Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഅറബിക്കുളവും...

അറബിക്കുളവും ചെമ്മരിയാടുകളും

text_fields
bookmark_border
അറബിക്കുളവും ചെമ്മരിയാടുകളും
cancel

പാലക്കാടിന്‍െറ ഏറ്റവും വലിയ ശബ്ദം കരിമ്പനയില്‍ കാറ്റുപിടിക്കുന്നതിന്‍േറതാണ്. തസറാക്കിലേക്ക് ഒരിക്കല്‍കൂടി യാത്രചെയ്യുമ്പോള്‍ ആ ശബ്ദത്തിന് ചെവി വട്ടംപിടിച്ചു. എന്നാല്‍, അത് തീര്‍ത്തും കുറഞ്ഞിരിക്കുന്നു. ഇഷ്ടികകള്‍ ചുട്ടെടുക്കാന്‍ ഏറ്റവും നല്ല വിറക് കരിമ്പനയുടേതാണെന്ന കണ്ടത്തെലിനുശേഷം ഈ പ്രദേശത്തുനിന്ന് കരിമ്പനകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കരിമ്പനകളുടെ തിരോധാനം നല്‍കിയ ശൂന്യതയിലേക്കാണ് ഇന്ന് തസറാക്കിന്‍െറ ഭൂമി ആകാശം കണ്ട് മലര്‍ന്നുകിടക്കുന്നത്.
ഒ.വി. വിജയന്‍െറ വിഖ്യാത നോവല്‍ ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തിന്‍െറ രംഗഭൂമിയെന്ന് സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ പാലക്കാടന്‍ ഗ്രാമമായ തസറാക്കിലേക്ക് പോകുമ്പോള്‍ ആ നോവലിന്‍െറ ആരാധകര്‍ തീര്‍ച്ചയായും കരിമ്പനയും കാറ്റും ഒട്ടിനിന്ന് പറയുന്ന കഥകള്‍ കേള്‍ക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കും. കരിമ്പനയോലകള്‍കൊണ്ട് മേഞ്ഞ മണ്‍വീടുകള്‍, കൈതക്കാടുകള്‍, അവക്കുള്ളില്‍ കഴിഞ്ഞ പ്രാണികളും ജീവികളും, പാമ്പുകള്‍, പ്രത്യേകിച്ചും ചേരകള്‍ ഇവയെല്ലാം വലിയ തോതില്‍ ഈ പാലക്കാടന്‍ പ്രകൃതിയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഇതെല്ലാം, തസറാക്ക് എന്ന ഗ്രാമത്തിന്‍െറ ജൈവികത, ഇന്ന് നമുക്ക് ഖസാക്കിന്‍െറ ഇതിഹാസത്തിന്‍െറ താളുകളില്‍ മാത്രമേ കാണാന്‍ കഴിയൂ. 


 പറളിയിലെ കുട്ടിക്കാലം മുതല്‍ പാലക്കാടന്‍ പ്രകൃതി കണ്ടാണ് ഞാന്‍ വളര്‍ന്നിട്ടുള്ളത്. ഓരോ തവണയും ഇവിടം പുന$സന്ദര്‍ശിക്കുമ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലാന്‍ഡ്സ്കേപ്പുകള്‍തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആ ശൂന്യതയിലേക്ക് നോക്കുമ്പോള്‍ ഗൃഹാതുരതയുണ്ടാകും, തീര്‍ച്ചയായും ദു$ഖവും. തസറാക്കിലേക്ക് ഇത് ആദ്യ യാത്രയല്ല. ഇതിനുമുമ്പും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഓരോ തവണയും ഈ ശൂന്യത വര്‍ധിച്ചു വരുന്നതായിത്തന്നെയാണ് അനുഭവിച്ചിട്ടുള്ളത്. എങ്കിലും, തസറാക്കിലേക്കുള്ള ഓരോ യാത്രയിലും മാജിക്കല്‍ എന്നു പറയാവുന്ന അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇക്കുറിയും മാറ്റമില്ലാതെ അത് സംഭവിച്ചു.

