Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightആദിമ ഗോത്രങ്ങളുടെ ...

ആദിമ ഗോത്രങ്ങളുടെ കഥാകാരി

text_fields
bookmark_border
ആദിമ ഗോത്രങ്ങളുടെ  കഥാകാരി
cancel

എങ്ങനെയാണ് മഹാശ്വേതാദേവി ‘ശരിക്കും’ ഉള്ള ഇന്ത്യയെ കണ്ടെത്തിയതും അവതരിപ്പിച്ചതും. ഋത്വിക് ഘട്ടക്കിന്‍റെ സിനിമയിലെ (ങുക്തി ടോക്കോ ഓ ഗോപ്പോ) യുക്തിയും വാദവും അപ്രത്യക്ഷരായി കഥമാത്രം അവശേഷിക്കുന്ന പോലെ, മഹാശ്വേതാദേവി നമ്മെ വിട്ടുപിരിഞ്ഞ ഈ അവസരത്തില്‍ ‘അക’വും ‘പുറ’വും ഒരേ പോലെ സജീവമായ രണ്ടു മഹാശ്വേതമാരെ ഉരുക്കി ഒന്നാക്കിമാറ്റിയ മഹാശ്വേതാദേവിയുടെ എഴുത്ത് അവശേഷിക്കുന്നു.

ജോഷി ജോസഫ് മഹാശ്വേതയെപ്പറ്റി എടുത്ത ഡോക്യുമെന്‍ററിയില്‍ (മഹാശ്വേതാദേവിയോടൊത്ത് സഞ്ചരിക്കുന്നു ഒരു സഞ്ചാരി) ഡോക്ടര്‍ ജി.എന്‍. ദേവി പറയുന്നു. ' ഞാൻ നിങ്ങളുടെ വ്യക്തിജീവിതത്തില്‍ കാണുന്നത് നിങ്ങള്‍ മുമ്പേ തീരുമാനിച്ച ശാന്തമായ ഒരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു, സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നു. പക്ഷേ സമൂഹത്തില്‍ ആണെങ്കില്‍ സംഘര്‍ഷങ്ങള്‍ ഉള്ളിടങ്ങളിലേക്കൊക്കെ ഊളിയിട്ടു പോകുന്നു, എന്ന്. ആന്തരവും ബാഹ്യവുമായ ഈ രണ്ടു ധാരകളുടെയും സമന്വയമാണ് മഹാശ്വേതാദേവിയെ നാം കണ്ട എഴുത്തുകാരില്‍ ഏറ്റവും വലുപ്പമുള്ള ഒരാളാക്കുന്നത്.

