Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightതോമസ് ഐസക്ക്...

തോമസ് ഐസക്ക് പറയുന്നു...

text_fields
bookmark_border
തോമസ് ഐസക്ക് പറയുന്നു...
cancel

സന്തോഷവും അമ്പരപ്പും അത്ഭുതവും സംഭവിച്ചത് സത്യമാണോ എന്ന സംശയവുമൊക്കെ ഒന്നിച്ചു ചേര്‍ന്ന ഒരു ഭാവമുണ്ട്. വളരെ അപൂര്‍വമായേ അങ്ങനെയൊരു ഭാവം കാണാനാവൂ. പുതിയ വീടിന്റെ താക്കോലേറ്റു വാങ്ങുമ്പോള്‍ മണ്ണഞ്ചേരി  പുതുമനവെളിയിലെ മായാമോഹിനിയുടെയും സഹോദരി മാനസദേവിയുടെയും മുഖത്ത് ഞാന്‍ കണ്ടത് ഈ ഭാവമായിരുന്നു.
 
അമ്മ മരണപ്പെട്ടതിനു പിന്നാലെ അച്ഛനും സഹോദരനും ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികളാണ് മായയും മാനസയും.  ഈ കുട്ടികളുടെ നിസഹായതയെക്കുറിച്ച് ഞാന്‍ ഫേസ് ബുക്കിലൊരു കുറിപ്പെഴുതി. അതുവായിച്ച ഖത്തറിലെ ബിനീഷ് ലത്തീഫും സുഹൃത്തുക്കളും ചേര്‍ന്ന് ഇവര്‍ക്കൊരു വീടു പണിതു നല്‍കാന്‍ തീരുമാനിച്ചു. സ്‌നേഹജാലകം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റും നേതൃത്വം നല്‍കിയത്.  ഈ വീടിന്റെ താക്കോലാണ് ഇക്കഴിഞ്ഞ നവംബര്‍ 24ന് കൈമാറിയത്. അതേറ്റു വാങ്ങിയപ്പോള്‍ മായയുടെയും മാനസിയുടെയും കണ്ണു തുളുമ്പിയിരുന്നു. മാനവികതയുടെ പ്രകാശമേറ്റ് വൈരക്കല്ലുപോലെ തിളങ്ങിയ കണ്ണീര്‍ത്തുളളികള്‍ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.
 
ഇത്തരത്തില്‍ അനേകംപേരിലേയ്ക്ക് സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയുമെത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇന്ന് കഴിയുന്നുണ്ട്.. കപ്പലണ്ടിക്കച്ചവടം ചെയ്തു കുടുംബം പോറ്റുകയും പഠിക്കുകയും ചെയ്തുവന്ന പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ അരുണും ആലപ്പുഴയിലെ മുഹമ്മ ഗ്രാമത്തിലെ  സ്‌പോര്‍ട്‌സ് താരങ്ങളായ ശ്രീക്കുട്ടിയും അശ്വതിയുമൊക്കെ സാമൂഹ്യമായ കൈത്താങ്ങ് പലപ്പോഴായി ലഭിച്ചവരാണ്. ഇവരുടെയൊക്കെ ജീവിതം മറ്റുളളവര്‍ക്ക് ആവേശവും മാതൃകയുമാണ്. ജീവിക്കാന്‍ വേണ്ടി ജീവിതത്തോട് നിരന്തരം പടവെട്ടുന്നവരാണിവര്‍. ഇവര്‍ക്ക് മാനവികതയിലുളള വിശ്വാസമുയര്ത്താന് ഫേസ്ബുക്കിലൂടെയുള്ള ഇടപെടലിലൂടെ കഴിയുമെങ്കില് അതൊരു ചെറിയ കാര്യമല്ല.
ഫേസ് ബുക്ക് പേജിലെ കുറിപ്പെഴുത്ത് ഗൌരവത്തോടെ സമീപിക്കാന്‍ തുടങ്ങിയതു മുതലുണ്ടായ പ്രതികരണങ്ങള്‍ സത്യം പറഞ്ഞാല്‍ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. സാധാരണ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി, കാണാനോ പരിചയപ്പെടാനോ സാധ്യതയില്ലാത്ത അനേകായിരങ്ങളുമായി സംവദിക്കാന്‍ സാധിച്ചതും കുറിപ്പുകള്‍ ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തിച്ചേരുന്നതുമൊക്കെ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ പരമ്പരാഗത മാധ്യമങ്ങളുടെ പരിമിതികളെ അതിജീവിക്കാനുള്ള നവമാധ്യമത്തിന്റെ ശേഷി നേരിട്ടു ബോധ്യപ്പെട്ട അനുഭവങ്ങളാണ് ഫേസ്ബുക്കിലെ കുറിപ്പെഴുത്തിനെ കൂടുതല്‍ ഉത്തരവാദിത്തതോടെ സമീപിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
 
