റൂമിയുടെ മസ്നവി; ദിവ്യാനുരാഗത്തിന്‍റെ ആത്മീയാനുഭൂതി
text_fieldsഅയഥാര്‍ത്ഥ -സാങ്കല്‍പ്പിക ലോകമായി ഭൗതികലോകത്തെ കരുതി ജീവിക്കുന്ന ആദ്ധ്യാത്മിക വാദത്തെ വിദൂരതയില്‍നിന്നും വീക്ഷിക്കാനേ പലപ്പോഴും നമുക്കാവുന്നുള്ളു. ചുറ്റുപാടുകള്‍ പടച്ചുണ്ടാക്കിയ അജണ്ടകള്‍ക്കും തിരക്കഥക്കുമനുസരിച്ച് ജീവിതം ആടിത്തിമിര്‍ക്കുമ്പോള്‍ നമുക്കതിനു മാത്രമേ ആവുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
സ്നേഹത്തില്‍ നിമഗ്നനായി, സന്തോഷത്തെയും ദു:ഖത്തെയും ഒരുപോലെ ആസ്വദിച്ചാനന്ദിച്ച് ജീവിതത്തെ ആനന്ദത്തിലാറാടിക്കാന്‍ ആര്‍ക്കാണാവുക? ആത്മീയോദ്ദീപനത്തിനുതകുന്ന വരികളിലൂടെയുള്ള സഞ്ചാരം അപൂര്‍വ്വ ആനന്ദലബ്ദിക്ക് ഹേതുവാകാറുള്ളത് ഇതിന്‍റെ പിന്നിലൊഴുകി നടക്കാന്‍ വല്ലാതെ പ്രചോദിതയാക്കിയിരുന്നു.
ദിവ്യാനുരാഗത്തിന്‍റെ തീയില്‍ വെന്തെരിഞ്ഞ് ആത്മീയാനുഭൂതി നുകരുന്നവരാണു സൂഫിവര്യന്മാര്‍. ദൈവീക പ്രഭവത്തില്‍ നിന്നും വേര്‍പിരിഞ്ഞതിന്‍റെ വിരഹത്തില്‍ നീറി തന്‍റെ ഉടമസ്ഥനിലേക്ക് തിരികെ അണയാനുള്ള തീവ്രവേദനയുടെ ആനന്ദത്തില്‍ ജീവിതത്തെ ആടിത്തീര്‍ക്കുന്നവരാണവര്‍.
റൂമിയുടെ ‘മസ്നവി മഅനവി’ (ആത്മീയ ഈരടികള്‍) എന്ന ഗ്രന്ഥത്തിന്‍റേത് ആദ്യത്തെ 400 വരികളുടെ പദ്യപരിഭാഷയും ആസ്വാദനവുമാണു ഈ കൃതി. മൂലഭാഷയായ പാഴ്സിയില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം എന്നുള്ള പ്രത്യേകതയും ഈ കൃതിക്കുണ്ട്. സി. ഹംസ മാസ്റ്റര്‍ ആണ് പരിഭാഷ തയ്യാറാക്കിയത്.
പുല്ലാങ്കുഴലിന്‍റെ വിരഹവേദനയുടെ തീവ്രാനുഭവത്തോടെയാണു മസ്നവി ആരംഭിക്കുന്നത്. തന്‍റെ സ്രോതസ്സായ മുളംതണ്ടില്‍ നിന്നും വേര്‍പ്പെട്ടതിന്‍റെ അസ്വസ്ഥത, പ്രണയവേദനയുടെ കഠിന കഠോര നൊമ്പരത്തിന്‍റെത തീവ്രത, നമുക്ക് ആ വരികളില്‍ വായിച്ചെടുക്കാം. തന്നെ ഓടക്കുഴലായി കവി സ്വയം സങ്കല്‍പ്പിക്കുകയാണ്. തന്‍റെ മൂല്യ സ്രോതസ്സായ ദൈവത്തില്‍നിന്നും വേര്‍പ്പെട്ടതിന്‍റെ വിലാപം ഈ കാവ്യ വരികളില്‍ പകര്‍ത്തി വെച്ചിട്ടുണ്ട്. ‘‘തന്‍റെ ഉറവിടമായ ദൈവത്തിങ്കലത്തൊനുള്ള ഒരാളുടെ മനസ്താപമാണ്‘ഇഷ്ക്’ (സ്നേഹം) എന്നും റൂമി പറഞ്ഞിട്ടുള്ളതായി ഗ്രന്ഥകാരന്‍ വിവര്‍ത്തനത്തില്‍ സൂചിപ്പിക്കുന്നു.
