Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightആറ്റൂരിന്‍െറ...

ആറ്റൂരിന്‍െറ മൊഴിവഴികളിലൂടെ ഒരു ദൃശ്യസഞ്ചാരം

text_fields
bookmark_border
ആറ്റൂരിന്‍െറ മൊഴിവഴികളിലൂടെ ഒരു ദൃശ്യസഞ്ചാരം
cancel

സഹ്യനേക്കാള്‍ തലപ്പൊക്കവും നിളയേക്കാളുമാര്‍ദ്രതയുമുള്ള ആറ്റൂര്‍ രവിവര്‍മ എന്ന കവിയെ ക്യാമറകൊണ്ട് തൊടുകയാണ് അന്‍വര്‍ അലി.

എഴുത്തുകാരെക്കുറിച്ചുള്ള ഡോക്യുമെന്‍ററികള്‍ മലയാളത്തില്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ മലയാളത്തിന്‍െറ മഹാപ്രതിഭകള്‍ പലരും അഭ്രരേഖയില്‍ അടയാളപ്പെടാതെ പോയിട്ടുണ്ട്. ശബ്ദമോ കാഴ്ചയോ ചലനമോ ചിരിയോ ആയി നമുക്കു മുന്നില്‍ അവരില്ല. അവരുടെ മൊഴിയും വഴികളും വാക്കുകളില്‍ മാത്രം അവശേഷിക്കുന്നു. ഒ.വി. വിജയന്‍െറ ഭാവനാപ്രപഞ്ചത്തെപ്പറ്റി ജ്യോതിപ്രകാശ് സംവിധാനം ചെയ്ത ‘ഇതിഹാസത്തിലെ ഖസാക്ക്’,  എം.എ റഹ്മാന്‍ സംവിധാനം ചെയ്ത  ബഷീര്‍ ദ മാന്‍, കോവിലന്‍ എന്‍െറ അച്ഛാച്ഛന്‍, എം.ടിയെക്കുറിച്ച് കെ.പി കുമാരനും ഹരികുമാറും എം.എ റഹ്മാനും ഒരുക്കിയ ചിത്രങ്ങള്‍ തുടങ്ങി വിരലിലെണ്ണാവുന്ന ശ്രമങ്ങള്‍ മാത്രമേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. ആ ഒഴിവിടങ്ങളിലേക്കാണ് കവി അന്‍വര്‍ അലി ‘മറുവിളി’യുമായി എത്തുന്നത്. ‘ആറ്റൂര്‍ക്കവിതയെക്കുറിച്ച് ഒരു തിരയെഴുത്ത്’ എന്നാണ് ഡോക്യുമെന്‍ററിയുടെ ഉപശീര്‍ഷകം. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇമേജ് കമ്യൂണ്‍ എന്ന കൂട്ടായ്മയുടെ ബാനറില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ധനസഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. സഹ്യനേക്കാള്‍ തലപ്പൊക്കവും നിളയേക്കാളുമാര്‍ദ്രതയുമുള്ള കവിയെ ക്യാമറകൊണ്ട് തൊടുകയാണ് അന്‍വര്‍ അലി.

മലയാളകവിതയില്‍ ഭാവുകത്വ വിസ്ഫോടനത്തിനു തന്നെ നാന്ദി കുറിച്ച കവിയുടെ ജീവിതവും രചനകളും ഒന്നരമണിക്കൂറില്‍ ദൃശ്യവത്കരിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ചലച്ചിത്രമാധ്യമത്തിന്‍െറ ദൃശ്യസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ഒരു എഴുത്തുകാരനെ രേഖപ്പെടുത്തുക എന്നതാണ് അന്‍വര്‍ അലിയിലെ ചലച്ചിത്രകാരന്‍ നേരിടുന്ന സര്‍ഗാത്മകമായ വെല്ലുവിളി. വാക്കുകളില്‍ സമ്പന്നവും ദൃശ്യങ്ങളില്‍ ദരിദ്രവുമായിപ്പോവുന്ന ചില ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് കവിയില്‍ നിന്ന് ചലച്ചിത്രകാരനിലേക്കുള്ള പരിവര്‍ത്തനദശയില്‍ സംഭവിച്ച അപഭ്രംശങ്ങളായി കരുതാവുന്നതാണ്. ആഴത്തിലുള്ള മനനങ്ങള്‍ക്ക് മാത്രം വഴങ്ങുന്ന ധ്വനിസാന്ദ്രമായ മൊഴിയടരുകളെ കാഴ്ചപ്പെടുത്തുക അസാധ്യം. എങ്കിലും ആ വഴിക്കുള്ള സമര്‍ഥമായ ചില ശ്രമങ്ങള്‍ അന്‍വര്‍ അലി നടത്തുന്നുണ്ട്. നടന്‍ ഗോപാലന്‍ അടാട്ട് ആറ്റൂര്‍ക്കവിതകള്‍ ഒറ്റക്ക് ഒരാള്‍ ഉറഞ്ഞുതുള്ളിപ്പറയുന്ന മട്ടില്‍ അവതരിപ്പിക്കുന്ന രംഗങ്ങള്‍ ഉദാഹരണം. ദൃശ്യപ്രധാനമായ ഭൂഭാഗത്തില്‍ തനിച്ചുനിന്ന് കവിതയുടെ ഭാവഗാംഭീര്യം മുഴുവന്‍ ശരീരത്തിലേക്കും ശബ്ദത്തിലേക്കും ആവാഹിച്ചുകൊണ്ട് ഗോപാലന്‍ നടത്തുന്ന ചൊല്‍ക്കാഴ്ചയാണ്, മൊഴിയാട്ടമാണ് സംവിധായകന്‍െറ സവിശേഷമുദ്രകളിലൊന്ന്.