മഹാശ്വേതാദേവിയുടെ എഴുത്തും ആക്ടിവിസവും ഉണ്ടാകുന്നത് മനസ്സുമായി ബന്ധപ്പെട്ടാണ്. അനുഭവങ്ങളില്‍നിന്ന് പൊട്ടിമുളച്ചാണ്. ബുദ്ധിപരമായ ഒരു വിശകലനമോ പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യമോ അല്ല മഹാശ്വേതാദേവിയുടെ ആന്തര, ബാഹ്യ ജീവിതത്തെ നയിച്ചത് അനുഭവങ്ങളാണ്. എന്നാല്‍ ആ ജീവിതാനുഭവങ്ങളെ  കാല്‍പനികമായി വ്യക്തികേന്ദ്രിതമായി, പിറവി എന്ന മലയാള സിനിമയിലൊക്കെ കാണും പോലെ അതിവൈകാരികമായി സമീപിക്കുകയോ അവതരിപ്പിക്കുകയോ അല്ല മഹാശ്വേത. അത് കഥയാണ്, കഥനമാണ്. യുക്തിപരവും ബദ്ധിപരവും നിശിതവുമായ പ്രത്യേകിച്ചും യഥാര്‍ഥ ചരിത്രബദ്ധമായ ഒരു നിലപാട് അവരുടെ എഴുത്തിനെ ആഴപ്പെടുത്തുന്നു. ഇടപെടലുകളെ സജീവമാക്കുന്നു. പുറമേ നടക്കുന്ന ഇടപടലുകള്‍ അല്ല മഹാശ്വേതാദേവിക്ക് ഒന്നും. എല്ലാ വേരുകളാലും മണ്ണുമായി ബന്ധപ്പെട്ട്, പടര്‍ന്നുകിടക്കുന്ന ഒരു വന്‍കാടായി ഓര്‍ക്കണം വന്‍മരമായല്ല മഹാശ്വേതാദേവിയെ ഉപമിക്കാം. വന്‍മരങ്ങളായി ദൂരേനിന്നേ കാണപ്പെടാനും അടയാളപ്പെടാനും പുരസ്കാരങ്ങളും പ്രശസ്തിയും കൊണ്ട് ചൂഴപ്പെടാനും ദീദി ആഗ്രഹിച്ചിട്ടേയില്ല. അവര്‍ പുല്ലായും അടിക്കാടായും വള്ളികളായും മരങ്ങളായും അരുവിയായും എല്ലാം മാറി; ഹിംസ്രമൃഗങ്ങളായും ചിത്രശലഭങ്ങളായും കിളികളായും പൂവായും മാറി. വിത്തായി  മണ്ണില്‍ വീണ് മുളച്ചു. ഇത് വെറും ആലങ്കാരികമല്ല. ഇന്ത്യന്‍ മണ്ണിനെ പല ജൈവ രൂപത്തിലും മഹാശ്വേത അടയാളപ്പെടുത്തി സജീവമായി, സഹജമായി യഥാര്‍ഥ ചരിത്രബോധ്യത്തോടെ.

അതേ, യഥാര്‍ഥ ഇന്ത്യ എന്ത് എന്ന് മനസ്സിലാക്കി ആ ചരിത്രം അടയാളപ്പെടുത്താന്‍ ശ്രമിച്ചതാണ് മഹാശ്വേതാദേവിയുടെ അനന്യത. ബുദ്ധി (wisdom) അവരില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ഗാത്മകമായി. മനുഷ്യരുടെ ഉള്ളിലുള്ള വെളിച്ചം കൊളുത്തി, ഇന്ത്യ എന്തിന് വ്യവഹരിക്കപ്പെടുന്ന വിപുലമായ ഒരിടത്ത് പുലര്‍ന്നിരുന്ന ഗോത്രവര്‍ഗ സംസ്കാരങ്ങളെ വിദേശ, സ്വദേശ കിടന്നകയറ്റങ്ങള്‍ അതിനെ തകര്‍ത്തതിനെ മാഹശ്വേതാദേവിയുടെ എഴുത്തു കാണിച്ചുതരും.

മുകന്ദന്‍റെ താളിയോലകളില്‍ മുകുന്ദൻ ഈ ഗ്രാമീണമായ ബുദ്ധിയും വിവേകവും കൊണ്ടാണ് ലോകത്തെ മനസ്സിലാക്കിയതും. ദാമിന്യ എന്ന സ്വന്തം വീടും നാടും വിട്ടുപോകേണ്ടിവന്ന മുകുന്ദനോട് ഗ്രാമത്തിലെ ‘മൂന്നതല’ വ്യദ്ധനായ ഗിരിരാജബന്ദ്യ പറയുന്നു. ‘‘നാടുവിട്ടു പോകണം. അല്ലാതെ മറ്റൊരു വഴിയുമില്ല’’ ‘‘സ്വന്തം നാട് വിട്ടുപോകയോ" എന്ന് മുകുന്ദന്‍ സംശയിക്കുമ്പോള്‍ അദ്ദേഹം പറയുന്നു. ‘‘എന്‍റെ കൊച്ചു മോനേ, കൃഷി ചെയ്തു ജീവിക്കുന്നവര്‍ക്ക് എവിടെയും അതാവാം. നെല്ലും വിത്തും കൊണ്ടുപോകണം, എവിടെയെങ്കിലും സ്വന്തം സ്ഥലമുണ്ടാക്കണം, ജീവിതം തുടങ്ങണം’’

