Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightവീട്ടിലെത്തുന്ന...

വീട്ടിലെത്തുന്ന ദക്ഷിണാമൂർത്തി

text_fields
bookmark_border
വീട്ടിലെത്തുന്ന ദക്ഷിണാമൂർത്തി
cancel
camera_alt?????? ??????????? ?????? ????????????????? (??????: ??.?????????)

എനിക്ക് ഓർമയായകാലത്ത് അച്ഛൻ നാടകപ്രവർത്തകനാണ്. പിന്നെ കവിയും. വായിക്കുന്നതിനിടെയും അല്ലാതെയും മനസ്സിൽ ഭാവനവരുമ്പോൾ എവിടെയിരുന്നായാലും അച്ഛൻ കവിതയെഴുതും. അതൊന്നും കൃത്യമായി ഒരു പേപ്പറിൽ എഴുതിവെക്കുകയൊന്നുമില്ല. തുണ്ടുപേപ്പറിലൊക്കെ പല്ലവി എഴുതിവെക്കും. പിന്നെ മറ്റൊരു പേപ്പറിലായിരിക്കും അനുപല്ലവി എഴുതുക. ഇതൊക്കെ അമ്മ എടുത്ത് സൂക്ഷിച്ചുവെക്കും. അച്ഛെൻറ പ്രശസ്​തമായ ലളിതഗാനങ്ങളൊക്കെ ഇത്തരത്തിൽ എഴുതിയവയാണ്. അദ്ദേഹത്തിെൻറ മനസ്സിൽ എപ്പോഴും ഒരു താളമുണ്ട്. ആ സംഗീതപാരമ്പര്യമായിരിക്കണം എനിക്കും ലഭിച്ചത്.

എഴുതാനിരുന്നാൽ അച്ഛൻ ബഹളങ്ങൾ ഒന്നും അറിയില്ല. ബാത്ത്റൂമിൽവെച്ച് വേണമെങ്കിലും എഴുതും. ഒരിക്കൽ അച്ഛൻ പോയ കാർ ചെറിയ ഒരപകടത്തിൽപെട്ടു. അതിെൻറ തർക്കം നടക്കുന്നതിനിടെ ആളുകൾ നോക്കുമ്പോൾ അച്ഛൻ ഒരു മരച്ചുവട്ടിലിരുന്ന് തൃശൂരിൽ കവിയരങ്ങിൽ വായിക്കേണ്ട കവിതയെഴുതുകയായിരുന്നു.

കാവാലം നാരായണ പ്പണിക്കർ, ഭാര്യ ശാരദാമണി, കാവാലം ശ്രീകുമാർ,
 

അച്ഛൻ കുറച്ചുകാലം ക്ലാസിക്കൽ സംഗീതവും ഫ്ലൂട്ടും പഠിച്ചിട്ടുണ്ട്. സമഗ്രമായ പഠനമായിരുന്നില്ല. മോഹിനിയാട്ടത്തെ സംബന്ധിച്ചും അതിെൻറ സോപാനസംഗീതത്തെ സംബന്ധിച്ചും വ്യക്തമായ ധാരണയുണ്ട്. കൂടാതെ കളരിയെപ്പറ്റിയും അറിവുണ്ടായിരുന്നു. സംസ്​കൃതഭാഷ സ്വായത്തമാക്കിയത് സ്വന്തമായിത്തന്നെ. നിരവധി കഴിവുകളെ സമ്മേളിപ്പിച്ചാണ് അദ്ദേഹം തനതു നാടകപ്രസ്​ഥാനം രൂപപ്പെടുത്തിയത്. ഭാരതി ശിവജി തുടങ്ങിയവരുടെ മോഹിനിയാട്ടത്തിന് അദ്ദേഹം ഗാനങ്ങൾ രചിക്കുകയും ഞാൻ അത് ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മോഹിനിയാട്ടത്തിന് പ്രത്യേകമായ പദ്ധതിവേണമെന്നും അതിന് കേരളീയമായ വാദ്യങ്ങൾതന്നെ വേണമെന്നും അച്ഛന് നിർബന്ധമുണ്ട്. അന്നത്തെക്കാലത്ത് ഭരതനാട്യത്തിെൻറ രീതികളോട് അടുത്തുനിന്ന മോഹിനിയാട്ടത്തെ തനി കേരളീയമായി ചിട്ടപ്പെടുത്തുന്നതിൽ അച്ഛൻ ഒരു വലിയ പങ്കു തന്നെ വഹിച്ചു. ഇടക്കയും മദ്ദളവുംപോലുള്ള കേരളീയ വാദ്യോപകരണങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. നാടകങ്ങളിൽ ഇത്തരം കലകൾക്കും വാദ്യോപകരണങ്ങൾക്കും അദ്ദേഹം പ്രാധാന്യംകൊടുക്കുകയും ചെയ്തു.