മലയാളത്തിലെ പ്രമുഖരായ കവികള്‍ അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍. അതില്‍ പല തലമുറകളെ പ്രതിനിധാനം ചെയ്യുന്നവരുണ്ട്. സച്ചിദാനന്ദന്‍, ടി.പി രാജീവന്‍, കല്‍പ്പറ്റ നാരായണന്‍, പി.പി. രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ്, പി.എന്‍. ഗോപീകൃഷ്ണന്‍, പി. രാമന്‍, എസ്. ജോസഫ്, വി.എം. ഗിരിജ, സാവിത്രി രാജീവന്‍,കെ.ആര്‍.ടോണി, മനോജ് കുറൂര്‍, കുഴൂര്‍ വില്‍സന്‍, കെ.രാജഗോപാല്‍, സെറീന റാഫി, ടി.പി വിനോദ്, പ്രമോദ് കെ.എം, എസ്. കലേഷ്, ബിനു എം.പള്ളിപ്പാട് തുടങ്ങിയ സമകാലികരും പിന്‍ഗാമികളുമായ കവികള്‍ ആറ്റൂരിനെ വെളിപ്പെടുത്തുകയാണ് ഇതില്‍. മലയാള കവിതയുടെ ചരിത്രത്തില്‍ ഒരുപക്ഷേ ഇത്തരമൊരു ശ്രമം ആദ്യമായിരിക്കും. പി.രാമനും കെ.രാജഗോപാലും അതിമനോഹരമായി ആറ്റൂര്‍ക്കവിതകള്‍ ചൊല്ലുന്നുണ്ട്. ഒരു കവിതയുടെ പല വരികള്‍ പുതുമുറക്കാരെക്കൊണ്ട് ചൊല്ലിച്ച് സമര്‍ഥമായ ദൃശ്യസന്നിവേശത്തിലൂടെ അതിന് പൂര്‍ണത നല്‍കാനുള്ള ശ്രമത്തിലും അന്‍വര്‍ അലിയിലെ ചലച്ചിത്രകാരനെ നമുക്കു കാണാം. ശ്രീലങ്കന്‍ കവി ചേരന്‍ കാനഡയിലിരുന്നുകൊണ്ട് ആറ്റൂരിന്‍െറ കവിതയുടെ തമിഴ്പരിഭാഷ വായിക്കുന്നതും വിവര്‍ത്തകന്‍ സുകുമാരന്‍ അതിന്‍െറ മലയാളം വായിക്കുന്നതും വീഡിയോ കോണ്‍ഫറന്‍സിലുടെ കാണിച്ചതും ശ്രദ്ധേയമായി. ‘മറുവിളി’ എന്ന കവിതയിലൂടെ രണ്ടു ജനതകള്‍ തമ്മിലുള്ള ഇഴയടുപ്പങ്ങള്‍ പറയുന്ന ആറ്റൂരിന്‍െറ മാനവികതയിലൂന്നിയ രാഷ്ട്രീയത്തെ ഗോപാലന്‍െറ പകര്‍ന്നാട്ടത്തിനു മീതെ ശ്രീലങ്കന്‍ വംശീയസംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ഓവര്‍ലാപ് ചെയ്ത് അവതരിപ്പിച്ചതിലുമുണ്ട് ഒരു സംവിധായകന്‍െറ കൈയൊപ്പ്.