കുള്ളന്‍െറ ആല്‍മരം
പാലക്കാടന്‍ ചൂട്, നീറ്റുന്നതരത്തിലേക്കുള്ള അസഹനീയതയിലേക്ക് വളര്‍ന്നിരുന്നില്ല. എങ്കിലും, തസറാക്കിലൂടെ ഏറെ നേരം അലഞ്ഞപ്പോള്‍ കുറച്ചു സമയം ഒരു തണലില്‍ ഇരിക്കാന്‍ കൊതിച്ചു. ഖസാക്കിലെ രവി ബസിറങ്ങിയ ആലിന്‍തണല്‍ ഇന്നില്ല. അതും കാലം മുറിച്ചുമാറ്റിയിരിക്കുന്നു. അതോര്‍ത്ത് നടന്ന് എത്തിച്ചേര്‍ന്നത് ഗ്രാമക്കവലയിലെ ആല്‍മരത്തണലിലേക്കാണ്. ഒന്നോ രണ്ടോ ഓട്ടോറിക്ഷകളും ഒരു ചെറിയ ചായക്കടയും അവിടെ ഉണ്ട്. അല്‍പംകൂടി മാറിയാണ് ശരിക്കുള്ള അങ്ങാടി. കുറച്ചുനേരം ആല്‍മരത്തണലിലിരുന്നു. പിന്നെ ചായക്കടയില്‍ കയറി. അവിടെ ഒരു വൃദ്ധന്‍ ചായ ഊതിക്കുടിച്ചിരിക്കുന്നു. കടക്കാരന്‍ അയാളെ ചൂണ്ടി പറഞ്ഞു, ഇയാളാണ് ആ അല്‍മരം നട്ടത്, നനച്ചുവളര്‍ത്തിയത്. ‘മാമാ നമുക്ക് കുറച്ചുനേരം ആ ആല്‍മരത്തണലിലിരുന്ന് സംസാരിച്ചുകൂടേ...?’ എന്ന എന്‍െറ ചോദ്യത്തെ അദ്ദേഹം ആഹ്ളാദത്തോടെ സ്വീകരിച്ചു. ഒപ്പം വന്നു.
‘വീടെവിടായാ..?’
‘ദാ... ഇവിടെ’
‘മാമനാ ഈ ആല്‍മരം നട്ടെന്ന് ഇവര് പറഞ്ഞു.’
‘തന്നെ... പനകേറ്റമായിരുന്നു പണി.
ഞാന് കുറെ മുമ്പ് പനേ കേറിയപ്പോ (കൈത്തണ്ട കാണിച്ച്) ദാ ഇത്രേം വലുപ്പത്തില് ഒരു തൈ കണ്ടു. വല്ല കാക്കേം കൊത്തിയിട്ട് പനേന്‍െറ മോളില് കൊണ്ടുവെച്ച് വളര്‍ത്തിയതാവും. വലിച്ച് പറിച്ച് താഴെയിടണോന്ന് നോക്കി. അപ്പഴാണ് ഇതെടുത്ത് കുത്തിയിട്ടാലോന്ന്? കനാല് വെള്ളത്തിന്‍െറ കരേല് മുമ്പൊരു ‘മൂച്ചി’ ഉണ്ടായിരുന്നു. ആള്‍ക്കാര്ക്ക് അതൊരു തണലായിരുന്നു.
റോഡിന് വീതി കൂട്ടീപ്പോ അത് വെട്ടിക്കളഞ്ഞു. ഇപ്പോള്‍ പൊട്ടക്കാറ്റന്നെ. ചൂട് സഹിക്കാന്‍ പറ്റില്ല കുട്ട്യേ. അപ്പോ.. ഇതെടുത്ത് കുത്തിയിട്ടാ ഒരു തണലാകും.  താഴെയിറങ്ങി വെള്ളത്തിന്‍െറ കരേവന്നപ്പോ മാധവേട്ടന്‍െറ കൈക്കോട്ടും വാങ്ങിച്ച് ഒരു കുഴിയെടുത്ത് അതില് കുത്തീട്ട് കുടില് കെട്ടി. ആടും പശുവും തിന്നിട്ട് പോകാന്‍ പാടില്ലല്ളോ. മൂന്നു കൊല്ലം വെള്ളം നനച്ച് വളത്തിയതാണ്  ദാ നിങ്ങള്‍ കാണുന്ന ആല്മരം. വെയിലത്ത് നടന്ന് ചൂടുംകൊണ്ട് ബസ് കാത്ത് നിക്കണോര്‍ക്ക് ഒരു തണല് വേണ്ടേ..ഞാനതേ കരുതിയുള്ളൂ...
1991ല്‍ നട്ട പന വളര്‍ന്ന് വളര്‍ന്ന് 24 വയസ്സിലത്തെി ഇങ്ങനെ തണല്‍പരത്തിനില്‍ക്കുന്നു.