സ്വത്വവികാസം സാധ്യമായിത്തീരാന്‍ റൂമി അടിസ്ഥാനമാക്കിയത് ഇഷ്ക് (സ്നേഹം) , അഖ്ല്‍( ബുദ്ധി ), അമല്‍ ( പ്രവര്‍ത്തനം ),ഫഖര്‍ ( വൈരാഗ്യം) എന്നിവയാണ്. പ്രവര്‍ത്തനങ്ങളുടെ ചാലക ശക്തിയായും പരിണാമങ്ങളുടെ ഹേതുവായും സ്വത്വത്തെ ശക്തിപ്പെടുത്തുന്ന പിന്‍ബലമായും റൂമി സ്നേഹത്തെ വ്യാഖ്യാനിക്കുന്നു. ചിന്തയുടെ ഉറവയും ആസ്ഥാനവുമാണു ബുദ്ധി ( അഖ്ല്‍). ചിന്തയേയും സ്നേഹത്തെയും വേര്‍ത്തിരിക്കാതെ ഒന്നിച്ചു വേണം പ്രാവര്‍ത്തികമാക്കേണ്ടതെന്ന് റൂമി അഭിപ്രായപ്പെടുന്നു. ഒന്ന് മറ്റൊന്നിനു മാര്‍ഗവും വെളിച്ചവും ഉപാധിയുമാവണം . അമല്‍ (പ്രവര്‍ത്തനം) ആണ് മൂന്നാമത്തേത്. ജീവിതം പ്രവര്‍ത്തന നിരതവും സജീവവും ഉത്സാഹ പ്രദവുമായിരിക്കണം. ജീവിതം പ്രവര്‍ത്തനവും പുരോഗമനവും ചൈതന്യവുമാണ്. സ്വത്വ വികാസഹേതുവില്‍ നാലാമത്തേത് ഫഖര്‍ ആണ്. ഒന്നും കൈവശമില്ലാതിരിക്കല്‍, ആശ്രയത്വ മനോഭാവം വെടിയല്‍, സ്വതന്ത്രനായി മനസ്സാ ദൈവസമര്‍പ്പണം - ഇതാണു ഫഖറിന്‍റെ ദൗത്യം.
ഒന്നിനെക്കുറിച്ചുള്ള അറിവിന്‍റെ പൂര്‍ണ്ണത ബാഹ്യാന്തര അറിവിലൂടെ മാത്രമേ സാധ്യമാവുള്ളൂ എന്നു റൂമി സമര്‍ത്ഥിക്കുന്നുണ്ട്. ബാഹ്യാന്തര വൈരുദ്ധ്യങ്ങളെയല്ല, അതിന്‍റെ സമന്വയ പൂര്‍ണ്ണതയെന്നാണു അതര്‍ത്ഥമാക്കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ ബഹിര്‍മുഖങ്ങളായതിനാലും അതിന്‍റെ ദൗത്യങ്ങള്‍ വിഭിന്നങ്ങള്‍ ആയതിനാലും അതാര്‍ജ്ജിച്ചെടുക്കുന്ന അറിവിന്‍റെ പരിമിതിയെ റൂമിയുടെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാം. കണ്ണിനു മിക്ക കാഴ്ചയുടേയും അന്തര്‍ഗതം അന്യമാകുന്നു. കേള്‍വിക്ക് വാക്കുകളുടെ ഉള്ളിലെ പൊളി അറിയാതെ പോകുന്നു. പഞ്ചന്ദ്രേിയങ്ങള്‍ക്ക് പലപ്പോഴും സാഹചര്യങ്ങളുടെ ഗൂഢപൊരുള്‍ ദുര്‍ഗ്രാഹ്യമാകുന്നു. മറഞ്ഞിരിക്കുന്നതിനെ ചികഞ്ഞെടുക്കാന്‍ ബൗദ്ധികതലത്തിനും പരിമിതിയുണ്ട്.