ആലപ്പുഴയിലെ സീമാസ് ടെക്‌സ്‌റ്റൈല്‍സിലെ സ്ത്രീജീവനക്കാര്‍ നടത്തിയ സമരം ഫേസ് ബുക്കിലൂടെയാണ് കത്തിപ്പടര്‍ന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച വിഷയത്തെ അതിന്റെ എല്ലാ ഗൌരവത്തോടും കൂടി പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അനുഭാവം നേടാനും നവമാധ്യമത്തിലൂടെയുളള നിരന്തരമായ ഇടപെടലുകളിലൂടെ കഴിഞ്ഞു.
 
അതുപോലെ കയര്‍ത്തൊഴിലാളി സമരം. കയര്‍ വര്‍ക്കേഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ നടന്ന സമരവും കയര്‍ത്തൊഴിലാളി മാര്‍ച്ചും സെക്രട്ടറിയേറ്റ് നടയിലെ 19 ദിവസം നീണ്ട രാപ്പകല്‍ സമരവും വിജയിപ്പിച്ചതില്‍ നവമാധ്യമ ഇടപെടലുകള്‍ ഏറ്റവും മുന്തിയ പങ്കുവഹിച്ചു. കൌതുകക്കാഴ്ചകളും സവിശേഷതകളുളള വ്യക്തികളുമൊക്കെ കുറിപ്പുകള്‍ക്കു വിഷയമായത് ഈ മാര്‍ച്ചിന്റെ സമയത്താണ്. കയര്‍ജാഥ കടന്നുപോയ വഴികളില്‍ കണ്ട കാഴ്ചകളെയും പരിചയപ്പെട്ട വ്യക്തികളെയും കുറിച്ചുളള ചെറു വിവരണങ്ങളിലൂടെ സമരസന്ദേശം പ്രചരിച്ചു. ഈ ജാഥയും സമരവും മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളിസഖാക്കളെക്കുറിച്ചുളള കുറിപ്പുകള്‍ക്ക് പാര്‍ടി സഖാക്കളില്‍ നിന്നു വലിയ സ്വീകരണവും പ്രതികരണവുമാണ് ലഭിച്ചത്. നവമാധ്യമസങ്കേതങ്ങള്‍ നല്ലതുപോലെ ഉപയോഗിക്കുന്നവരില്‍ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുളളവരും ഉണ്ട് എന്നാണ് ഇതു തെളിയിച്ചത്.  ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പരമ്പരാഗത മേഖലയിലെ പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങളും സാമൂഹ്യമാധ്യമത്തിന്റെ സഹായത്തോടെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനും അഭിപ്രായരൂപീകരണം നടത്താനും കഴിയും എന്ന് തെളിയിക്കുന്നതായിരുന്നു ഈ രണ്ട് ഇടപെടലുകളും.
 
