Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഈ പ്രേക്ഷകര്‍ക്കാണ്...

ഈ പ്രേക്ഷകര്‍ക്കാണ് അവാര്‍ഡ് നല്‍കേണ്ടത്

text_fields
bookmark_border
ഈ പ്രേക്ഷകര്‍ക്കാണ് അവാര്‍ഡ് നല്‍കേണ്ടത്
cancel

അങ്ങിനെ സംഭവബഹുലമാകാതെ അന്താരാഷ്ട്ര നാടകോത്സവത്തിന്‍െറ ഏഴാം പതിപ്പിന് (ഇറ്റ്ഫോക്ക്) തൃശൂരില്‍ തിരശ്ശീല വീണു. സമാപന ദിവസം അരങ്ങേറിയ ‘ ബാംഗ്ളൂര്‍ ഇന്ത്യന്‍ എന്‍സെമ്പിള്‍സി’ന്‍െറ ‘കൗമുദി’ക്ക് അന്ത്യം കുറിച്ചപ്പോള്‍ മുരളി സ്മാരക തിയറ്ററില്‍ അവശേഷിച്ചത് 20 ഓളം പേര്‍. 700 ഓളം പേര്‍ക്കിരിക്കാവുന്ന തിയറ്റര്‍ നാടകം തുടങ്ങുമ്പോള്‍ തിങ്ങിനിറഞ്ഞിരുന്നു. കടിച്ചാല്‍ പൊട്ടാത്ത മലയാളം നോവലും ഇംഗ്ളീഷ് ലേഖനവും ഗീതോപദേശവും സമൂലം അരച്ചുചേര്‍ത്ത് ആറിടങ്ങഴി വെള്ളത്തില്‍ വേവിച്ച് മൂന്നിടങ്ങഴിയായി കുറുക്കിയെടുത്ത് ശുദ്ധ ഹിന്ദിയില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന കയ്പ്പ് സഹിക്കാതെ പ്രേക്ഷകര്‍ എഴുന്നേറ്റു പോവുകയായിരുന്നു. ആനന്ദിന്‍െറ ‘വ്യാസനും വിഘ്നേശ്വരനും’ എന്ന നോവലും ജോര്‍ജ് ലൂയിസ് ബോര്‍ഗിന്‍െറ ‘ബൈ്ളന്‍ഡ്നെസ്’ എന്ന ലേഖനവും ഗീതയും കൂട്ടിക്കലര്‍ത്തി രചന സങ്കീര്‍ണമായതും ഭാഷ ഹിന്ദിയുമായതാണ് രസച്ചരട് മുറിച്ചത്. വിഖ്യാതനായ അഭിഷേക് മജുംദാര്‍ സംവിധാനം ചെയ്ത ഒരു മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമേറിയ നാടകം പൂര്‍ണമായി പ്രേക്ഷകര്‍ കാണാതിരുന്നതില്‍ കുറ്റം പറയാനാവില്ല. സംഭാഷണങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കുന്ന വെര്‍ബല്‍ തിയറ്ററിനായിരുന്നു ഇക്കുറി മുന്‍തൂക്കം. അതുകൊണ്ടുതന്നെ ‘കൗമുദി’യോടുള്ള പ്രതികരണമായിരുന്നു മറ്റു പല നാടകങ്ങള്‍ക്കുമുണ്ടായത്. ഏഴാം പതിപ്പ് ഉദ്ദേശിച്ച നിലവാരത്തിലേക്കുയര്‍ന്നില്ളെന്ന പരാതികള്‍ക്കും ഇത് വഴിവെച്ചു.

സംഘാടനപരവും ഭരണപരവുമായ ഒട്ടേറെ കാരണങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നെങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന ചില അവതരണങ്ങളാണ് ഏഴാം പതിപ്പിനെ ശ്രദ്ധേയമാക്കിയത്. വൈദേശികാധിനിവേശത്തിന്‍െറ സംഘര്‍ഷവും  അധിനിവേശ ശക്തികളുടെ മനുഷ്യാവകാശധ്വംസനവും കൊടുംക്രൂരതയും മൂലം പുകഞ്ഞു നില്‍ക്കുന്ന പശ്ചിമേഷ്യ ഇതാദ്യമായി നാടകോത്സവത്തിലത്തെിയതാണ് എടുത്തുപറയേണ്ട പ്രത്യേകത. മൂന്നാം ലോകത്തിന്‍െറ നേര്‍ക്കാഴ്ച്ചകള്‍ക്ക് ഒരിടവേളക്ക്ശേഷം അരങ്ങൊരുങ്ങിയെന്നു മാത്രമല്ല; രാജീവ് കൃഷ്ണനെപോലെയുള്ള പ്രതിഭകള്‍ ഇതാദ്യമായി എത്തിയെന്നതും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ക്യൂറേറ്ററുമായ ശങ്കര്‍ വെങ്കിടേശ്വരന് അഭിമാനിക്കാം.