അമ്മയും അച്ഛനും വെച്ചുപിടിപ്പിച്ച മാവ്, പ്ളാവ്, ഇലഞ്ഞി, ഞാവല്‍, പുളി, നാരകം, അമ്പഴം, എത്രയെത്ര പൂമരങ്ങള്‍ ചെടികള്‍.... അവയെല്ലാം വിട്ടുപോവാന്‍ മുകുന്ദന് വിഷമം. ‘മരിക്കുമ്പോള്‍ അമ്മ എല്ലാം വിട്ടുപോയില്ലേ. ' എന്ന് മറുപടി. മുകുന്ദന്‍ ആരഘയിലത്തെുന്നു. അവിടെയാണ് ശബരന്മാര്‍ എന്ന ആദിവാസികളുടെ സംസ്കാരം കണ്ട് അമ്പരക്കുന്നത്.

‘‘ഞങ്ങളുടെ വീട്ടില്‍ വധുവിനെ വളരെ ആദരവോടെ കൊണ്ടുവരണം’’ എന്ന് കാല്യാശബരന്‍ പറയുമ്പോള്‍, ആ വേടന്മാരുടെ സംസ്കാരം നവവധുക്കള്‍ പേടിച്ചു താമസിക്കുന്ന ബ്രാഹ്മണകുലത്തില്‍ ഇല്ല എന്ന് മുകുന്ദന്‍ മനസ്സിലാക്കുന്നു. അവരുടെ ദൈവം വൃക്ഷത്തില്‍ ആവസിക്കുന്നു. ‘സാല വൃക്ഷത്തില്‍ ഏതോ കാട്ടുലത പടര്‍ന്നുകയറിയിരിക്കുന്നു. നിറയെ പൂക്കളുള്ള ലത. വൃക്ഷത്തിന്‍റെ കടയ്ക്കല്‍ തറ കെട്ടിയിട്ടുണ്ട്. ‘‘അതാണ് അമ്പലം. തേജട എന്ന ആദിവാസി സ്ത്രീ ശബരന്മാരുടെ പഴംകഥകള്‍, മേഘാരാജാവിന്‍റെ കഥ, വനചണ്ഡിയുടെ കഥ എല്ലാം പറയുന്നു. കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (പരിഭാഷ -ആനന്ദ്) ഈ പ്രാഗ് ജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ്. ശബരന്മാരുടെയും ചുയാഡുകളുടെയും പുളിന്ദമാരുടെയും ദേവി ആയിരുന്ന അഭയ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും പൂക്കള്‍ സ്വീകരിച്ച് മിണ്ടാതിരിക്കുന്നവല്ലോ എന്ന് ശിവന്‍ (സാക്ഷാല്‍ പരമശിവന്‍) പോലും ദേവിയെ ശാസിക്കുന്നുവത്രേ! ‘‘അമ്മേ അഭയാ ഒരു കാലത്ത് നിയല്ലാതെ ആരുമില്ലായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞെന്ന പോലെ ഇവിടുത്തെ പശു, പക്ഷികള്‍, സസ്യജാലങ്ങള്‍, ചുയാഡുകള്‍ ശബരന്മാര്‍, പുന്ദന്‍മാര്‍ എല്ലാം നിന്‍റെ സംരക്ഷണത്തില്‍ ജീവിച്ചു. നീയാണ് തുടക്കം. നിന്നില്‍ നിന്നാണ് എല്ലാം ഉണ്ടായത്. ആരണ്യചണ്ഡിക എന്ന ആ കാട്ടുദേവത ആര്യവത്കരിക്കപ്പെട്ട കഥ, ഭാരതത്തിന്‍റെ ചരിത്രം തന്നെയാണ്.

