പുതു കവിതയുടെ മണം

  • മലയാളത്തി​െൻറ ഏറ്റവും പുതിയ ഒരു തലമുറ എഴുതിത്തുടങ്ങിയിരിക്കുന്നു. മലയാള കവിതയുടെ ചലനാത്മകതയുടെ അടയാളമാണ്​ ഇവരുടെ കവിതകൾ

ant-on-a-tree

ചുരുങ്ങുമോ?

ആകാശം കുടകളെ സമ്മാനിക്കുന്നു
മഴത്തുള്ളികൾ അതി​​െൻറ കമ്പികൾ
ഉറുമ്പുകൾ അതു ചൂടുമോ?
ഇടിമിന്നലതിന് തിളക്കം നൽകും
കാറ്റതിനെ പറിച്ചിടുമോ?
പ്രകൃതിയുടെ കുട
അതുതന്നെ ചുരുക്കുമോ
?

പതിനാല്​ വയ​സ്സേയുള്ളൂ ഗൗതമിന്​. പൊന്നാനി എ.വി. ഹയർ​െസക്കൻഡറി സ്​കൂളിൽ ഒമ്പതാം തരം വിദ്യാർഥി. ഒന്നാം ക്ലാസിൽ പഠിക്കു​േമ്പാൾ മുതലേ ഗൗതം കഥകൾ  എഴുതുമായിരുന്നു. പിന്നീട്​ കവിതകളായി തട്ടകം. അധ്യാപകനായ അച്ഛനിൽനിന്ന്​ കേട്ട കഥകളിൽനിന്നാണ്​ അവൻ സ്വന്തം കഥകളും പിന്നീട്​ കവിതകളും പറയാൻ തുടങ്ങിയത്​. നാലോ അഞ്ചോ വരികളേ ഉണ്ടാവൂ. മരങ്ങളും മൃഗങ്ങളും ഒക്കെയാണ്​ കഥാപാത്രങ്ങൾ. അഞ്ചു വയസ്സുള്ള മക​​െൻറ കവിതകൾ പിതാവ്​ അപ്പപ്പോൾ എഴുതിവെക്കും. അക്കാലത്തേ അത്​ യുറീക്ക മാസികയിൽ ​പ്രസിദ്ധീകരിച്ചു വന്നു. ഇതടക്കം 25ഒാളം  കവിതകൾ  ‘കോഴി​യുടെ കൂവൽ ഒരു ചെടിയാണ്’ എന്ന പേരിൽ സമാഹാരമായി ഇറങ്ങാൻ പോവുകയാണ്​. കവിതക്ക്​ അങ്കണം, നുറുങ്ങ്​ ശങ്കർ ചേരൂർ,സർഗസാഹിതി പുരസ്​കാരങ്ങളും ഗൗതമിന്​ ലഭിച്ചിട്ടുണ്ട്​. 

goutham-kumaranallur
ഗൗതം കുമരനല്ലൂർ (ഒമ്പതാം തരം, എ.വി.എച്ച്​. എസ്​.എസ്​ പൊന്നാനി)
 

മലയാളത്തിൽ ഏറ്റവും പുതിയ ഒരു തലമുറ എഴുതിത്തുടങ്ങിയിരിക്കുന്നു. ഗൗതം അടക്കം ഏറ്റവും പുതിയ ഒരു തലമുറ മലയാള കവിതയിൽ വ്യക്തിത്വം സ്​ഥാപിച്ചുകൊണ്ടിരിക്കുന്ന എട്ടു പുതുകവികൾ പട്ടാമ്പിയിൽ നടന്ന ഇൗ വർഷത്തെ കവിതയുടെ കാർണിവലിൽ സംഗമിച്ചു. കെ. കാർത്തിക്​, എസ്​. രാഹുൽ, കെ.പി. റൊമീല, കാദംബരി, ആദിൽ മഠത്തിൽ, സുബിൻ അമ്പിത്തറയിൽ, സി. രേഷ്​മ എന്നിവരായിരുന്നു മറ്റുള്ളവർ. മലയാള കവിതയുടെ ചലനാത്മകതയുടെ അടയാളമാണ്​ ഇവരുടെ കവിതകളെന്ന്​ കാർണിവലി​​െൻറ സംഘാടകനും കവിയുമായ പി. രാമൻ ചൂണ്ടിക്കാട്ടുന്നു.  