അക്കാലത്ത് അച്ഛൻ നിരവധി ബാലെകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഡാൻസർ ചന്ദ്രശേഖരെൻറ ബാലെയായിരുന്നു മുഖ്യം. അതിന് ദക്ഷിണാമൂർത്തി സ്വാമിയാണ് സംഗീതസംവിധാനം നിർവഹിച്ചത്. നാല് മണിക്കൂർവരെ നീളുന്ന ബാലെയുടെ പാട്ടുകൾ അന്നത്തെ സ്​പൂൾ റെക്കോഡിലാണ് കംപോസ്​ ചെയ്ത് റെക്കോഡ് ചെയ്യുക. അതൊക്കെ എനിക്ക് വലിയ അനുഭവമായിരുന്നു. ഞാനന്ന് ചെറിയ കുട്ടിയാണ്. അച്ഛനും സ്വാമിയുംകൂടി ഒരുമിച്ചിരുന്നാണ് പാട്ടൊരുക്കിയിരുന്നത്. ഓരോ സന്ദർഭത്തിനനുസരിച്ച് അച്ഛൻ പാട്ടെഴുതും. സ്വാമി ഉടൻതന്നെ അതിന് ട്യൂണിടും. സ്വാമി വാത്സല്യത്തോടെ എനിക്കും പാട്ട് പറഞ്ഞുതന്നിട്ടുള്ളത് ഓർക്കുന്നു. അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച  ‘‘ഹർഷബാഷ്പം തൂകി’’ എന്ന പാട്ടിറങ്ങിയ സമയമാണ്. ആ പാട്ട്  അദ്ദേഹം എനിക്ക് പാടി പഠിപ്പിച്ചുതന്നിട്ടുണ്ട്.  ശ്ലോകങ്ങളും പറഞ്ഞുതന്നിട്ടുണ്ട്.  ശ്ലോകംചൊല്ലലിന് ഒരു വ്യക്തിത്വം വേണമെന്ന് അച്ഛനും പറയാറുണ്ട്. സംസ്​കൃതം അച്ഛന് നന്നായി വഴങ്ങുന്ന ഭാഷയായതിനാൽ അതിനെക്കുറിച്ച് പറഞ്ഞുതന്നിട്ടുണ്ട്. അതൊക്കെ എനിക്ക് പിന്നീട് ഗുണം ചെയ്തു. ആകാശവാണിയിൽ അധ്യാത്മരാമായണ പാരായണത്തിന് ഇതൊക്കെ ഉപകരിച്ചു. എം.ജി. രാധാകൃഷ്ണൻ ചേട്ടെൻറ ആലാപനവും സ്വാധീനിച്ചിട്ടുണ്ട്.