പ്രാഗ് സംസ്കാരത്തില്‍നിന്ന്, പുറം ലോകത്തേക്ക് ചെയ്യുന്ന യാത്രകള്‍ എപ്പോഴും അവര്‍ക്ക്, ആദിമഗോത്രങ്ങൾക്ക് എപ്പോഴും സ്വന്തം പെരുവിരലും സ്വത്വവും നഷ്ടപ്പെടലാണ്. ഏകലവ്യന് എന്തിനാണ് ദ്രോണന്‍റെ ശിഷ്യത്വം! അയാള്‍ ഒരു ദ്രോണന്‍റെയും ശിഷ്യനല്ല; ഏകലവ്യനില്‍ മാനസിക ശിഷ്യത്വം അടിച്ചേല്‍പിച്ച് അവന്‍റെ പെരുവിരല്‍ വാങ്ങിയാലേ പുതു സംസ്കാരത്തിന് ലജ്ജയില്ലാതെ നില്‍ക്കാനാകൂ. ‘‘ഓരോ പുല്‍ക്കൊടിയും ഓരോ മണല്‍ത്തരിയും തിരിച്ച് അറിയാമായിരുന്ന വനം ഇന്ന് കവിയുടെ മുമ്പില്‍ അജ്ഞാതമായ ഏതോ ലിപിയില്‍ എഴുതപ്പെട്ട കാവ്യം പോലെ കിടന്നു. കൊടുങ്കാറ്റിപ്പെട്ട് ധ്രുവനക്ഷത്രം കാണാന്‍ കഴിയാതെ കറങ്ങുന്ന ഒരു നാവികനേപ്പോലെയാണ് അയാള്‍. ജന്മവാസനയായി ഉണ്ടായിരുന്ന അറിവുകള്‍ അയാളെ കൈവെടിഞ്ഞു. പ്രയത്നിച്ച് നേടിയെടുത്ത അറിവുകള്‍ ഉപയോഗശൂന്യമായി. ‘‘ഇതാണ് ലോകത്തിലെ ഏതു സ്ഥലത്തും ഇന്ന് ആദിമ ഗോത്രങ്ങളുടെ അവസ്ഥ. ജന്മികള്‍, സെമിന്ദാറുകള്‍, ബ്രിട്ടീഷ് ഭരണം, പിന്നീട് വന്ന ഇന്ത്യന്‍ ഭരണകൂടം എല്ലാം പിന്‍തള്ളി മുറിവേല്‍പ്പിച്ച് കാടുകൾ ഇല്ലാതാക്കി. മണ്ണും വെള്ളവും കവര്‍ന്ന് മുറിവേല്‍പ്പിക്കപ്പെട്ട ഇല്ലാതായ ആദിവസി ജനതയാണ് മഹാശ്വേതാ ദേവിയുടെ സ്വന്തം ആള്‍ക്കാര്‍. അവരുടെ കഥയാണ് ഇന്ത്യയുടെ യഥാര്‍ഥ ചരിത്രത്തിന്‍റെ ഏറ്റവും ദീപ്തമായ ഭാഗം, മുഖ്യധാര എന്ന് മഹാശ്വേത കരുതി. ഭാവന കൊണ്ടല്ല പഠനഗവേഷണങ്ങള്‍ കൊണ്ടും ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ സ്വയം പോയി അവസ്ഥകള്‍ അറിഞ്ഞും പരിചയപ്പെട്ടും സമരങ്ങളില്‍ പങ്കെടുക്കുന്ന ആക്ടിവിസത്തിന്‍റെ ഭാഗമായും മഹാശ്വേത സമ്പാദിച്ച ഈ ‘അനൗപാചാരിക’ ഇന്ത്യന്‍ ചരിത്രം ഏറെ മഹത്താണ്.