കുള്ളന് ഒ.വി. വിജയനെയോ ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തെക്കുറിച്ചോ അറിയില്ല. എന്നാല്‍, ഖസാക്കില്‍നിന്ന് വായനക്കാരന് കിട്ടിയ ആല്‍മരത്തണല്‍ കുള്ളന്‍ എന്ന തൊഴിലാളി സ്വന്തം നാട്ടുകവലയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു എന്നുതോന്നി. ഏറ്റവും ഇഷ്ടംതോന്നുന്ന പുസ്തകങ്ങള്‍ ജീവിതത്തില്‍ തണലായി എന്നും വര്‍ത്തിക്കുന്നു. ഇതാ പുസ്തകത്തിനു പുറത്ത് മറ്റൊരു തണല്‍ ഒരു സാധാരണ മനുഷ്യന്‍ സൃഷ്ടിച്ചിരിക്കുന്നു. നോവലിനുപുറത്ത് മറ്റൊരു വിത്ത് വളര്‍ന്നുപന്തലിച്ചുനില്‍ക്കുന്നു!.


ദേശം, മൂലസ്ഥാനം
പ്രിയപ്പെട്ട പുസ്തകങ്ങള്‍ വായിക്കുകയും അത് സ്വയമലിഞ്ഞ് ഉള്ളില്‍ ചേരുകയും ചെയ്യുമ്പോള്‍, പ്രത്യേകിച്ചും നോവലുകള്‍, ആ കൃതി സംഭവിച്ച ദേശം കാണാന്‍ തീര്‍ച്ചയായും ഉള്ളില്‍ ആഗ്രഹം ജനിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ച ദേശങ്ങള്‍, തകഴിയുടെ ചെമ്മീന്‍ സംഭവിച്ച കടലോരം, എസ്.കെയുടെ അതിരണിപ്പാടം, ആര്‍.കെ. നാരായണന്‍െറ മാല്‍ഗുഡി, തസറാക്ക്, എന്‍.പി. മുഹമ്മദിന്‍െറ എണ്ണപ്പാടം, യു.എ. ഖാദറിന്‍െറ തൃക്കോട്ടൂര്‍, ടി.പി.രാജീവന്‍െറ പാലേരി... അങ്ങനെയുള്ള സ്ഥലങ്ങള്‍. എല്ലാം ഇന്ന് തീര്‍ത്തും മാറിയിരിക്കുന്നു. ചില പ്രദേശങ്ങള്‍ ഒരു നിലയിലും മനസ്സിലാക്കിയെടുക്കാന്‍ പറ്റാത്ത നിലയില്‍ മാറിയിരിക്കുന്നു. എന്നാല്‍, പല സ്ഥലങ്ങളിലും പുറത്തേക്കല്ല, ആ നാടുകളിലെ ഉള്ളറകളില്‍ ഈ സ്ഥലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, വിദൂരഛായകള്‍ പോലും പൂര്‍ണമായും മാഞ്ഞുകഴിഞ്ഞുവെന്നു പറയാന്‍ പറ്റാത്തവിധം. പുസ്തകങ്ങളില്‍, വായനക്കാരുടെ മനസ്സുകളിലാണ് ആ പ്രദേശങ്ങള്‍ ഇന്നും പൂര്‍ണമായ രീതിയില്‍ നില നില്‍ക്കുന്നത്. എല്ലാ രചനകള്‍ക്കും ഒരു ഭൂമികയുണ്ട്. അതില്ലാതെ സാഹിത്യം സാധ്യമേ അല്ല. അതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ഭൂമിയില്‍, പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഏതൊരു എഴുത്തുകാരനും എഴുതുന്നത് എന്നതാണ്.
