ഹവ്വയുടെ നനഞ്ഞ കണ്ണുകള്‍
text_fieldsസുഡാനിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കേണ്ടിവന്ന ആ പത്രപ്രവര്‍ത്തകന്‍ വാര്‍ത്തകള്‍ക്കൊപ്പം ‘In the country of longing’ എന്ന നോവലും എഴുതി. ആ രചന ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നു. പത്രപ്രവര്‍ത്തകനില്‍ നിന്നും നോവലിസ്റ്റിലേക്കുള്ള രൂപാന്തരം റിയാസ് ബാബു എന്ന മലയാളിയിലുണ്ടാക്കിയ അനുഭവം വേറിട്ടതായിരുന്നു.
വംശീയകലാപത്തിന്‍െറ- യുദ്ധത്തിന്‍െറ തീച്ചൂളയില്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ദര്‍ഫുര്‍ വെന്തുരുകുന്ന കാലത്ത് അവിടെ പത്രപ്രവര്‍ത്തകനായി എത്തിയ തൃശൂര്‍ മാള സ്വദേശി റിയാസ് ബാബുവിന് അന്നു കണ്ട കാഴ്ചകളും ലഭിച്ച അനുഭവങ്ങളും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ജീവിതത്തെ നിതാന്തമായി വേട്ടയാടുന്ന ആ അനുഭവം പത്ര റിപ്പോര്‍ട്ടുകളും ഫീച്ചറുകളും മാത്രമാക്കിയാല്‍ പോരെന്നും നോവലാക്കിമാറ്റി ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും മുന്നില്‍ എത്തിക്കണമെന്നും റിയാസ് തീരുമാനിച്ചു. അതത്തേുടര്‍ന്ന് 250 പേജുള്ള ഇംഗ്ളീഷ് നോവല്‍ ‘In the country of longing’ (തീരാമോഹങ്ങളുടെ നാട്ടില്‍) അദ്ദേഹം എഴുതി.
ദര്‍ഫുര്‍ യുദ്ധ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അവിടെയത്തെിയ നോവലിസ്റ്റിനെ വിടാതെ പിന്തുടര്‍ന്നത് അനാഥരായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ നോട്ടങ്ങളാണ്. വിടര്‍ന്ന കണ്ണുകളുള്ള കരിഞ്ഞുണങ്ങിയ മക്കള്‍. അവരെ ചെറിയ തോതില്‍പോലും സഹായിക്കുന്നതില്‍ താന്‍ നിസ്സഹായനാണെന്ന തിരിച്ചറിവ് ഈ എഴുത്തുകാരനെ പൊള്ളിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ പൊള്ളലുകളും മുറിവുകളും ഈ നോവല്‍ വായിക്കുന്നവരെ പിടിച്ചുലക്കും. ഈ അഭിമുഖത്തില്‍ നോവലിനെക്കുറിച്ചും മാധ്യമ പ്രവര്‍ത്തന ജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
താങ്കളുടെ മാധ്യമ പ്രവര്‍ത്തനത്തിന്‍െറ തുടക്കം എങ്ങനെയാണ്?
മാധ്യമം ദിനപത്രത്തിന്‍െറ മാള ലേഖകനായാണ് ഞാന്‍ ആരംഭിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രാദേശിക ലേഖകനായുള്ള തുടക്കം.
പിന്നീട് ദുബൈയിലേക്ക് പോയി?
സുഹൃത്തും കവിയും മാധ്യമപ്രവര്‍ത്തകനുമായ കുഴൂര്‍ വില്‍സനെ കാണാനായിരുന്നു ആ യാത്ര. അദ്ദേഹത്തെക്കണ്ട് മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് പത്രപ്രവര്‍ത്തനത്തിന് ദുബൈയിലുള്ള സാധ്യതകളെക്കുറിച്ച് സുഹൃത്തുക്കള്‍ ഓര്‍മിപ്പിച്ചത്. അങ്ങനെ ഒരു മലയാള പത്രത്തിന്‍െറ റിപ്പോര്‍ട്ടറായി. പിന്നെ മറ്റു ചില ഇംഗ്ളീഷ് പത്രങ്ങളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നാണ് ഖലീജ് ടൈംസില്‍ ചേരുന്നത്. പിന്നീട്, ഓരോ രാജ്യങ്ങളിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രകള്‍ പതിവായി. യാത്രകളും സൗഹൃദങ്ങളും കൊണ്ട് എന്‍െറ ജീവിതം മാറിമറിഞ്ഞു എന്ന് പറയുന്നതാകും ശരി. ഇതിനിടെ 50 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. സി.ഐ.എ മുന്‍മേധാവി ഡേവിഡ് പെട്രോയിസ്, ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ് ലോ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഏറെ വായനക്കാരെയുണ്ടാക്കിയ സ്റ്റോറികളാണ്.