ഒരുപക്ഷേ, മറ്റു സാഹിത്യരൂപങ്ങളെക്കാൾ ​ കവിതയിലാണ്​ ഇൗ മാറ്റം  പ്രകടമാവുന്നത്​. ഉറൂബിനോ കാരൂരിനോ ഇന്നത്തെ ഒരു കഥാകൃത്തി​​െൻറ കഥ കണ്ടാൽ മനസ്സിലാവാതെയൊന്നുമിരിക്കില്ല. പക്ഷേ, കുമാരനാശാനോ വള്ളത്തോളിനോ ഇന്നത്തെ ഒരു കവിയുടെ രചന കണ്ടാൽ മനസ്സിലാവില്ല. തിരിച്ചറിയുക പോലുമില്ല. അത്രയേറെ മാറിയിരിക്കുന്നു കവിത. ഇൗ ചലനാത്മകത ജീവനുണ്ട്​ എന്ന്​ പറയുന്നതിനുള്ള അടയാളം കൂടിയാണെന്ന്​ അദ്ദേഹം പറയുന്നു.  

അവിഹിതം

ഹൃദയത്തി​​െൻറ കോണിൽ 
ആരോ  ഒരു കൊടിമരം നാട്ടി 
മനുഷ്യന് സ്വതന്ത്ര്യം ലഭിച്ചോർമക്ക് 
ഞാനതിലൊരു  കൊടി ഉയർത്തി 
അതിനായിട്ടടിച്ചു ഞാനൊരു സല്യൂട്ടെങ്കിലും 
അത് കാണാതെ 
കൊടി കാറ്റുമായിട്ടവിഹിതം
പുലർത്തി

k-karthik
കെ. കാർത്തിക്​ (പ്ലസ്​ടു, നടുവട്ടം ജനത എച്ച്​.എസ്​.എസ്​)
 

സ്വാതന്ത്ര്യം, ദേശീയത എന്നിവയൊക്കെ സംബന്ധിച്ച്​ വലിയവർക്ക്​ കാണാൻ കഴിയാത്ത ഒരു ലോകമുണ്ട്​ ഇൗ കവിതയിൽ. പച്ചയെപ്പറ്റി എനിക്ക്/നോവി​​െൻറ  ഓർമ/കുട്ടിയിലെ സൂചിമുനകളെല്ലാം/പച്ചയിലല്ലേ കുത്തിയമർന്ന്/പൊട്ടിപ്പോയത് എന്ന്​ ‘പച്ച’ എന്ന കവിതയിലും കാർത്തിക്​ വ്യാകുലപ്പെടുന്നുണ്ട്​. 

കല്ലറ

അവർ പകപോക്കി പിന്നാലെ നടക്കും 
ചാടി വീഴും തല തുരന്ന്
ചിരി മഷി ചികഞ്ഞെടുത്ത് തട്ടിയുടയ്ക്കും
ഉറക്കത്തിൽ വന്ന് ഒളിഞ്ഞു നോക്കും
സ്വപ്നത്തിൽ വന്ന് മുട്ടിവിളിക്കും
അതെ! ഇനി മുതൽ ചത്തവന്
രണ്ടു കുഴിയെടുക്കണം
ഒന്നിലവനെയും
മറ്റൊന്നിൽ ഒട്ടും ബാക്കിയില്ലാതെ
അവ​​െൻറ ‘ഓർമ’ യെയും
കുഴിച്ചു മൂടണം...

kp-romila
കെ.പി. റൊമീല പ്ലസ്​ടു, മങ്കര എച്ച്​.എസ്​.എസ്​ പാലക്കാട്​
 

മരക്കൊമ്പിൽ കുരുക്കുമുറുക്കിപ്പിടിക്കുന്ന കാറ്റിനെയും നാടുവിടാനൊരുങ്ങിയ വെയിലിനെയും മരിക്കാനൊരുങ്ങിയ മഴയെയും കണ്ണുചിമ്മുന്ന താരകങ്ങളെയും കുറിച്ചും ഇവയെല്ലാം ചേർന്ന്​ മുറ്റത്ത്​ കുത്തിമറിയാൻ ഇമ്മിണി ബ​ല്യൊരു ആകാശം പണിതതിനെയും കുറിച്ചും ‘ഇമ്മിണി ബല്യ ആകാശം’ എന്ന കവിതയിൽ റൊമീല​ വിസ്മയം കൊള്ളുന്നു. 

ദേഷ്യം കൊണ്ട് നിറഞ്ഞിട്ടുണ്ടോ? 

