Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightയതി എന്ന ഡ്രോപ്...

യതി എന്ന ഡ്രോപ് ഒൗട്ട്

text_fields
bookmark_border
യതി എന്ന ഡ്രോപ് ഒൗട്ട്
cancel

ഹിന്ദു സന്യാസിമാര്‍ക്കിടയില്‍ ഒട്ടുമേ പ്യൂരിറ്റനല്ലാതെ വര്‍ത്തിച്ചുവെന്നതാണ് ഗുരു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ അനന്യത. മതം, ലൈംഗികത എന്നീ വ്യവഹാരങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ഉല്‍പതിഷ്ണുത്വം കാലം തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷണശാലയില്‍ ഒപ്പം വന്നവര്‍ക്ക് മാംസാഹാരവും തനിക്ക് മസാലദോശയും ഓര്‍ഡര്‍ചെയ്ത അദ്ഭുത സന്യാസിയായിരുന്നു യതി. ഒരാള്‍ക്ക് അയാളായിരിക്കുവാനേ കഴിയുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്‍െറ പ്രമാണം.
അച്ചടക്കമാര്‍ന്ന സാധനകളുടെയോ ഇന്ദ്രിയനിഗ്രഹത്തിന്‍െറയോ വക്താവായില്ല യതി. തങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നും ആശ്രമത്തില്‍ അത് അനുവദനീയമാണോ എന്നും ഒരു വിദേശദമ്പതിമാര്‍ ഒരിക്കല്‍ അദ്ദേഹത്തോട് ആരാഞ്ഞു. ‘Why not? Go and have it’ -അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. കണ്ണിലൂടെ കണ്ണീരുവരുന്നു. മൂക്കിലൂടെ മൂക്കട്ട, ത്വക്കിലൂടെ വിയര്‍പ്പ്. ലൈംഗികാവയവത്തിലൂടെയുള്ള സ്ഖലനത്തിന്  താന്‍ അതിലുപരിയായി ഒരു പ്രാധാന്യവും കല്‍പിക്കുന്നില്ളെന്ന് ചുറ്റും കൂടിയിരുന്ന മലയാളി പൗരന്മാര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. മറ്റൊരിക്കല്‍ ‘ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും’ എന്ന ധ്യാനഖണ്ഡം പറഞ്ഞുകൊടുക്കവേ, ജീവന്‍െറ രസം ഉപ്പാണെന്നും തല്‍പരരായ ചെറുപ്പക്കാര്‍ക്ക് അത് രുചിച്ചുനോക്കാമെന്നുമായിരുന്നു നിര്‍ദേശിച്ചത്!
നന്മയെയും തിന്മയെയും പാപത്തെയും പുണ്യത്തെയും ദ്വന്ദങ്ങളെയുമെല്ലാം ഒരു മഹാമേരുവിനെപ്പോലെ യതി പരിരംഭണം ചെയ്തു. പീഡിതര്‍ക്കും പാപികള്‍ക്കും അഭയമേകി. ‘മഗ്ദലനയ്ക്കല്ലേ യേശുവിനെ ആവശ്യം? പീലാത്തോസില്ലാതെ ക്രിസ്തുവുണ്ടോ?’ സന്ദേഹത്തിന്‍െറ വാള്‍മുനകളെ അദ്ദേഹം പലപ്പോഴും ഒടിച്ചു. തന്നെ ദൈവപുത്രനാക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ പച്ചമനുഷ്യന്‍െറ വിക്രിയകള്‍ കാട്ടി. ഒപ്പമുള്ള കുമാരിമാരില്‍നിന്ന് തന്നിലേക്ക് ഊര്‍ജപ്രസരണം സംഭാവിക്കാറുണ്ടെന്നു പറഞ്ഞ് നല്ല നടപ്പുകാരായ മലയാളി പൗരന്മാരെ ഞെട്ടിച്ചു. (ഒരിക്കല്‍, തന്നെ വന്നു കെട്ടിപ്പുണര്‍ന്ന മാനസപുത്രി ‘എങ്ങനെയുണ്ട് ഗുരു ?’ എന്ന് ചോദിച്ചതിന് ‘ചേര ഇഴയുമ്പോലെയുണ്ട് മോളേ’ എന്നായിരുന്നു മറുപടി!
 ദസ്തയേവിസ്കിയെയും വാന്‍ഗോഗിനെയും ബീഥോവനെയും പ്രണയിച്ച യതിക്ക് ഭഗവാന്‍ രമണന്‍െറ മാര്‍ഗം ഉപദേശിക്കാനും കഴിഞ്ഞു (‘മൂന്നു കഴുവേറികള്‍’ എന്നായിരുന്നു അദ്ദേഹം അവര്‍ക്കു നല്‍കിയ ഓമനപ്പേര്!). ഖലീല്‍ ജിബ്രാന്‍െറ നരകതീര്‍ഥാടനങ്ങളെക്കുറിച്ചും വാന്‍ഗോഗിന്‍െറ ഉന്മാദദിനങ്ങളെക്കുറിച്ചും വള്ളത്തോളിന്‍െറ ദരിദ്രകാലത്തെക്കുറിച്ചുമോര്‍ത്ത് അദ്ദേഹം ചകിതനായി. ഇങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ തനിക്കും അല്‍പം കള്ള് കുടിച്ചുനോക്കിയാല്‍ കൊള്ളാമെന്നായിരുന്നു എ. അയ്യപ്പനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.
 