ദുബൈയിലെ നിര്‍മാണ മേഖലയിലും മറ്റ് അടിസ്ഥാന മേഖലകളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം അവരുടെ നിത്യഭക്ഷണത്തിനുപോലും തികയാത്തതാണെന്ന താങ്കളുടെ റിപ്പോര്‍ട്ട് പിന്നീട് ലോകമാധ്യമങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി?
അതെ. അത് ദുബൈയിയുടെ മറ്റൊരു മുഖത്തെ കാണിച്ചു. തൊഴിലാളികള്‍ക്ക് മിനിമം കൂലി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ആ വാര്‍ത്തയെക്കുറിച്ച് ഇന്നും പല മാധ്യമപ്രവര്‍ത്തകരും ചോദിക്കാറുണ്ട്. ഫീച്ചര്‍ വായിച്ചശേഷം എത്രയോ തൊഴിലാളികള്‍ എന്നെ വിളിച്ചു നന്ദി പറഞ്ഞു. അവരുടെ വര്‍ത്തമാനങ്ങളിലെല്ലാം കണ്ണീരിന്‍െറ നനവുണ്ട്.
ദര്‍ഫുറില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച്?
2004ലാണത്. ദര്‍ഫുര്‍ ക്രൈസിസിന്‍െറ ആദ്യഘട്ടം പിന്നിട്ടതിനുശേഷം.ആഫ്രിക്കന്‍ രാജ്യങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി സുഡാനില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാനാണ് പോകേണ്ടതെന്ന് ഖലീജ് ടൈംസ് ന്യൂസ് എഡിറ്റര്‍ പറഞ്ഞിടത്തുനിന്നാണ് ആ യാത്രയുടെ തുടക്കം. ആ അസൈന്‍മെന്‍റ് എന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, അവിടെ എത്തിയപ്പോഴാണ് ഞാനേറ്റെടുത്ത ദൗത്യത്തിന്‍െറ ഗൗരവം തിരിച്ചറിഞ്ഞത്. ഓരോ കാഴ്ചയിലും മുറിപ്പാടേറ്റ മനുഷ്യരുടെ കാഴ്ചകള്‍.
താങ്കള്‍ അവിടെ എത്തുമ്പോഴേക്കും ആ പ്രദേശം അഭയാര്‍ഥികളാല്‍ നിറഞ്ഞിരുന്നു. പലയിടത്തും അഭയാര്‍ഥി ക്യാമ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു?
അതെ. ആ യാത്രയില്‍ ഞാന്‍ ദര്‍ഫുറിലെ അല്‍ റിയാദ് അഭയാര്‍ഥി ക്യാമ്പിലാണ് ആദ്യം ചെന്നത്. യു.എന്‍ അഭയാര്‍ഥി ക്യാമ്പായിരുന്നു അത്. ഛാദ് അതിര്‍ത്തിയില്‍നിന്നും ജീവനും കൊണ്ടോടി വന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്. പിറന്ന മണ്ണും ജീവിതവും വിട്ടോടി വന്ന നിരാലംബരുടെ ക്യാമ്പിലെ കാഴ്ചകള്‍ നമുക്കൊന്നും സങ്കല്‍പിക്കാന്‍ പറ്റുന്നതല്ല. അക്രമികളുടെ ഇരയാകേണ്ടിവന്നവരുടെ മുറിപ്പാടുകളില്‍നിന്നും ഒലിച്ചിറങ്ങിയ ചോരയും അവരുടെ കണ്ണുകളില്‍ പടര്‍ന്ന ആധിയും.
