സാഹിത്യത്തിനുള്ള നോബല്‍ ആര്‍ക്ക്?
text_fieldsസാഹിത്യനഭസ്സില്‍ എല്ലാ വര്‍ഷത്തെയും പോലെ ഇപ്പോഴുയരുന്ന ചോദ്യം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ആര്‍ക്കെന്നാണ്? രാജ്യന്തരമാധ്യമങ്ങള്‍ പല പേരുകളും നിരത്തുന്നുണ്ടെങ്കിലും അതൊന്നും യാഥാര്‍ഥ്യമാകണമെന്നില്ല. സ്വീഡീഷ് അക്കാദമിയുടെ തീരുമാനം തീര്‍ത്തും രഹസ്യമാണ്. അവസാന നിമിഷം വരെ പ്രവചനം അസാധ്യം.
കെനിയന്‍ സാഹിത്യകാരന്‍ ഗൂഗി വാ തി ഓംഗോ, ജാപ്പനീസ് എഴുത്തുകാരന്‍ ഹരുകി മുറാകാമി, ഫിലിപ്പ് റോത്ത് എന്നിവരുടെ പേരുകളാണ് ഇത്തവണ നോബല്‍ സമ്മാനമായി ബന്ധപ്പെട്ട് കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്ലോക്ക് സാധ്യത പ്രവചിക്കുന്നവരും കുറവല്ല.ഗാര്‍ഡിയന്‍ പത്രത്തിന്‍െറ അഭിപ്രായത്തില്‍ ഗൂഗീ വാ തിഓംഗോക്കാണ് സാധ്യത കൂടുതല്‍. 33ല്‍ ഒന്ന് എന്ന സാധ്യതയില്‍ നിന്ന് 10ല്‍ ഒന്ന് എന്ന സാധ്യതയിലേക്ക് ഗൂഗീ മുന്നേറിയിട്ടുണ്ട്.
കഴിഞ്ഞ നാലിലേറെ വര്‍ഷങ്ങളായി ഗൂഗിയുടെ പേര് പലവട്ടം നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്. 2010 ല്‍ ഗൂഗിക്ക് ലഭിക്കുമെന്ന് കരുതിയ പുരസ്കാരം അവസാനം മറിയാ വാര്‍ഗസ് യോസക്ക് അവസാന നിമിഷം വഴിമാറുകയായിരുന്നു. 1938 ല്‍ ജനിച്ച ഗൂഗി വാ തി ഓംഗോ കെനിയയിലെ വിഖ്യാത നോവലിസ്റ്റാണ്. നാടകകൃത്ത്, മുന്‍ രാഷ്ട്രീയ തടവുകാരന്‍, പ്രവാസി, അധ്യാപകന്‍ എന്നീ തലങ്ങളില്‍ പ്രശസ്തന്‍. ഭാഷയുടെ തലത്തില്‍ അധിനിവേശത്തിനെതിരെ ധീരമായ പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം ഇംഗ്ളീഷ് ഉപേക്ഷിച്ച് സ്വന്തം ജനതയുടെ ഭാഷയായ ഗികുയുവിലെഴുതുന്നു. ഭാഷ പ്രതിരോധത്തിന്‍്റെയും സാംസ്കാരിക ചെറുത്തുനില്‍പ്പിന്‍െറയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ആയുധമാക്കാമെന്ന് ലോകത്ത് ആദ്യം തെളിയിച്ച വ്യക്തികൂടിയാണ് ഗൂഗി. 1964 ല്‍ 'കുഞ്ഞേ കരയരുത്' എന്ന ആദ്യ നോവല്‍ പുറത്തിറങ്ങി. ഇടതുപക്ഷത്തിന്‍്റെയും മാര്‍ക്സിസത്തിന്‍്റെയും ഭാഗമായി ഇക്കാലത്ത് ഗൂഗി മാറി. കെനിയയിലെ മൗ മൗ വിപ്ളവത്തിന്‍്റെ പശ്ചാത്തലത്തില്‍ എഴുതിയ 'മധ്യത്തിലെ നദി' ഗൂഗിയെ അന്താരാഷ്ട്ര പ്രശസ്തനാക്കി. 1970 ല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച് സര്‍വകലാശാല അധ്യാപക ജോലി രാജിവച്ചു. 