ഒ.വി.വിജയന്‍ ‘ഇതിഹാസത്തിന്‍െറ ഇതിഹാസം’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അതിലൊരിടത്തും തസറാക്ക് എന്ന് പറയുന്നില്ല. നോവലിന്‍െറ മൂലസ്ഥാനം എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. 26 ദിവസമാണ് വിജയന്‍ തസറാക്കില്‍ കഴിഞ്ഞത്. പിന്നീട് ഇവിടെനിന്നു പോയി ഡല്‍ഹിയിലിരുന്നാണ് നോവല്‍ എഴുതുന്നത്. അതായത്, വലിയതോതിലുള്ള ഇംപ്ളാന്‍േറഷന്‍ എഴുത്തില്‍ നടന്നിട്ടുണ്ട്. അതാണ് എഴുത്തിന്‍െറ മാജിക്ക്. എഴുത്തുകാരന്‍െറ ഭാവനയുടെ ശക്തിയും സാന്നിധ്യവും അങ്ങനെയാണ് നമ്മള്‍ മനസ്സിലാക്കിയെടുക്കുന്നത്. കഥപാത്രങ്ങള്‍, ആഖ്യാനരീതികള്‍ ഇതെല്ലാം വിജയന്‍ എന്ന എഴുത്തുകാരന്‍െറ സര്‍ഗശക്തിയിലാണ് രൂപംകൊള്ളുന്നത്. അതാണ് എഴുത്തിന്‍െറ റിയലിസം. തസറാക്കിലേക്ക് ഓരോ തവണ വരുമ്പോഴും ഇക്കാര്യം ഓര്‍ക്കേണ്ടിവരും.
മാര്‍കേസിന്‍െറ മക്കൊണ്ടോ, ടോള്‍സ്റ്റോയിയുടെ എഴുത്തിന്‍െറ രംഗഭൂമി, ഇബ്സന്‍െറ വീട്, ഷേക്സ്പിയറുടെ ഭൂമിക ഇതെല്ലാം ഇന്നും കാണാന്‍ ലോകത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ പ്രവഹിക്കുന്നു. ‘ലിറ്റററി ടൂറിസം’ എന്നു വിളിക്കുന്ന പ്രതിഭാസം.  അമേരിക്കയില്‍ ന്യൂമെക്സികോ, അരിസോണ തുടങ്ങിയ സ്ഥലങ്ങളില്‍ മറ്റൊരുതരം കാഴ്ചകളുണ്ട്. ഉപേക്ഷിക്കപ്പെട്ട ഖനികള്‍, അണഞ്ഞ അഗ്നിപര്‍വത മേഖലകള്‍ എന്നീ പ്രദേശങ്ങളില്‍. പ്രേതങ്ങള്‍ കഴിയുന്ന സ്ഥലം, അന്യഗ്രഹ ജീവികളും അരൂപികളും വരുന്ന സ്ഥലം എന്നൊക്കെപ്പറഞ്ഞ് വേണമെങ്കില്‍ അന്ധവിശ്വാസം എന്നു വിളിക്കാവുന്ന കാര്യങ്ങളിലേക്ക് മനുഷ്യരെ ആകര്‍ഷിക്കുന്ന ടൂറിസം. ഇതാ ഒരന്യഗ്രഹ ജീവി ഒരു മണിക്കൂര്‍മുമ്പ് ഇവിടെയിരുന്ന് ഭക്ഷണംകഴിച്ച് പോയതിന്‍െറ അവശിഷ്ടങ്ങളാണിതൊക്കെ എന്ന് ടൂര്‍ ഓപറേറ്റര്‍ പറയും. പെട്ടെന്ന് മിന്നിത്തിളങ്ങുന്ന വെളിച്ചത്തില്‍ പ്രത്യേക തരത്തിലുള്ള മനുഷ്യരും ജീവികളും കടന്നുപോകുന്ന ദൃശ്യങ്ങള്‍. സത്യത്തില്‍ അതൊരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആണ്. പക്ഷേ, മനുഷ്യര്‍ എന്തുകൊണ്ട് അതിലേക്കാകര്‍ഷിക്കപ്പെടുന്നു. ഒരു ഭാവനാശാലിക്ക് അതില്‍നിന്നും ചിലത് ഉള്‍ക്കൊള്ളാനുണ്ടാകും. യുദ്ധഭൂമികളും പീഡനമുറികളും തടവറകളും കാണാന്‍ പലരും പോകാറുണ്ട്. ഞാനിത് പറഞ്ഞത് മനുഷ്യര്‍ പലതരത്തിലുള്ള യാത്രകളും സന്ദര്‍ശനങ്ങളും പുന$സന്ദര്‍ശനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നു സൂചിപ്പിക്കാനാണ്. യാത്രയിലാണ് ഏതൊരു മനുഷ്യനിലെയും ഭാവനാശാലി ഉണരുന്നത്. ഒരു സാഹിത്യകൃതിയെ മറ്റു കലാരൂപത്തിലും കാണാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രശസ്തങ്ങളായ കൃതികള്‍ക്ക് സിനിമ-നാടക രൂപമുണ്ടാകുന്നത്. അത് കേവല അഡാപ്റ്റേഷന്‍ അല്ല, ഇംപ്ളാന്‍റിങ്, റീക്രിയേഷന്‍ എന്ന നിലയിലാണ് കാണേണ്ടത്. എന്നാല്‍, ചില കൃതികളെ സിനിമയോ നാടകമോ ആക്കാന്‍ പറ്റില്ല. വായനക്കാരുടെ മനസ്സില്‍ അവ അത്രയും വളര്‍ന്നുകഴിഞ്ഞിട്ടുണ്ടാകും. ഖസാക്ക് സിനിമയാക്കാന്‍ പറ്റില്ളെന്നാണ് ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്‍െറ തോന്നല്‍.