ചുണ്ടിനു താഴെ പൊള്ളും 
അത്രക്ക്​ തീയുള്ള വാക്കുകളാവും അതിനകത്ത്
കണ്ണുകൾ ചൊകക്കും
ഏതെല്ലാമോ ഞരമ്പുകൾ ഒരു മിന്നൽ പിണരേറ്റപോലെ എഴുന്നേൽക്കും ഉടൽ വിറയ്ക്കും
ഉടലണിഞ്ഞ നമ്മൾ മാത്രം വിറയറിയും
പിന്നെ പതിയെ എല്ലാം ശമിക്കും
ചുണ്ടിന് താഴെ, താടിയുടെ ഒത്ത നടുക്ക്, 
പറയാത്ത തെറി വാക്ക് 
ഒരു പൊള്ളൽ പാട്

kadhambari
കാദംബരി (പ്ലസ്​ടു, ഗവ. മോയൻസ്​ മോഡൽ ഗേൾസ്​ സ്​കൂൾ,പാലക്കാട്​)
 

യാത്രയിൽ മരമായി പരിണമിച്ച മനുഷ്യനെക്കുറിച്ചാണ്​ കാദംബരിയുടെ മ​റ്റൊരു കവിത. തോളെല്ലുകൾ വികൃതമായ ചില്ലയായി മാറുന്നതും മൂങ്ങ അതിലൊരു പൊത്തുണ്ടാക്കുന്നതും അതിനകത്തിരുന്ന്​ മൂളുന്നതും ഭാവന ചെയ്യുന്നു. പത്താം തരത്തിൽ പഠിക്കു​േമ്പാൾ ‘ഷൂസു തുരന്ന കാൽവിരലുകൾ’ എന്ന പേരിൽ കവിതാ സമാഹാരം ഇറക്കിയിട്ടുണ്ട്​. 2017ൽ സംസ്​ഥാന സ്​കൂൾ കലോത്സവത്തിൽ കവിതക്ക്​ എ ഗ്രേഡ്​ ലഭിച്ചു. 

18 നിഴലുകൾ

ശരീരത്തിൽ
വിസ്​മരിക്കപ്പെട്ട
മിടിപ്പുകളുടെ 
ഹൃദയം മുഴങ്ങുന്നു
നിഴലുകള​ുടെ ചെവിയിൽ
നിഴ​ലുകളിൽ ഉയിരുതങ്ങുന്നു

ശ്വാ​സ​ത്തി​​​െൻറ അ​ഴി​യ​ലു​ക​ൾ കോ​ർ​ക്കു​ന്ന/ജീ​വ​​​െൻറ ക​ണി​ക​ക​ളി​ൽ തൊ​ടു​ന്ന/വി​ര​ലി​ൽ തീനാ​ള​മെ​രി​യു​ന്നു/ഉ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു/ചു​വ​ടു​ക​ള​റി​യാ​ത്ത നൃ​ത്ത​ങ്ങ​ളു​ടെ/താ​ളം മു​ഴ​ങ്ങു​ന്നു ചെ​വി​ക​ളി​ൽ/ശ​രീ​ര​മി​ല്ലാ​ത്തൊ​രാ​ത്മാ​വ്/മെ​ഴു​കു​തി​രി​യി​ൽ കൊ​ളു​ത്ത​പ്പെ​ടു​ന്നു എന്നിങ്ങനെ അതിസൂക്ഷ്​മമായ നിരീക്ഷണങ്ങളുണ്ട്​ ഇൗ കവിതയിൽ.

adhil-madathil
ആദിൽ മഠത്തിൽ (പ്ലസ്​ടു,ജി.എച്ച്​. എസ്​.എസ്​ മമ്പാട്​)
 

ശ്വാസോച്ഛ്വാസത്തിൽ സെക്കൻഡുകൾ എണ്ണിയെണ്ണി, ഒാർമകൾ മാനത്ത്​ ഉറങ്ങാതെ നോക്കിനിന്ന,  ക്ഷീണത്തിൽ വെറുപ്പിൽ തളർന്നൊരു രാത്രിയിൽ മരണം കടന്നുപോയതി​െനക്കുറിച്ച്​ എഴുതുന്നു ‘മരണം കടന്നുപോകുന്നു’ എന്ന കവിതയിൽ.

