Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightതമിഴിന്‍റെ ബേപ്പൂർ...

തമിഴിന്‍റെ ബേപ്പൂർ സുൽത്താൻ

text_fields
bookmark_border
തമിഴിന്‍റെ ബേപ്പൂർ സുൽത്താൻ
cancel

കഷണ്ടികയറിയ തലയൊന്ന് താഴ്ത്തി ഒരു കൈയില്‍ കാലന്‍ കുടയും മറുകൈയില്‍ മകന്‍ ഗോവിന്ദരാജനുള്ള ഭക്ഷണവുമായി 11 വര്‍ഷംമുമ്പ് ചാല ബസാറിലൂടെ നടന്നുനീങ്ങിയിരുന്ന ആ. മാധവനെന്ന ചാലക്കാരുടെ ‘മാധവനണ്ണാച്ചി’  ഇത്രയും വലിയൊരു സംഭവമായിരുന്നുന്നെന്ന് ഈ അടുത്ത ദിവസങ്ങളിലാണ് ചാലക്കാര്‍ മനസ്സിലാക്കിയത്. കെ.ആര്‍. മീരയുടെ ആരാച്ചാരിനൊപ്പം ‘ഇലക്കിയ ചുവടുകള്‍’ എന്ന തമിഴ്സാഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കേരളത്തിലേക്ക് എത്തിയതോടെ പലവ്യഞ്ജനങ്ങളുടെയും പച്ചമീനിന്‍െറയും പച്ചക്കറികളുടെയും മണമുള്ള ചാല ബസാറിന് ഇപ്പോള്‍ മറ്റൊരു മണമാണ്. ആ. മാധവന്‍ എന്ന കച്ചവടക്കാരന്‍ പകര്‍ന്നുകൊടുത്ത ശുദ്ധ തമിഴ് സാഹിത്യത്തിന്‍െറ മണം.

ഉപജീവനത്തിനായി പഴയ ചേരനാട്ടില്‍നിന്നും തിരുവിതാംകൂറിലേക്ക് കൂടിയേറി പാര്‍ത്തവരാണ് മാധവന്‍െറ മാതാപിതാക്കള്‍. തിരുനെല്‍വേലി സ്വദേശിയായ ആവുടനായകം പിള്ളയുടെയും ചെങ്കോട്ട സ്വദേശിയായ ചെല്ലമ്മാളിന്‍െറയും ആറുമകളില്‍ ഏറ്റവും ഇളയവനായി 1934ല്‍ ജനിച്ച മാധവനെ, തിരുവിതാംകൂറില്‍ പത്മനാഭന്‍െറ നാലുചക്ര ശമ്പളംവാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അച്ഛന്‍െറ ആഗ്രഹം. അന്ന് എട്ടാം ഫോറം പാസാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് മനസ്സിലാക്കിയ ആവുടനായകം മകനെ മലയാളം പഠിപ്പിച്ചു. അങ്ങനെ ചാലയിലെ പ്രൈമറി സ്കൂളിലും ഹൈസ്കൂളിലുമായി 10ാം ക്ളാസ് വരെ മലയാളം മുഖ്യവിഷയമായി പഠിച്ചു. പക്ഷേ,  മാധവന് തമിഴിനോടായിരുന്നു കൂടുതല്‍ കമ്പം. അതുകൊണ്ടുതന്നെ മാധവന്‍െറ സാഹിത്യസൃഷ്ടികളെല്ലാം വെളിച്ചംകണ്ടത് അങ്ങ് പാണ്ടിനാട്ടിലായിരുന്നു.

ചാലയിലെ കച്ചവട ജീവിതത്തിനിടയില്‍ താനറിഞ്ഞതും അനുഭവിച്ചതുമായ മനുഷ്യജീവിതങ്ങളെ അവരറിയാതെ തൂലിക തുമ്പിലൂടെ ഒപ്പിയെടുത്ത് തമിഴ് വായനലോകത്ത് പുത്തന്‍പാതക്ക് വഴിവെട്ടുകയായിരുന്നു മാധവനെന്ന സാഹിത്യവിപ്ളവകാരി. തനിക്ക് ചുറ്റുമുള്ള കേരള-തമിഴ് സംസ്കാരങ്ങളെയും അവരുടെ ഭാഷകളെയും വട്ടാരവഴക്ക് (പ്രാദേശിക ഭാഷാഭേദം) എന്ന പുതിയ കൈവഴിയില്‍ പറിച്ചുനട്ട മാധവന്‍, തമിഴ്സാഹിത്യത്തിലെ ബേപ്പൂര്‍ സുല്‍ത്താനാവുകയായിരുന്നു.  മലയാള സാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എവിടെ പേന താഴെവെച്ചോ അവിടെനിന്നും മാധവന്‍ തുടങ്ങി. ചാല കമ്പോളത്തില്‍ തനിക്ക് പരിചിതരായവരും കുടുംബക്കാരും സഹോദരങ്ങളുമൊക്കെ ഓരോ നോവലിലും നോവലൈറ്റുകളിലും ചെറുകഥകളിലും മാധവന്‍െറ നായികയും നായകന്മാരുമായി. തമിഴും മലയാളവും ഇടകലര്‍ന്ന വട്ടാരവഴക്കിലൂടെ അവര്‍ സമൂഹത്തോടും രാഷ്ട്രീയത്തോടും കലഹിച്ചുകൊണ്ടേയിരുന്നു. തിരുവിതാംകൂര്‍ എന്ന ഇപ്പോഴത്തെ തിരുവനന്തപുരം മലയാളിയുടെ മാത്രമല്ല, ഒപ്പം തമിഴന്‍െറയുംകൂടിയാണെന്ന് മാധവന്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഇപ്പോഴും വിശ്വസിക്കുന്നു.

