Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഭാഷാപിതാവിന് പിറന്ന...

ഭാഷാപിതാവിന് പിറന്ന മണ്ണില്‍ ഒരര്‍ച്ചന

text_fields
bookmark_border
ഭാഷാപിതാവിന് പിറന്ന മണ്ണില്‍ ഒരര്‍ച്ചന
cancel

‘ഒരൊറ്റത്തെങ്ങു കണ്ടിടത്തിലൊക്കെയും
സ്മരിച്ചു ഞങ്ങളീപ്പിറന്ന നാടിനെ...
ഇവിടെ സ്നേഹിപ്പാ,നിവിടെ യാശിപ്പാ-
നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം’ (വൈലോപ്പിള്ളി ശ്രീധരമേനോന്‍)
മലയാള ഭാഷയും സംസ്കാരവും സംഗമിക്കുന്ന തുഞ്ചന്‍പറമ്പിലെ വിശുദ്ധ ഭൂമിയിലത്തെുമ്പോള്‍ കാലം പിന്നോട്ട് തിരിയും. പിറന്ന മണ്ണിനും ആദ്യം നാവിലുണര്‍ന്ന ഭാഷക്കുമൊരുക്കിയ സ്മരണാഞ്ജലി. ചിറകുവിരിച്ച് പറന്നുയര്‍ന്നിടത്തുതന്നെ ശ്രേഷ്ഠമലയാളത്തിനൊരു അര്‍ച്ചന. ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍െറ ജന്‍മംകൊണ്ടനുഗ്രഹീതമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍െറ ശാരികപ്പൈതലിന്‍െറ ചിറകടിയൊച്ച ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് അദ്ദേഹം ചൊല്ലിക്കൊടുത്ത അക്ഷരപാഠങ്ങള്‍ അലിഞ്ഞുചേര്‍ന്ന വായു ചുറ്റും ഒഴുകിപ്പരക്കുന്നു.
മലയാളം കൂടാരമടിച്ചിരിക്കുന്നു ഈ തിരുമുറ്റത്ത്. കാലം കടന്ന് വീശിയത്തെുന്ന ഇവിടുത്തെ കാറ്റിന് മലയാളത്തിന്‍െറ പഴമണമുണ്ട്്. നടുത്തളത്തിലെ നിശ്ബദതയെ പൗരാണികതയുടെ ആഢ്യത്വം പുണര്‍ന്നുനില്‍ക്കുന്നു. തുഞ്ചത്തെഴുത്തച്ഛന്‍െറ പാദങ്ങള്‍ പതിഞ്ഞ ഭൂമി ഇവിടെ ഒരനുഭവമാകുന്നു. ഒരു ചെറുകുളിരായി ആത്മാവിലേക്ക് പടര്‍ന്നുകയറുന്ന അനുഭവം. ഇവിടുത്തെ മരച്ചുവടുകളുടെ തണലില്‍ ചരിത്രം കാലുനീട്ടിയിരുന്ന് വിശ്രമിക്കുന്നു. ഈ ഭൂമിയില്‍നിന്നാണ് വേരുകള്‍ ആഴ്ന്നുപടര്‍ത്തി മലയാളം ശ്രേഷ്ഠമലയാളമായി പടര്‍ന്നുപന്തലിച്ചത്.
മലയാളത്തിന്‍െറ തറവാട് വീടാണ് തിരൂര്‍ തുഞ്ചന്‍പറമ്പ്. തറവാട്ടുകാരണവര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍െറ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ഇവിടുത്തെ നിശ്ബദതപോലും വാചാലം. സംസ്കൃതത്തിന്‍െറ അഹങ്കാരം നിറഞ്ഞ ആഢ്യത്വത്തില്‍നിന്ന് മോചനമൊരുക്കി ഭാഷയെ ജനകീയവത്കരിച്ച പിതാമഹന് മലയാളത്തിന്‍െറ ആദരവായൊരു സ്മാരകം.
ചെങ്കല്ലില്‍ തീര്‍ത്ത പ്രവേശകവാടം കടന്ന് ചെല്ലുമ്പോള്‍ തുഞ്ചന്‍െറ തത്തയും എഴുത്താണിയും കാഞ്ഞിരമരവുമൊക്കെ എതിരേല്‍ക്കാനുണ്ട്. വിശുദ്ധാക്ഷരങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങാനത്തെിയ തീര്‍ഥാടകരെപ്പോലെയാകും ഇവിടെ സന്ദര്‍ശകര്‍. നടുമുറ്റത്തെ നിശ്ബദതയില്‍നിന്ന് ചെന്നുകയറുന്നത് മലയാള സാഹിത്യത്തിലെയും ഭാഷയിലെയും മുടിചൂടാമന്നന്‍മാരുടെ സംഗമഭൂമിയിലേക്കാണ്. ഭാഷയുടെയും സാഹിത്യത്തിന്‍െറയും തുടക്കവും വളര്‍ച്ചയും വരച്ചിട്ടിരിക്കുന്ന മ്യൂസിയമാണിത്. മലയാളസാഹിത്യത്തിന്‍െറ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്താന്‍ തുഞ്ചത്തെഴുത്തച്ഛന്‍ പിറന്ന നാടിനേക്കാള്‍ ഉത്തമമായ മറ്റൊരിടമില്ലല്ളോ.