ആ ക്യാമ്പില്‍ വെച്ചാണ് നോവലിലെ മുഖ്യകഥാപാത്രങ്ങളിലൊരാളായ അഞ്ചുവയസ്സുകാരിയെ താങ്കള്‍ നേരില്‍ കാണുന്നത്? നോവലില്‍ അവളുടെ പേര് ഹവ്വ എന്നാണ്.
ആ ക്യാമ്പില്‍ എന്നെ ഏറെ വേദനിപ്പിച്ചതും ആകര്‍ഷിച്ചതും ആ കുട്ടിയായിരുന്നു. അവളുടെ ഭാഷ എനിക്കറിയുമായിരുന്നില്ല. എന്നാല്‍, ഞാന്‍ അവളോട് സംസാരിച്ചു. നിശ്ശബ്ദമായി അവള്‍ എന്നോടും സംസാരിച്ചു. പതിയെ പതിയെ ഞങ്ങള്‍ സുഹൃത്തുക്കളായി. എന്‍െറ പിന്നാലെ അവള്‍ അവിടെയെല്ലാം നടന്നു. ഒരുപക്ഷേ, അവളുടെ മാതാപിതാക്കള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടിരിക്കാം. അല്ളെങ്കില്‍, കൂടപ്പിറപ്പുകളെ നഷ്ടപ്പെട്ടതായിരിക്കാം.
നഷ്ടപ്പെടലിന്‍െറയും നെഞ്ചുരുകലിന്‍െറയും രൂപമായിരുന്നു ആ ചെറിയ കുട്ടിയും. പിരിയാന്‍ നേരം അവള്‍ ഏറെ നേരം നോക്കിനിന്നു. ഇന്നും ആ കൊച്ചു പെണ്‍കുട്ടി എന്‍െറ മനസ്സില്‍നിന്നും വിട്ടു പോയിട്ടില്ല. ആ നിസ്സഹായമായ നോട്ടം, കണ്ണുകള്‍ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറ്റൊരു കാര്യംകൂടി ഓര്‍ക്കണം. സുഡാനിലെ കുട്ടികളെക്കുറിച്ച് ആംനസ്റ്റി പോലുള്ള മനുഷ്യാവകാശസംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. മാതാപിതാക്കള്‍ നഷ്ടമാകുകയോ വീടുകളില്‍നിന്ന് കുടിയിറക്കപ്പെടുന്നതോ മാത്രമല്ല, യുദ്ധത്തില്‍ കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. അതുകൊണ്ടുതന്നെ തീരെ ചെറുപ്രായത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളും അംഗഭംഗം വന്ന കുട്ടികളും സുഡാനില്‍ വാര്‍ത്തയല്ല.
നിശ്ശബ്ദതയാണ് ഈ നോവലിലെ ഭാഷയില്‍ കാണാനാകുന്നത്. ശബ്ദങ്ങള്‍, സംസാരങ്ങള്‍ എന്നിവയെ ബോധപൂര്‍വം കുറക്കാന്‍ ശ്രമിക്കുന്നതുപോലെ?
അതെ. നോവലിലെ എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലും അര്‍ഥത്തില്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. ദര്‍ഫുര്‍ പ്രതിസന്ധിയില്‍ അനാഥരാക്കപ്പെട്ടവര്‍. ഞാന്‍ കണ്ട മിക്ക മനുഷ്യരും ഭാഷ പോലും മറന്ന നിലയിലുള്ളവരായിരുന്നു. ഹവ്വ തന്നെ സംസാരിക്കാന്‍ മറന്നതുപോലെയായിരുന്നു. ആ അവസ്ഥ എഴുത്തിലേക്ക് വന്നു. അതുകൊണ്ട് നിശ്ശബ്ദതയുടെ ഭാഷ നോവലിന്‍െറ ഘടനയില്‍ ശക്തമായി. മാത്രവുമല്ല, പടിഞ്ഞാറന്‍ നാടുകളില്‍നിന്നുള്ളവര്‍ ദര്‍ഫുറിനെക്കുറിച്ച് പല പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അവയെല്ലാം വളരെ ഡോഗ്മാറ്റിക്കായതാണെന്നാണ് എന്‍െറ അഭിപ്രായം. പലതും അക്കാദമിക്കായതാണ്. അത്തരം രചനകളില്‍ മനുഷ്യവികാരം എന്ന കാര്യത്തിന് ഒരു വിലയും കല്‍പിക്കുന്നത് കാണാനാവില്ല.