1980 ല്‍ 'എനിക്കു തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിനെ തുടര്‍ന്ന് തടവിലടയ്ക്കപ്പെട്ടു. ഗ്രാമ്യമായ നാടകവേദിക്കുവേണ്ടി സ്വന്തം ഭാഷയില്‍ വിപ്ളവ രചനകള്‍ നടത്തിയതിനായിരുന്നു തടവ്. വിചാരണ കൂടാതെ അതിസുരക്ഷാ ജയിലില്‍ അടക്കപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മോചിതനായി. പീഡനങ്ങള്‍ മൂര്‍ഛിച്ചപ്പോള്‍ 82 ല്‍ ലണ്ടനിലേക്ക് പ്രവാസിയായി കടന്നു. ഇപ്പോള്‍ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം. എന്നാല്‍, ഗൂഗിക്ക് നോബല്‍ സമ്മാനം കിട്ടാനുള്ള സാധ്യതയില്ളെന്ന് കണിശമായി പറയുന്നവരുമുണ്ട്. കാരണം ഗൂഗിയുടെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകള്‍ തന്നെ. സാഹിത്യത്തെ വിപ്ളവവും മാവോവാദവുമായി ബന്ധിപ്പിക്കുന്നത് സ്വീഡിഷ് അക്കാദമിക്ക് സ്വീകാര്യമാവണമെന്നില്ല. ഇവിടെ മുന്നിലുള്ള ഏറ്റവും നിഷേധാത്മക സൂചന 1953ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് നോബല്‍ കിട്ടിയതാണ്. എന്നാല്‍, ഹരോള്‍ഡ് പിന്‍ററിനെപോലുള്ള സാമ്രാജ്യത്വ വിരുദ്ധ ഇടതുസഹയാത്രികര്‍ക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നത് ഗൂഗിക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് ആവേശം പകരുന്നു.
എഴുത്തുജീവിതത്തില്‍ നിന്ന് വിരമിച്ച അമേരിക്കന്‍ സാഹിത്യകാരന്‍ ഫിലിപ്പ് റോത്തിന് സാധ്യത മങ്ങിയെന്നാണ് സാഹിത്യ നിരീക്ഷകരുടെ വിലയിരുത്തല്‍. 81 വയസൂള്ള റൂത്ത് അമ്പത്തഞ്ച് വര്‍ഷത്തെ എഴുത്തുജീവിതത്തിനിടയില്‍ രചിച്ചത് 31 പുസ്തകങ്ങളാണ്. ജപ്പാനീസ് എഴുത്തുകാരന്‍ മുറാകാമി പല നിലക്കും അവാര്‍ഡിന് എറ്റവും അനുയോജ്യനാണ്. 2011 ല്‍ രചിച്ച വണ്‍ക്യു എയ്റ്റിഫോര്‍ (1Q84) എന്ന ഒറ്റ നോവല്‍ തന്നെ അവാര്‍ഡിന് ധാരാളം. 925 പേജുള്ള നോവല്‍ വായനക്കാരെ പല നിലക്കും കശക്കിവിടുന്നതാണ്.
ബോബ് ഡിലാന്‍, ആലിസ് വാക്കര്‍ തുടങ്ങിയ പേരുകളും നോബല്‍സമ്മാന സാധ്യതാ പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നു. ഇതില്‍ ആലിസ് വാക്കര്‍ മാത്രമാണ് സ്ത്രീകളുടെ പട്ടികയില്‍ സര്‍വസമ്മതയായ വിശ്വസാഹിത്യകാരി. അമേരിക്കയിലെ കറുത്തവര്‍ഗക്കാരിയായ ഇവര്‍ കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക, അധ്യാപിക എന്നീ നിലകളിലും പ്രശസ്തയാണ്. 'ദ കളര്‍ പര്‍പ്പിളാ'ണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ഈ നോവലിന് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘എവരിഡെ യൂസ്’, ‘മെറിഡിയന്‍’, ‘യു കാന്‍ട് കീപ് എ ഗുഡ് വുമണ്‍ ഡൗണ്‍’ തുടങ്ങി ഇരുപതിലധികം കൃതികള്‍ വേറെയുമുണ്ട്. എന്നാല്‍ ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപനം വരുമ്പോള്‍ ഇവരിലാരുമല്ലാതെ, ഇതുവരെ പ്രവചനങ്ങളിലൊന്നുമില്ലാതിരുന്നവര്‍ വിജയികളാകാനും സാധ്യതയുണ്ട്.
ബി.ആര്‍.