ബിഹാറിൽ നിന്നും തിഹാറിലേക്ക് ഒരു രാഷ്ട്രീയ യാത്ര: കനയ്യകുമാർ
text_fieldsമൂന്ന് ദിവസത്തെ റിമാൻഡ് അന്ന് അവസാനിക്കുകയായിരുന്നു. ആ ദിവസം വരെ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ കാണാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. സൗത്ത് ഡൽഹി ഡെപ്യൂട്ടി കമീഷണറുടെ മുറിയിൽ എനിക്കുവേണ്ടി പ്രത്യേക കോടതി മുറി തയ്യാറാക്കിയിരുന്നു.
ജഡ്ജി അവിടെയെത്തി.
വിചാരണക്കിടെ എന്‍റെ ശബ്ദ സാമ്പിൾ എടുക്കാൻ രണ്ടു ദിവസത്തെ സമയം കൂടി പൊലീസ് ചോദിച്ചു. ജഡ്ജി എന്‍റെ അഭിഭാഷകന് നേരെ നോക്കി. അദ്ദേഹത്തിന് എന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ തയാറാണെന്ന് ഞാൻ വിളിച്ചുപറഞ്ഞു. എനിക്കെതിരെ പൊലീസിന്‍റെ പക്കൽ തെളിവുകളൊന്നുമില്ലെന്നും ഇനിയൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും എനിക്കറിയാമായിരുന്നു. ഞാൻ മുദ്രാവാക്യം വിളിച്ചതായി ആരും കേട്ടിട്ടില്ല. പിന്നെയെന്തിന് തെളിവകുൾ നൽകാൻ മടിക്കണം?
എന്‍റെ സെല്ലിൽ തിരിച്ചെത്തിയപ്പോൾ അത്രയും നിഷ്കളങ്കനായി പെരുമാറേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. മറ്റാരുടേയോ ആജ്ഞാനുസരണം പ്രവർത്തfക്കുന്ന പൊലീസിനെ അന്ധമായി വിശ്വസിക്കുന്നത് അബദ്ധമായിരിക്കും. എന്തായാലും ശബ്ദസാമ്പിൾ നൽകുക തന്നെ ചെയ്തു.

ഈയിടെയായി പൊലീസുകാർ സൗഹാർദത്തോടെ പെരുമാറുന്നതും എന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു. എനിക്കുവേണ്ടി അവർ പഴങ്ങളും മറ്റും വാങ്ങിക്കൊണ്ടുവരികയും ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.പൊലീസുകാർക്കിടയിൽ നിലനിൽക്കുന്ന അധികാര ഘടനയെക്കുറിച്ചും ഞാൻ മനസ്സിലാക്കി. ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തിൽ എല്ലാവരും അദ്ദേഹത്തെയായിരുന്നു സാർ, സാർ എന്ന് വിളിച്ചിരുന്നത്. അദ്ദേഹം പോയിക്കഴിഞ്ഞാൽ പിന്നെ ആ സ്ഥാനം സബ് ഇൻസ്പെക്ടർക്കാണ്. എന്തായാലും അവിടത്തെ ചിലവുകൾ മുഴുവൻ വഹിച്ചിരുന്നത് കോൺസ്റ്റബിൾമാരാണ്. പഴങ്ങൾ, ചായ, പലഹാരം അങ്ങനെ എല്ലാ ചിലവും അവരുടെ ചുമതലയായിരുന്നു.
ചിലപ്പോൾ അവർ എന്നോട് ചോദിക്കും, ഇവിടെ നിന്നും പുറത്തിറങ്ങിയാൽ കസ്റ്റഡിയിൽ എന്നെ മർദിച്ചിരുന്നോ എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം പറയുക എന്ന്. ഇക്കാര്യത്തിൽ അവർ ഉത്കണ്ഠപ്പെടുന്നതെന്തിനെന്ന് എനിക്ക് മനസ്സിലായില്ല.. എന്നും എത്രയോ പേർ ഇത്തരം കഥകളുമായി കസ്റ്റഡിയിൽ നിന്ന് ഇറങ്ങുന്ന സാഹചര്യത്തിൽ എന്നെക്കുറിച്ച് മാത്രമെന്തിന് ഇവർ വേവലാതിപ്പെടണം?
കുറേ നാളുകൾ കഴിഞ്ഞാണ് 'പുറത്ത്' ഞാനൊരു കത്തുന്ന പ്രശ്നമാണെന്നും ടെലിവിഷൻ ഷോകളിലെ പ്രധാനപ്പെട്ട ചർച്ചാവിഷയമാണെന്നും എല്ലാ ദിവസവും ഇവർ എന്നെ ടിവിയിൽ കാണുന്നുണ്ടെന്നും മനസ്സിലാക്കുന്നത്. അവരെക്കുറിച്ച് ഞാൻ എന്ത് പറയുമെന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയമാണെന്നും പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.
പാറാവുകാരൻ ഒരിക്കലെന്നോട് ചോദിച്ചു, കനയ്യാ.. ഇവിടെ നിന്നും പറത്തിറങ്ങിയാൽ നീ ഞങ്ങളെ മറക്കും അല്ലേ? അവർ പറഞ്ഞു, കാത്തിരുന്ന് കണ്ടോളൂ.. ഒരു ദിവസം നീ വലിയൊരു ആളാകും. ജയിലിനകത്ത്, പുറം ലോകത്തിൽ നിന്ന് തീർത്തും ഒറ്റപ്പെട്ട്.. ഒരു നാൾ മഹാനായ (കുപ്രസിദ്ധനായ) ഒരാളുകുന്നതിനെക്കുറിച്ച് സ്വപ്നം കാണുക എന്തായാലും വിചിത്രമായൊരു അനുഭവം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
