അനശ്വരതയുടെ 100 ഉറൂബ് വര്‍ഷങ്ങള്‍
text_fields100 വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1915ല്‍ ഇതേ ദിവസമായിരുന്നു ഉറൂബ് ജനിച്ചത്. സാധാരണക്കാരനെയും അവരുടെ ഹൃദയവിചാരങ്ങളെയും തന്‍െറ സ്വന്തം വികാരവിചാരങ്ങളായി തൊട്ടറിഞ്ഞ എഴുത്തുകാരനായിരുന്നു ഉറൂബ്. ജനിച്ച് നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പി.സി.കുട്ടിക്കൃഷ്ണന്‍ എന്ന ഉറൂബിന്‍െറ രചനകള്‍ യൗവനം നശിക്കാതെ ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതിന്‍െറ കാരണം ആ രചനകളുടെ അനുപമമായ ഹൃദയാവര്‍ജകശേഷിയാണ്. ആകാശവാണിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്യവെ പി.സി.കുട്ടിക്കൃഷ്ണന്‍ എന്ന സ്വന്തം പേരിനു പകരം തൂലികാ നാമമായി അദ്ദേഹം സ്വീകരിച്ച പേരായിരുന്നു ഉറൂബ്. അറബി ഭാഷയില്‍ ഉറൂബ് എന്ന വാക്കിനര്‍ഥം യൗവനം നശിക്കാത്തവന്‍ എന്നാണ്. ആ പേരിനെ അന്വര്‍ഥമാക്കാന്‍ അനശ്വരമാക്കാന്‍ അദ്ദേഹത്തിന്‍െറ രചനകള്‍ക്കു കഴിഞ്ഞിരിക്കുന്നു.
'സുന്ദരികളും സുന്ദരന്മാരും' എന്ന ഇതിഹാസസമാനമായ ഒറ്റ നോവല്‍ മതി ഉറൂബിനെ മലയാളി നിത്യവും ഓര്‍മ്മിക്കാന്‍. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, മലബാര്‍ കലാപം, കമ്മ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ മലബാര്‍ കേന്ദ്രമാക്കി നിരവധി വ്യക്തികളുടെ ജീവിതങ്ങളിലൂടെ രാഷ്ര്ടീയസാമൂഹികകുടുംബ ബന്ധങ്ങളില്‍വന്ന വമ്പിച്ച മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന നോവലാണ് 'സുന്ദരികളും സുന്ദരന്മാരും'. ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ എന്നീ നോവലുകളും 'രാച്ചിയമ്മ'യും 'ഗോപാലന്‍നായരുടെ താടി'യും നീര്‍ച്ചാലുകള്‍, താമരത്തൊപ്പി , മുഖംമൂടികള്‍, തുറന്നിട്ട ജാലകം പോലുള്ള സുന്ദരങ്ങളായ നിരവധി ചെറുകഥകളും ഉറൂബ് മലയാളത്തിനു നല്കി. നിഴലാട്ടം, മാമൂലിന്‍്റെ മാറ്റൊലി, പിറന്നാള്‍ എന്നീ കവിതകളും തീ കൊണ്ടു കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും ലേഡി ജാനുവും എന്നീ നാടകങ്ങളും നിരവധി ഉപന്യാസങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, നായര് പിടിച്ച പുലിവാല് , മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം എന്നീ തിരക്കഥകളും അദ്ദേഹം രചിച്ചു. ചുരുക്കത്തില്‍ മലയാള സാഹിത്യത്തിന്‍െറ സമസ്ത മേഖലകളിലും വിരാജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, സുന്ദരികളും സുന്ദരന്മാരും, അമ്മിണി, ചുഴിക്ക് പിന്‍പേ ചുഴി എന്നീ നോവലുകളിലെ സ്ത്രീ കഥാപത്രങ്ങളുടെ നിര്‍മിതി വളരെ ശ്രദ്ധിക്കപ്പെട്ടു.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് പള്ളിപ്രം ഗ്രാമത്തില്‍ 1915ലാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടിക്കൃഷ്ണന്‍ ജനിച്ചത്. കരുണാകരമേനോന്‍-പാറുക്കുട്ടിയമ്മ ദമ്പതിമാരായിരുന്നു അച്ഛനമ്മമാര്‍. കവിതക്കമ്പത്തിലാണ് ഉറൂബിന്‍െറ സാഹിത്യജീവിതം ആരംഭിച്ചത്. പത്താം ക്ളാസ്സില്‍ പഠിക്കുന്ന കാലത്തുതന്നെ കുട്ടികൃഷ്ണന്‍ കവിതയെഴുതിത്തുടങ്ങി. ചെറുപ്പത്തില്‍ മുതിര്‍ന്ന കവിയായ ഇടശ്ശേരി ഗോവിന്ദന്‍നായരുമായി സൗഹൃദത്തിലായി. പിന്നീട് ഇദ്ദേഹത്തിന്‍െറ ഭാര്യാസഹോദരിയെയാണ് കുട്ടിക്കൃഷ്ണന്‍ വിവാഹം കഴിച്ചതും. പൊന്നാനിയിലെ വായനശാലാസദസ്സില്‍ കവിയായറിയപ്പെട്ടിരുന്നെങ്കിലും ആ സദസ്സിലെപ്രമുഖനായിരുന്ന സാക്ഷാല്‍ കുട്ടിക്കൃഷ്ണമാരാര്‍ പി.സി. കുട്ടിക്കൃഷ്ണനെ കവിയായി അംഗീകരിച്ചില്ല. എന്നാല്‍ ക്രമേണ മാരാരെക്കൊണ്ട് തന്‍െറ പ്രതിഭയെ അഗീകരിപ്പിക്കാന്‍ കുട്ടിക്കൃഷ്ണനു സാധിച്ചു. നിരന്തരമായ വായനയും സാഹിത്യ സൗഹൃദങ്ങളും കുട്ടിക്കൃഷ്ണനിലെ എഴുത്തുകാരനെ വളര്‍ത്തിയെടുത്തു. ചെറുപ്പത്തില്‍ മുളപ്പൊട്ടിയ കവിതാക്കമ്പം പിന്നീട് മറ്റു പല മേഖലകളിലേക്കും വ്യാപിക്കുകയും ചെയ്തു.
