എം.ടിയുടെ സ്ത്രീകഥാപാത്രങ്ങള്‍
text_fieldsജ്ഞാനപീഠജേതാവായ എം.ടി. വാസുദേവന്‍ നായരുടെ ഏറ്റവും വലിയ കൈമുതല്‍ ഭാഷയാണ്. എഴുതുന്നതെന്തും കവിതയാക്കി മാറ്റി വായനക്കാരെ ആകര്‍ഷിക്കാനദ്ദേഹത്തിന് കഴിയും. അതുകൊണ്ടുതന്നെ അദ്ദേഹം എഴുതിയതെന്തും നാം വായിച്ചുപോകും. ഭിന്നാഭിപ്രായം പറയുമ്പോഴും വിമര്‍ശകര്‍ക്ക് എതിര്‍ക്കാന്‍ മടിതോന്നും. അത്രക്കുണ്ടാ സരസ്വതീവിലാസം. ഉദാഹരണമായി ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയില്‍ സ്വതന്ത്ര നാരിയുടെ പ്രതീകമായി മലയാളി പ്രകീര്‍ത്തിച്ചിരുന്ന ഉണ്ണിയാര്‍ച്ച എന്ന ബിംബത്തെ ദുര്‍നടപ്പുകാരിയും കാര്യം കാണാന്‍ കഴുതക്കാല് പിടിക്കുന്നവളുമായി ചിത്രീകരിച്ചപ്പോഴും എഴുത്തുകാരന് വലിയ എതിര്‍പ്പൊന്നും നേരിടേണ്ടിവന്നില്ല.
പ്രകൃതിയുടെ നിലനില്‍പിനാധാരമായ സ്ത്രീപുരുഷബന്ധം എം.ടിയുടെ സ്ഥിരം പ്രമേയമാണെന്നിരിക്കിലും പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്‍െറ വക്താവാണദ്ദേഹം. സ്ത്രീയെ രണ്ടാംകിടക്കാരിയായി നോക്കിക്കാണാനാണദ്ദേഹത്തിനിഷ്ടം. ‘നാലുകെട്ട്’ മുതല്‍ ‘രണ്ടാമൂഴം’ വരെ പരിശോധിച്ചാല്‍ അമ്മ, സഹോദരി, ഭാര്യ, കാമുകി ഈ പരമ്പരാഗതമായ റോളുകളില്‍ പുരുഷന്‍ സ്ത്രീയെ എങ്ങനെ വിലയിരുത്തുന്നുവെന്ന് കാണാം. അതിലപ്പുറം സ്ത്രീയെ ഒരു വ്യക്തിയായി കാണാനോ അവളുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ അവതരിപ്പിക്കാനോ ഈ പ്രതിഭാശാലി കൂട്ടാക്കുന്നില്ല. സ്ത്രീസമത്വവും ഫെമിനിസവുമൊന്നും അദ്ദേഹത്തിന്‍െറ ഉറക്കംകെടുത്തുന്നില്ല.
‘ബന്ധനം’ എന്ന ആദ്യകാല കഥയെടുക്കാം. ഗ്രാമത്തിലെ നിഷ്കളങ്കയായ ഭാര്യയെയും നഗരത്തിലെ സുന്ദരിയായ കാമുകിയെയും ഒരുപോലെ വഞ്ചിക്കുന്ന നായകന് രണ്ടു സ്ത്രീകളും തടങ്കല്‍ പാളയങ്ങളാണ്. എഴുത്തുകാരന് അയാളോടുള്ള സഹതാപം ശ്രദ്ധിക്കുക: ‘‘അയാള്‍ക്ക് ചിരിക്കണമെന്നും കരയണമെന്നും തോന്നി. മുള്ളുവാക്കുകളും കുറ്റപ്പെടുത്തലുകളും അസൂയ നിറഞ്ഞ മനസ്സുമുള്ള ഒരു ഭാര്യയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയിട്ടുണ്ട്. ദീനതയാര്‍ന്ന മുഖത്തെ കുഴിഞ്ഞ കണ്ണുകളില്‍ സ്നേഹവും വേദനയും വിശ്വാസവും നിറച്ചുനില്‍ക്കുന്ന ഈ സ്ത്രീയുടെ മുന്നില്‍ അയാള്‍ നിസ്സഹായനാണ്’’1 (‘ബന്ധനം’, പുറം: 28). ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതത്വത്തിനും സ്നേഹത്തിനും വേണ്ടി അയാള്‍ക്കുമുന്നില്‍ കൈക്കുമ്പിള്‍ നീട്ടുന്നു. മറുവശത്ത് നഗരത്തില്‍ അയാളെയും സ്വപ്നം കണ്ടു കഴിയുന്ന കാമുകി. രണ്ടുപേരുടെയും സ്നേഹം പിടിച്ചുപറ്റിയ തണ്ടുതപ്പിയായ നായകനെ എഴുത്തുകാരന്‍ വാഴ്ത്തുന്നു.
