സൗഹൃദങ്ങളുടെ രാജകുമാരന്‍
text_fieldsഅക്ബറുമായുള്ള അടുപ്പം കുട്ടിക്കാലംതൊട്ടേയുള്ളതാണ്. പാറക്കടവും കക്കട്ടിലും അടുത്തടുത്താണ്. പഠിക്കുന്ന കാലത്തേ അക്ബര്‍ കക്കട്ടില്‍ പ്രശസ്തനായിരുന്നു. പാറക്കടവില്‍നിന്ന് കക്കട്ടിലേക്ക് ഞാനും തിരിച്ച് കക്കട്ടില്‍നിന്ന് പാറക്കടവിലേക്ക് അവനും ഒരുപാടുതവണ യാത്രചെയ്തിട്ടുണ്ട് കുട്ടിക്കാലത്ത്.
സൗഹൃദങ്ങളുടെ രാജകുമാരനായിരുന്നു എന്‍െറ സുഹൃത്ത്. വലിയ സാഹിത്യകാരന്മാര്‍, സിനിമാതാരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, സാധാരണക്കാര്‍ ഒക്കെയായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു. അക്ബറിന്‍െറ മരണവാര്‍ത്തയറിഞ്ഞ് ടി. പത്മനാഭനും സേതുവും വിളിക്കുന്നു. ഖത്തറില്‍നിന്ന് ദു$ഖം അടക്കാനാകാതെ വ്യവസായിയും കലാകാരനുമായ ഈസ വിളിക്കുന്നു. ഡല്‍ഹിയില്‍നിന്ന് ദിലീപ് പറയുന്നു. ‘രാവിലെ മുതല്‍ കരയുകയാണ് മീര.’
അക്ബര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് വരാത്തത് കണ്ടപ്പോഴാണ് ഞാന്‍ യു.കെ. കുമാരനോട് ചോദിച്ചത്. യു.കെ പറഞ്ഞു: ‘ഇവിടെ ഹോസ്പിറ്റലിലായിരുന്നു. ആരോടും പറയേണ്ടെന്ന് ഏല്‍പിച്ചിട്ടുണ്ട്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.’
ഞാന്‍ അക്ബറെ വിളിച്ചു. ‘കൈയത്തെും ദൂരെ ഒരു കുട്ടിക്കാലം’ മൊബൈലിലെ റിങ്ടോണില്‍നിന്ന് ആ പാട്ട് പലതവണ കേട്ടു. രാവിലെ മുതല്‍ പലതവണ വിളിച്ചിട്ടും കുട്ടിക്കാലത്തിന്‍െറ മധുരമായ പാട്ടുമാത്രം. ഉച്ചക്ക് അക്ബര്‍ തിരിച്ചുവിളിച്ചു: ‘നീയെന്ന വിളിച്ചാല്‍ ഫോണ്‍ എടുത്തെന്നുവരില്ല. രണ്ടാഴ്ച ബെഡ്റെസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍. സിതാരയും സുഹാനയും ഗള്‍ഫില്‍നിന്ന് ഓടിയത്തെിയിട്ടുണ്ട്. അവര്‍ വെറുതെ പേടിച്ചുപോയതാണ്!’ അക്ബര്‍ പറഞ്ഞു. ഇന്നലെ മുതല്‍ എന്തോ ഒരു വ്യാകുലത എന്നെ പിടികൂടിയിരുന്നു. ‘എന്താണ് അക്ബര്‍ ഫോണെടുക്കാത്തത്? മക്കള്‍ എന്തുകൊണ്ടാണ് ഗള്‍ഫില്‍നിന്ന് ഓടിവന്നത്? സംതിങ് സീരിയസ്...’ പലതവണ യു.കെയെ വിളിച്ചു. യു.കെയും ആകെ വിഷമത്തിലായിരുന്നു; അവിടെയും ആരും ഫോണെടുക്കുന്നില്ല. ഇന്ന് പുലരുംമുമ്പ് അക്കാദമിയില്‍നിന്ന് പുഷ്പജന്‍ വിളിക്കുന്നു. ‘അക്ബര്‍...’ അത്രയേ കേട്ടുള്ളൂ.
ആശുപത്രിയില്‍ എത്തിയപ്പോള്‍ സിതാരയും സുഹാനയും സെബുവിനെ കെട്ടിപ്പിടിച്ച് കരയുന്നു. കരയുന്നതിനിടയില്‍ ജമീല പറഞ്ഞു: രോഗവിവരം പി.കെയെ അറിയിക്കാത്തതില്‍ വിഷമിക്കരുത്. അക്ബര്‍ പലതവണ പറഞ്ഞത്രെ. ‘പി.കെയോട് പറയേണ്ട’. കൊല്‍ക്കത്തയിലും ഖത്തറിലും സിംഗപ്പൂരിലുമായി അക്ബറുമൊന്നിച്ചുള്ള യാത്രകളുടെ ഓര്‍മ. ഇന്ന് രാവിലെ സുഭാഷ്ചന്ദ്രന്‍ പറഞ്ഞു: ഒടുവില്‍ നമ്മളോടൊപ്പമാണ് യാത്രചെയ്തത്. യാത്രയിലായാലും ചങ്ങാതിക്കൂട്ടത്തിലായാലും നായകസ്ഥാനം അക്ബറിനാണ്. അവന്‍െറ സാന്നിധ്യം പ്രകാശം പരത്തിയിരുന്നു.
അക്കാദമിയിലായാലും മറ്റു യോഗങ്ങളിലായാലും നര്‍മംകൊണ്ടവന്‍ നമ്മെ കൈയിലെടുക്കും. അപ്പോള്‍ ഞങ്ങള്‍ക്കൊക്കെ കേള്‍വിക്കാരുടെ റോള്‍ മാത്രം. കാരൂരിനുശേഷം മലയാളത്തില്‍ അധ്യാപക കഥകളുടെ പുതിയ സാന്നിധ്യമറിയിച്ചത് എന്‍െറ സുഹൃത്താണ്. വടക്കേ മലബാറിലെ ഭാഷ കഥകളിലാകെ സുഗന്ധം പരത്തി നിറഞ്ഞുനിന്നു. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന കഥകളേ അക്ബര്‍ എഴുതിയിട്ടുള്ളൂ.
‘നാദാപുരം’ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള കഥകള്‍ ഓര്‍ക്കുന്നു. കടംവാങ്ങിയ ദര്‍ശനങ്ങളുടെ തൂവലുകളില്‍ അവന്‍ മിനുങ്ങിനടന്നില്ല. കക്കട്ടില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും അവന്‍ കഥകള്‍ പെറുക്കിയെടുത്തു. കുറെ കഥകള്‍ കാലത്തിന് നല്‍കി. ഒരുപാട് സുഹൃത്തുക്കളെ നൊമ്പരത്തിലാഴ്ത്തി ഒടുവില്‍ എന്‍െറ സുഹൃത്ത് മരണത്തിന്‍െറ മരത്തണലിലേക്ക് യാത്രയായി. തിരിച്ചുവന്ന് അവന്‍ ഞങ്ങളോട് തമാശക്കഥകളും അനുഭവങ്ങളും പങ്കുവെക്കും.