Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightആത്മാവിലെ...

ആത്മാവിലെ അക്ഷരക്കൂട്ടുകള്‍

text_fields
bookmark_border
ആത്മാവിലെ അക്ഷരക്കൂട്ടുകള്‍
cancel

യുവജനോത്സവവേദികളില്‍നിന്നുയര്‍ന്നുവരുന്ന സര്‍ഗപ്രതിഭകള്‍ ജീവിതത്തിന്‍െറ തിരക്കില്‍ കഥയെയും കവിതയെയുമെല്ലാം പാതിവഴിയിലുപേക്ഷിക്കുന്നതാണ് പതിവ്. എന്നാല്‍ കലോത്സവവവേദികളില്‍നിന്ന് ജീവിതയാത്രയില്‍ കവിതയെ കൂടെക്കൂട്ടിയ എഴുത്തുകാരിയാണ് മലിക. ആത്മാവില്‍ കുടിയേറിപ്പാര്‍ത്ത അക്ഷരങ്ങളെ അടുക്കിയും പെറുക്കിയും മലിക എഴുതുന്നു.
27 ഓളം കവിതകളടങ്ങിയ മലികയുടെ ആദ്യ കവിതാസമാഹാരം ‘മഴന്‍’ ഐ.പി.എച് പുറത്തിറക്കി. പെണ്ണനുഭവങ്ങളും രാഷ്ട്രീയവും നിത്യജീവിതത്തിലെ സംഭവവികാസങ്ങളും മലികയുടെ തൂലികയില്‍ കുരുങ്ങിനില്‍ക്കുന്നു. മഷി പടര്‍ത്തി കവിതകളായി അവ മോക്ഷം നേടുന്നു. പ്രതികരണത്തിനുള്ള മാധ്യമമാണ് മലികക്ക് കവിത. നല്ല അനുഭവങ്ങള്‍ പകര്‍ത്തിവക്കാനും വേദനിപ്പിക്കുന്നവ പങ്കുവക്കാനും മലിക എഴുതുന്നു. രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍വാസമനുഭവിക്കുന്ന പേരറിവാളനെക്കുറിച്ച വേദനയാണ് ‘പേരറിവാളാ’ എന്ന കവിത പങ്കുവക്കുന്നത്.
‘‘ഇതു വരെയെല്ലാം
ശരിയായിരുന്നു
നിന്‍െറ നിലക്കനുസരിച്ച് നീ നിന്നിരുന്നു.
എന്നിട്ടിപ്പോള്‍ മാത്രമെന്തിനാ
വലിയവര്‍ക്ക് മാത്രം
അവകാശപ്പെട്ടത്
നീയും
മോഹിക്കുന്നത്?
നീതി; അതു
നിനക്കും വേണമെന്ന്
വാശി പിടിക്കുന്നത്?’’

മഴ എന്ന നപുംസകശബ്ദത്തെ മഴന്‍ എന്ന പുല്ലിംഗപദമാക്കുന്നതിലൂടെ കവികര്‍മത്തെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാക്കുകയാണ് മലിക എന്ന് പ്രശസ്ത കവി വീരാന്‍കുട്ടി അവതാരികയില്‍ പറയുന്നു. നാളത്തെ മലയാളകവിതയുടെ സ്വരം രൂപപ്പെടുക മലികയുടെ ശബ്ദം കൂടി ചേര്‍ന്നായിരിക്കും എന്നും കവി അവതാരികയില്‍ പ്രത്യാശിക്കുന്നു.
മഴന്‍ എന്ന കവിതയില്‍ കാല്‍പനികഭാവത്തിനപ്പുറം പെണ്‍പക്ഷത്തുനിന്ന് മഴയില്‍ പുരുഷഭാവം കണ്ടെക്കുകയാണ് കവയിത്രി.
‘‘ചുഴറ്റി ഉയര്‍ത്തിയില്ളേ
കാലുകള്‍ക്കിടയില്‍
തെരുപ്പിടിപ്പിച്ചുവച്ച
എന്‍െറ പാവാട.
കാണിച്ചുകൊടുത്തില്ളേ
കുഞ്ഞിപ്പെണ്ണിലെ
മൂക്കാനായ സ്ത്രീയെ നീ
ഭാവന കൊണ്ട് പുഴുത്ത
പല ജാതി കണ്ണുകള്‍ക്ക്.
എന്താ മഴേ, നീയിങ്ങനെ?
ആണുങ്ങളെപ്പോലെ’’

