതിയെ സ്കൂൾ വിടേണ്ടിവന്നു. കടലെന്ന വലിയ വിദ്യാലയത്തിലേക്ക് മുഴുവൻ ജീവിതം പറിച്ചുനട്ടു. കടൽ, വീട് എന്നിങ്ങനെയായി ജീവിതം. കടൽക്കാറ്റും ഉപ്പുവെള്ളവും പൊള്ളുന്ന വെയിലുംകൊണ്ട് മുഖത്തിനും ചിരിക്കും നിസ്സംഗഭാവം. കണ്ണുകളിൽ കൊളുത്തി വലിക്കുന്ന വേദനയുടെ ചുവപ്പ്. എല്ലാം നഷ്ടപ്പെട്ടവെൻറ നിസ്സഹായത മൊത്തം ശരീരഭാഷയിലുണ്ട്. എങ്കിലും, വീട്ടിലെത്താനായതിെൻറ ആശ്വാസം െനടുനിശ്വാസങ്ങളായി ഉയരുന്നുണ്ട്. ഇനിയൊരു ഡീഗോ ഗാർഷ്യ യാത്രക്കില്ലെന്നുതന്നെ ഇൗ യുവാവ് ഉറപ്പിച്ചു പറയുന്നു. ‘ഇനിയൊരു തവണ പിടിക്കപ്പെട്ടാൽ 30 ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും അനുഭവിക്കണം’ -ഇമ്മാനുവലിെൻറ വാക്കുകളിൽ കിടുക്കം.
-and-Su_0.jpg)
എന്തുകൊണ്ട് ഡീഗോ ഗാർഷ്യ?
ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടെൻറ ഭരണപ്രദേശമായ ഷാഗൊസ് ദ്വീപസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപാണ് ഡീഗോ ഗാർഷ്യ എന്ന പവിഴപ്പുറ്റ് ദ്വീപ്. അന്താരാഷ്ട്ര വിപണിയിൽ വലിയ വില കിട്ടുന്ന ചൂര (ട്യൂണ)യുെട വൻശേഖരമുണ്ടിവിെട. 10 ദിവസം കടലിൽ പണിെയടുത്ത് കിട്ടുന്ന പണം രണ്ടു ദിവസംകൊണ്ട് സമ്പാദിക്കാെമന്നതാണ് ഇവിടേക്കുള്ള സാഹസിക യാത്രയുെട പ്രത്യേകത. 16ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ പോർചുഗീസ് നാവികരാണ് ഈ ദ്വീപ് കണ്ടെത്തിയത്. ആ കപ്പലിെൻറ ക്യാപ്റ്റെൻറയൊ പൂർവകാല നാവികെൻറയൊ പേരായിരിക്കണം ദ്വീപിന് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. ഏറ്റവും അടുത്ത മറ്റ് രാജ്യങ്ങൾ മാലദ്വീപും ശ്രീലങ്കയുമാണ്. നിലവിൽ ബ്രിട്ടെൻറയും അമേരിക്കയുടെയും സൈനിക ക്യാമ്പാണ് ഇവിെടയുള്ളത്. 4000 പേരോളം താമസിക്കുന്നു.
പവിഴപ്പുറ്റിനെ ചുറ്റിയ രീതിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. പ്രധാന ദ്വീപിനെ കൂടാതെ പവിഴപ്പുറ്റിെൻറ വടക്കുഭാഗത്ത് ചെറിയ മൂന്ന് തുരുത്തുകളും സ്ഥിതിചെയ്യുന്നു. പവിഴപ്പുറ്റിെൻറ ആകെ വിസ്തീർണം 174 ചതുരശ്ര കി.മീ ആണ്. ഇതിൽ 30 ച.കി.മീ ഭൂപ്രദേശവും 17 ച.കി.മീ ചുറ്റിലുമുള്ള ശൈലശകലങ്ങളും ബാക്കി 124 ച.കി.മീ പവിഴപ്പുറ്റിെൻറ നടുവിലുള്ള ഭാഗവുമാണ്. ഇൗ പ്രദേശം ചൂരയും സ്രാവും കൊഞ്ചും ഉൾപ്പെടുന്ന മത്സ്യഖനിയാണ്. ദ്വീപിെല ജനസംഖ്യ കുറവായതിനാൽ ഇൗ പ്രദേശത്തെ മത്സ്യബന്ധനം തുലോം കുറവാണ്. അതിനാൽതന്നെ ഇതൊരു ഖനിതന്നെയാണ്.