ആറ്റൂരിനെ വായിക്കുന്ന കവികളുടെ കൂട്ടത്തില്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായത് കെ.ജി. ശങ്കരപ്പിള്ളയാണ്. ആറ്റൂരിനെപ്പോലെ കുറുക്കിയെഴുതുന്ന ആ സമകാലികന്‍ (ഒരു വാക്കും പാഴിലാവാത്ത ലുബ്ധ്, ഒരുപോള കണ്ണടയാത്ത സെന്‍സര്‍, ഇക്കിളികളില്ലാത്ത ഒരു പക്വത എന്ന് കല്‍പ്പറ്റ നാരായണന്‍) സച്ചിദാനന്ദന്‍െറ ആകസ്മികപരാമര്‍ശത്തിലൊതുങ്ങുന്നു. രചനാരീതികളില്‍ സമാനത പുലര്‍ത്തുന്ന, ഒരേ കാലത്തില്‍ ഒരുമിച്ചുനിന്ന് മലയാളകവിതയുടെ ഗതി തിരിച്ചുവിട്ട സമശീര്‍ഷന് അര്‍ഹിക്കുന്ന പരിഗണന കിട്ടാത്തതുപോലെ നമുക്കു തോന്നും. നാടകകൃത്ത് തുപ്പേട്ടന്‍, തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍, വിവര്‍ത്തകന്‍ സുകുമാരന്‍, തമിഴ് കവയിത്രി സല്‍മ, കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത്, കവി ഒ.എം. അനുജന്‍, നിരൂപകരായ ബി.രാജീവന്‍, പി.പി രവീന്ദ്രന്‍, ചരിത്രകാരന്‍ എം.ഗംഗാധരന്‍, ശ്രീലങ്കന്‍ കവി ചേരന്‍ എന്നിവരും ആറ്റൂരിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സാങ്കേതികതയുടെ യുഗത്തില്‍ സ്വയം പിന്‍വാങ്ങിനില്‍ക്കാതെ കമ്പ്യൂട്ടറില്‍ കവിത ടൈപ്പുചെയ്യുന്ന ആറ്റൂരിനെയും ടാബ്ലറ്റില്‍ കാരിക്കേച്ചര്‍ വരയ്ക്കുന്ന തുപ്പേട്ടനെയും നമുക്കു കാണാം. അത്തരം ദൃശ്യങ്ങളായിരുന്നു കസേരയിലിരുന്നുള്ള സംസാരങ്ങളേക്കാള്‍ വാചാലമാവുക.
ചിത്രത്തില്‍ ആറ്റൂരിന്‍െറ കവിതകള്‍ പലരും ചൊല്ലുന്നുണ്ട്. മുക്തഛന്ദസില്‍ എഴുതപ്പെട്ട കവിതകള്‍ എന്തിനാണ് ചൊല്‍ക്കവിതയുടെ പരമ്പരാഗതവും ആവര്‍ത്തിച്ചുപഴകിയതുമായ ഈണങ്ങളില്‍ നീട്ടിപ്പാടുന്നത് എന്നു മനസ്സിലാവുന്നില്ല. ഗദ്യകവിതക്ക് ധ്യാനാത്മകമായ മനനത്തില്‍ മാത്രം തെളിഞ്ഞുകിട്ടുന്ന ഒരു താളമുണ്ട്. അത് മലയാള കവിതയുടെ പാട്ടുപാരമ്പര്യത്തിന്‍െറ തുടര്‍ച്ചയല്ല.