യതിക്ക് ഏറെ പാരസ്പര്യമുള്ള മലയാളി എഴുത്തുകാരിയായിരുന്നു കമലാസുരയ്യ. ജയദേവനും ജലാലുദ്ദീന്‍ റൂമിക്കുമിടയില്‍ ഒരു വൈജാത്യവും ദര്‍ശിക്കാതിരുന്ന അദ്ദേഹത്തിന് ഇസ്ലാമിന്‍െറ നിര്‍മലഹൃദയത്തിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെന്താമരപ്പൂവായിരുന്നു അവര്‍. മതംമാറ്റത്തിന്‍െറ സംഘര്‍ഷനിര്‍ഭരമായിരുന്ന കാലത്ത് തന്‍െറ ശിഷ്യന്മാരെ അയച്ച് യതി അവര്‍ക്ക് ആശ്വാസവചനങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. ഊട്ടി ഗുരുകുലത്തിലെ കാവ്യസന്ധ്യകളില്‍ നിറസാന്നിധ്യമായിരുന്നു സുരയ്യ.

കണ്ണിമാങ്ങാ അച്ചാറില്‍നിന്ന് കാള്‍സാഗനിലേക്കും കാക്റ്റസുകളില്‍നിന്ന് സാമവേദത്തിലേക്കും യതി മാനസസഞ്ചാരം നടത്തി. (മുള്‍മുനകള്‍ ഉണ്ടെങ്കിലും നവോഢകളെപ്പോലെ സൂനഗാത്രികളായ കാക്റ്റസുകളെ ‘എന്‍െറ താമരക്കണ്ണീ’, ‘എന്‍െറ മത്തങ്ങാക്കണ്ണീ’ എന്ന് യതി വിളിക്കുമ്പോള്‍ ഏതോ കാമുകന്‍ ഏതോ കാമുകിയുടെ കാതുകളില്‍ എന്‍െറ പൊന്നേ എന്നു മന്ത്രിക്കുംപോലെ തോന്നും!).
 ബോധശാസ്ത്രമായിരുന്നു ഏറെ പ്രിയങ്കരം. അറിവിന്‍െറ പൂന്തോപ്പുകള്‍തോറും ഉന്മത്തനായി പറന്നു
നടക്കുകയായിരുന്നു എന്നും. മൂന്നു ബൃഹദ്വാല്യങ്ങളിലായി ‘ബൃഹദാരണ്യകം’ എഴുതിത്തീര്‍ന്നപ്പോള്‍ പറഞ്ഞു; ഒരായുഷ്ക്കാലം കൊണ്ടാര്‍ജിച്ച അറിവിന്‍െറ ക്രോഡീകരണം. എന്നാല്‍, അറിവ് പടര്‍വള്ളികളായിവന്ന് വാക്കിങ്സ്റ്റിക്കില്‍ ചുറ്റി. മനനകാണ്ഡങ്ങളിലോരോന്നിലും ദൈവദൂതരെന്നപോലെ പൂര്‍വസൂരികളുടെ വാഗ്മയങ്ങള്‍ ഗ്രന്ഥങ്ങളായി തേടിയത്തെി. അറിവിന്‍െറ ഖബറെന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച പുസ്തകങ്ങള്‍തന്നെ എന്നെ എടുക്കൂ, എന്നെ എടുക്കൂ എന്ന് അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു.
 

