രാജം കൃഷ്ണന്‍: അവഗണിക്കപ്പെട്ടവരുടെ എഴുത്തുകാരി
text_fieldsചെന്നൈ: തമിഴ് സാഹിത്യത്തിലെ അവഗണിക്കപ്പെട്ടവരുടെ സാഹിത്യകാരിയായിരുന്നു അന്തരിച്ച രാജം കൃഷ്ണന്‍ (90). ആധുനിക സാഹിത്യത്തില്‍ അധികമാരും പ്രമേയമാക്കിയിട്ടില്ലാത്ത കര്‍ഷകത്തൊഴിലാളികളുടെയും കൊള്ളക്കാരുടെയും തടവുകാരുടെയുമൊക്കെ കഥകളായിരുന്നു രാജത്തിന് പറയാനുണ്ടായിരുന്നത്.
വേരുക്ക് നീര്‍, മുള്ളും മലരും, അലൈവായ്കിറൈ, പാതയില്‍ പതിന്ത അടികള്‍, ഉത്തര കാണ്ഡം, കുറിഞ്ഞി തേന്‍, വളൈകരം, മലര്‍കള്‍ തുടങ്ങി ചെറുകഥകളും നോവലുകളുമായി 80ല്‍ അധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പാതയില്‍ പതിന്ത അടികള്‍’ ആത്മകഥാംശമുള്ളതാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍െറ ഭാഗമായില്ളെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ച ആളായിരുന്നു രാജം.
സാഹിത്യ അക്കാദമി അവാര്‍ഡിന് പുറമെ സരസ്വതി സമ്മാന്‍, തിരുവികാ പുരസ്കാരം, ന്യൂയോര്‍ക് ഹെറാള്‍ഡ് ട്രൈബ്യൂണിന്‍െറ അന്തര്‍ദേശീയ ചെറുകഥ പുരസ്കാരം, കലൈമഗല്‍ പുരസ്കാരം, അനന്തവികടന്‍ നോവല്‍ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടി വന്നിട്ടുണ്ട്.
അനന്തരാവകാശികളില്ലാത്തതിനാല്‍ അവരുടെ അഭ്യര്‍ഥന പ്രകാരം 2009ല്‍ കൃതികള്‍ പൊതുസ്വത്തായി പ്രഖ്യാപിക്കുകയും സാമ്പത്തിക വിഹിതം കൈമാറുകയും ചെയ്തിരുന്നു.
1924ല്‍ ട്രിച്ചിയിലെ മുസ്രിയില്‍ ജനിച്ച രാജം ചെറുപ്രായത്തില്‍തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കൃഷ്ണനെ വിവാഹം ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവിന്‍െറ പ്രോത്സാഹനത്തിന്‍െറ കൂടി ഫലമായാണ് എഴുത്തില്‍ മുന്നേറിയത്. ഒൗപചാരിക വിദ്യാഭ്യാസം വളരെ കുറച്ചുമാത്രം ലഭിച്ചിട്ടും കഠിനാധ്വാനവും സര്‍ഗാത്മതയും കൈമുതലാക്കി സാഹിത്യ ലോകത്ത് ഉന്നതസ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1973ല്‍ ‘വേരുക്ക് നീര്‍’ എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ചൊവ്വാഴ്ച പോരൂരിലെ ശ്രീരാമചന്ദ്ര സര്‍വകലാശാല ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
