ലളിതാംബിക അന്തർജനത്തിന്‍റെ അഗ്നിസാക്ഷിക്ക് 40 വയസ്
text_fieldsമലയാള സാഹിത്യത്തിലെ ക്ലാസിക് രചനകളിലൊന്നായ ലളിതാംബിക അന്തർജനത്തിന്‍റെ അഗ്നിസാക്ഷി വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കിയിട്ട് 40 വർഷം പിന്നിട്ടിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പ്രഥമ വയലാർ അവാർഡ് എന്നിവ കരസ്ഥാമാക്കിയ നോവൽ 1999ൽ ചലച്ചിത്രമായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.
നവോത്ഥാനകാലത്തെ ബ്രാഹ്മണ സമുദായത്തിലെ സ്ത്രീജീവിതത്തിന്‍റെ കഥ പറഞ്ഞ നോവൽ എക്കാലത്തെയും ശക്തമായ സ്ത്രീപക്ഷരചനകളിലൊന്നാണ്. തേതിക്കുട്ടിക്കാവിന്‍റെയും തങ്കം നായരുടെയും ജീവിതം ഇതുതന്നെയാണ് വായനക്കാരുടെ ഹൃദയങ്ങളിൽ കുറിച്ചിടുന്നതും. മറക്കുടയുടെ കീഴിൽ ഒളിക്കാൻ സ്ത്രീ വിധിക്കപ്പെട്ടത് അവൾ സ്വയം ആ വഴി തിരഞ്ഞെടുത്തതുകൊണ്ടല്ല, മറിച്ച് സമുദായം ആചാരനുഷ്ഠനങ്ങളുടെ ചട്ടക്കൂടിൽ അവളെ തളച്ചിട്ടതുകൊണ്ടാണ്.

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ആചാരനുഷ്ഠാനങ്ങളും സാമ്പ്രദായക ജീവിതരീതികളും സ്ത്രീജീവിതങ്ങളെ എത്രത്തോളം ആഴത്തിൽ തളച്ചിട്ടിരുന്നു എന്ന് ലളിതാംബിക അന്തർജനം അഗ്നിസാക്ഷിയിൽ അവതരിപ്പിച്ചത് മാനമ്പള്ളി ഇല്ലത്തെ ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രത്തിലൂടെയാണ്. ഉണ്ണിനമ്പൂതിരി ഒരു പ്രതിനായകനായിരുന്നില്ല. പക്ഷേ സ്വജീവിതത്തെക്കാൾ അയാൾ ആചാരനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകി. ഇതാണ് ഉണ്ണിനമ്പൂതിരിയെ അക്കാലത്തെ സമുദായത്തിന്റെ പ്രതീകമാക്കി മാറ്റിയത്. നമ്പൂതിരി സമുദായത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് വ്യക്തിജീവിതത്തിനു മേലുള്ള ആധിപത്യം തങ്കവുമായുള്ള ഉണ്ണിനമ്പൂതിരിയുടെ സംഭാഷണങ്ങളിൽനിന്ന് വ്യക്തമാണ്.

...'ഏടത്തിക്ക് നല്ല വിവരമുണ്ടെന്ന് എനിക്കറിയാം. അവരോട് സംസാരിക്കുന്നത് എനിക്കും ഇഷ്ടമാണ്. പക്ഷേ എപ്പഴുമിങ്ങനെ അകായിൽച്ചെന്നിരുന്നാൽ ആളോള് എന്തു പറയും? ഒക്കെയ്ക്കും ഒരു മട്ടില്ലേ തങ്കം?'
'പറയണോര് പറയട്ടെ ഏട്ടാ... നമുക്കെന്തു ചേതം? ഇത്ര നല്ലൊരേടത്തി വന്നിരിക്കണൂ. ഏടത്തീം ഏട്ടനും സ്നേഹിക്കുന്നു. സംസാരിക്കുന്നു. വേട്ട നമ്പൂരിയല്ലേ? ആത്തേമ്മാരല്ലേ? ഇതില് മറ്റുള്ളോർക്കെന്താ കാര്യം?'
'ഒന്നൂല്യായിരിക്കും. പക്ഷേ...' ഏട്ടൻ സംശയിച്ചു തുടർന്നു: 'പക്ഷേ നമുക്ക് നമ്മുടെ ഇഷ്ടം നോക്കിയാൽ പോരല്ലോ. മറ്റുള്ളവരുടെ ഹിതം കാക്കണല്ലോ. മാനമ്പള്ളിയില്ലത്ത് ഇതൊന്നും കീഴ്നടപ്പില്ല. ഇബ്ടെ സുഖത്തിനല്ല ധർമ്മത്തിനാണ് ഗൃഹസ്ഥാശ്രമം. ഭോഗത്തിനല്ല ത്യാഗത്തിനാണ് ദാമ്പത്യം. ജീവിതം ഒരു യജ്ഞമാണ് കുട്ടീ. അഗ്നിഹോത്രമാണ്. ഒടുവിൽ ഏടത്തിക്കും ഇതു മനസ്സിലാവും.'
'ഏട്ടാ, ഏട്ടന്‍റെ വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുണ്ടോ, ഭാര്യയെ ഉപേക്ഷക്കണമെന്ന്? അവരെ നോക്കരുതെന്ന്? എങ്കിൽപ്പിന്നെ വേട്ടതെന്തിനേ?'
ഏട്ടൻ നിർവ്വികാരനായിപ്പറഞ്ഞു:
'ഞാനവരെ ഉപേക്ഷിക്കില്ല, കുട്ടീ. ഏടത്തിക്കതറിയാം. പക്ഷേ ഞാൻ അമ്മയെയും കുടുംബത്തെയും കുലമര്യാദകളെയും ഉപേക്ഷിക്കില്ല. ഗുരുത്വം ഉപേക്ഷിക്കില്ല. അതു പറയരുത് തങ്കം.'

സ്വന്തം സമുദായത്തിൽ നിലനിന്നിരുന്ന അനീതിക്കെതിരെ പ്രതികരിക്കുയാണ് അഗ്നിസാക്ഷി എന്ന നോവലിലൂടെ ലളിതാംബിക അന്തർജനം ലക്ഷ്യം വച്ചത്. തേതിക്കുട്ടിക്കാവ് എന്ന കഥാപാത്രത്തിന്റെ മാറ്റങ്ങൾ സ്ത്രീത്വത്തിന്റെ സ്വതന്ത്രചിന്തയുടെ പ്രതിഫലനമാണ്. വെറുമൊരു ഭാര്യയിൽനിന്ന് നവോത്ഥാത്തിന്റെ പങ്കാളിയായ ദേവകി മാനമ്പള്ളിയായും സ്വാതന്ത്ര്യസമരസേനാനിയായ ദേവിബഹനായും ഒടുവിൽ യോഗിനി സുമിത്രനന്ദയായും തേതിക്കുട്ടിക്കാവ് മാറുന്നു. പൂർണ്ണതയിലേക്ക് എത്താൻ ശ്രമിക്കുന്ന മനുഷ്യവാസന കൂടിയാണ് ഈ കഥാപാത്രത്തിലൂടെ ലളിതാംബിക അന്തർജനം അവതരിപ്പിച്ചത്.
അഗ്നിസാക്ഷി ഒരു കാലഘട്ടത്തിന്‍റെ കഥ പറയുന്ന നോവലാണ്. കേരള സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റങ്ങളെക്കുറിച്ചും ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നു. പ്രസിദ്ധീകരിച്ച് നാല് പതിറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും അനുവാചകഹൃദയത്തെ ആർദ്രമാക്കുന്നു അഗ്നിസാക്ഷി.