കാത്തിരുന്ന വിധി
കൊച്ചിയിൽനിന്നുള്ള യാത്ര തുടങ്ങി ഡീഗോ എത്തുന്നതുവരെ യാത്രയും യാത്രക്കാരും ശാന്തരായിരുന്നു. മനസ്സിൽ മുഴുവൻ മത്സ്യക്കൂട്ടം. മെർമെയ്ഡ് ബോട്ടിൽ ഉടമ ജൂഡി ആൽബർട്ട്, കന്യാകുമാരി സ്വദേശികളായ സൂസൈലീൻ, ആൽബർട്ട്, റമ്മിയാസ്, സേവ്യർ, ആസ്പിൻ രാജ്, തിരുവനന്തപുരം പൂന്തുറ സ്വദേശി സ്റ്റീഫൻ, ഷാജൻ, വിഴിഞ്ഞം സ്വദേശി ഷാജൻ, യേശുദാസൻ, ശബരിയാർ, സുരേഷ്, ബിനു സുരേഷ്, പ്രവീൺ, എറണാകുളം സ്വദേശി അഷറഫ് എന്നിവരും രണ്ടാമത്തെ ബോട്ടിൽ കന്യാകുമാരി സ്വദേശികളായ ഡെനിസ്റ്റൺ, െഫ്രഡി, ജൂബാൻ, സോണി, ആൻറണി സേവ്യർ, ഷാജി, സവരിയാർ, മെർലിൻ രാജ്, ഫ്രെഡി, തിരുവനന്തപുരം പാറശ്ശാല സ്വേദശി ഡിബിൻ, വിഴിഞ്ഞം സ്വദേശി സുരേഷ്, പുല്ലുവിള സ്വദേശികളായ ഇമ്മാനുവൽ, ബിനു, സ്റ്റീഫൻ സ്റ്റാർബിൻ, ലൂയിസ് വിൻസൻറ്, അടിമലതുറൈ സ്വദേശി ജോസ്, പുതിയതുറ വർഗീസ് എന്നിവരുമാണ് യാത്രസംഘത്തിലുണ്ടായിരുന്നത്. എട്ടു ദിവസത്തെ യാത്രക്കൊടുവിൽ കടലിൽ നങ്കൂരമിട്ട് അവർ മീൻപിടിത്തം തുടങ്ങി. ഉപരിതല മത്സ്യബന്ധനം നടത്തുന്ന ഗിൽനെറ്റുകൾ (ഒഴുക്കുവല) ഉപയോഗിച്ചാണ് മീൻപിടിത്തം. രണ്ടാഴ്ചകൊണ്ട് ഏകദേശം രണ്ട് ബോട്ടുകളും നിറഞ്ഞു. രണ്ടിടത്തും ആഘോഷം. ഇതിനിടക്കാണ് കടലിൽ പട്രോളിങ് നടത്തിയിരുന്ന ബ്രിട്ടീഷ് സേന അവർക്കരികിലെത്തിയത്. അന്ന് ഫെബ്രുവരി 28. ബോട്ടിൽ കയറിയ സേനാംഗങ്ങൾ തിരിച്ചറിയൽ രേഖകളും ബോട്ടിെൻറ രേഖകളും ആവശ്യപ്പെട്ടു. ശേഷം ബോട്ടിൽ പരിശോധന നടത്തി. ദ്വീപിലേക്ക് നുഴഞ്ഞ് കയറാനെത്തിയവരല്ല എന്ന് അവർ ഉറപ്പാക്കി. ആയുധങ്ങളും വെടിക്കോപ്പുകളും കൈവശമില്ലെന്ന് ബോധ്യപ്പെട്ടു. ബോട്ടിലെ മത്സ്യത്തിെൻറ ശേഖരം അളന്ന് തിട്ടപ്പെടുത്തി.