നമ്മുടെ സാഹിത്യത്തെ തെളിമലയാളത്തിലത്തെിച്ചതിന് തുഞ്ചത്തെഴൂത്തച്ഛനോടാണ് കടപ്പെട്ടിരിക്കുന്നത്. കുന്ദലത മുതലിങ്ങോട്ടുള്ള മലയാളസാഹിത്യത്തെ തുഞ്ചന്‍െറ ജന്മഗേഹത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ (വാസനാവികൃതി), അപ്പു നെടുങ്ങാടി(കുന്ദലത), ചന്തുമേനോന്‍ (ഇന്ദുലേഖ), സി.വി.രാമന്‍പിള്ള (മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ), അപ്പന്‍ തമ്പുരാന്‍ (ഭാസ്കരമേനോന്‍), എന്നിങ്ങനെ കൈരളിക്ക് അടിത്തറ പാകി ലോകസാഹിത്യത്തിന്‍െറ നെറുകയിലേക്ക് പടവുകളൊരുക്കിയതില്‍ ഭാഗഭാക്കായവരെയെല്ലാം ഇവിടെയുണ്ട്. കെ. സരസ്വതിയമ്മ, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, എസ്.കെ പൊറ്റക്കാട്, ഉറൂബ്, കുമാരനാശാന്‍, ഉള്ളൂര്‍, ജി. ശങ്കരക്കുറുപ്പ്, സ്വാതിതിരുനാള്‍, വള്ളത്തോള്‍, ഒ.വി വിജയന്‍, തകഴി, കുഞ്ഞുണ്ണിമാഷ്, എന്‍.എന്‍ കക്കാട്, കെ.പി കേശവ മേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, കമല സുരയ്യ, ചങ്ങമ്പുഴ, ലളിതാംബിക, കോവിലന്‍, നന്തനാര്‍, വയലാര്‍, ഒ.എന്‍.വി, വൈലോപ്പിള്ളി തുടങ്ങി അക്ഷരങ്ങള്‍ കൊണ്ട് അതിശയങ്ങള്‍ കാണിച്ച മലയാളത്തിന്‍െറ അഭിമാനങ്ങളെല്ലാം.. കഥപറഞ്ഞും കവിതചൊല്ലിയും കടന്നുപോയവര്‍ ഇവിടെ നമ്മോട് കഥകള്‍ പറയുന്നു; കവിത ചൊല്ലിത്തരുന്നു. തീര്‍ന്നില്ല; ഹെര്‍മന്‍ ഗുണ്ടര്‍ട്ടില്‍ തുടങ്ങി ക്രിസ്ത്യന്‍ മിഷനറിമാരും അഴീക്കോടും എം.എന്‍. വിജയനും ഇ.എം.എസും തുടങ്ങി മലയാള നാടിനെ ധന്യരാക്കിയവരെയെല്ല്ളാം ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയും സാഹിത്യവും സംസ്കാരവും പിച്ചവെച്ച വഴിയില്‍ കൈത്താങ്ങായവര്‍ക്കെല്ലാം ഇവിടെ കൈരളിയുടെ നമസ്കാരം. ഓരോരുത്തരെയും കുറിച്ചുള്ള ചെറുകുറിപ്പുകളുമുണ്ട് ഒപ്പം. മലയാളനാട്ടിലെ ചരിത്രഭൂമികകളും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