തമിഴ്നാട്ടില്‍ കൊടുമ്പിരികൊണ്ട ദ്രാവിഡ മുന്നേറ്റയാത്രകളും പ്രസ്ഥാനങ്ങളും മാധവന്‍െറ അക്ഷരങ്ങളില്‍ തീ പകര്‍ന്നു. ഇതോടെ തമിഴ് സാഹിത്യത്തില്‍ ആ. മാധവനെന്ന പേര് കൊത്തിവെക്കാന്‍ കാലത്തിന് അധികകാലം വേണ്ടിവന്നില്ല. മുരശൊലിയിലും ദിനമലരിലുമെല്ലാം ആ. മാധവന്‍െറ ലേഖനകളും ചെറുകഥകളും കത്തിപ്പടര്‍ന്നു. വരേണ്യഭാഷയില്‍നിന്ന് സാഹിത്യത്തെ മോചിപ്പിക്കുന്നതിനുള്ള ശുദ്ധികലശമായി ആ കഥകളും ലേഖനങ്ങളും മാറി.  മജീദിന്‍െറയും സുഹറയുടെയും അനശ്വര പ്രണയവും മലയാറ്റൂരിന്‍െറ യക്ഷിയും മലയാളികള്‍മാത്രം അറിഞ്ഞാല്‍പോരെന്ന് മനസ്സിലാക്കിയ മാധവന്‍ അവയെ തമിഴിലേക്കും പരിഭാഷപ്പെടുത്തി. മാധവിക്കുട്ടിയുടെ സ്ത്രീപക്ഷ ചിന്തകളും പൊറ്റക്കാടിന്‍െറ സഞ്ചാരസാഹിത്യവും ഉറൂബിന്‍െറ സുന്ദരികളും സുന്ദരന്മാരും പി.കെ. ബാലകൃഷ്ണന്‍െറ ഇനി ഞാന്‍ ഉറങ്ങട്ടെയും കാരൂരിന്‍െറ സമ്മാനം തുടങ്ങിയ മലയാളത്തിലെ എണ്ണപ്പെട്ട കൃതികളൊക്കെ തന്നെ ചാലയിലെ കുടുസുമുറിക്കുള്ളില്‍നിന്ന് തമിഴിലേക്ക് പരകായപ്രവേശം നടത്തിക്കൊണ്ടേയിരുന്നു. അപ്പോഴും കൈതമുക്കിലെ അമ്മന്‍കോവിലിന് പിന്നില്‍ തേങ്ങാപുര ലൈനിലെ മലയാളി കുടുംബങ്ങള്‍ക്കിടയില്‍ മാധവന്‍  ആരുമറിയാതെ ഒതുങ്ങിക്കൂടുകയായിരുന്നു.

പുനലും മണലും (1974), കൃഷ്ണപരുന്ത് (1980), തൂവാനം (1987) തുടങ്ങിയ മൂന്ന് നോവലുകളും രണ്ട് നോവലൈറ്റുകളും 500ഓളം ചെറുകഥകളും 150ഓളം ലേഖനങ്ങളുമെഴുതിയ മാധവനെ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്‍കി ആദരിച്ചപ്പോഴും തമിഴ്നാട്ടിലെ ഭാഷാവിദ്യാര്‍ഥികള്‍  മാധവന്‍െറ ‘പേരില്ലാകഥകള്‍’ പഠനവിധേയമാക്കുമ്പോഴും ഇങ്ങ് ചാലയിലെ സ്റ്റേഷനറി കടയിലെ കണക്കുകള്‍ക്കിടയില്‍ മാധവന്‍ സാഹിത്യം ഒളിപ്പിക്കുകയായിരുന്നു. അത് എന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ ഇപ്പോഴും മാധവന് ഉത്തരമില്ല.

പക്ഷേ, ഇന്ന് മാധവന്‍ എഴുതാറില്ല. ആ തൂലിക നിശ്ചലമായിട്ട് ഇപ്പോള്‍ 11 വര്‍ഷമാകുന്നു. 2002ല്‍ ജീവന്‍െറ പാതിയായ ഭാര്യ ശാന്തയും 2004ല്‍ എല്ലാമെല്ലാമായിരുന്നു മകന്‍ ഗോവിന്ദരാജനെയും അര്‍ബുദം കവര്‍ന്നതോടെ വിധിക്കുമുന്നില്‍ മാധവന്‍ പേന താഴെവെക്കുകയായിരുന്നു. മകന്‍ പോയതോടെ കച്ചവടം മാധവന്‍ നിര്‍ത്തി. വീട്ടില്‍ സ്വയമൊരു തടങ്കല്‍ സൃഷ്ടിച്ച് എഴുത്തിന് അദ്ദേഹം വിലങ്ങിട്ടു. ഇതിനിടയിലാണ് പുറംലോകം കാണാതെ കിടന്ന അച്ഛന്‍െറ ലേഖനങ്ങളും ചില കുറിപ്പുകളും മക്കളായ കലാ സെല്‍വിയും മലര്‍ ഷെല്‍വിയും കണ്ടെടുക്കുന്നതും പുസ്തകമാക്കുന്നതിനായി തമിഴ്നാട്ടിലെ പ്രമുഖ പബ്ളിഷിങ് ഗ്രൂപ്പായ രാജേശ്വരി ഗ്രൂപ്പിന് കൈമാറിയതും. 374 പേജുവരുന്ന ആ തോന്ന്യാക്ഷരങ്ങളായിരുന്നു ‘ഇലക്കിയ ചുവടുകള്‍’ എന്ന പുസ്തകം.

 

Show Full Article
TAGS:aa madhavan 
Next Story