‘പേപ്പര്‍വെയ്റ്റായി ഇരിക്കുക പ്രയാസകരമാണ്, കടലാസായി പറക്കാനാണ് എന്നും എനിക്കിഷ്ടം എന്നു പറഞ്ഞയാളാണ് ആറ്റൂര്‍ രവിവര്‍മ. കടവോ കുറ്റിയോ പങ്കായമോ തോണിയോ ആയിരുന്നില്ല ഒരിക്കലും എന്ന് കവി ഏറ്റുപറഞ്ഞിട്ടുണ്ട്. കിടക്കപ്പൊറുതി കിട്ടാതെയലഞ്ഞ കവിജന്മമായ കുഞ്ഞിരാമന്‍ നായരെപ്പറ്റി ‘മേഘരൂപന്‍’ എഴുതിയ ആറ്റൂര്‍ നല്ളൊരു സഞ്ചാരിയാണ്. പ്രാചീനജനപദങ്ങളുടെ കാല്‍പാടുകള്‍ പതിഞ്ഞ ഇന്ത്യന്‍ നാഗരികതയുടെ തിരുശേഷിപ്പുകളിലൂടെ, പുരാതന ക്ഷേത്രങ്ങളിലൂടെ, തഞ്ചാവൂരിലെയും മദിരാശിയിലെയും സംഗീതസദസ്സുകളിലൂടെ, ഹിമാലയത്തിന്‍െറ തണുപ്പുനിറഞ്ഞ താഴ്വരകളിലൂടെ കവി അലഞ്ഞിട്ടുണ്ട്. തമിഴകത്തെ ക്ഷേത്രദൃശ്യങ്ങളിലും തീവണ്ടിക്കുതിപ്പുകളിലും ഹിമാലയ സന്ദര്‍ശനത്തെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ നടത്തുന്ന അനുഭവകഥനത്തിലും ഒതുങ്ങുന്നു ചിത്രത്തില്‍ ആറ്റൂരിലെ മഹാസഞ്ചാരി. ആറ്റൂരിനെ കവയിത്രികള്‍ക്കൊപ്പം യാത്രചെയ്യിക്കാനുള്ള ശ്രമം നിഷ്ഫലമായി എന്ന് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനുശേഷം അന്‍വര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തോട് ഭ്രമമില്ലാത്ത ഒരാളെ ക്യാമറക്കു മുന്നില്‍ കിട്ടിയതു തന്നെ ഭാഗ്യമെന്നു കരുതാം. ക്ളാസിക്കല്‍ സംഗീതപ്രിയനായ ആറ്റൂരിനെയും നമുക്ക് ചിത്രത്തില്‍ അധികം കാണാനാവില്ല. ശബ്ദപഥത്തില്‍ മുഴങ്ങുന്ന ത്യാഗരാജകീര്‍ത്തനങ്ങളില്‍നിന്ന് ഗ്രഹിക്കണം ആ താല്‍പര്യം.
ഒരു വ്യക്തിയുടെ ജീ്വിതചിത്രമൊരുക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ സവിശേഷമായ പെരുമാറ്റരീതികള്‍, സമീപനങ്ങള്‍ എന്നിവ അതിന്‍െറ ഭാഗമാവേണ്ടതുണ്ട്. എം.എ റഹ്മാന്‍ ഒരുക്കിയ കോവിലന്‍ എന്‍െറ അച്ഛാച്ഛനിലും കുമരനല്ലൂരിലെ കുളങ്ങളിലും നാമത് കണ്ടതാണ്. ആറ്റൂരിന്‍െറ കാവ്യവ്യക്തിത്വത്തിനു പുറത്തുള്ള പച്ചമനുഷ്യനായി അധികം കാഴ്ചകളൊന്നും ഇതില്‍ നീക്കിവെച്ചിട്ടില്ല. ബ്രോഷറിലെന്നപോലെ സഹധര്‍മിണി വാതിലിനു പിന്നില്‍ പാതിമറഞ്ഞുനില്‍ക്കുന്നു. അവര്‍ക്ക് ഉരിയാടാനൊന്നുമില്ല. ആറ്റൂരിന് അവരോടും. ഇരുവര്‍ക്കുമൊരുമിച്ച് കാഴ്ചക്കാരോടും. പ്രദര്‍ശനത്തിനുശേഷം സമകാലികനായ ഡോ.എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടത് ആറ്റൂരിലെ ചില കൗതുകങ്ങള്‍ കൂടി അന്‍വറിനു പിടിച്ചെടുക്കാമായിരുന്നുവെന്നാണ്. ചില കമ്പങ്ങള്‍. ആനകളെ കാണുമ്പോള്‍, വാദ്യഘോഷം മുഴങ്ങുമ്പോള്‍, ഉല്‍സവാന്തരീക്ഷത്തില്‍ സ്വയം മറക്കുന്ന ഒരു ആറ്റൂരിനെ താന്‍ കണ്ടിട്ടുണ്ടെന്നാണ് എം.ജി.എസ് പറഞ്ഞത്. തൃശൂര്‍ പൂരവും മേളവുമൊക്കെ ആറ്റൂരില്‍നിന്ന് വേറിട്ട ദൃശ്യഖണ്ഡങ്ങളായി മാറിക്കിടക്കുകയാണ് ഇവിടെ.