13 വിദേശ നാടകങ്ങളും ഏഴ് മലയാളം നാടകങ്ങളും അഞ്ച് അന്യഭാഷാ നാടകങ്ങളും അടക്കം 25 നാടകങ്ങളാണ് റീജ്യണല്‍ തിയറ്റര്‍, മുരളീ സ്മാരക തിയറ്റര്‍, ടെന്‍റ്, നാട്യഗൃഹം, തുറന്ന വേദി എന്നിവിടങ്ങളിലായി അരങ്ങേറിയത്. നാല് നാടകങ്ങള്‍ അവതരിപ്പിച്ച ലെബനാനിലെ സുകാക്ക് തിയറ്ററാണ് ഏഴാം പതിപ്പില്‍ നിറഞ്ഞു നിന്നതെങ്കിലും പ്രേക്ഷകരുടെ മനം നിറച്ചത് രാജീവ് കൃഷ്ണന്‍െറ ‘ഹൗ ടു സ്കിന്‍ എ ജിറാഫാ’യിരുന്നു.

ഹൗ ടു സ്കിന്‍ എ ജിറാഫ്
ഇത്തവണത്തെ ‘ഇറ്റ്ഫോക്കി’ല്‍ ഇപ്പോഴാണ് ഒരു നാടകം കണ്ടെതന്നായിരുന്നു ‘ഹൗ ടു സ്കിന്‍ എ ജിറാഫ്’ കഴിഞ്ഞിറങ്ങിയ ഒരു പ്രേക്ഷകന്‍െറ വിലയിരുത്തല്‍. ഇഴ മുറിയാത്ത നര്‍മവും മനോഹരങ്ങളായ ദൃശ്യബിംബങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തി. രചനാമികവു പുലര്‍ത്തിയ നാടകത്തില്‍ സംവിധായകന്‍െറ ശക്തമായ സാന്നിധ്യവും പ്രകടമായി. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ജോര്‍ജ് ബക്കനറുടെ ‘ലിയോണ്‍സ്  ആന്‍റ് ലെന’ എന്ന ഹാസ്യ നാടകത്തിന്‍െറ സ്വതന്ത്ര ആവിഷ്ക്കാരമായിരുന്നു ഈ ആക്ഷേപഹാസ്യം. മടിയും  പ്രണയവും ഏകാധിത്യ ഭരണകൂടവും പാവകളായ ജനങ്ങളുമെല്ലാം കടന്നു വന്ന നാടകം ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷളില്‍ താളക്കൊഴുപ്പുള്ള സംഗീതത്തില്‍ ചാലിച്ച് കോറസിന്‍െറ പിന്തുണയോടെയായിരുന്നു അവതരണം.

ലെബനന്‍, ഫലസ്തീന്‍, ടുണീഷ്യ....
ലെബനനിലെയും ഫലസ്തീനിലെയും വര്‍ത്തമാന രാഷ്ട്രീയവും ജനങ്ങള്‍ നേരിടുന്ന കൊടും യാതനകളും വരച്ചുകാട്ടുന്നതായിരുന്നു അവിടങ്ങളില്‍ നിന്ന് വന്ന നാടകങ്ങള്‍. ലെബനിലെ ‘സുകാക്ക്’  തിയറ്റര്‍ ‘ലൂസേന-ഒബീഡിയന്‍സ് ട്രെയിനിങ്ങ്, ‘ഹി ഹു സോ എവരിത്തിങ്’, ‘ഡത്തെ് കംസ് ത്രൂ ദി ഐസ്’, ‘ഐ ഹെയ്റ്റ് തിയറ്റര്‍, ഐ ലൗ പോണോഗ്രഫി’ എന്നീ നാല് നാടകങ്ങള്‍ അവതരിപ്പിച്ചു. ആദ്യത്തേത് ഒഴിച്ച് മറ്റുള്ളവ സംവദിച്ചത് ഒരേ പ്രമേയമായിരുന്നു. ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂവെങ്കിലും ലെബനനും മൊത്തത്തില്‍ പശ്ചിമേഷ്യയും നേരിടുന്ന പ്രശ്നങ്ങള്‍  ഇബ്സണ്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘സുകാക്ക്’ പ്രേക്ഷകന്‍െറ മുന്നില്‍ തുറന്നു കാട്ടി.