ഞാൻ രാമായണം പാരായണം ചെയ്യാൻ തുടങ്ങിയപ്പോൾതന്നെ മനസ്സിലുണ്ടായിരുന്നു നിലവിലുള്ള ആലാപനശൈലിയിൽ മാറ്റം വരുത്തണമെന്ന്. അതായത് പരമ്പരാഗതമായി നമ്മുടെ നാട്ടിൽ പാടിവരുന്നത് ആവശ്യമില്ലാത്തിടത്ത് നീട്ടിയും കുറുക്കിയുമുള്ള രീതിയാണ്. അതിനെ കുറച്ചുകൂടി ശാസ്​ത്രീയമാക്കുക എന്നതായിരുന്നു എെൻറ ലക്ഷ്യം. ഒരു സുപ്രഭാതത്തിലുണ്ടായ മാറ്റമല്ല അത്. കർണാടകസംഗീതത്തിൽ, ശ്ലോകങ്ങളും മറ്റും പാടുമ്പാൾ  ഉച്ചാരണത്തിലുണ്ടായിരിക്കേണ്ട ശ്രദ്ധ, വാക്കുകളുടെ അർഥമറിഞ്ഞ് പാടുക ഇതാക്കെ അച്ഛനിൽനിന്നും കിട്ടിയതാണ്. അച്ഛനും ഗുരുക്കന്മാരും ആർജിതജ്ഞാനവും ഇതിനെന്നെ സഹായിച്ചു. അധ്യാത്മരാമായണത്തിലെ ‘സുന്ദരകാണ്ഡം’ അനായാസമായി വായിക്കുക എന്നാൽ പാരായണത്തിെൻറ ഒഴുക്കും ഉച്ചാരണത്തിലെ സ്​ഫുടതയുമാണെന്ന അച്ഛെൻറ അഭിപ്രായം വലിയ പ്രേരണയായി.

നാടകങ്ങൾക്കായി ഡൽഹി, ബോംബെ, ഉജ്ജയിൻ, റഷ്യ എന്നിവിടങ്ങളിലൊക്കെ യാത്രചെയ്തിട്ടുണ്ട്. അഭിനയം എനിക്ക് വഴങ്ങുന്ന ഒന്നല്ല.  സൂത്രധാരനായൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും പിന്നീട് അതിൽനിന്ന് പിന്മാറി. ‘വിക്രമോർവശീയം’ എന്ന കാളിദാസനാടകം ഉത്തരേന്ത്യയിലെ ഉജ്ജയിനിയിൽ അവതരിപ്പിക്കുമ്പോൾ അതിലെ പാട്ടുകൾ ആലപിച്ചത് ഞാനായിരുന്നു. എെൻറ പാട്ടുകളുടെ പ്രകാശനം നടന്നത് അതിലെ സംസ്​കൃതശ്ലോകങ്ങൾ പാടുമ്പോഴാണ്. വിക്രമോർവശീയം നാലാം അങ്കമായിരുന്നു അവിടെ അവതരിപ്പിച്ചത്. ഇതേ അങ്കംതന്നെ ഇന്ത്യയിലെ പ്രശസ്​തരായ രണ്ട് സംവിധായകർകൂടി അവിടെ അവതരിപ്പിച്ചു. ഓരോരുത്തരും ചെയ്യുന്ന രീതികൾ മനസ്സിലാക്കാനും അതേപ്പറ്റി ചർച്ചചെയ്യാനുമുള്ള വേദിയായിരുന്നു അത്. രത്തൻ തിയം, ഡോ.കെ.ഡി. ത്രിപാഠി എന്നിവരായിരുന്നു മറ്റു രണ്ടുപേർ. പക്ഷേ, അവിടെ അംഗീകരിക്കപ്പെട്ടത് അച്ഛെൻറ നാടകമായിരുന്നു. ഗാനങ്ങൾക്കും വലിയ അംഗീകാരം ലഭിച്ചു. ഒരു കച്ചേരിയിൽ എങ്ങനെ സംഗീതം കേൾവിക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കണം എന്നതിെൻറ കൃത്യമായ പാഠം ലഭിച്ചത് അവിടെനിന്നാണ്. പിന്നീടും ചില നാടകങ്ങളിൽ സഹകരിച്ചെങ്കിലും എെൻറ സംഗീതവഴി അതല്ലെന്ന് തിരിച്ചറിഞ്ഞ് അച്ഛൻ വലിയ പ്രോത്സാഹനം തന്നില്ല.