 അതിരിക്കട്ടെ. അതത് നാട്ടുകാരാണ് തങ്ങളുടെ നാടിനെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച പ്രതിഭകളുടെ ഓര്‍മകള്‍ സംരക്ഷിക്കാന്‍ മുന്നിലുള്ളത്.  എന്നാല്‍, കേരളത്തില്‍ ഭൂമി പൂര്‍ണമായും വില്‍ക്കാനും വാങ്ങാനുമുള്ള സാധനമായി മാറിയതോടെ നമ്മുടെ എഴുത്തുകാരുടെ രംഗഭൂമികള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയാതെവന്നിരിക്കുന്നു. ഒപ്പം, കക്ഷിരാഷ്ട്രീയ, മത-സാമുദായിക സമവാക്യങ്ങള്‍ എഴുത്തുകാരെയും കലാകാരന്മാരെയും പ്രതിഭാശാലികളെയും പുറന്തള്ളാന്‍ മത്സരിക്കുകയുമാണ്. വികസനത്തില്‍ പ്രതിഭകളുടെ ഓര്‍മകള്‍ക്ക് ഒരു വിലയുമില്ളെന്ന് വരുത്തുന്നതില്‍ അവര്‍ വിജയിക്കുകയാണ്.

 

ശില്‍പങ്ങളുടെ കണ്ണീര്‍
വിജയനും സഹോദരി ശാന്ത ടീച്ചറും തസറാക്കില്‍ താമസിച്ച ഞാറ്റുപുര (ശിവരാമന്‍നായരുടെ ഞാറ്റുപുര) സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്ക് കാണാവുന്ന സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. അത്രയും നല്ലത്. എന്നാല്‍, നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ശില്‍പികള്‍ ഖസാക്കിന്‍െറ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ കല്ലില്‍ കൊത്തിയെടുത്തത് എവിടെ സ്ഥാപിക്കണമെന്നറിയാതെ പാലക്കാട്ടെ ഡി.ടി.പി.സി ഓഫിസ് മുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഈ യാത്രയില്‍ ആ കാഴ്ച കണ്ടു. വി.കെ. രാജന്‍, ജോണ്‍സ് മാത്യു, ജോസഫ് എം. വര്‍ഗീസ്, പി.എച്ച്. ഹോചിമിന്‍ എന്നീ ശില്‍പികളാണ് ഇവ കരിങ്കല്ലില്‍ കൊത്തിയെടുത്തത്. തസറാക്കിലേക്കുള്ള പ്രവേശവഴിയില്‍ സാഞ്ചിയിലെ സ്തൂപംപോലുള്ള ഒരു കമാനകവാടമുണ്ട്. അതിന്‍െറ വശങ്ങളില്‍ ശില്‍പങ്ങള്‍ സ്ഥാപിക്കാനായിരുന്നു പരിപാടി. എന്നാല്‍, ഈ ശില്‍പങ്ങളെ ആ കമാനത്തിന് താങ്ങാനാവില്ല. കരിങ്കല്ലിന്‍െറ കനംമൂലം. പാലക്കാട്ടെ നഗര സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി ശില്‍പങ്ങള്‍ സ്ഥാപിക്കാമെന്ന ധാരണ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പുരാവസ്തു വകുപ്പിന്‍െറകൂടി (പാലക്കാട് കോട്ട മൈതാനത്തോടുചേര്‍ന്ന്) അധികാരപരിധിയില്‍ വരുന്നതാണ്. അവരുടെ സമ്മതം കിട്ടാതെ ശില്‍പങ്ങള്‍ സ്ഥാപിക്കാനാവില്ല. ആ സമ്മതം ഇതുവരെ കിട്ടിയിട്ടില്ല, കിട്ടുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയുമില്ല. വിജയന്‍െറ സഹോദരി ഉഷച്ചേച്ചി (ഒ.വി. ഉഷ) വിജയന്‍സ്മരണ നിലനിര്‍ത്താനായി ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ആ ഫൗണ്ടേഷനില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്.