ചരിക്കാത്തതിനെ ചരിക്കുന്നതായി കാണുകയും വലിപ്പത്തെ നിശ്ചയിക്കാനാവാത്തതുമായ കണ്ണുകള്‍, ചെറുതും വലുതുമായ വിഭിന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ പറ്റാത്ത കാതുകള്‍, കണ്ണിന്‍റെയും ഘ്രാണേന്ദ്രിയത്തിന്‍റെയും അഭാവത്തില്‍ അപൂര്‍ണ്ണമാകുന്ന തൊട്ടറിവ്, കണ്ണിന്‍റെ സഹായമില്ലാതെ അപരിചിത ഗന്ധത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത ഘ്രാണേന്ദ്രിയങ്ങള്‍. ഇന്ദ്രിയ ജ്ഞാനത്തിന്‍റെ പരിമിതികളെ മുകളിലെ വരികള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഇന്ദ്രിയാനുഭവങ്ങളുടെ പരിമിതിയെ ബൗദ്ധികതലം കൊണ്ട് മറികടക്കാന്‍ ഉതകുന്നവനായാണു ദൈവം മനുഷ്യജീവിയുടെ സൃഷ്ടി പ്രക്രിയയില്‍ വ്യാപൃതനായത്....
ശരീരത്തില്‍ ആത്മാവ് കുടികൊണ്ടിട്ടും അതിനെ കാണാന്‍ ശരീരത്തിലെ ഇന്ദ്രിയങ്ങള്‍ക്കാകുന്നില്ല എന്നത് അതിന്‍റെ പരിമിതിയില്‍ മറ്റൊന്ന്. ആത്മ ജ്ഞാനാടിസ്ഥാനത്തില്‍ അറിവിന്‍റെ പ്രകടനം ശരീര മാധ്യമത്തിലൂടെ തന്നെ. അതിനാല്‍ ഒരാളുടെ ആന്തരികാവസ്ഥ പ്രകടമാകുന്നതും ഗ്രാഹ്യമാകുന്നതും വാക്കുകളിലൂടെ മാത്രമാണ്. അറിവ് ഉപരിപ്ളവവും ഊഹാധിഷ്ഠിതവും ആകുന്നതിന്‍റെ് നിരര്‍ത്ഥകതയും കവി പഞ്ചന്ദ്രേിയങ്ങളുടെ പരിമിതിയിലൂടെ നമ്മെ ബോധിപ്പിക്കുന്നു. ഓടക്കുഴലിലൂടെ ആളുന്ന അഗ്നി അനുരാഗത്തിന്‍റേതാണെന്നു തിരിച്ചറിയാത്ത ശ്രോതാവിനെ വിളിച്ചുണര്‍ത്തുകയാണു കവി ഈ ഈരടികളിലൂടെ:
‘‘ഈ വീണനാദത്തില്‍ തന്‍റെ മനോഗതം കേള്‍ക്ക’’
‘‘ എന്‍ വിലാപം എന്‍ പൊരുള്‍’’ എന്നു കവി വിലപിക്കുന്നു.