ആലപ്പുഴയിലെ 'നിര്‍മ്മലഭവനം നിര്‍മ്മലനഗരം' എന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പ്രചരണത്തിന് ഫേസ് ബുക്ക് സജീവമായി ഉപയോഗിച്ചിരുന്നു. പദ്ധതിയുടെ ഓരോ ദിവസത്തേയും അപ്‌ഡേറ്റുകള്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. അതിലൂടെ ഉറവിട മാലിന്യസംസ്‌ക്കരണ പദ്ധതിയില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബഹുജനങ്ങളും സജീവ പങ്കാളികളായി. പാരീസില്‍ നടന്ന ഭൗമ ഉച്ചകോടിയുടെ അനുബന്ധമായി നടന്ന പരിപാടിയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടു.
ആലപ്പുഴയിലെ ഈ അനുഭവം തിരുവനന്തപുരം നഗരത്തിലേയ്ക്കും പകര്‍ത്തി. തിരുവനന്തപുരം കോര്‍പറേഷന്റെ  പരിപാടിയുടെ ഏകോപനവും ഫേസ് ബുക്ക് പേജായിരുന്നു.  ഓരോ വാര്‍ഡിലും നടന്ന പരിപാടികളും നടക്കാനിരിക്കുന്ന പരിപാടികളും നവമാധ്യമത്തിലൂടെ ജനങ്ങളിലേക്കെത്തി.
ഏറ്റവുമൊടുവില്‍ ജൈവകൃഷിയുടെ പ്രചരണത്തിനും ഫേസ് ബുക്ക് പേജു തന്നെയായിരുന്നു തുണ. നവംനവമായ കാര്‍ഷികാശയങ്ങളും  കൃഷിസംരംഭങ്ങളും കൃഷിരീതികളും ഒരു നിഷ്ഠയോടെതന്നെ പ്രചരിപ്പിച്ചിട്ടുണ്ട്.  കേരളത്തിലങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്ന ജൈവകൃഷിക്കൂട്ടായ്മകളെ നിര്‍ലോഭം പിന്തുണച്ചു. കൃഷിയിലൂടെ കേരളത്തിനു ഭക്ഷ്യസ്വയംപര്യാപ്തി കെവരിക്കുക പ്രായോഗികമായി സാദ്ധ്യമല്ല. അതേസമയം, വിപണിവില നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്കും ഇവിടുത്തെ കൃഷി പൂര്‍വ്വാധികം ശക്തമായി തുടരുക അനിവാര്യവുമാണ്.
 
കഞ്ഞിക്കുഴി പഞ്ചായത്തിലെ ജ്യോതിസിന്‍റെയും കുടംബത്തിന്റെയും ജൈവകൃഷിയും ഉദുമ എംഎല്‍എ സഖാവ് കുഞ്ഞിരാമന്റെ കൃഷിക്കമ്പങ്ങളും  ശുഭകേശന്‍  തുടങ്ങിയ അനേകം  കര്‍ഷകരേയും  കൃഷിയിടങ്ങളേയുമൊക്കെ വിശദമായ കുറിപ്പുകള്‍ക്കു വിഷയമായിട്ടുണ്ട്. ആനാദായകരമെന്നു കരുതി പുതിയ തലമുറ കാര്‍ഷികമേഖലയില്‍ നിന്ന് പിന്മാറുമ്പോള്‍ ഇത്തരം ഇടപെടലുകളുടെ പ്രസക്തി ഏറുകയാണ്.
 
ആലപ്പുഴയിലെ തീരദേശത്തെ കുട്ടികള്‍ക്കു വേണ്ടി ലൈബ്രറികള്‍ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച പ്രതിഭാതീരം പദ്ധതിയ്ക്കു ലഭിച്ച പിന്തുണയും ഏറെ ആവേശം നല്‍കുന്നതാണ്.  ഈ പദ്ധതിക്കാവശ്യമായ ധനസമാഹരണവും കമ്പ്യൂട്ടര്‍ സമാഹരണവുമൊക്കെ ഫേസ്ബുക്കിലൂടെ തന്നെയാണു നടന്നത്.
 
കൃത്യമായ രാഷ്ട്രീയ നിലപാടുകളും വിശകലനങ്ങളും വിമര്‍ശനങ്ങളും മുന്നോട്ടു വെയ്ക്കുമ്പോള്‍ത്തന്നെ മാനവികതയിലൂന്നിയ മനുഷ്യബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുമൊരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന അഭിപ്രായക്കാരനാണു ഞാന്‍. അതുമാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയമെന്ന വിശാലഭൂമിയില്‍ പരമാവധി യോജിപ്പിന്‍റെയും സഹവര്‍ത്തിത്ത്വത്തിന്റെയും മേഖലകള്‍ കണ്ടെത്താനും ഫേസ് ബുക്ക് പേജ് ഉപയോഗിച്ചിട്ടുണ്ട്.
 
