Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഎഴുതിയതിനെക്കാള്‍...

എഴുതിയതിനെക്കാള്‍ വായിക്കാനുള്ള ബഷീര്‍

text_fields
bookmark_border
എഴുതിയതിനെക്കാള്‍ വായിക്കാനുള്ള ബഷീര്‍
cancel

സൂചിമുനയിലുള്ള തപസ്സായിരുന്നു ബഷീറിന് എഴുത്ത്. കസേരയിലിരുന്നും മുറുക്കിത്തുപ്പിയും, സുഖമായി ഉണ്ടും ഉറങ്ങിയും കഥക്കുവേണ്ടി  ഭാവനക്കുവേണ്ടി അലഞ്ഞും ധ്യാനിച്ചും എഴുത്തുകാര്‍ നടന്നിരുന്നു എന്നും. ബഷീറിന് അതു വേണ്ടിവന്നില്ല. എഴുതിയും തിരുത്തിയും മെല്ലെമെല്ലെ എഴുതി ബഷീര്‍. സ്വയം തിരുത്തലായിരുന്നു. മറ്റൊരാളുടെ തിരുത്തലില്‍ കലികൊണ്ടു. തന്‍റെ ജീവിതമാണല്ലോ.. താനാണല്ലോ തിരുത്താനും പെരുക്കാനും എന്നായിരുന്നു ഭാവം. അതുകൊണ്ടുതന്നെ മലയാളത്തിന്‍റെ ഒരെഴുത്തു പ്രസ്ഥാനമായി ഇത്.

ബഷീര്‍ സാഹിത്യം അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു രൂപപ്പെട്ടത്. ഹാസ്യംകൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതും കാലാതിവര്‍ത്തിയുമായി. സമൂഹത്തിനു നേരെയുള്ള വിമര്‍ശങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവെച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ആ കൃതികളെ അനശ്വരമാക്കി. മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച എഴുത്തുകാരനാണ് ബഷീര്‍.

എഴുത്തുകാരന് മറ്റൊരു ജീവിതമാണ് സാധാരണ എഴുത്തുജീവിതം. ബഷീറിന് അതല്ല, ജീവിതംതന്നെയാണ്. കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും പുറത്തുനിന്നല്ല, അകത്തുനിന്ന് ഇറങ്ങിവന്ന് കഥയുടെ ഉമ്മറത്ത് നില്‍ക്കുകയാണ്. കഥയുടെ തൂണിലാണ് പാത്തുമ്മ ആടിനെ കെട്ടിയിട്ടത്. സുഹറയും മജീദും മണ്ടന്‍ മുത്തപ്പയും ഒക്കെ കഥയുടെ അകത്തളങ്ങളിലും കോലായിലും മുറ്റത്തുമൊക്കെയാണ് പെരുമാറുന്നത്. എല്ലാവരും ആശ്രയിക്കുന്നത് കാഥികനായ ബേപ്പൂര്‍ സുല്‍ത്താനെയാണ്. 

വിശ്വമാനവസ്വഭാവമുള്ള ഒരെഴുത്തുകാരന്‍ മലയാളത്തിനുണ്ടെങ്കില്‍ അത് വൈക്കം മുഹമ്മദ് ബഷീറാണ്. പ്രപഞ്ചബോധം നിറഞ്ഞുനില്‍ക്കുന്ന ചിന്തയും വാക്കും പ്രവൃത്തിയും ബഷീറിനോളം വരില്ല മറ്റാര്‍ക്കും. ഈശ്വരബോധമാണെങ്കിലും കരുണയാണെങ്കിലും പ്രണയമാണെങ്കിലും ഹാസ്യമാണെങ്കിലും എല്ലാം വിശ്വമാകെ നിറയുന്നതായിരുന്നു. കൃതിയില്‍നിന്ന് വായനക്കാരനിലൂടെ പ്രപഞ്ചത്തോളം പരന്നൊഴുകുന്നതായിരുന്നു. ശുഭാപ്തി വിശ്വാസത്തിന്‍റെയും നന്മയുടെയും തെളിയൊഴുക്കായിരുന്നു ബഷീറിന്‍റെ എഴുത്ത്.