ഒന്നിനെ അറിയണമെങ്കില്‍ ബാഹ്യാന്തരങ്ങള്‍ അറിയണമെന്നു റൂമി സൂചിപ്പിക്കുന്നു. തന്‍റെ പ്രാണേശ്വരനില്‍ നിന്നും പിരിഞ്ഞ് ഒരേകാന്ത വാസം അനുഭവിക്കേണ്ടി വരുന്ന മുളംതണ്ട് കലാനിപുണന്‍റെ കൈകളിള്‍ എത്തുമ്പോള്‍ ആരേയും സംഗീതത്തില്‍ ആറാടിക്കുന്ന ഓടക്കുഴലായി രൂപാന്തരപ്പെടുന്നു. അതോടെ അവാച്യ അനുഭൂതി പകരുന്ന ഒരു രാഗ പ്രപഞ്ചമായി മുളംതണ്ട് മാറുന്നു. അതിലെ രാഗസ്വഭാവത്തിലുപരി ദിവ്യാനുരാഗത്തിന്‍റെയും പൊരുള്‍ ഗ്രഹിക്കാനാവാത്തവരെ കവി ഇത്തരത്തില്‍ വിശദീകരിക്കുന്നു: ‘‘നാക്കിനു കാതല്ലത്തൊരുപഭോക്താവില്ളെന്നു വരുവോര്‍ക്കും’’
പിന്നീട് അനുരാഗത്തിന്‍റെ സ്വാധീന ശക്തിയെക്കുറിച്ച് റൂമി വിവരിക്കുന്നു. മനുഷ്യന്‍റെ മൂലധനമായും വ്യാധി തീര്‍ക്കും ഭിഷഗ്വരനായും ദുരഭിമാനവും അഹന്തയും അകറ്റുന്ന ഒൗഷധമായും പ്രണയത്തെ കാണുന്നു. ലൗകീക സീമകള്‍ക്കപ്പുറത്തേക്കുള്ള പ്രയാണമാണ് ദിവ്യപ്രണയമെന്നും വിശേഷിപ്പിക്കുന്നു. പ്രണയാതുരനായ രാജാവിന്‍റെ കഥ വിവരിക്കുകയാണ് തുടര്‍ന്നുള്ള വരികളില്‍. രാജാവ് ഒരടിമപ്പെണ്ണില്‍ അനുരക്തനാവുന്നതും അവര്‍ അജ്ഞാത രോഗത്തിനടിമപ്പെടുന്നതും അവളുടെ ചികില്‍സ, രോഗം ഭേദമാവാത്ത അവസ്ഥ, ദിവ്യ ഭിഷഗ്വരന്‍റെ വരവ്, ദിവ്യനില്‍ ഗുരുദര്‍പ്പണം ലഭിച്ച രാജാവിന് യഥാര്‍ത്ഥ പ്രേമഭാജനത്തെ കിട്ടിയതില്‍ സംതൃപ്തി, പിന്നീട് അടിമപ്പെണ്ണിന്‍റെ രോഗകാരണം തേടല്‍, അവളുടെ പ്രണയഭാജനത്തെ എത്തിച്ചു കൊടുത്തുള്ള ചികില്‍സാരീതിയുടെ വിജയം, അവസാനം അയാളിലെ സൗന്ദര്യം നഷ്ടപ്പെട്ടപ്പോള്‍ അടിമപ്പെണ്ണിനുണ്ടായ പ്രണയഭംഗുരം, കാമുകന്‍റെ വധശിക്ഷ...ഈ കഥയിലൂടെ റൂമി നമുക്ക് വിവരിച്ചു തരുന്നത് നശ്വരമായതിനെ പ്രണയിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയും അപ്രസക്തിയുമാണ്.
തുടര്‍ന്നു വരുന്ന അധ്യായങ്ങളില്‍ ഗുരുഭക്തി, ക്ഷിപ്ര കോപനാശം,ജൂത -ക്രൈസ്തവ ചരിതം, ലൈലയെ കണ്ട ഖലീഫ തുടങ്ങിയവയും അത്യന്തം ചിന്തോദ്ദീപകം തന്നെ. എന്നാല്‍ ഉറക്കത്തിലെ ഉണര്‍വെന്ന അദ്ധ്യായത്തില്‍ നിദ്രയുടെ സമത്വവാദം ഏറെ ആകര്‍ഷകമായിരുന്നു. പണ്ഡിതനും പാമരനും ദരിദ്രനും ധനികനും നിദ്രാവേളയില്‍ സമന്മാരാണ്. ദു:ഖം, നഷ്ടം, ക്ളേശം മുതലായ ഒന്നുംതന്നെ നിദ്രാവേളയില്‍ അവനെ അലോസരപ്പെടുത്തുന്നില്ല. ലൗകീക ജീവിതത്തിന്‍റെ ചുറ്റിപാടിലും ജ്ഞാനികള്‍ മനസ്സിനെ നിദ്രയിലാഴ്ത്തുന്നു. ശരീരത്തില്‍ നിന്നും വിടുതല്‍ തേടി ആത്മാവിന്‍റെ ദൈവിക മണ്ഡലത്തിലേക്കുള്ള സഞ്ചാരമാണു നിദ്രയെന്നും കവി സൂചിപ്പിക്കുന്നു.