ദക്ഷിണാഫ്രിക്കയില്‍ നിലനിന്ന വര്‍ണവിവേചനക്കാല പശ്ചാത്തലത്തില്‍ അതോള്‍ ഫുക്കാര്‍ഡ് രചിച്ച ‘ദി ഐലന്‍റ്’ ആണ് ഫലസ്തീനിലെ ‘ദ ഫ്രീഡം’ തിയറ്റര്‍’ പ്രേക്ഷകന്‍െറ മുന്നിലത്തെിച്ചത്. ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശവും ഇസ്രയേല്‍ ജയിലില്‍ കിടക്കുന്ന ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാളികളുടെ യാതനകളും ലോകസമക്ഷം എത്തിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ‘ഫ്രീഡം’ തിയറ്റര്‍’ ‘ഇറ്റ്ഫോക്കി’നത്തെിയത്. നാടകാചാര്യന്‍ ജോസ് ചിറമ്മലിന്‍െറ ശക്തമായ അവതരണം കണ്ടിട്ടുള്ള മലയാളീ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍  ‘ഫ്രീഡം’ തിയറ്ററി’നു കഴിഞ്ഞില്ല. മുല്ലപ്പൂ വിപ്ളവത്തിനുശേഷം പശ്ചിമേഷ്യയിലെയും ടുണീഷ്യയിലെ പ്രത്യേകിച്ചും മുഖ്യധാരാ സാംസ്ക്കാരിക ലോകം എങ്ങിനെ ചിന്തിക്കുന്നവെന്ന് ‘ഹാംലറ്റ്’ വെളിപ്പെടുത്തി. ഈജിപ്ഷ്യന്‍ നാടകം സഹിക്കാവുന്നതിനപ്പുറമായിരുന്നെങ്കില്‍ ജര്‍മനിയിലെ ഹെലേന വാഡ്മാന്‍ അരങ്ങത്തത്തെിച്ച ‘മെയ്ഡ് ഇന്‍ ബംഗ്ളാദേശ്’ തൊഴിലാളി ചൂഷണത്തിനെതിരെയുള്ള ശക്തമായ രംഗഭാഷ്യമായിരുന്നു. കഥക് നൃത്തത്തിലൂടെ സബ് ടൈറ്റിലുകളും  മള്‍ട്ടീമീഡിയയും ഉപയോഗിച്ചുള്ള അവതരണം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

മറ്റ് നാടകങ്ങള്‍
മലയാള നാടകങ്ങളെ കുറിച്ച് സമ്മിശ്രപ്രതികരണങ്ങളാണ് ഉണ്ടായത്. മികച്ച അവതരണങ്ങള്‍ ഉണ്ടായില്ളെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കുറി മലയാള നാടകങ്ങള്‍ ശരാശരിയേക്കാള്‍ താഴ്ന്നുവെന്നും അഭിപ്രായമുണ്ടായി. അപേക്ഷിച്ച നല്ല മലയാളം നാടകങ്ങള്‍ക്ക് അവതരണാനുമതി നിഷേധിച്ചതായ ആരോപണവും നാടകോത്സവ വേദിയില്‍ നിന്നും കേട്ടു.

വിദേശ നാടകങ്ങളില്‍ ജപ്പാനിലെ ബ്രിഡ്ജ് പ്രോജക്ടിനുവേണ്ടി ഹിരോഷി കോയിക്കെ അരങ്ങത്തത്തെിച്ച ‘മഹാഭാരതം’, ശ്രീലങ്കയിലെ സെല്ലതുറൈ ശ്രീകണ്ണനും വെനൂരി പെരേരയും അവതരിപ്പിച്ച ‘ഹിസ്റ്ററി ഓഫ് ഹിസ്റ്ററീസ്-ട്രെയ്ട്രിയേറ്റ്, ജപ്പാന്‍ അറീക്ക തീയറ്റര്‍ രംഗത്തത്തെിച്ച സാമുവല്‍ ബെക്കറ്റിന്‍െറ ‘ഹാപ്പി ഡെയ്സ്’ എന്നിവയും ശ്രദ്ധേയമായി. മറ്റ് ഭാഷ നാടകങ്ങളില്‍ രാജീവ് കൃഷ്ണന്‍െറ ‘ജുജുബി’യും ന്യൂദല്‍ഹിയിലെ കത്കഥ പപ്പറ്റ് ആര്‍ട്ട് ട്രസ്റ്റ് അവതരിപ്പിച്ച ‘എബൗട്ട് റാം’ ഉം മികച്ച നിലവാരം പുലര്‍ത്തുകയും പ്രേഷകരുടെ മുക്തകണ്ഠ പ്രശംസനേടുകയും ചെയ്തു.

ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ പറയുന്നത്
നാടകോത്സവം പരിപൂര്‍ണതയിലത്തെി എന്ന അവകാശവാദം തനിക്കില്ളെന്ന് ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ക്യൂറേറ്ററുമായ ശങ്കര്‍ വെങ്കിടേശ്വരന്‍ പറഞ്ഞു. എന്നാല്‍, ആഗോള രാഷ്ട്രീയത്തിനെതിരെ നീക്കം നടത്താന്‍ കഴിഞ്ഞു. പാശ്ചാത്യന്‍ ഏജന്‍സികളുടെ കയ്യില്‍ അടക്കിവാണ നാടകോത്സവത്തിനെ തിരിച്ചു പിടിക്കാനായി. ‘ഇറ്റ്ഫോക്കി’ല്‍ ഇത്രയുംകാലം എത്താത്ത വിഷയങ്ങള്‍ കൊണ്ടുവരാനായി. കേവലം 30 ലക്ഷം കൊണ്ടുള്ള അഭ്യാസമായിരുന്നു. പണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും വിഷയമാണ്. നാടകോത്സവത്തിന് സ്വയംഭരണം വേണം. എങ്കിലേ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാവൂ. നാടകങ്ങള്‍ കണ്ട് തെരഞ്ഞെടുക്കാനും പറ്റണം. ഒൗദ്യോഗിക തടസം മൂലം ആസൂത്രണം ചെയ്തപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ‘ഇറ്റ്ഫോക്കി’ന്‍െറ നടത്തിപ്പ് തന്നെ പൊളിച്ചെഴുതണം. ഒന്നുകില്‍ പൂര്‍ണമായി ഒൗദ്യോഗികമാക്കുക; അല്ളെങ്കില്‍ കലാകാരന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക. ഒൗദ്യോഗിക പിടിമുറുക്കത്തില്‍ നന്നായി പ്രവര്‍ത്തിക്കാനാവില്ല-ശങ്കര്‍ തുറന്നു പറഞ്ഞു. ക്യൂററ്റോറിയല്‍ ബോര്‍ഡിലെ ഒരു അംഗമായ ഡോ. എം.വി. നാരായണനും ഏതാണ്ട് ഇതേ അഭിപ്രായമാണ് പങ്ക് വെച്ചത്. കഴിഞ്ഞതവണ വിദേശ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ ഉയര്‍ന്നതും ഇതേ ശബ്ദമായിരുന്നു. പക്ഷെ, ഇതനുസരിച്ച് മാറാന്‍ അക്കാദമി തയാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

വിദേശ നാടക ലോകത്തെ വികാസങ്ങളും പുത്തന്‍ അവതരണങ്ങളും പരീക്ഷണങ്ങളും മലയാളികള്‍ക്ക് പരിചയപ്പെടുക,  അതനുസരിച്ച് മലയാള നാടകവേദി വികസിക്കുക എന്നീ ഉത്തമ ലക്ഷ്യം വെച്ച് നടന്‍ മുരളി തുടങ്ങിവെച്ചതാണ് ‘ഇറ്റ്ഫോക്ക്’. എന്നാല്‍, ഇന്ന് അതിന്‍െറ നടത്തിപ്പും മറ്റും വന്‍ പ്രതിഷേധങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയാവുന്നുണ്ട്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആരാകണമെന്നതാണ് ഉയരുന്ന ചോദ്യങ്ങളില്‍ പ്രധാനം. നടന്‍ മുരളിക്ക് നാടകലോകവുമായുണ്ടായിരുന്ന ബന്ധം ആര്‍ക്കും നിഷേധിക്കാനോ ചോദ്യം ചെയ്യാനുമാവില്ലല്ളൊ? പക്ഷെ, അദ്ദേഹത്തിന്‍െറ കാലത്ത് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അക്കാദമി ചെയര്‍മാനായിരുന്നില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ യോഗ്യരായ മറ്റു കലാകാരന്മാരെ ആ സ്ഥാനത്ത് അദ്ദേഹം അവരോധിച്ചു. അതിന്‍െറ ഉയര്‍ച്ചയും നിലവാരവും അന്നത്തെ നാടകോത്സവങ്ങള്‍ക്കുണ്ടായി. ഇന്ന് സ്ഥിതി മാറി. അസംതൃപ്ത കൂട്ടത്തെ സൃഷ്ടിക്കലാണ് അതിന്‍െറ ഫലം. നടന്‍ മുരളിയേക്കാള്‍ കഴിവുള്ള ആരും ശേഷം അക്കാദമിയില്‍ എത്തിയിട്ടില്ളെന്നതും എടുത്തു പറയേണ്ടതാണ്. തങ്ങളുടെ വ്യക്തിപരമായ സംതൃപ്തിയേക്കാള്‍ ‘ഇറ്റ്ഫോക്കി’ന്‍െറ ഉയര്‍ച്ച എന്ന അജണ്ടയിലേക്ക് സംഘാടകര്‍ തിരിച്ചത്തെിയില്ളെങ്കില്‍ ‘ഇറ്റ്ഫോക്കി’ന്‍െറ നടത്തിപ്പും നിലവാരവും ഇനിയും താഴുകയേ ചെയ്യൂ.

 

 

 

 

 

Show Full Article
TAGS:
Next Story