അവതാരികകള്‍
ബഷീറിന്‍റെ മിക്ക കൃതികള്‍ക്കും അവതാരികകളുണ്ട്. കൃതികള്‍ക്കുള്ള പുതുമയും ജീവിതസത്യവുമാണ് അവതാരികകള്‍ നിര്‍ബന്ധമാക്കിയതെന്ന് കരുതുന്നു. ‘പ്രേമലേഖന’ത്തിന് സീതാരാമനാണ് അവതാരിക എഴുതിയത്. നവീന ഭാഷാസാഹിത്യത്തിലെ ഒരു അദ്ഭുതോദയമാണ് ബഷീര്‍ എന്ന് അവതാരികാകാരന്‍ പറയുന്നത്. ‘ബാല്യകാലസഖി’ക്ക് എം.പി. പോള്‍ ആണ് അവതാരിക എഴുതിയത്. ബാല്യകാലസഖി ജീവിതത്തില്‍നിന്ന് വലിച്ചുചീന്തിയ ഒരേടാണ് എന്ന പ്രസിദ്ധമായ വാക്യം ഈ അവതാരികയിലാണ്. ബാല്യകാലസഖിയെന്ന നോവല്‍ പോലത്തെന്നെ എക്കാലവും വായിക്കപ്പെടുന്നതാണല്ലോ പോളിന്‍റെ അവതാരികയും. ‘കഥാബീജ’ത്തിന് ജി. ശങ്കരക്കുറുപ്പിന്‍റെ അവതാരിക. ‘ശബ്ദങ്ങള്‍’ക്ക് എ. ബാലകൃഷ്ണപ്പിള്ള. ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ക്ക് കെ. കേളപ്പന്‍ , ‘ഭാര്‍ഗവീനിലയ’ത്തിന് വി. അബ്ദുല്ല എന്നിങ്ങനെ അവതാരികകള്‍. പഠനങ്ങള്‍ നീണ്ടുകിടക്കുന്നു. ബഷീറിന്‍റെ സമകാലികര്‍ക്ക് ഇത്രയധികം അവതാരികകള്‍ എഴുതിക്കിട്ടിയിട്ടില്ല. അവര്‍ക്കതിന്‍റെ ആവശ്യം തോന്നിയിട്ടില്ലാത്തതാകാം. പുതിയൊരു എഴുത്തുപ്രസ്ഥാനം ‘ബഷീറിയന്‍ പ്രസ്ഥാനം’  തുടങ്ങിവെക്കുകയായിരുന്നല്ലോ തന്‍റെ എല്ലാ എഴുത്തിലും ബഷീര്‍.

എഴുത്തുനിന്നതിന് ശേഷം
എഴുത്തുകാലത്തും എഴുത്ത് നിന്നപ്പോഴും ബഷീറിനെ വായിക്കുന്നവരും പഠിക്കുന്നവരും എണ്ണം കൂടിവന്നു. 24 ബഷീര്‍ പഠനങ്ങളെ പോള്‍ മണലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, 1992വരെ. മലയാളത്തിലും ഇംഗ്ളീഷിലുമായി 771 പഠനസൂചികകള്‍ പ്രേംകുമാര്‍ ചാന്നാനിക്കാട് ലിസ്റ്റ് ചെയ്തിട്ടുണ്ട്, 1992 വരെ. ഈ ലിസ്റ്റൊക്കെയും ഇപ്പോഴും നീളുകയാണ്. പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പ്രേമലേഖനം തുടങ്ങിയവ കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകമായപ്പോള്‍ കുട്ടികള്‍, അധ്യാപകര്‍, പത്രമാസികകള്‍, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍, അനുസ്മരണ ഭാഷണങ്ങള്‍, പോസ്റ്ററുകൾ എന്നിവകൂടി കൂട്ടിയാല്‍ ഈ ലിസ്റ്റ് നീണ്ടുനീണ്ടുപോകും.

Show Full Article
TAGS:basheer 
Next Story