ആദിവാസികള്‍ക്ക് രേഖകളില്ല, അവര്‍ ഭൂമി സ്വന്തമാക്കുന്നതില്‍ വിശ്വസിച്ചിരുന്നില്ല എന്ന് Imaginary Maps എന്ന സമാഹാരത്തിന്‍റെ ആദ്യഭാഗത്ത് ഗായത്രി സ്പിവാക്ക് മഹാശ്വേതയുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
" They had no sense of property. There was communal land holding, because, just like that Native Americans. they also believed that land and forest and river belong to everyone... The tribals and the mainstream have always been parallel. There has never been a meeting point. The Palamu I have depicted in my stories is a mirror of tribal India. Thus the bonded labour system, is its naked savagery and its bloody expoloitation of women become clear to me. I started writing about Palama" എന്ന് ദീദി പറയുന്നുണ്ട്. ആദിവാസികളുടെ സംസ്കാരം, മണ്ണിനേയും മരങ്ങളെയും തെളിനീരുറവകളെയും കാത്ത അവരുടെ വീര നേതാക്കന്മാര്‍, അതൊന്നും ക്ളാസ് മുറികളില്‍ ആരും പഠിപ്പിക്കുന്നില്ല. മഹാത്മജിയുടെ കഥ പഠിപ്പിക്കുന്നു, ‘ഞങ്ങളുടെ’ ധീരനായകന്മാരുടെ കഥ എവിടെ എന്ന് ദീദിയോട് ഒരാദിവാസിപ്പെണ്‍കുട്ടി ചോദിക്കുന്നുണ്ട്. ആദിവാസികളുമായുണ്ടായ നേര്‍സമ്പര്‍ക്കമാണ് മഹാശ്വേതദേവിയെ അടിമുടി മാറ്റിമറിച്ചത്. കൊട്ടാരങ്ങളും സ്വര്‍ണസിംഹാസനങ്ങളും അച്ഛന്‍റെ പ്രതിജ്ഞകളും അമ്മയുടെ പാതിവ്രത്യവും മുഖ്യകഥകളായുള്ള ഇന്ത്യന്‍ പുരാണ, ഇതിഹാസങ്ങള്‍ പ്രതിനിധീകരിക്കുന്ന സംസ്കാരം ഹിംസയുടേതും തകര്‍ക്കലിന്‍റെതും ആണ്. ആദിവാസികളുടേത് വിശന്നാലും വിത്ത് എടുത്ത് ഊണുകഴിക്കാത്ത വിവേകബോധത്തിന്‍റെതാണ്. അത് ആന്തരികമായ ഒരു സുന്ദരമായ അറിവാണ്. മുദ്രാവാക്യമാക്കപ്പെടാത്ത ഒരു സര്‍വസാഹോദര്യം.

‘ലോക സമസ്താ സുഖിനോ ഭവന്തു’ എന്ന് പറഞ്ഞു കൊണ്ട്, പശുവിറച്ചി കഴിക്കുന്നവരെ വെട്ടിക്കൊല്ലാന്‍ പാടുമോ എന്ന് ഇന്ന് നമ്മെ ആലോചിപ്പിക്കുന്ന ധീരരായ എഴുത്തുകാരില്‍ ഏറ്റവും വലിയ ഒരാളാണ് അപ്രത്യക്ഷയായത്. ‘‘ഒരു മഹാശ്വേത മാത്രമേ ഉള്ളൂ. അവള്‍ സ്വന്തം ജീവിതം എത്രയോ മുമ്പ് തെരഞ്ഞെടുത്തതാണ്. ഞാന്‍ പ്രതിഷേധത്തില്‍ വിശ്വസിക്കുന്നു’’ എന്ന് മഹാശ്വേത ജോഷി ജോസഫിന്‍റെ ഡോക്യുമെന്‍ററിയില്‍ പറയുന്നുണ്ട്. ചെറുത്തുനില്‍പ് എന്ന വാക്കാണ് അവര്‍ക്കിഷ്ടം. പോരാട്ടം, യുദ്ധം തുടങ്ങിയ വാക്കുകളിലെ ഹിംസപോലും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