സംഗീതത്തിൽ അർപ്പണമാണ് വലുതെന്നും പേരും പെരുമയുമൊക്കെ താനേ വന്നോളുമെന്ന ഉപദേശമാണ് അച്ഛൻ തന്നത്. അത് അനുസരിച്ചാണ് ഞാൻ ജീവിക്കുന്നതും. എനിക്ക് വിധിച്ചിട്ടുള്ള അവസരങ്ങൾ എന്നെത്തേടി വരുന്നു. ‘ആലോലം’ എന്ന സിനിമയിൽ പാടാൻ അവസരം ലഭിച്ചത് തികച്ചും യാദൃച്ഛികമായിട്ടാണ്. ഇളയരാജയായിരുന്നു സംഗീതം. അച്ഛൻ എഴുതിയശേഷമാണ് ട്യൂണിട്ടത്. ‘‘ആലോലം’’ എന്നുതുടങ്ങുന്ന പാട്ടിൽ ഇടയ്ക്ക് അഷ്ടപദിയുടെ ഭാഗങ്ങളും ചേർത്തിരുന്നു. ദാസേട്ടൻ പാടിയ പാട്ടിലെ അഷ്ടപദി ഭാഗം മറ്റാരെങ്കിലും പാടിയാൽ നന്നായിരിക്കും എന്ന അഭിപ്രായം വന്നപ്പോൾ തിരക്കഥാകൃത്തായ ജോൺപോളാണ് എെൻറ പേര് നിർദേശിച്ചത്. ആ വിവരം അച്ഛനാണ് എന്നെ അറിയിക്കുന്നത്. പിറ്റേന്നുതന്നെ ഞാൻ ചെന്നൈയിലെത്തി റെക്കോഡ് ചെയ്തു.

കലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അച്ഛനുമായി കൂടുതലും സംസാരിക്കുക. അല്ലാതെയുള്ള സംഭാഷണങ്ങൾ കുറവാണ്. സംഗീതത്തിൽ എനിക്ക് അരങ്ങേറ്റംപോലും കാര്യമായി നടത്തിയിട്ടില്ല. പാട്ടുകേട്ട് അച്ഛൻ അഭിപ്രായമൊന്നും പറയാറുമില്ല. അദ്ദേഹം ഏതെങ്കിലും കലയിൽ മുഴുകിയാണ് മിക്കപ്പോഴും ഇരിക്കുക. അദ്ദേഹം പലതരം കലകളെക്കുറിച്ച് സംസാരിക്കും. അതിൽ സംഗീതവുമായി ബന്ധപ്പെട്ടതേ എനിക്ക് ദഹിക്കൂ. അതിൽനിന്ന് പലതും ഞാൻ സ്വാംശീകരിക്കാറുണ്ട്. അദ്ദേഹം വളർത്തിക്കൊണ്ടുവന്ന സംഗീതത്തിലെ നാട്ടുശൈലി എനിക്ക് ക്ലാസിക്കലിൽ സ്വീകരിക്കാൻ കഴിയില്ല. അതേസമയം, കച്ചേരിക്കിടയിൽ അച്ഛെൻറ പാട്ടുകൾ പാടുന്നത് കച്ചേരി കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്.