ആ നാട്ടിടവഴിയില്‍...
ഖസാക്കിലെ ഞാറ്റുപുര, പള്ളി, അറബിക്കുളം, ഏകാധ്യാപക വിദ്യാലയം എന്നിവ കഷ്ടി 100 മീറ്റര്‍ നീളമുള്ള ഒരു നാട്ടിടവഴിയിലാണ് നില്‍ക്കുന്നത്. പക്ഷേ, ഇതുവഴി നടന്നുപോവുകയും ജീവിക്കുകയും ചെയ്തവരെ നോവലില്‍ കാണുമ്പോള്‍ ഒരു പെരുമ്പാതയിലാണ് കഥ നടന്നതെന്ന് നമുക്ക് തോന്നും. ഭാവനയുടെ വിസ്തൃതി എന്തുമാത്രം ആഴങ്ങളെയും പരപ്പുകളെയും ഉള്‍ക്കൊള്ളുന്നുവെന്ന് ഓരോ തസറാക്ക് യാത്രയിലും ഈ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍ക്കും. കലയും സാഹിത്യവും മനുഷ്യജീവിതത്തെ പകര്‍ത്തിയ വിസ്തൃതി ആ നാട്ടിടവഴിയിലൂടെയുള്ള നടത്തം വീണ്ടും വര്‍ധിപ്പിച്ചു. അവിടെ പീടികമുറിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ജമാല്‍ ഈ നാട്ടിടവഴി ടാര്‍ ചെയ്യാത്തതിനെക്കുറിച്ചും കുടിവെള്ളം കിട്ടാത്തതിനെക്കുറിച്ചും പരാതിപ്പെട്ടു. ഞാറ്റുപുര സന്ദര്‍ശനത്തിന് വന്ന സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനെ അടിസ്ഥാനസൗകര്യ വികസനത്തിനായി തടഞ്ഞ കാര്യവും പറഞ്ഞു. പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഈ സ്ഥലം നില്‍ക്കുന്ന വാര്‍ഡിലെ അംഗം കോണ്‍ഗ്രസും. വി.എസ്. അച്യുതാനന്ദന്‍െറ മണ്ഡലത്തിലാണ് തസറാക്ക് വരുക. പക്ഷേ, ആരും ഈ പ്രദേശത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനത്തില്‍ താല്‍പര്യമെടുക്കുന്നില്ല. ഖസാക്കിനെയും ഒ.വി. വിജയനെക്കുറിച്ചുമൊക്കെ എഴുതുമ്പോള്‍ ഞങ്ങളുടെ പ്രശ്നത്തെക്കുറിച്ച് പറഞ്ഞാല്‍ സഹായകരമായിരിക്കുമെന്ന് ജമാല്‍ സൂചിപ്പിച്ചു.

പള്ളിയും ആ കടമുറികളും
തസറാക്കിലെ പഴയ പള്ളി പൊളിച്ചു പണിതിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയം നടന്നിരുന്ന സ്ഥലം (മൂന്നു കടമുറികള്‍) ഇപ്പോള്‍ കുടുംബങ്ങള്‍ താമസിക്കുന്ന വാടക വീടുകളായി മാറിയിരിക്കുന്നു. ഖസാക്കില്‍ ജിന്നുകളും ഇഫ്രീത്തുകളും നീരാടാന്‍ ഇറങ്ങിയ അറബിക്കുളം (പള്ളിക്കുളം) പച്ചപ്പായല്‍ മൂടിക്കിടക്കുന്നു. ആ കുളവും വിജയന്‍െറ ഭാവനയിലാണ് എത്രയോ വിസ്തൃതിയിലേക്ക് വളര്‍ന്നതെന്ന് അത് കാണുമ്പോള്‍ മനസ്സിലാകും. പള്ളിക്കും കടമുറികള്‍ക്കും ഇടയില്‍ ദാറുല്‍ ഉലൂം മദ്റസ പ്രവര്‍ത്തിക്കുന്നു. അള്ളാപ്പിച്ച മൊല്ലാക്കയുടെ കാലടികള്‍ ഇപ്പോഴും അവിടെ സ്പന്ദിക്കുന്നതായും ഖാളിയാര്‍ അതുവഴി നടന്നകലുന്നതായും തോന്നി.  