ഈ ആശയപക്ഷത്തെ, മുദ്രാവാക്യമായി വിളമ്പുകയല്ല മഹാശ്വേത ചെയ്തത്. സമാന്തര പ്രപഞ്ച സൃഷ്ടി തശന്ന നടത്തുകയാണ്. വേശ്യകളെപ്പറ്റിയും വനങ്ങളെപ്പറ്റിയും വയലുകളെപ്പറ്റിയും വേദനകളെപ്പറ്റിയും അവര്‍ എഴുതി. Bedanab Her Life, Her times (പരിഭാഷ: സുനന്ദിനി ബാനര്‍ജി) നോക്കുക. വേശ്യകള്‍ക്ക് പുനര്‍ജന്മമില്ലത്രേ. കാരണം ആയിരം ജന്മങ്ങളിലൂടെ അവര്‍ ഈ ഒറ്റ ജന്മത്തില്‍ കടന്നു പോകുന്നു. കത്തികള്‍, മഴ, കൈക്കോട്ട് തുടങ്ങിയ ഉപകരണങ്ങളേക്കൊണ്ടാണ് വേശ്യാവൃത്തി തുടങ്ങാന്‍ പോകുന്ന പെണ്ണുങ്ങളെ കല്യാണം കഴിപ്പിക്കുന്നത്. വിവാഹം ചെയ്യിക്കുന്ന/ഇനിയില്ലാ വിഷമവും വേവലാതിയും/എല്ലാവരുടെയും സ്ത്രീ-ഇനി ഒറ്റക്കല്ല/ഇതുവരെ പെണ്‍കിടാവ്- ഇനി ഒരു വേശ്യ’’ ഈ മന്ത്രം ചൊല്ലിയാണ് പുരോഹിതന്‍ അവളെ വേശ്യ ആക്കുന്നത്!

ഇങ്ങിനെ വേദനിക്കുന്നവരുടെ, നാം ചവിട്ടിത്തേക്കകുന്നവരുടെ, സംസ്കാരം പുറത്താക്കിയവരുടെ കഥകള്‍ പഠിച്ച്, തേടി കണ്ടത്തെി, അവരുമായി ഇടപഴകി ഉള്ളില്‍ ശേഖരിച്ച് ഒരു സമാന്തര ഇന്ത്യ കണ്ടുപിടിച്ച മഹാശ്വേത ദേവി വ്യാസനോ വാത്മീകിക്കോ തുല്യയാണ്.

മൃദുലതയും കോമളതയും മാത്രമായി നാം അറിയുന്ന ബംഗാളി എഴുത്തിന്‍റെ യഥാര്‍ഥ തീക്ഷ്ണത നാമറിയുന്നത് മഹാശ്വേതയിലൂടെയാണ്. ടാഗോറിന്‍റെ മുന്നിലിരുന്ന് പഠിച്ച ആ പെണ്‍കുട്ടി, പിന്നീട് ടാഗോര്‍ എത്തിപ്പെടാത്ത ലോകവും ഭാഷയും കഥാപാത്രങ്ങളും സ്വന്തമാക്കുന്നത് ഒരു സാഹിത്യ സഞ്ചാരമാണ്. മധ്യവര്‍ഗ ബുദ്ധിജീവിയെ ചവിട്ടുകയും അവന്‍റെ അഹംബോധത്തിന് മുറിവേല്‍പിക്കുകയും ചെയ്തുകൊണ്ട് മഹാശ്വേതദേവി എഴുതി. ഇന്ത്യയുടെ പുതിയ ഭാഷ, പുതിയ ഭൂപടം, പുതിയ ചരിത്രം, യഥാര്‍ഥ വൈകാരിക അനുഭൂതി സഞ്ചയം, പാട്ടും കളികളും, കൊയ്ത്തും മെതിയും, പൂക്കളും മണങ്ങളും എല്ലാറ്റിന്‍റെയും വിത്തുകള്‍ ഈ എഴുത്തുകാരി നമുക്ക് വേണ്ടി സൂക്ഷിച്ചിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യബോധത്തോടെ സ്വതന്ത്രവും സ്വാശ്രയവുമായൊരു പുതുഇന്ത്യക്ക് വേണ്ടി ഉപയോഗിക്കുന്നതാണിനി നമ്മുടെ കടമ. മഹാശ്വേത ദേവിയെ തീക്ഷ്ണമായി സ്നേഹിക്കുക എന്ന എന്‍റെ മനസ്സ് ഞാന്‍ ഇവിടെ വേദനയോടെ പകര്‍ത്തി എന്നു മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahaswetha deviadivasis and mahaswethadeath mahaswetha
Next Story