പില്‍ക്കാലത്തെഴുതിയതും ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ ‘മഞ്ഞി’ലെ നായിക വിമല ആ നോവല്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. എം.ടി നായികമാരില്‍ വിദ്യാഭ്യാസംകൊണ്ടും ചിന്താശീലംകൊണ്ടും മുന്നില്‍നില്‍ക്കുന്ന വിമലയോടും അവളുടെ ബോധധാരാ പ്രവാഹം വായനക്കാരില്‍ ഉണര്‍ത്തുന്നത് സഹതാപം മാത്രമാണ്. മധ്യവയസ്കയായ ഈ അവിവാഹിത കാത്തിരിക്കുന്നത് കടന്നുകളഞ്ഞ കാമുകനെയാണ്. ‘‘വരും, വരാതിരിക്കില്ല’’ എന്ന് ഉരുവിട്ടുകൊണ്ട് ഓരോ സീസണിലും സഞ്ചാരികള്‍ക്കിടയില്‍ അവള്‍ അയാളെ പരതുകയാണ്! തോണി തുഴഞ്ഞുജീവിക്കുന്ന ബുദ്ദു എന്ന മറ്റൊരു കഥാപാത്രം സ്വന്തം പിതാവിന്‍െറ മുഖം തേടുന്നു. നിരാശ്രയനും വിദ്യാഹീനനുമായ ആ ബാലനും വിമലയും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? കന്യകാത്വം കവര്‍ന്നെടുത്ത സുധീര്‍ മിശ്രയോട് അങ്ങേയറ്റം വിധേയത്വമാണവള്‍ക്കുള്ളത്. ഒരിക്കലെങ്കിലും അവളയാളെ കുറ്റപ്പെടുത്തുന്നില്ല. അവള്‍ക്കൊന്നും വേണ്ട. ഒന്നു കണ്ടാല്‍ മതി. തന്‍െറ ശിഷ്യ അവളുടെ കമിതാവിന്‍െറ കൂടെ പോകുമ്പോള്‍ തെല്ല് അസൂയയോടെ വിമലയോര്‍ക്കുന്നു.
‘‘പതിനാറാം വയസ്സില്‍ അവള്‍ സ്ത്രീയായിരിക്കുന്നു’’2 (മഞ്ഞ് -പുറം: 11). ഇതാണ് വാസ്തവത്തില്‍ എഴുത്തുകാരന്‍െറ സ്ത്രീസങ്കല്‍പം. എന്ന് സ്ത്രീ സ്വമനസ്സാലെ പുരുഷന് കീഴടങ്ങുന്നുവോ അന്നാണവള്‍ യഥാര്‍ഥ സ്ത്രീയാവുന്നതെന്ന് എം.ടി പറഞ്ഞുറപ്പിക്കുന്നു.
മിക്ക നോവലുകളിലെയും നായികമാര്‍ കുടുംബിനിയായും അമ്മയായും കഴിയുന്ന ശരാശരി സ്ത്രീകളത്രെ. ‘ഇരുട്ടിന്‍െറ ആത്മാവി’ലെ അമ്മുക്കുട്ടി മന്ദബുദ്ധിയായ വേലായുധനില്‍ അനുരക്തയാണ്. എന്നാല്‍, അധ്വാനിച്ച് ഭാര്യയെ പോറ്റാന്‍ കഴിവുള്ളയാരെയെങ്കിലും കല്യാണം കഴിക്കുന്നതാണ് ബുദ്ധിയെന്നവള്‍ ചിന്തിക്കുന്നു. ‘കാല’ത്തിലെ തങ്കമണിയും സുമിത്രയും നായകനായ സേതുവിന്‍െറ കാരുണ്യംകാത്തുകഴിയുന്ന കാമുകിമാരാണ്. ‘നാലുകെട്ടി’ലെയും ‘നഗരമേ നന്ദി’യിലെയും സ്ത്രീകളും പുരുഷന്‍െറ മോഹവലയത്തില്‍പെട്ടുഴലുന്നവര്‍തന്നെ.