കവിതയില്‍ തനിക്കുശേഷം പലരും മൊഴിയും ചൊല്ലും പുതുക്കുന്നത് ആറ്റൂര്‍ കണ്ടറിയുന്നുണ്ടായിരുന്നു. അവരെ കണ്ടത്തെുക എന്ന നിയോഗം അദ്ദേഹം ഏറ്റെടുത്തത് തൊണ്ണൂറുകളിലാണ്. ഉത്തരാധുനിക മലയാളകവിതയുടെ ആമുഖപ്പുസ്തകമായി മാറിയ ‘പുതുമൊഴിവഴികളി’ലൂടെ അവരുടെ രചനകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയായിരുന്നു ആറ്റൂര്‍. ഇതാ കുറേ പുത്തന്‍കൂറ്റുകാര്‍, ഇവരുടെ ശബ്ദത്തിന് ചെവിയോര്‍ക്കുവിന്‍ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഡോക്യുമെന്‍ററിയില്‍ പ്രത്യക്ഷപ്പെടുന്ന പിന്‍ഗാമികളായ കവികളില്‍ ബഹുഭൂരിപക്ഷവും ആറ്റൂര്‍ അവതരിപ്പിച്ചവരാണ്. അവരൊന്നും ആറ്റൂരിനെ വിഗ്രഹവത്കരിക്കുന്നില്ല എന്നതു ശരി തന്നെ. എന്നാല്‍ ആറ്റൂര്‍ മുന്നോട്ടുവെച്ച ഭാവുകത്വത്തിന്‍െറ പിന്തുടര്‍ച്ചക്കാരല്ലാത്ത കവികളുടെ വിമര്‍ശനാത്മകമായ നിരീക്ഷണങ്ങള്‍ക്കും ഈ ജീവിതരേഖയില്‍ ഇടം നല്‍കേണ്ടതായിരുന്നു. അപ്പോഴേ അത് പൂര്‍ണമാവുകയുള്ളൂ.

എഴുത്തിലും ജീവിതത്തിലും വാചാലനല്ല ആറ്റൂര്‍. എനിക്ക് മൗനമാണ് ഇഷ്ടം എന്നു പറയുന്ന ഋഷിതുല്യനായ കവിയെക്കൊണ്ട് ഇത്രയും സംസാരിപ്പിച്ച അന്‍വര്‍ അലി അഭിനന്ദനമര്‍ഹിക്കുന്നു.  ‘നിത്യവും കടലെടുത്തീടും ജന്മത്തിന്‍െറ തുരുത്തില്‍ വളഞ്ഞിരുന്ന് നൂലിട്ടേനതിന്‍ നീലക്കയങ്ങളില്‍’ എന്നെഴുതിയ ആറ്റൂര്‍ ജീവിതത്തിന്‍െറ ആഴങ്ങളില്‍നിന്നാണ് കവിത കണ്ടെടുക്കുന്നത്. ഉപരിപ്ളവമായ കാഴ്ചകളില്ല ആറ്റൂരിന്. നീലക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ കിട്ടുന്ന ആഴക്കാഴ്ചകള്‍ മാത്രം. ആ കാഴ്ചകള്‍ പിടിച്ചെടുക്കുക ക്യാമറക്ക് എളുപ്പമല്ളെന്നറിഞ്ഞിട്ടും അതിനു മുതിര്‍ന്ന അന്‍വറിനോട് കാവ്യാസ്വാദകര്‍ കടപ്പെട്ടിരിക്കും.
രാജീവ് വിജയരാഘവന്‍, പി.ടി രാമകൃഷ്ണന്‍, അന്‍വര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. മനോജ് കണ്ണോത്ത് ദൃശ്യസന്നിവേശവും ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ഹരികുമാര്‍ മാധവന്‍ നായരുടേതാണ് ശബ്ദരൂപകല്‍പനയും ശബ്ദലേഖനവും.ശബ്ദമിശ്രണം നിര്‍വഹിച്ചത് എന്‍. ഹരികുമാര്‍. പശ്ചാത്തല സംഗീതം പകര്‍ന്നത് ജെയ്സന്‍ ജെ.നായര്‍. സബ്ടൈറ്റില്‍സ് തയാറാക്കിയത് സി.എസ്. വെങ്കിടേശ്വരന്‍.

Show Full Article
TAGS:
Next Story