മനുഷ്യവികാരത്തെ പിന്തുടരുന്നത് പ്രധാനമാണെന്ന് തോന്നുന്നു. ഈ കാഴ്ചപ്പാടിലായിരിക്കണം താങ്കളിലെ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനും വേര്‍ തിരിയുന്നത്?
ഇറാഖില്‍ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത നമ്മള്‍ വീട്ടിലോ മറ്റോ ഇരുന്ന് വായിക്കുന്നു. നമ്മളിലത് പ്രത്യേകിച്ച് വികാരങ്ങളൊന്നുമുണ്ടാക്കുന്നില്ല. പക്ഷേ, ആ മരിച്ചവര്‍ 10 കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്നവരായിരിക്കും. അല്ളെങ്കില്‍, അതോടെ ഒരു കുടുംബം മുഴുവന്‍ ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെടുകയായിരിക്കും. മരിച്ചവര്‍ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ മകനോ മകളോ ആയിരിക്കാം. അങ്ങനെ കാണാന്‍കഴിയുമ്പോഴാണ് വികാരം എന്ന കാര്യം കടന്നുവരുന്നത്. നോവലില്‍ മനുഷ്യജീവിതം നേരിട്ട വലിയൊരു കെടുതിക്ക് വികാരം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. ഒരു മാധ്യമവാര്‍ത്ത മറ്റൊരു വാര്‍ത്ത വരുമ്പോള്‍ നാം മറന്നുപോകുന്നു. മാധ്യമ പ്രവര്‍ത്തനത്തിന്‍െറ ഒരു പ്രതിസന്ധിയാണത്. അങ്ങനെ സംഭവിക്കരുതെന്നതുകൊണ്ടാണ് ഞാന്‍ മനുഷ്യപ്രശ്നങ്ങളുടെ വികാരലോകംകൂടി കൊണ്ടുവരാനായി നോവല്‍ എഴുതുന്നത്.
ഈ നോവല്‍ മുതിര്‍ന്നവരുടെ കൃത്യങ്ങള്‍മൂലം ഇരയാക്കപ്പെടുന്ന കുട്ടികളെക്കുറിച്ചാണ് കൂടുതലായും പറയുന്നത്?
അതെ. അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ചുറ്റും എന്താണ് നടന്നതെന്നുപോലും അറിയില്ല. മുതിര്‍ന്ന മനുഷ്യര്‍ എന്തിനു യുദ്ധം ചെയ്യുന്നുവെന്നും അവര്‍ക്കറിയില്ല. അവര്‍ ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു പ്രവൃത്തിയുടെ ഇരകളായി അവര്‍ മാറുന്നു. ദര്‍ഫുര്‍ എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതാണ്. ഈ നോവലുണ്ടായത് ആ തിരിച്ചറിവില്‍നിന്നും പശ്ചാത്തലത്തില്‍നിന്നുമാണ്.
സുഡാനിലെ പട്ടിണി വാര്‍ത്തകള്‍ എക്കാലത്തും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. കെവിന്‍ കാര്‍ട്ടറുടെ ചിത്രം എല്ലും തോലുമായ, മൃതപ്രായനായ കുട്ടിയെ മരിച്ചുകഴിഞ്ഞാല്‍ ഭക്ഷിക്കാനിരിക്കുന്ന കഴുകന്‍െറ ചിത്രം ഹൃദയമുള്ളവര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. പട്ടിണിയുടെ രംഗങ്ങള്‍
ദര്‍ഫുറിലെ ക്യാമ്പുകളില്‍ നിത്യക്കാഴ്ചയായിരുന്നല്ളോ?