‘നേര്‍ത്ത മഴ പാറ്റല്‍/ഇരുളു തുളുമ്പും മേഘങ്ങള്‍/‍ജനാലയിലൂടെ കാണണം/നനഞ്ഞ തോര്‍ത്തു വിരിച്ച്/നിലത്തു കിടക്കണം ഞാന്‍ മരിക്കുമ്പോള്‍’ എന്ന്​ ‘മരണത്തില്‍ നിന്നുള്ള കവിതകളി’ലും ഇൗ കവി ആശിക്കു​ന്നുണ്ട്​. ‘മാധ്യമം’ ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 18 നിഴലുകൾ അടക്കം കവിതകളുടെ സമാഹാരം ഇറക്കാനുള്ള ഒരുക്കത്തിലാണ്​ ആദിൽ. 

പൂച്ചക്കുഞ്ഞ്

ഊമയായ് ജനിച്ചവരുടെ ഒച്ച
ഇതുപോലെ മറ്റെവിടെയോ
ജീവിക്കുന്നുണ്ടാവുന്ന് അപ്പോൾ തോന്നി 
എന്നാലും ഓർക്കുമ്പോ
പിന്നേം സങ്കടം തന്നെയാണ് ,
കുറേക്കാലം വളർത്താൻ കൊണ്ടുവന്നിട്ട്
ഒരു ദിവസംപോലും 
വളർത്താൻ 
പറ്റാത്തതി​​െൻറ സങ്കടം 
പൂച്ചക്കുഞ്ഞിനെപ്പോലെ 
അത്ര കുഞ്ഞൊന്നുമല്ല 

subin-ambitharayil
സുബിൻ അമ്പിത്തറയിൽ (പ്ലസ്​ടു, ഇടുക്കി കട്ടപ്പന)
 

‘സ്വന്തം ഇഷ്​ടപ്രകാരം/പൂച്ചയെപ്പോലും സ്നേഹിക്കാൻ  പറ്റാത്ത/സ്വന്തം വീടുണ്ടെന്നിരിക്കെ/ജനതയെ പൂച്ചക്കുഞ്ഞുങ്ങളാക്കി വളർത്തുന്ന/രാജ്യത്തി​​​െൻറ കാര്യം പിന്നെപറയണോ’ എന്നാണ്​ ഇൗ കവിത അവസാനിക്കു​ന്നത്​.  ‘നേരം വെളുക്കുമ്പോൾ കാണാം/മുറ്റമാകെ നനഞ്ഞ് കിടക്കുന്നത്/എനിക്കറിയാം മഴയൊന്നും പെയ്തിട്ടല്ലെന്ന്.../രാത്രിയിൽ വീടെന്നെ/കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാണെന്ന്...’ എന്ന്​ വീട്​ എന്ന കവിതയിൽ കവി തരളിതനാകുന്നു. 45 കവിതകൾ ചേർത്ത്​ ‘സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്ര കുഞ്ഞല്ല’ എന്ന സമാഹാരത്തി​​െൻറ പണിപ്പുരയിലാണ്​ സുബിൻ. 

എത്ര നേരമായി അവർ നോക്കിയിരിക്കുന്നു

രണ്ടു പേർ
ഇങ്ങനെ നോക്കിയിരിക്കുമ്പോഴാണ്
പെട്ടെന്ന്
ആരാണിവർ
ആരാണിവർ എന്ന്
വികാരങ്ങളിൽ നിന്ന്
ആധികളിൽ നിന്ന്
കണ്ണുകൾ നീളുന്നു...
ആയുധങ്ങൾ കൂർക്കുന്നു

S-Rahul
എസ്​.രാഹുൽ (എം.എ. ഇംഗ്ലീഷ്​, തിരുവനന്തപുരം ആർട്​സ്​ കോളജ്​)
 

രണ്ടുപേർ തമ്മിലുള്ള നോക്കിയിരിപ്പ്​ ​പ്രണയമാകാം, സൗഹൃദമാകാം എത്ര വേഗമാണ്​ ആയുധങ്ങൾ കൂർക്കുന്ന അവസ്​ഥയിലേക്ക്​ എത്തുന്നതെന്ന്​ തുളക്കുന്ന ഭാഷയിൽ ചോദിക്കുന്നു ഇൗ കവിത. ‘നേരം പരപരാന്ന് കറുക്കണ വൈകുന്നേരം’ എന്ന ശ്രദ്ധേയമായ ത​​െൻറ കവിതയിൽ കവലയിൽനിന്ന്​ ഇറച്ചി വാങ്ങി വരു​േമ്പാൾ അപ്പനെ കുറ്റിക്കാട്ടിൽവെച്ച്​ വെട്ടിനുറുക്കി വൃത്തിയായി പൊതിഞ്ഞ്​ വീട്ടിലേക്ക്​ വിട്ടത്​ അപ്പനാന്നറിയാതെ നന്നായി വേവിച്ച്​ വരട്ടി മൂക്കുമുട്ടെ തിന്ന്​ അപ്പനു കുറച്ച് മാറ്റി​െവച്ചത്​ പറയുന്നുണ്ട്​.