കാവാലം നാരായണപ്പണിക്കരുടെ കുടുംബം
 

സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനുമായി അച്ഛന് നേരത്തേ നല്ല ബന്ധമാണ്. ഇവർ ഒരുമിച്ച് എഴുപതുകൾമുതൽ ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങൾ ഒരുക്കുന്നുണ്ട്. ആലപ്പുഴയിലുള്ളപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ വീട്ടിൽ വരും. അച്ഛെൻറ പക്കൽനിന്നും പാട്ടുകൾ വാങ്ങാൻ വേണ്ടിക്കൂടിയാണ് ആ വരവ്. അടുത്തുള്ള സ്​ഥലങ്ങളിൽ കച്ചേരി അവതരിപ്പിക്കാൻ വരുമ്പോഴാണ് വീട്ടിൽവരുക. അവിടെവെച്ചുതന്നെ രണ്ടുപേരുംകൂടി സംഗീതത്തെപ്പറ്റി ചർച്ചചെയ്യും. പല്ലവി ട്യൂൺചെയ്ത് പാടിക്കേട്ടശേഷമേ ചിലപ്പോൾ അച്ഛൻ അനുപല്ലവിയും ചരണവും എഴുതാറുള്ളൂ. ഇത് രണ്ടുപേർക്കും ഗുണംചെയ്യും. തിരുവനന്തപുരത്തുള്ളപ്പോൾ രാധാകൃഷ്ണൻ ചേട്ടെൻറ വീട്ടിൽവെച്ചായിരിക്കും കംപോസിങ്. അവർ തമ്മിൽ ചിലപ്പോൾ തർക്കം നടക്കാറുണ്ട്. ചില  വാക്കുകൾ വഴങ്ങാതെവന്നാൽ അത് അപ്പോൾത്തന്നെ മാറ്റാറുമുണ്ട്. എന്നാൽ, ‘‘ഘനശ്യാമ സന്ധ്യാഹൃദയം’’ എന്ന ലളിതഗാനത്തിെൻറ കാര്യത്തിൽ അച്ഛൻ കടുംപിടിത്തംപിടിച്ചു. ഘന എന്ന വാക്ക് മാറ്റണമെന്ന് രാധാകൃഷ്ണൻ ചേട്ടൻ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മാറ്റേണ്ടെന്നായിരുന്നു അച്ഛെൻറ ഉറച്ച തീരുമാനം. അക്കാര്യത്തിൽ അച്ഛന് അത്രക്ക് ഉറപ്പുണ്ടായിരുന്നു. അതായിരുന്നു ആ പാട്ടിെൻറ വിജയവും. അത്തരത്തിലുള്ള ആന്തര താളബോധം അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിൽ പാട്ടുകൾ ചെയ്യുമ്പോഴും ഇത് പ്രകടമായിരുന്നു. അടുത്തകാലത്ത് ജോബിെൻറ സംഗീതസംവിധാനത്തിൽ ഒരു സിനിമയിൽ അച്ഛൻ പാട്ടെഴുതിയപ്പോഴും ജോബിെൻറ സ്​ഥിരം ശൈലിയിൽനിന്ന് വ്യത്യസ്​തമായ പാട്ടുകളായിരുന്നു വന്നത്. കാരണം, അത് അച്ഛെൻറ താളപദ്ധതിക്കനുസരിച്ചുള്ള പാട്ടുകളായിരുന്നു.

എനിക്ക് കച്ചേരിയിലോ മറ്റോ പാടാൻ വ്യത്യസ്​തമായ ഒരു പാട്ട് വേണമെന്ന് പറഞ്ഞാൽ അച്ഛൻ അപ്പോൾതന്നെ ഒരെണ്ണം എഴുതിത്തരും. എന്‍റെ നിർദേശങ്ങളും സ്വീകരിക്കും. ഇത്തരം സർഗാത്മകമായ കൊടുക്കൽ വാങ്ങൽ ഇഷ്ടമുള്ളയാളാണ് അദ്ദേഹം.

 

(കടപ്പാട്: മാധ്യമം പുതുവർഷപ്പതിപ്പ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavalam narayana panickerkavalam sreekumar
Next Story