ഭാഷയുടെ തുടക്കം തൊട്ടുള്ള ചരിത്രം ഇവിടെ വായിച്ചും കണ്ടും കേട്ടുമറിയാം. ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള വിവരണം മ്യൂസിയത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. തുഞ്ചന്‍െറ എഴുത്തോലയും എഴുത്താണിയും മ്യൂസിയത്തിന് അലങ്കാരമായുണ്ട്. കാലം അക്ഷരങ്ങളായി ഉറങ്ങുന്ന താളിയോലക്കെട്ടുകളും. മലയാള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ചരിത്രവും ഈ മ്യൂസിയം നമ്മോട് പറയുന്നു. അപൂര്‍വമായ മലയാളം അക്കങ്ങളും അക്ഷരങ്ങളും കലണ്ടറുമെല്ലാം ഇവിടെ കാണാനാകും. കേരളത്തിന്‍െറ പാരമ്പര്യകലകളെക്കുറിച്ചുള്ള വിവരണവുമുണ്ട്. ധാന്യ അളവുകള്‍, തൂക്കം, നാണയം, സ്ഥാന ചിഹ്നം എന്നിവയൊക്കെ കൗതുകമുണര്‍ത്തുന്നതാണ്.
മലയാളിയുടെ വൈവിധ്യങ്ങളെ ചിത്രീകരിക്കുന്ന മ്യൂസിയത്തില്‍ കലകളെയും പരിചയപ്പെടുത്തുന്നു. വിവിധ വിഭാഗങ്ങളുടെ പ്രാധിനിത്യം വിളിച്ചോതുന്ന കലാരൂപങ്ങള്‍ക്കൊപ്പം ചിത്രങ്ങളും ചുമരെഴുത്തുകളുമെല്ലാം ഇവിടെ കാണാം. ചുരുക്കിപ്പറഞ്ഞാല്‍ മലയാളസാഹിത്യത്തിന്‍െറയും ഭാഷയുടെയും സംസ്കാരത്തിന്‍െറയും വേരുകള്‍ തിരഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ക്കായി അടുക്കോടെയും ചിട്ടയോടെയും അടിസ്ഥാനവിവരങ്ങള്‍ ഇവിടെ ചേര്‍ത്തുവച്ചിരിക്കുന്നു.
തുഞ്ചത്തെഴുത്തച്ഛന്‍െറ ജന്‍മസ്ഥലം കുട്ടികളെ എഴുത്തിനിരുത്തുന്ന സരസ്വതി മണ്ഡപമായിരിക്കുന്നു. സാഹിത്യത്തിന്‍െറയും ഗവേഷണത്തിന്‍െറയും വിളനിലമാണ് ഈ മണ്ണ് ഇന്ന്. പതിനാറാം നൂറ്റാണ്ടില്‍ കവി ജീവിച്ച വീടും പഠിപ്പിച്ച കളരിയും സ്ഥിതി ചെയ്ത അതേ സ്ഥലത്തുതന്നെയാണ് തുഞ്ചന്‍ സ്മാരകമുയര്‍ന്നിരിക്കുന്നത്. ഭാഷയുടെ പിതാമഹന് സ്മാരകം നിര്‍മിക്കാന്‍ 1906 ഒക്ടോബര്‍ 17നാണ് എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും നേതൃത്വത്തില്‍ ആദ്യയോഗം ചേര്‍ന്നത്. സാമൂതിരിയും വിദ്വാന്‍ മാനവിക്രമ ഏട്ടന്‍ തമ്പുരാനുമാണ് ഇതിന് മുന്‍കൈയെടുത്തത്. തുഞ്ചന്‍പറമ്പില്‍തന്നെയായിരുന്നു യോഗം. സ്മാരകം നിര്‍മിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തുവെങ്കിലും ഈ യോഗത്തത്തെുടര്‍ന്ന് തുഞ്ചന്‍പറമ്പ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നീട്, 1955 ഡിസംബറില്‍ കെ.പി കേശവമേനോന്‍െറ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കി. അങ്ങനെ, അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള ശിലയിട്ട സ്മാരകം മലയാളത്തിന്‍െറ പരിച്ഛേദമായി നിലകൊള്ളുന്നു.

Show Full Article
TAGS:
Next Story