താന്‍ കണ്ട സ്വപ്നങ്ങള്‍ ദിവസേന എഴുതിവെക്കുന്ന ശീലമുണ്ടായിരുന്നു യതിക്ക്. ആ സ്വപ്നങ്ങള്‍ തന്നെ മതി ബൃഹത്തായ എത്രയോ ഗ്രന്ഥങ്ങള്‍ക്ക്. ശ്രീനാരായണനും രമണമഹര്‍ഷിയും ഉമയെന്ന പൂച്ചക്കുഞ്ഞും കാള്‍മാര്‍ക്സും ഷെഗാളുമെല്ലാം അവയില്‍ നിരന്നു. ഒരിക്കല്‍ കണ്ടത് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോബ്ഡില്ലന്‍ പാടുന്നതായിരുന്നു; ‘How many miles a man must walk before you call him a man?’ പാതിരാവില്‍ ടെലിഫോണ്‍ മുഴങ്ങുമ്പോള്‍ കണ്ടുകൊണ്ടിരുന്ന സ്വപ്നം പാതിവഴിക്ക് നിര്‍ത്തി റിസീവര്‍ എടുക്കും. ശേഷനിദ്രയില്‍ സ്വപ്നത്തിന്‍െറ തുടര്‍ഭാഗം.
 സഹചരന്മാരുടെ ജീവിതം എങ്ങനെ മധുരോദാരമാക്കാമെന്നതായിരുന്നു യതിയുടെ മനനവിഷയങ്ങളില്‍ മുഖ്യം. ധ്യാനസുന്ദരമായ ജീവിതം, കാവ്യപുഷ്ക്കലമായ മനസ്സ്, മനോ-വാക്-കായ സാമഞ്ജസ്യം, ആത്മബോധവും ഭൂതഭൗതികതയും, സരളമാര്‍ഗം... എന്നിങ്ങനെ പ്രഭാഷണവിഷയങ്ങളിലോരോന്നിലും ആനന്ദചിത്തത തുളുമ്പി. അറിവ് ദു$ഖമില്ലാതെ ജീവിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന്.
 ഹെന്‍റി ബര്‍ഗ്സണും ഷോഡിങ്കറും ഇമ്മാനുവല്‍ കാന്‍റും റൂസോയും റൂമിയും മാറ്റീസും ഹൃദയത്തിലെ ആരാധനാസൗഭഗങ്ങളായി. എഡാവാക്കറും ആന്‍റിലാര്‍ക്കിനും വില്യം റിക്കറ്റും ഹാരീഡേവിസും അന്തരാത്മാവിലെ സ്നേഹസല്ലാപികളായി.
 ഒരു മതത്തിനും ദൈവത്തിനും യതി കീഴടങ്ങിയില്ല. സയന്‍സായിരുന്നു മതം. ശാസ്ത്രീയമായ അറിവിന്‍െറ വെളിച്ചത്തില്‍ പരിശോധിച്ചശേഷമേ ഏതു കാര്യവും ഉറപ്പിക്കുമായിരുന്നുള്ളൂ. ഗീതാസ്വാധ്വായത്തില്‍നിന്ന് ബൃഹദാരണ്യകത്തിലത്തെിയപ്പോഴേക്കും അദ്ദേഹത്തിന്‍െറ ശാസ്ത്രദൃഷ്ടി അദ്ഭുതകരമാംവണ്ണം ഗഹനമായി. ഗ്രന്ഥഭാഷ്യങ്ങള്‍ മാനുഷികതയുടെ മുന്‍കുതിപ്പുകളായിരുന്നു. ജീവിതോന്മുഖമല്ലാത്ത വ്യാഖ്യാനങ്ങളെ പുറംകൈകൊണ്ട് തട്ടിമാറ്റി. ആത്മതാരകമായിരുന്ന നാരായണഗുരുപോലും തന്‍െറ അനേകം പൂവാടികളിലൊന്നായിരുന്നുവെന്നാണ് ഒരിക്കല്‍ പറഞ്ഞത്.
 സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കുക എന്നതായിരുന്നു യതിയുടെ സന്യാസമാര്‍ഗം. ധനത്തിലും സ്നേഹത്തിലും മറ്റാരേക്കാളും അദ്ദേഹം ധൂര്‍ത്തനായി. തന്‍െറ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനുപോലും പലപ്പോഴും മൗനസമ്മതമേകി.
 ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാത്ത തത്ത്വം നുണ. സാഹിത്യവും ചിത്രരചനയും ധ്യാനവും പ്രാര്‍ഥനയും സംഗീതവും പൂന്തോട്ടനിര്‍മാണവുമെല്ലാം വെറും ടൈംപാസ് ആണെന്നും ആത്യന്തിക ലക്ഷ്യം ആത്മതത്ത്വത്തില്‍ ഉറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 ‘ഊര്‍ധമൂലമധശാഖി’യായിരുന്ന ഒരു മഹാശ്വത്ഥമായിരുന്നു നിത്യചൈതന്യ യതി. കണ്ണിലും കാതിലും കര്‍പ്പൂരമഴ പകര്‍ന്നിരുന്ന ഒരു വിശ്വാസതാരകം. യതിയെപ്പോലെ ഒരു വ്യക്തിത്വത്തിന്‍െറ അഭാവം ഇന്ന് കേരളീയ സമൂഹത്തില്‍ നന്നായി അനുഭവപ്പെടുന്നുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yathi
Next Story