വൊളണ്ടറി റിട്ടയര്‍മെന്‍റ് എന്ന കവിതയില്‍ പ്രണയത്തെക്കുറിച്ച് മലിക എഴുതുന്നു: ‘‘മഴക്കാല വെള്ളച്ചാട്ടം പോലെ
കുതിച്ചുവരുന്ന
വേര്‍പ്പെടാത്ത
നിന്‍െറ പ്രണയം
വേനലില്‍
നനവുകളവശേഷിക്കുന്ന
വെറുമൊരു
പാറപ്പുറമാകാന്‍
താമസമുണ്ടാകില്ല
എന്നു ഞാന്‍ കേള്‍ക്കുന്നു
എപ്പോഴും ഗതി
മാറാവുന്നതാണ്
ഒഴുക്കെന്നും
അവര്‍ പറയുന്നു.
അറിവെന്നെക്കരയിക്കും മുമ്പ്
ഞാന്‍
പ്രണയത്തില്‍നിന്നും
സ്വയം വിരമിച്ചിരിക്കുന്നു’’

2004-05ല്‍ തിരൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തിന് മലിക മറിയം കവിതാരചനയില്‍ ഒന്നാമതത്തെിയിരുന്നു. ‘ഇനി അമ്മ പറയട്ടെ (കൂട്ടത്തില്‍ കരയുകയും) എന്ന കവിതയാണ് സമ്മാനത്തിനര്‍ഹമായത്. എഴുത്തിന്‍െറ വഴിയേ അതിനും മുമ്പേ മലിക ചുവടുവച്ചിരുന്നു. കവിതയെയും കഥയെയും സ്നേഹിക്കുന്ന മൂത്ത സഹോദരങ്ങളുടെ ഇഷ്ടങ്ങളാണ് മലികക്ക് വഴികാട്ടിയത്. വായനക്ക് ഏറെ അവസരമുള്ള സാഹചര്യമായിരുന്നു ബാല്യത്തിലേത്. ഹൈസ്കൂള്‍ ക്ളാസുകളിലത്തെിയപ്പോഴേ എഴുതിത്തുടങ്ങി. കഥയോടാണ് ഇത്തിരി ഇഷ്ടമേറെ. ആനുകാലികങ്ങളില്‍ എഴുതാറുമുണ്ട്. ‘പ്ളാസ്റ്റര്‍ ഓഫ് പാരീസ്’, ‘ആട്ടിന്‍കുട്ടി’, ‘ശൈശവം തീനി നാട്ടിലെ പെണ്‍കുട്ടി’ തുടങ്ങിയവ അവയില്‍ ചിലതാണ്.
2010ല്‍ ജി.ഐ.ഒ കേരള സംഘടിപ്പിച്ച സംസ്ഥാനതല കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായി. എസ്.എഫ്.ഐ സ്റ്റേറ്റ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന കവിതാമത്സരത്തിലും മാധ്യമം വെളിച്ചം കവിതാമത്സരത്തില്‍ കോളജ് വിഭാഗത്തിലും സമ്മാനം നേടി. നോവലെഴുതുക എന്നൊരു സ്വപ്നവും ഈ യുവ എഴുത്തുകാരിയുടെ മനസിലുണ്ട്.
എന്‍.എസ് മാധവനും ബഷീറുമാണ് മലികയുടെ പ്രിയ എഴുത്തുകാര്‍. മാധവിക്കുട്ടിയുടെ പുസ്തകങ്ങളും ഇഷ്ടമാണ്. ‘ആരാച്ചാര്‍’ ഈയിടെയിറങ്ങിയവയില്‍ ഏറെ ഇഷ്ടപ്പെട്ട നോവലാണ്. ഓണ്‍ലൈനിലാണ് ഇപ്പോള്‍ മലികയുടെ വായനയേറെയും. ബ്ളോഗുകള്‍ വായിക്കാറുണ്ട്.
മലപ്പുറം എ.ആര്‍. നഗര്‍ സ്വദേശിയായ മലിക ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ളീഷില്‍ ബിരുദാനന്തരബിരുദം നേടി. ഭര്‍ത്താവ് ഇഹ്ജാസ് അലിക്കും മകള്‍ തസ്ബീഹിനുമൊപ്പമുള്ള കുടുംബജീവിതത്തിന്‍െറ തിരക്കുകള്‍ക്കിടയിലും കവിതയുടെ നാമ്പുകളെ മലിക നട്ടുനനച്ചു വളര്‍ത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story