‘‘ദു:ഖത്താല്‍ ദിനങ്ങള്‍ക്ക് നേരമില്ലാതായി നമ്മുടെ
ദിനങ്ങള്‍ മനസ്താപങ്ങള്‍ക്ക് തോഴരായി !
ദു:ഖത്തില്‍ നേരം കളഞ്ഞ്, ദു:ഖത്തെ താലോലിച്ച് നിഷ്ക്രിയരാകുന്ന ആളുകള്‍ക്ക് ഒന്നിനും കഴിയില്ളെന്നും, ലക്ഷ്യവും പാതയും നിര്‍ണ്ണയിക്കലാണു ജീവിതാര്‍ത്ഥമെന്നും, അതിനുള്ള കഴിവുള്ള ഗുരുവിനെ തേടലാണു നമ്മുടെ ദൗത്യമെന്നും ഇതിലെ വരികള്‍ പഠിപ്പിക്കുന്നു..
ദു:ഖത്തേയും വിരഹത്തെയും ആനന്ദലബ്ദിക്ക് ഹേതുവാക്കുന്ന അത്ഭുത പ്രതിഭാധനനാണു കവി. ദിവ്യാനുരാഗത്തിന്‍റെ എല്ലാ സീമകളും റൂമിയുടെ വരികള്‍ താണ്ടുന്നുണ്ടോ? നിശ്ചയമില്ല. അദ്ദേഹത്തിന്‍റെ വരികള്‍ തീവ്രവും അനുരാഗമുഗ്ദവുമാണ്...ദിവ്യാനുരാഗ ലഹരിയില്‍ നിമഗ്നനുമാണു കവി. കവിതാശകലങ്ങളില്‍ മുഴുവനും പ്രണയവീഞ്ഞിന്‍റെ ലഹരി പടര്‍ത്തിയിരിക്കുന്നു ആ ദിവ്യാനുഭാവം.
പ്രണയിയുടെ ഭാഷയില്‍ സംസാരിക്കുന്നു എന്നതുതന്നെ റൂമിയിലേക്കുള്ള ആകര്‍ഷണത്തിനു പ്രഥമ കാരണം. പ്രണയാതുരമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്ന അടങ്ങാത്ത അഭിനിവേഷം എന്നെ നിരന്തരം വേദനിപ്പിക്കുന്നു. വിദ്വേഷത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്വാര്‍ത്ഥതയുടെ ദുരിത പര്‍വ്വംപേറുന്ന ഈ സാമൂഹിക പരിസരം അസഹനീയമാണ്, ഭീകരമാണ്, തീവ്രമാണ്. ഒരുപാടു റൂമിയുടെ പ്രതിബിംബങ്ങള്‍ ഇവിടെ പിറവിയെടുക്കേണ്ടതുണ്ടെന്ന് വൃഥാവില്‍ ആശിച്ച് പോകുന്നു.
പദ്യ വിവര്‍ത്തന ഭാഷ ലളിതവല്‍ക്കരിച്ച്കൊണ്ട് അനുവാചകര്‍ക്ക് ആസ്വാദ്യകരമാക്കിയെങ്കിലും ആസ്വാദനത്തിനു പലപ്പോഴും പരിധി നിശ്ചയിച്ചപോലെ തോന്നി. ഇതിലും ഭംഗിയായി വിവര്‍ത്തകന് ഇതിനു സാധിക്കുമെന്നും തോന്നി..
മസ്നവി: ജലാലുദ്ദീന്‍ റൂമി
പദ്യവിവര്‍ത്ത നവും ആസ്വാദനവും: സി. ഹംസ
പ്രസാധനം: സഖലൈന്‍ ഫൗണ്ടേഷന്‍, കൊച്ചി