Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസരസ്വതിയമ്മയുടെ...

സരസ്വതിയമ്മയുടെ രചാനാലോകം

text_fields
bookmark_border
സരസ്വതിയമ്മയുടെ രചാനാലോകം
cancel

ലോക സാഹിത്യത്തിലെ ബഹുഭൂരിപക്ഷം രചനകളും പുരുഷന്മാരുടെതാണ്. പുരുഷപക്ഷ വീക്ഷണത്തിലുള്ള ജീവിതാവിഷ്കാരങ്ങളാണ് അവ. സ്ത്രീപക്ഷ വീക്ഷണത്തിലൂടെയുള്ള കൃതികള്‍ കൂടി ധാരാളമായുണ്ടാകുമ്പോഴേ ജീവിതത്തെക്കുറിച്ചുള്ള സമഗ്ര ചിത്രം സാഹിത്യത്തില്‍നിന്ന് ലഭിക്കും എന്ന് ഉറപ്പിക്കാനാകൂ. എണ്ണത്തില്‍ കുറവാണെങ്കിലും തീവ്രവും ഉള്ളുപൊള്ളിക്കുന്നതുമായ അനുഭവങ്ങളാല്‍ സമ്പന്നമാണ് സ്ത്രീകള്‍ രചിച്ച കൃതികള്‍ എന്ന് മലയാള സാഹിത്യത്തിലെ അനുഭവം വെച്ചുതന്നെ പറയാന്‍ കഴിയും. ലളിതാംബിക അന്തര്‍ജനം, ബാലാമണിയമ്മ, രാജലക്ഷ്മി, സുഗതകുമാരി, മാധവിക്കുട്ടി, വത്സല, സാറാ ജോസഫ്, കെ.ആര്‍ മീര തുടങ്ങി മലയാള സാഹിത്യരംഗത്ത് ശക്തമായ സ്ത്രീസാന്നിധ്യം നമുക്ക് പരിചിതമാണല്ലോ. ആ പാതയില്‍ ആദ്യം സഞ്ചരിച്ചവരില്‍ പ്രമുഖയാണ്  കെ. സരസ്വതിയമ്മ. അവരുടെ ജീവിതത്തിലും രചനകളിലും ചില വൈചിത്ര്യങ്ങള്‍ ദൃശ്യമാണ്. 12 സമാഹാരങ്ങളിലായി തൊണ്ണൂറോളം കഥകള്‍, പ്രേമഭാജനം എന്ന നോവലെറ്റും ദേവദൂതി എന്ന നാടകവും പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖന സമാഹാരവും അടങ്ങുന്നതാണ് അവരുടെ സാഹിത്യലോകം. 1938ല്‍ ആദ്യകഥ പ്രസിദ്ധീകരിച്ചുവെങ്കിലും തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങിയത് 1942ലാണ്. ആദ്യ കൃതി 1944ലും അവസാനകൃതി 1958ലും പ്രസിദ്ധീകരിച്ചു. പിന്നെയും 17 വര്‍ഷം കൂടി ജീവിച്ചുവെങ്കിലും ഒരു വരിപോലും അവര്‍ എഴുതിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ രചനയില്‍നിന്ന് 39ാം വയസ്സില്‍ അവര്‍ സ്വയം വിരമിച്ചു.

സരസ്വതിയമ്മയുടെ കൃതികള്‍ ഒന്നും ഇന്ന് വിപണിയില്‍ ലഭ്യമല്ല. എന്നാല്‍, അവരുടെ എല്ലാ കൃതികളും സമാഹരിച്ച്  ‘കെ. സരസ്വതിയമ്മയുടെ കഥകള്‍ സമ്പൂര്‍ണം’ എന്നപേരില്‍ 2001ല്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പുരുഷാധിപത്യത്തെ നിശിതമായി വിമര്‍ശിച്ച എഴുത്തുകാരിയാണ് സരസ്വതിയമ്മ. എന്നാല്‍, പുരുഷ വിദ്വേഷത്തിന്‍െറ കഥകളാണ് അവ എന്ന് അവര്‍ അംഗീകരിക്കുന്നില്ല. കഥകളിലെ കേന്ദ്ര പ്രമേയം സ്ത്രീ സ്വാതന്ത്ര്യമായിരുന്നു. ആദ്യകാല കഥകളില്‍ കാല്‍പനിക വര്‍ണനകളും ആലങ്കാരിക ഭാഷയും മറ്റും ഉണ്ടായിരുന്നെങ്കിലും അത്തരം അംശങ്ങള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. പില്‍ക്കാല കഥകളില്‍ കാണുന്നത് യഥാതഥാവിഷ്കാരത്തിനുതകുന്ന ലളിതമായ ഭാഷയും ഋജുവായ  ആഖ്യാന ശൈലിയുമാണ്. ജീവിതത്തിലെ വിലക്ഷണതകളെ ഹാസ്യാത്മകമായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്.  ഉള്ളില്‍ ദു:ഖം പതഞ്ഞുയരുമ്പോഴും അവര്‍ ചിരിക്കാന്‍ ആഗ്രഹിച്ചു.

ബിരുദധാരിണിയായിരുന്ന അവര്‍ മലയാളം എം.എ കോഴ്സിനു ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. ചങ്ങമ്പുഴയും  എസ്. ഗുപ്തന്‍ നായരും അവരുടെ സഹപാഠികളായിരുന്നു. അവിവാഹിത ജീവിതം നയിച്ച അവര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്നു. ആ പദവിയില്‍നിന്ന് റിട്ടയര്‍മെന്‍റ് പ്രായമാകുന്നതിനുമുമ്പേ, സ്വയം ഒഴിയുകയാണ് ചെയ്തത്.

വിവാഹം എന്ന സ്ഥാപനത്തിന്‍െറ അപചയം  അവര്‍ക്ക് ഇഷ്ടപ്രമേയമായിരുന്നു. വിവാഹത്തെക്കുറിച്ച് പുരുഷന്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകള്‍ അവര്‍ കലാപരമായി ആവിഷ്കരിച്ചു. രക്ഷാദേവത, പൊന്നുംകുടം, സ്ത്രീജന്മം, കീഴ്ജീവനക്കാരി, പെണ്‍ബുദ്ധി തുടങ്ങിയ കഥകളിലെല്ലാം പ്രതിപാദ്യം ഇതുതന്നെയാണ്.  പുരുഷാധിപത്യത്തിന്‍െറ കനത്ത മതില്‍ക്കെട്ടിനുള്ളില്‍, ഭാര്യാപദവി നാവില്ലാത്ത അടിമജന്മമായി മാറുന്നതിന്‍റെ ചിത്രീകരണങ്ങളാണ് അവയില്‍ പലതും. സാമൂഹികപ്രശ്നങ്ങളെ ഗൗരവപൂര്‍വം വീക്ഷിക്കുന്ന ഈ സ്ത്രീപക്ഷ രചനകള്‍ക്ക് ഒരിക്കലും നഷ്ടമാകാത്ത ചരിത്രപരമായ പ്രാധാന്യമുണ്ട്

Show Full Article
TAGS:k.saraswathi amma 
Next Story