അവിടെ ജനങ്ങളെ ചികിത്സിക്കാനുള്ള ഒരു ക്യാമ്പില്‍ രണ്ടു ഡോക്ടര്‍മാരാണുണ്ടായിരുന്നത്. ആയിരക്കണക്കിന് രോഗികളാണ് വൈദ്യസഹായം തേടി ക്യൂനിന്നിരുന്നത്. സഹാറ മരുഭൂമിയില്‍ തമ്പ് കെട്ടി അന്നവും അഭയവുമില്ലാതെ കഴിഞ്ഞ മനുഷ്യരെ ഞാനവിടെ കണ്ടു. നമ്മുടെ ധാരണക്കും ഭാവനക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് അവയൊക്കെ. ആ നിലയില്‍ നമ്മള്‍ വലിയ തോതില്‍ ഭാഗ്യവാന്മാര്‍ എന്ന് തന്നെ പറയണം. ആ കാഴ്ചകള്‍ എന്‍െറയുള്ളിലുണ്ടാക്കിയ കിടുക്കം ഇപ്പോഴും വിട്ടുമാറുന്നില്ല. പ്ളാസ്റ്റിക് ഷീറ്റിന് താഴെ പുതക്കാനൊന്നുമില്ലാതെ, കഴിക്കാനൊന്നുമില്ലാതെ പുഴുക്കളെപ്പോലെ നിറഞ്ഞുകവിഞ്ഞ് കിടക്കുന്നവര്‍. അതെല്ലാം നോവലിലേക്ക് കൊണ്ടുവരാനും ലോക മനസ്സാക്ഷിക്കുമുന്നില്‍ അവതരിപ്പിക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുവര്‍ഷക്കാലം ഞാന്‍ ഈ നോവല്‍ എഴുതുകയായിരുന്നു. അഭയാര്‍ഥികള്‍, മനുഷ്യക്കടത്ത്, അന്ധവിശ്വാസങ്ങള്‍, സ്നേഹവും സ്നേഹനിരാസങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു പ്രപഞ്ചം. ഒരര്‍ഥത്തില്‍ വളരെ ഇരുണ്ട ഒരു ലോകമാണ് നോവലില്‍ കാണുന്നത്. എല്ലാ കെടുതികളിലും മനുഷ്യന്‍ മുന്നോട്ടുപോകുന്നത് പ്രതീക്ഷകള്‍കൊണ്ടുകൂടിയാണ്. ഇരുണ്ട ലോകങ്ങളെക്കുറിച്ചുള്ള എഴുത്തെല്ലാം നാളെ വെളിച്ചം വരാന്‍ വേണ്ടിയുള്ളതാണ്. പക്ഷേ, ഇരുട്ടിനെ ഇരുട്ടായിത്തന്നെ അവതരിപ്പിക്കണമല്ളോ.
നോവലിന് ലഭിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങള്‍ എങ്ങനെ?
നല്ല പ്രതികരണമാണ്. പല നാടുകളില്‍നിന്നുമുള്ളവര്‍ വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്യുന്നുണ്ട്.
താങ്കളിപ്പോള്‍ നോര്‍വേയിലാണ്. അവിടത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച്?
അവിടെ പത്രങ്ങള്‍ ഇറങ്ങുന്നത് നോര്‍വീജിയന്‍ ഭാഷയിലാണ്. അതുകൊണ്ട് ഭാഷ ആദ്യം പഠിച്ചു. അവിടെ നാഷനല്‍ ടി.വിയില്‍ അന്താരാഷ്ട്ര സംഭവങ്ങളുടെ റിപ്പോര്‍ട്ടിങ് പ്രോജക്ട് ചെയ്യുന്നു. ഇപ്പോള്‍ കേരളത്തില്‍ വന്നത് കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്ന നോര്‍വേയില്‍നിന്നുള്ള കലാകാരന്മാരുടെ പ്രദര്‍ശനം രേഖപ്പെടുത്താന്‍കൂടിയാണ്.
യുദ്ധഭൂമിയിലെ പുകപടലങ്ങള്‍ക്കിടയില്‍ കുട്ടിത്തത്തിന്‍െറ ചിതറിത്തെറിക്കലിനെക്കുറിച്ചാണല്ളോ നോവല്‍. അത് വായനക്കാരെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുക തന്നെ ചെയ്യും.
നന്ദി. അങ്ങനെ സംഭവിക്കട്ടെ...