അയ്യപ്പന്‍ ഇല്ലാത്ത അഞ്ചാണ്ട്
text_fields2010 ഒക്ടോബര്‍ 21നാണ് അയ്യപ്പന്‍ വിടപറഞ്ഞത്
നേമം: തെരുവിനെ സ്നേഹിച്ച് ആള്‍ക്കൂട്ടങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് ഇഷ്ടത്തിനനുസരിച്ച് ജീവിച്ച് ഒടുവില്‍ ആരോടും പറയാതെ യാത്ര പോയ കവി എ. അയ്യപ്പന്‍ ഓര്‍മയായിട്ട് അഞ്ചു വര്‍ഷം. ഇതുപോലൊരു തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങള്‍ക്കിടയിലായിരുന്നു അയ്യപ്പന്‍െറ അന്ത്യം.
നഗരത്തിലെവിടെയും ഒരു കാലത്ത് അയ്യപ്പനെ സുഹൃത്തുക്കള്‍ കണ്ടത്തെിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്‍വശം അയ്യപ്പന്‍െറ സ്ഥിരം താവളങ്ങളിലൊന്നാണ്. പിന്നെയുള്ള താവളങ്ങളിലൊന്ന് സെന്‍ട്രല്‍ ലൈബ്രറിയായിരുന്നു. അയ്യപ്പനെ സ്നേഹിക്കുന്നവര്‍ ഇപ്പോഴും ഈ വഴിത്താരകളിലൂടെ പാദപതനം നടത്താറുണ്ട്. 2010 ഒക്ടോബര്‍ 21നാണ് അയ്യപ്പന്‍ എന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനെ നമുക്ക് നഷ്ടമാകുന്നത്. തെരുവില്‍ അലയാന്‍ ഇഷ്ടപ്പെട്ടിരുന്ന അയ്യപ്പനെ തെരുവുതന്നെ സ്വന്തമാക്കി. ഒരിക്കലും നമുക്ക് മടക്കിത്തരാത്തവണ്ണം.
അജ്ഞാതനായിട്ടായിരുന്നു ആ നിശ്ചല ശരീരം തമ്പാനൂര്‍ ശ്രീകുമാര്‍ തിയറ്ററിന് മുന്നില്‍ കണ്ടത്തെിയതും തമ്പാനൂര്‍ പൊലീസ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലത്തെിച്ചതും.
2010-ലെ ചെന്നൈ മലയാളി സമാജത്തിന്‍െറ ആശാന്‍ പുരസ്കാരം നേടിയ അയ്യപ്പന്‍ സന്തോഷത്തിലായിരുന്നു. വയലാര്‍ അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്കാരവുമെല്ലാം ഇതുപോലെ തന്നെ തേടിയത്തെുമെന്ന് ഉറ്റ സുഹൃത്തുക്കളോട് അയ്യപ്പന്‍ പറഞ്ഞിരുന്നു. തന്‍െറ പ്രതിഭയില്‍ സ്വയം വിശ്വസിച്ചിരുന്നയാളാണ് അയ്യപ്പന്‍. ആശാന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ അയ്യപ്പന് കഴിഞ്ഞില്ല. ചെന്നൈക്ക് പുറപ്പെടേണ്ട രണ്ടുനാള്‍ മുമ്പ് ലഹരിയുമായി ചങ്ങാത്തംകൂടിയ അയ്യപ്പന്‍ വീട്ടിലേക്കുള്ള വഴി മറന്നു. വീട്ടുകാര്‍ തിരക്കിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഒടുവില്‍ ഒക്ടോബര്‍ 23ന് ജനറല്‍ ആശുപത്രിയില്‍ ഒരു അജ്ഞാത മൃതദേഹം ഉണ്ടെന്ന് തമ്പാനൂര്‍ പൊലീസ് അറിയിക്കുമ്പോഴാണ് അത് അയ്യപ്പനാണെന്ന് തിരിച്ചറിയുന്നത്.
ചെന്നൈയില്‍ പുരസ്കാരചടങ്ങില്‍ പ്രസംഗിക്കാനായി ആശാനെക്കുറിച്ച് പറയാന്‍ ഒരു വരി മാത്രം അയ്യപ്പന്‍ എഴുതിവെച്ചിരുന്നു. ഇരുണ്ട ആകാശത്തിന് മുകളില്‍ ഇടിമുഴക്കം പോലെ പ്രത്യക്ഷപ്പെട്ട ചുവന്ന നക്ഷത്രം, ആശാന്‍... വെള്ളായണി സ്റ്റുഡിയോ റോഡില്‍ മൂന്ന് പതിറ്റാണ്ട് സഹോദരി ലക്ഷ്മിക്കൊപ്പമാണ് അയ്യപ്പന്‍ താമസിച്ചിരുന്നത്. അയ്യപ്പന്‍ എന്ന പേര് പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കുമ്പോള്‍ അയ്യപ്പന്‍െറ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ. അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടാല്‍ നെയ്യപ്പം തിന്നുന്നതയ്യപ്പന്‍..
ഓര്‍മകളുടെ നിറനിലാവില്‍ അയ്യപ്പന്‍ എന്ന നനുത്ത സ്പര്‍ശം ഇപ്പോഴുമുണ്ട്. അധികൃതര്‍ മറന്നാലും അയ്യപ്പനെ ഇഷ്ടപ്പെട്ടിരുന്നവര്‍ ആ വലിയ കവിയെ ഒരിക്കലും മറക്കില്ല. മഹത്ത്വവത്കരിക്കപ്പെടുന്നവരുടെ പിറകേയാണല്ളോ എന്നും ലോകം. പാര്‍ശ്വവത്കരിക്കപ്പെട്ടവനെ ആരാണ് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുക? അക്ഷര സ്നേഹികള്‍ക്ക് അയ്യപ്പന്‍ എന്നും ജ്വാലയായി ഊര്‍ജം പകര്‍ന്നുകൊണ്ടേയിരിക്കും. തലമുറകളോളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