അള്ളാപ്പിച്ചയുണ്ടായിരുന്നു, പണിക്കര്‍മാരുണ്ടായിരുന്നില്ല
ആലത്തൂരില്‍ രാജഗോപാലമേനോനെ കണ്ടു. തസറാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യ അധ്യാപകന്‍. അവിടെ ജോലിചെയ്താണ് അദ്ദേഹം അധ്യാപകവൃത്തി ആരംഭിച്ചത്. മേനോന്‍െറ സര്‍വിസ് ബുക്കില്‍ ആദ്യവരിയില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. അള്ളാപ്പിച്ച മൊല്ലാക്ക മാത്രമാണ് യഥാര്‍ഥ കഥാപാത്രമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെല്ലാം ഭാവനയാണ്. ഏകാധ്യാപക വിദ്യാലയം തുടങ്ങിയപ്പോള്‍ സ്കൂള്‍ അടിച്ചുവാരാനും ഒരുക്കാനും എന്നും സഹായിച്ചിരുന്നത് മൊല്ലാക്കയായിരുന്നു. വലിയ സഹായി ആയിരുന്നു. കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിലും വലിയ താല്‍പര്യമായിരുന്നു. നല്ല അടുപ്പവുമായിരുന്നു.
എന്നാല്‍, ഖസാക്ക് ഒരു നല്ല കൃതിയാണെന്ന് മേനോന് അഭിപ്രായമില്ല. വേണ്ടാത്ത പല ചിത്രീകരണങ്ങളും അതില്‍ കടന്നുകൂടി എന്നാണ് അദ്ദേഹത്തിന്‍െറ വിമര്‍ശം. ഭാവന, കഥാപാത്രങ്ങള്‍, ആഖ്യാനം തുടങ്ങി എഴുത്തിന്‍െറ ഭാഗമായി ഒരു വലിയ എഴുത്തുകാരനില്‍ വന്നുചേര്‍ന്ന നിരവധി കാര്യങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഖസാക്കിന്‍െറ ഇതിഹാസം ഉണ്ടായിരിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നോവലിന്‍െറ ബീജവുമായി തസറാക്ക് വിട്ട വിജയന്‍ ഡല്‍ഹി ജീവിതത്തിനിടെ തന്‍െറ ഭാവനാലോകത്താണ് ഈ കൃതി വിളയിച്ചെടുത്തതെന്നും പറഞ്ഞു.
പാലക്കാട്ടെ ഈഴവരെ പണിക്കര്‍ എന്നു വിളിക്കാറില്ല. തെക്കന്‍ കേരളത്തില്‍ അങ്ങനെ വിളിക്കാറുമുണ്ട്. ഖസാക്കില്‍ ഈഴവര്‍ പണിക്കര്‍മാരാണ്. ഇത് എങ്ങനെ സംഭവിച്ചു. ഡല്‍ഹി ജീവിതത്തില്‍ വിജയന്‍ കണ്ട തെക്കന്‍ കേരളത്തിലെ ഈഴവരെ വിളിക്കുന്ന പേര് ഖസാക്കില്‍ വന്നുചേരുകയായിരുന്നു. ഇതൊരു ഗംഭീരമായ അബദ്ധമാണെന്നു പറയാം. പക്ഷേ, നോവലിസ്റ്റ് മറ്റൊരു സ്ഥലത്തുനിന്ന്, മറ്റൊരു ജീവിത സന്ദര്‍ഭത്തില്‍നിന്ന്, അവിടെ കഴിയുന്ന ഈഴവരെ, അവരുടെ വിളിപ്പേരിനെ നോവലിലേക്ക് കൊണ്ടുവന്നു. ഖസാക്ക് തസറാക്കിന്‍െറ മാത്രം കഥയല്ല, അങ്ങനെ തോന്നുന്നതില്‍ ശരിയില്ല. ഭാവനയിലും മറ്റു പല ഘടകങ്ങളിലുംകൂടി ഉള്‍ച്ചേര്‍ന്നാണ് നോവല്‍ ഉണ്ടായിരിക്കുന്നത്.