ജീവിതം വഴിതിരിയുന്നു
ഇന്ത്യയിൽനിന്ന് 2700 കി.മീറ്റർ ദൂരെയായിരുന്നു അപ്പോഴവർ. ബോട്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് സേന വ്യക്തമാക്കി. എങ്കിലും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. അതിനുശേഷം പറഞ്ഞുവിടാമെന്നും ഉറപ്പുനൽകി. മാന്യതയോടെയാണവർ പെരുമാറിയതെന്ന് ഇമ്മാനുവൽ ഒാർക്കുന്നു. രണ്ടു ദിവസംകൂടി യാത്രചെയ്താണ് അവർ ദ്വീപിലെത്തിച്ചേർന്നത്. അപ്പോഴൊന്നും മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക തോന്നിയില്ല. അവിടെയിറങ്ങും മുേമ്പ സേന ബോട്ടിലെ മത്സ്യമെല്ലാം മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. എന്തുചെയ്യാനാണ് ഇതെന്ന് പരസ്പരം ചോദിക്കുകയല്ലാതെ മറ്റ് നിവൃത്തി ഉണ്ടായിരുന്നില്ല. അതെല്ലാം കടലിൽ കൊണ്ടുപോയി തട്ടുമെന്ന് പിന്നീട് ഒരു ഉദ്യോഗസ്ഥനാണ് പറഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യമാണ് ബോട്ടിലുള്ളത്. ഏകദേശം 18 ടൺ. അത്രയും ദിവസത്തെ അധ്വാനം മുഴുവൻ കടലിലെ ഉപ്പിലേക്ക് ചേർന്നു. ഉറപ്പായും വെറും കൈയോടെ മടങ്ങേണ്ടി വരും. കാരണം, ഇനിയും കൂടുതൽ ദിവസങ്ങൾ കടലിൽ തങ്ങാൻ തക്ക സാധ്യതകൾ ലവലേശമില്ല. ബോട്ടിലെ ഇന്ധനവും തൊഴിലാളികൾക്കുള്ള ആഹാരവും തീർന്നുപോകും. മത്സ്യം സൂക്ഷിക്കാനുള്ള െഎസ് മുഴുവൻ കടലിലെത്തി. ദ്വീപിലെ ഒരു കെട്ടിടത്തിലാണ് ഇവരെ പാർപ്പിച്ചത്. ജയിലെന്ന് പറഞ്ഞുകൂടാ. ഒാഫിസ് പോലെയുള്ള കെട്ടിടം. നിരീക്ഷണ കാമറകളൊക്കെയുണ്ട്. അവ പ്രവർത്തിപ്പിച്ചിരുന്നില്ല. വൈകുന്നേരം വന്ന് കണ്ട ഉദ്യോഗസ്ഥർ ആണ് പിഴ നിശ്ചയിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ പ്രോസസ് ചെയ്ത ചൂരയുടെ വില കണക്കാക്കി ഒരൊറ്റ എഴുത്ത് -അഞ്ച് കോടി ഇന്ത്യൻ രൂപ. ഇൗ 32 പേരും േചർന്ന് മരണം വരെ പണിയെടുത്താലും ഇത്രയും തുക കണ്ടെത്താനാകില്ല. അപേക്ഷകൾക്ക് ഭാഷ തടസ്സമായി. റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുകയാണെന്നും ബാക്കിയെല്ലാം അവിടെ പറഞ്ഞാൽ മതിയെന്നും അറിയിച്ച് ഉദ്യോഗസ്ഥൻ മടങ്ങി.