‘എന്തോ അപ്പൻ വന്നില്ല/അപ്പനെങ്ങോട്ടോ പോയതാ/ബാക്കിവച്ച കഷണം/മൂലയിൽ ആറിയാറിയിരിപ്പുണ്ട്’ എന്ന്​ നിഷ്​കളങ്കമായാണ്​ കവിത അവസാനിക്കുന്നത്​. കവിതക്ക്​ കെ.വി. അനൂപ്​ സ്​മാരക പുരസ്​കാരം, തിരുനല്ലൂർ കരുണാകരൻ പുരസ്​കാരം എന്നിവ ലഭിച്ചിട്ടുണ്ട്​ രാഹുലിന്​. 

അകാലത്തിൽ

മരിച്ചുകഴിഞ്ഞ്
നമ്മെ മലര്‍ത്തിക്കിടത്തിയപ്പോള്‍
ആകാശം മുറിച്ചുകടക്കുകയാണ് ഒരു മത്സ്യം 
അതി​​െൻറ ചിറകിലുണ്ട്
ഉടനെ തുളുമ്പുമെന്ന് ഒരു കടല്‍
കടലി​​െൻറ തിളപ്പില്‍
മുറുകെ പിടിച്ച് ഒരു ദ്വീപ്‌
അതിനു ചുറ്റും 
ആര്‍ത്തികൊണ്ടുനീന്തുന്നുണ്ട് ഒരു പക്ഷി
ഓരോ തുഴച്ചിലിലും
അതി​​െൻറ ചെകിളയില്‍ നിന്ന്
അടര്‍ന്നുപോരുന്നുണ്ട് ശ്വാസം
എനിക്ക് കരച്ചില്‍ വരുന്നു.
അല്ല, നമ്മള്‍ മരിച്ചുപോയതുകൊണ്ടൊന്നുമല്ല

Reshma-C
രേഷ്​മ സി (എം.ടെക്,​ കണ്ണൂർ പെരുമ്പടവ്​)
 

‘ഈ നിമിഷം വരെ ചൂണ്ട കണ്ടിട്ടില്ല/കാണാത്തത് ഇല്ല എന്നേയല്ല/ചൂണ്ടയിൽ കുടുങ്ങുമ്പോൾ മാത്രമാണ്/മീനെന്ന നിലയിൽ വെളിപ്പെടുന്നത്/എന്നറിയാഞ്ഞിട്ടല്ല/ജീവനിൽ കൊതിയുണ്ടായിട്ടാണ്/കൊതിയെന്ന് കേൾക്കുമ്പോൾ മുറിഞ്ഞ് എരിവ് പുതഞ്ഞ ഒരുടൽ/ഓർമവരുമെന്ന് അറിയാഞ്ഞിട്ടല്ല/ശരിക്കും ജീവനിൽ കൊതിയുണ്ടായിട്ടാണ്’ എന്ന്​ ‘പുഴമീൻ’ എന്ന കവിത ഒരേസമയം മീനി​​െൻറയും ഉടലി​​െൻറയും സങ്കടങ്ങൾ പകർത്തുന്നു. 

അനുഭവങ്ങളുടെ സത്തയിലേക്ക്​ ഇറങ്ങാൻ ശ്രമിക്കുന്നുവെന്നതാണ്​ ഇൗ കവിതകളുടെ സവിശേഷതയെന്ന്​ കവി പി. രാമൻ പറയുന്നു. വെറും പുറമെയുള്ള പരതലല്ല. അനുഭവങ്ങളുടെ ഉള്ളിലേക്ക്​ ഇറങ്ങുന്ന രീതിയാണിത്​. ഇന്ന്​ എഴുതപ്പെടുന്ന കവിതകളിൽനിന്ന്​ വ്യത്യസ്​തമായി, വാക്കുകള​ുടെ ഉപയോഗത്തിലുള്ള സൂക്ഷ്​മതയിലും വാചാലതക്കുറവിലും ശ്രദ്ധിക്കുന്നവരാണ്​ ഇൗ കവികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 

Loading...
COMMENTS