പടമെടുക്കരുത്, ആടുകള്‍ക്ക് ദീനം വരും
പള്ളിക്കും മദ്റസക്കും എതിര്‍വശത്തുള്ള പാടത്ത് ചെമ്മരിയാടിന്‍ കൂട്ടം മേയുന്നുണ്ട്. ചെമ്മരിയാടുകളും താറാവിന്‍ കൂട്ടങ്ങളും പാലക്കാടിന്‍െറ പ്രത്യേകതയാണ്. കുട്ടനാട്ടില്‍ മാത്രമാണ് താറാവിന്‍ കൂട്ടങ്ങള്‍ ഉള്ളതെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. അതു ശരിയല്ല. ചെമ്മരിയാടുകള്‍ക്ക് നടുവില്‍നിന്ന് ഫോട്ടോ എടുത്താല്‍ നന്നായിരിക്കുമെന്ന് ഫോട്ടോഗ്രാഫര്‍ മുസ്തഫ ആഗ്രഹം പ്രകടിപ്പിച്ചു. ആകാമല്ളോ എന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ, ഇടയന്‍ തടഞ്ഞു. ആടുകളുടെ പടമെടുക്കരുത്, അങ്ങനെ ചെയ്താല്‍ അവ ദീനംവന്ന് ചത്തുപോകും. മുതലാളി പറഞ്ഞിട്ടുണ്ട്, പടമെടുക്കരുതെന്ന്. മുമ്പ് ഇത്തരത്തില്‍ ഒരാള്‍ ഫോട്ടോകളെടുത്തപ്പോള്‍ ആടു ചത്തുപോയതായും അയാള്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും തസറാക്കിന്‍െറ ആഴങ്ങളില്‍ വേരോട്ടമുള്ളതാണ്.  പടമെടുക്കാന്‍ കഴിയാത്തതില്‍ ഫോട്ടോഗ്രാഫര്‍ക്ക് നിരാശ വന്നു. പക്ഷേ, ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രം ഫ്രെയിമിലേക്ക് കയറിവന്നതുപോലെയായിരുന്നു ആ അനുഭവം. തസറാക്കില്‍ എന്നും ആ പഴയ മാജിക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു.

ഹാ, തുമ്പികള്‍
ഖസാക്കില്‍ ഒരു ശ്മശാനമുണ്ടായിരുന്നു. ദഹിപ്പിച്ചതിനുശേഷം ആളുകള്‍ കുളിക്കുന്ന കുളവും. ചെമ്മരിയാടിന്‍ പറ്റങ്ങള്‍മേഞ്ഞ പാടത്തെ നീണ്ട വരമ്പുകളിലൂടെ നടന്ന് കുളത്തിന്‍െറ വക്കിലത്തെി. പലതരം ചെടികള്‍ വളര്‍ന്ന് പായല്‍കലര്‍ന്ന് ആ കുളവും മൂടിപ്പോയിരിക്കുന്നു. മുളകളും മരങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന വിശാലമായ ഒരിടവഴി കുളത്തിലേക്കുള്ള തുറസ്സാണ്. ശബ്ദങ്ങളൊന്നുമില്ലാത്ത ഏകാന്ത വിജനമായിരുന്നു ആ സ്ഥലം. പൊടുന്നനെ തലയില്‍ വൈക്കോല്‍ കെട്ടുമായി രണ്ട് സ്ത്രീകള്‍ അതുവഴി കടന്നു വന്നു. ആ നിശ്ശബ്ദതയെ ഭേദിക്കാന്‍ അവരും ഇഷ്ടപ്പെട്ടില്ളെന്നു തോന്നുന്നു. അവര്‍ നടക്കുന്നതിന്‍െറ ശബ്ദം പോലും കേട്ടില്ല.
അപ്പോള്‍ കുളത്തിലെ ചെടികള്‍ക്കുമുകളിലായി തുമ്പികള്‍ ഉയര്‍ന്നുപാറുന്നത് കണ്ടു. അതെ, ഖസാക്കിലെ അതേ തുമ്പികള്‍. വേലിപ്പടര്‍പ്പിലും ചെടിക്കൂട്ടങ്ങളിലും വെയില്‍വെളിച്ചത്തിലും ഖസാക്കില്‍ പാറിനടന്ന അതേ തുമ്പികള്‍. പക്ഷേ, അവ എണ്ണത്തില്‍ തീര്‍ത്തും കുറവായിരുന്നു. മനുഷ്യന്‍ കാലത്തിനും പ്രകൃതിക്കുമേല്‍പിച്ച ആഘാതത്തിന്‍െറ സൂചകങ്ങളായി എണ്ണത്തില്‍ കുറഞ്ഞ തുമ്പികള്‍ ആ പ്രകൃതിയില്‍ പറന്നുനടക്കുന്നത് തുടര്‍ന്നു.

Show Full Article
TAGS:
Next Story