അതോടെ, ഇനിയൊരു മടക്കം ഉണ്ടാകില്ലെന്ന് ഉറപ്പായി. ജീവിതകാലം മുഴുവൻ ദ്വീപിലെ തടവറയിൽ കഴിയേണ്ടിവരുമെന്നത് ഏതാണ്ട് തീരുമാനമായി. കാരണം, ഒരിക്കലുംഅവരുടെ വീട്ടുകാർക്ക് ഇൗ തുകയടക്കാൻ കഴിയില്ല. ഡീസൽ സബ്സിഡിയിൽ മാത്രം ഒതുങ്ങുന്ന സഹായമല്ലാതെ കേന്ദ്ര -സംസ്ഥാന സർക്കാറുകളിൽനിന്നുണ്ടാകില്ല. ഇനിയെന്തു ചെയ്യുമെന്ന ചിന്തയിൽ ഉറക്കം നഷ്ടമായി. കോടതിയിലെത്തിച്ച ഇവരോട് ജഡ്ജി സഹാനുഭൂതിയോടെയാണ് പെരുമാറിയത്. ഇവർ മത്സ്യത്തൊഴിലാളികൾ മാത്രമാണെന്നും മറ്റൊരു ഗൂഢലക്ഷ്യവുമില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്, ഉദ്യോഗസ്ഥൻ എഴുതിയ പിഴ അദ്ദേഹം ഏഴര ലക്ഷമായി കുറച്ചു.
ദ്വീപിലെ ജീവിതം
തർജമക്കായി മലയാളി ഒാഫിസറെ നിയോഗിച്ചിരുന്നു. ഉദ്യോഗസ്ഥൻ ചോദിക്കുന്നവ മലയാളി ഫോണിൽ കേൾക്കും. അക്കാര്യം മലയാളത്തിൽ തടവുകാരോട് ചോദിക്കും. അവർക്ക് പറയാനുള്ളത് കേൾക്കും. ഇംഗ്ലീഷിൽ ഉദ്യോഗസ്ഥനെ അറിയിക്കും. ഇത്തരംസംസാരങ്ങളിലൂടെയാണ് മത്സ്യത്തൊഴിലാളികൾ തടവിലാക്കപ്പെട്ട കാര്യം ഇന്ത്യൻ എംബസി അറിഞ്ഞിട്ടും ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അറിയുന്നത്. കന്യാകുമാരി ജില്ലയിലെ ക്രിസ്ത്യൻ പുരോഹിതനായ ഫാ. ഡയ്സൻമാത്രമാണ് മോചനമാവശ്യപ്പെട്ട് രണ്ട് ഇ^മെയിൽ അയച്ചത്. ആ ഇ മെയിലുകളുടെ കാര്യം ഒന്നിടവിട്ട ദിവസം കുർബാനയർപ്പിക്കാൻ ജയിലിലെത്തിയിരുന്ന പാശ്ചാത്യ വൈദികൻ ഫാ. റോളിയാണ് ഇവരോട് പറയുന്നത്. നാട്ടിലെ പത്രങ്ങളിൽ വാർത്ത വന്നതുപോലെ ഏതെങ്കിലും രാഷ്ട്രീയക്കാരോ സർക്കാറുകളോ എന്തെങ്കിലും സഹായം ചെയ്തതായി ഇവരിലാരും വിശ്വസിക്കുന്നില്ല. അവിടെ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഭക്ഷണവും വസ്ത്രവും ലഭിച്ചു. നേരം പോക്കാനായി കാരംസ്, ടെന്നിസ്, ചെസ് എന്നിവയൊക്കെ നൽകിയിരുന്നു.പിഴസംഖ്യ കുറച്ചതിനാൽ ഉടനെ മടങ്ങാനാകുമെന്ന് പ്രതീക്ഷ വന്നു. എന്നാൽ, ഏഴര ലക്ഷവും വലിയ തുകയാണ്. മെർമെയ്ഡ് ബോട്ടിെൻറ ഉടമയായ ജൂഡിയുടെ ഭാര്യ സുജ മൂന്നിലൊരു ഭാഗം അടച്ചു. ബാക്കി തുക ഇളവുചെയ്യണമെന്ന അപേക്ഷ ബ്രിട്ടീഷ് അധികൃതർ തള്ളി. ഇതോടെ, വീണ്ടും അനിശ്ചിതത്വത്തിലായി. ഇൗസ്റ്ററിന് മുമ്പ് വിട്ടയക്കാമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ അത് കഴിഞ്ഞ് പോകാമെന്ന് വ്യക്തമാക്കി. നാട്ടിൽ ഫാ. ഡയ്സനും വീട്ടുകാരും ഒാടിനടന്ന് പണം സ്വരൂപിക്കുന്നതി െൻറ പങ്കപ്പാടിലായിരുന്നു.
