മാലിന്യങ്ങള്‍ക്ക് നടുവിലും മനസ്സുനിറയെ കഥകളുമായി വിനു
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുമ്പോഴും വിനു പ്രണവത്തിന്‍െറ മനസ്സു നിറയെ കഥകളാണ്. കുഞ്ഞുകുഞ്ഞ് കഥകള്‍, നോവലുകള്‍, കവിതകള്‍... ഓരോ നിമിഷവും പുതുകഥയിലെ കഥാപാത്രങ്ങളെ ഒരുക്കുകയായിരിക്കും. മനസ്സിനെ ശ്വാസം മുട്ടിക്കുന്ന കഥകള്‍ ഒഴിവു നേരങ്ങളിലെല്ലാം കുത്തിക്കുറിക്കും.
ദേവഗിരിയില്‍നിന്ന് ബി.എ മലയാളം പാസായ വിനു 25 വര്‍ഷമായി അക്ഷരങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയിട്ട്. 10ാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാല പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി. ഇപ്പോള്‍ മലയാളത്തിലിറങ്ങുന്ന ഒരുവിധം പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതുന്നുണ്ട്. പല ആഴ്ചപ്പതിപ്പുകളും നോവലിനു വേണ്ടി വിനുവിനെ സമീപിക്കാറുണ്ട്. വ്യത്യസ്തങ്ങളായ കഥകള്‍ രചിച്ച് പ്രസാധകരുടെയും വായനക്കാരുടെയും ഇഷ്ട എഴുത്തുകാരനായിരിക്കുകയാണ്. ഇതിനിടയില്‍ പല സാംസ്കാരിക സംഘടനകളും അവാര്‍ഡുകളുമായി വിനുവിനെ തേടിയത്തെി.
‘ഷീബഅരുണ്‍ ഇവിടെ തനിച്ചാണ്’എന്ന പ്രണയാതുര നോവലിന് പാടിക്കുന്ന് വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക വേദി ഭാഷാശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. സെപ്തംബര്‍ 20ന് ടൗണ്‍ഹാളില്‍ തന്‍െറ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ കൈയില്‍നിന്ന് 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് അഭിമാനത്തോടെ ഏറ്റുവാങ്ങി.
വിനുവിന് ഇതിനുമുമ്പും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1997ല്‍ വയലാര്‍ രാമവര്‍മയെക്കുറിച്ചെഴുതിയ ഞാന്‍ എന്ന കവിതക്ക് സംഗീതശ്രീ അവാര്‍ഡ് നേടി. 2013ല്‍ എം.ടി കഥയെഴുതുകയാണ് എന്ന ചെറുകഥക്കും അവാര്‍ഡ് ലഭിച്ചു. ബാലപ്രസിദ്ധീകരണങ്ങളിലൂടെ കോളജ് മാഗസിനുകളും കടന്ന് വളര്‍ന്നു വന്ന കഥാകാരന്‍ 1992ല്‍ ഇലകള്‍ എന്ന 23 കവിതകളടങ്ങുന്ന കവിതാസമാഹാരം പ്രസിദ്ധികരിച്ചു. പിന്നെയും കുറെ കവിതകളും കഥകളും എഴുതിയിട്ടുണ്ടെങ്കിലും പുസ്തകമാക്കിയിട്ടില്ളെന്ന് വിനു. ആറു നോവലുകള്‍ രചിച്ചിട്ടുണ്ട്. ചുവന്ന ബൈക്കില്‍ വരുന്നയാള്‍, സ്നേഹതീര്‍ഥം, ഏതോ ചില്ലയില്‍ എന്‍െറയിണക്കുരുവി, നറുനിലാവ്, കാവടിച്ചിന്ത്, ചമയം തുടങ്ങിയവ.
റിട്ട. എസ്.ഐ കെ.സി. കരുണന്‍, അമ്മാളു എന്നിവരാണ് മാതാപിതാക്കള്‍. അച്ഛനമ്മമാരോടും മകന്‍ 12 വയസ്സുകാരന്‍ അഭിനവിനോടുമൊപ്പം കൊയിലാണ്ടി പ്രണവം വീട്ടില്‍ സന്തോഷത്തോടെ കഥയെഴുതി ജീവിക്കുകയാണ് 40കാരനായ വിനു.
കഥകളോടും കഥാപാത്രങ്ങളോടും സല്ലപിച്ച് വിനു ദിവസ വേതനത്തിന് മെഡിക്കല്‍ കോളജ് വൃത്തിയാക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നു. കഥകളില്‍ പലയിടത്തും മെഡിക്കല്‍ കോളജും കഥാപാത്രമാകാറുണ്ടെന്ന് വിനു. മെഡിക്കല്‍കോളജിലെ സഹപ്രവര്‍ത്തകര്‍ കൂട്ടുകാരന്‍െറ നേട്ടം ആഘോഷിക്കുകയാണ്.