ഒരു കാലഘട്ടത്തിന്‍െറ കഥകളായിരുന്നു ഉറൂബിന്‍െറത്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടങ്ങളിലെ നായര്‍ തറവാടുകള്‍ തുടങ്ങിവയെല്ലാം അദ്ദേഹത്തിന്‍െറ കഥാസന്ദര്‍ഭങ്ങളില്‍ ഏറ്റവും തന്‍മയീഭാവത്തോടെ പുനര്‍ജനിച്ചു. നൂറു വര്‍ഷം മുന്‍പുള്ള വള്ളുവനാട് താലൂക്കിലെ സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്‍െറ കഥകള്‍ വായിച്ചാല്‍ മാത്രം മതി.
ബഷീറിനെയും പൊറ്റെക്കാടിനെയും പോലെ ഉറൂബും ഒരു സഞ്ചാരകുതുകിയായിരുന്നു. 1934ല്‍ അദ്ദേഹം നാടുവിട്ടു. തുടര്‍ന്നുള്ള ആറു വര്‍ഷം ഇന്ത്യയുടെ പല ഭാഗങ്ങളിലും ചുറ്റിതിരിഞ്ഞു. പല തൊഴിലുകളും ചെയ്തു. തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകള്‍ പഠിച്ചു. ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്‍്റെ രചനകളെ മികവുറ്റതാക്കി മാറ്റിയത്. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്‍െറ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി.
1950ല്‍ കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യാനാരംഭിച്ചതോടെഅദ്ദേഹത്തിന്‍െറ ജീവിതത്തിന് കുറേക്കൂടി അടുക്കും ചിട്ടയും കൈവന്നു. 1952ല്‍ ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനായ സംഗീതസംവിധായകന്‍ കെ.രാഘവനെപ്പറ്റി ഒരു ലേഖനമെഴുതി മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായുപയോഗിച്ചത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അലഞ്ഞുതിരിയുമ്പോള്‍ ചെയ്തിരുന്ന ജോലികള്‍ക്കു പുറമെ മറ്റു പല ജോലികളും അദ്ദേഹം ചെയ്തിരുന്നു. മരക്കമ്പനിയില്‍ കണക്കപ്പിള്ള, കമ്പൗണ്ടര്‍, പ്രഫ. മുണ്ടശ്ശരിയുടെ കേട്ടെഴുത്തുകാരന്‍, മംഗളോദയത്തില്‍ സഹപത്രാധിപര്‍, മനോരമയിലും കുങ്കുമത്തിലും പത്രാപധിപര്‍ അങ്ങനെ പല ജോലികളും അദ്ദേഹം ചെയ്തു. എം.ടി., തിക്കോടിയന്‍, എന്‍.പി.മുഹമ്മദ്, കക്കാട്, കെ.എ. കൊടുങ്ങല്ലൂര്‍, അക്കിത്തം, കെ.പി.കേശവ മേനോന്‍ എന്നിങ്ങനെ വളരെ വപുലമായ സൗഹൃദത്തിവലയത്തിന്‍െറ നേതാവും കൂടിയായിരുന്നു ഇദ്ദേഹം.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ ജന്മശതാബ്ദി പുരസ്ക്കാരം എന്നിവയാണ് ഉറൂബിന് ലഭിച്ച പ്രമുഖ ബഹുമതികള്‍. 1979 ജൂലൈ 10 നു അന്തരിക്കുന്നതുവരെ സാഹിത്യരംഗത്ത്് സജീവമായിരുന്നു ഉറൂബ്.