ഒടുവിൽ മോചനം
22 ദിവസം അവിടെ കഴിഞ്ഞു. ഫാ. ഡയ്സൻ വഴിയാണ് ബാക്കി തുക ബ്രിട്ടീഷ് അധികൃതർക്ക് കൈമാറിയത്. മുഴുവൻ തുകയും അടച്ചതോടെ മാർച്ച് 22ന് മോചനം സാധ്യമായി. ലക്ഷങ്ങൾ വിലവരുന്ന വലയും മറ്റ് ഉപകരണങ്ങളുമെല്ലാം ബ്രിട്ടീഷ് അധികൃതർ തടഞ്ഞുവെച്ചു. രണ്ട് ബോട്ടിലും കൂടി 15ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഉണ്ടായിരുന്നു. ഇമ്മാനുവലിെൻറ ഭാഷയിൽ പറഞ്ഞാൽ ‘ആത്മാവ് നഷ്ടപ്പെട്ട്, ജഡമായ’ ബോട്ടുകൾ. ഫെബ്രുവരി 28ന് അവരെല്ലാം തിരിച്ചെത്തി.
ഇന്നാണ് അവസാന തീയതി14 ലക്ഷത്തിെൻറ പെട്രോൾ, 15 ലക്ഷത്തിെൻറ ഉപകരണങ്ങൾ, ലക്ഷങ്ങൾവിലമതിക്കുന്ന മത്സ്യം എന്നിവയെല്ലാം നഷ്ടപ്പെട്ടു.ഇനി ഇൗ കടം തീർക്കാൻ അടുത്ത അഞ്ചുകൊല്ലം ആഞ്ഞ് പണിയെടുക്കണം. തിരികെയെത്തിയവരിൽ കന്യാകുമാരി ജില്ലക്കാരായ രണ്ടുപേർ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് നാഗർകോവിലിൽ ആശുപത്രിയിലാണ്. വിഴിഞ്ഞത്തെത്തിച്ചവയിൽ ഒരു ബോട്ട് കൊച്ചിയിലേക്കും അടുത്ത ബോട്ട് തമിഴ്നാട്ടിലേക്കും കൊണ്ടുപോയി. കൊച്ചിയിലേക്കുള്ള യാത്രക്കിടെ കൊല്ലം മറൈൻ പൊലീസ് അവരെ പിടിച്ചു. 28,000 രൂപയാണ് ഫൈൻ അടച്ചത്. 10 ദിവസത്തിനകം ഒന്നര ലക്ഷം രൂപ പിഴയടക്കാനാണ് തമിഴ്നാട് അധികൃതരുടെ കൽപന. അറിയിപ്പ് ലഭിച്ചത് മാർച്ച് ഏഴിന്. 10 ദിവസത്തിനകം തുകയടച്ചില്ലെങ്കിൽ ബോട്ട് വിട്ടുനൽകില്ലെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ന് ഇൗസ്റ്ററാണ്. തമിഴ്നാട് സർക്കാർ നൽകിയ 10 ദിവസം ഇന്ന് അവസാനിക്കുന്നു. ബോട്ട് തിരികെ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളതെന്ന് മെർമെയ്ഡ് ബോട്ട് ഉടമ ജൂഡിയുടെ സാമ്പത്തിക പങ്കാളിയും അളിയനുമായ തുത്തൂർ ചിന്നത്തുറ സ്വദേശി ഡെനിസ്റ്റൺ പറയുന്നു. ഇളവ് നൽകണമെന്ന് തമിഴ്നാട് അധികൃതരോട് അപേക്ഷിച്ചെങ്കിലും മനസ്സലിഞ്ഞിട്ടില്ല.
l