വിമര്‍ശനങ്ങളുണ്ട്. അവ സ്വാഗതം ചെയ്യുന്നു. വ്യക്തിയെയും രാഷ്ട്രീയത്തെയും കുറിച്ച് മറ്റുളളവരുടെ ചിന്തയും വിശകലനവും കണ്ടില്ലെന്നു നടിക്കാന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനും സാധ്യമല്ല. ശരിയായ വിമര്‍ശനങ്ങള്‍ സ്വയം ഉള്‍ക്കൊളളുന്നതോടൊപ്പം തെറ്റായ വിമര്‍ശനമാണെങ്കില്‍ തെറ്റു ചൂണ്ടിക്കാണിച്ച് വിമര്‍ശകനെ തിരുത്താനുളള ബാധ്യതയും ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകനുണ്ട്. ആ അര്‍ത്ഥത്തില്‍ വിമര്‍ശനങ്ങളെയും കമന്റുകളെയും പരിശോധിക്കുന്നുണ്ട് എന്ന അവകാശവാദം എനിക്കില്ല. എങ്കിലും കഴിയുന്നിടത്തോളം വിമര്‍ശനങ്ങള്‍ വായിക്കാനും മറുപടി പറയാനും ശ്രമിക്കാറുണ്ട്.
 
നാം ജീവിക്കുന്ന സമൂഹവുമായി സജീവമായ ജൈവബന്ധം നിലനിര്‍ത്താനുളള ശക്തമായ ഉപാധിയായി സാമൂഹ്യമാധ്യമത്തെ കാണണം. നേരിട്ടു നാം കാണുന്ന പലരും നിശിതമായ വിമര്‍ശനങ്ങള്‍ മുഖത്തുനോക്കി പറഞ്ഞുവെന്നു വരില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ഈ പരിമിതിയില്ല. അഭിപ്രായങ്ങള്‍ അനര്‍ഗളവും സത്യസന്ധവുമായി അവിടെ നിറയും.  രാഷ്ട്രീയവിദ്വേഷത്തെ ആ നിലയ്ക്കു കണ്ടു മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുളളത് സമൂഹത്തിലെ ചിന്തയും അഭിപ്രായവുമാണ്.
 
പൊതുമണ്ഡലത്തിലെ അഭിപ്രായരൂപീകരണത്തെ സൈദ്ധാന്തികമായി വിലയിരുത്താന്‍ ബാധ്യതയുളള ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നവമാധ്യമങ്ങളിലെ സംവാദം ഒരു ഉപാധിയാണ്. അതുകൊണ്ടുതന്നെ കുറിപ്പുകളെഴുതുന്ന അതേ ഗൌരവത്തോടെ ചര്‍ച്ചകളെയും സംവാദത്തെയും സമീപിച്ചേ തീരൂ. അതിനുവേണ്ടിയും സമയം കണ്ടെത്തുമെന്ന ഉറപ്പു നല്‍കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.
 
കഴിഞ്ഞ രണ്ടു വര്ഷക്കാലത്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പുകളില് നിന്ന് തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം തെരഞ്ഞെടുത്ത് വായിച്ചു നോക്കുമ്പോള് അവയ്ക്ക് ഒരു ഡയറിയുടെ സ്വഭാവമാണുള്ളത്. ഇന്നത്തെ കാലത്തിന്‍റെ ഡയറി. എല്ലാവരും വായിക്കാനായിത്തന്നെ, അപ്പപ്പോൾ എഴുതിപ്പോകുന്ന ഒരു ഡയറി. എന്‍റെ പ്രിയ വായനക്കാരുടെ  മുന്നിലേക്ക് ഈ പുസ്തകവും വിനയപൂർവം സമർപ്പിക്കുന്നു.

(ഈ മാസം പത്തിന് പുറത്തിറങ്ങുന്ന ഫേസ്ബുക്ക് ഡയറി എന്ന പുസ്തകത്തിന്‍റെ ആമുഖത്തിൽ നിന്ന് )

Show Full Article
TAGS:Thomas Issacfacebook diary
Next Story