അമ്മ, സഹോദരി, ഭാര്യ ഈ റോളുകളില്‍ വ്യാപരിക്കുന്നവരെയാണ് എം.ടിക്ക് പഥ്യം. മാതൃത്വത്തിന്‍െറ മഹിമ അരക്കിട്ടുറപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. കൂട്ടുകുടുംബവ്യവസ്ഥയുടെ ബലിയാടായ ‘നാലുകെട്ടി’ലെ അമ്മ മകന്‍െറ നന്മമാത്രം കാംക്ഷിക്കുന്ന ഒരു സാധു സ്ത്രീയാണ്. സ്വന്തം മാതൃത്വം വെളിപ്പെടുത്താനാവാത്ത സ്ത്രീയുടെ ദൈന്യം ‘ഓപ്പോളി’ല്‍ ദര്‍ശിക്കാം. ഭാര്യ, അമ്മ ഈ രണ്ടു പദവികളും സ്ത്രീക്ക് ഒരുപോലെ പ്രധാനമാണെന്നും ഇവയില്‍ മാതൃത്വത്തിന് ഒരു പടികൂടി മുന്‍തൂക്കം കൊടുക്കാമെന്നുമാണെഴുത്തുകാരന്‍െറ വാദം. അവിവാഹിതയായ കുട്ട്യേടത്തി അന്യമതസ്ഥനുമായുള്ള ബന്ധം വിലക്കപ്പെട്ടപ്പോള്‍ ഒരു കയര്‍തുമ്പത്ത് ജീവനൊടുക്കുകയാണ് ചെയ്തത്. സഫലമാകാതെപോയ തന്‍െറ മാതൃത്വം വാസുവിനോടവര്‍ കാണിച്ച വാത്സല്യത്തില്‍ തുടിച്ചുനിന്നിരുന്നു. സഹോദര-സഹോദരീ ബന്ധവും പല കഥകളുടെയും പ്രമേയമാണ്. ‘നിന്‍െറ ഓര്‍മക്ക്’ എന്ന കഥയില്‍ അച്ഛന് അന്യദേശക്കാരിയില്‍ ജനിച്ച അറിയപ്പെടാത്ത അനിയത്തിയോട് ബാലനായ നായകന് തോന്നുന്ന സ്നേഹമാണ് വിഷയം. ‘പ്രേമവും പാര്‍ക്കര്‍ പേനയും’ എന്ന കഥയിലാവട്ടെ വിവാഹാനന്തരം സ്നേഹസമ്പന്നനായ നായകനോട് സഹോദരി കാണിക്കുന്ന അകല്‍ച്ചയാണ് പ്രമേയം. സ്വന്തം പ്രേമഭാജനം സമ്മാനിച്ച പാര്‍ക്കര്‍ പേന വിറ്റ് കഥാനായകന്‍ പെങ്ങള്‍ക്ക് വിവാഹസമ്മാനമായി ഒരു സാരി വാങ്ങിക്കൊടുക്കുന്നു. ആ സാരി അവള്‍ക്ക് തെല്ലും ബോധിച്ചില്ല. ദാമ്പത്യത്തിലെ വിശ്വാസവഞ്ചനയാണ് ‘ഇടവഴിയിലെ പൂച്ച’യും ‘ഡാര്‍ എസ്. സലാമും’ കൈകാര്യം ചെയ്യുന്നത്. രണ്ടിലെയും പ്രതികള്‍ വഴിതെറ്റിപ്പോകുന്ന സ്ത്രീകളത്രെ. 
അബലകളും ചപലകളും ആയ ഒരുപാട് പെണ്‍കിടാങ്ങളെ എം.ടിയുടെ സൃഷ്ടികളില്‍ കാണാമെങ്കിലും ഇതിനൊരപവാദമാണ് ‘പഞ്ചാഗ്നി’യിലെ നായിക. വിപ്ളവകാരിയായ അവളോ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട് ഒരു ദു$ഖകഥാപാത്രമായി മാറുന്നു. വിമലവരെയുള്ള നായികമാര്‍ പുരുഷന്‍െറ ഒത്താശക്ക്തുള്ളുന്ന വെറും പാവകള്‍ മാത്രം. സേതുവിനും എന്നും സേതുവിനോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂവെന്ന് ‘കാല’ത്തിലെ സുമിത്ര പൊട്ടിത്തെറിക്കുന്നുണ്ടെങ്കിലും മാനസികമായി എന്നും അയാളുടെ അടിമയായിരുന്നു. ‘രണ്ടാമൂഴ’ത്തിലെ ദ്രൗപദി ന്യായം പറയാന്‍ മിടുക്കിയാണെങ്കിലും ബഹു ഭര്‍തൃമതിയായിരുന്നു. ഭീമനും അര്‍ജുനനും വേറെയും ഭാര്യമാരുണ്ടായിരുന്നുവെന്നോര്‍ക്കണം. സൗന്ദര്യധാമമായ മറ്റൊരു നായിക, വൈശാലി സ്വശരീര സൗഭഗംകൊണ്ട് മുനികുമാരനെപ്പോലും വശീകരിക്കുന്നു. അതിന് കൂട്ടുനില്‍ക്കുന്നത് അവളുടെ അമ്മയും.
സ്ത്രീയെ കുടിലയാക്കി ചിത്രീകരിക്കുന്നതില്‍ പ്രത്യേകം നൈപുണ്യം കാണിക്കുന്ന കൃതിയാണ് ‘രണ്ടാമൂഴം’. അതില്‍ കുന്തീദേവിയുടെ പാത്രരചനതന്നെ നോക്കാം. കുന്തിയുടെ ചാരിത്രരഹസ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നവയാണ്. ഇതുവരെ കരുതിപ്പോന്നപോലെ യുധിഷ്ഠിരന്‍െറ അച്ഛന്‍ ധര്‍മരാജനല്ല, മറിച്ച് ദാസീപുത്രനായ വിദുരരാണ്. കുന്തീഭോജന്‍െറ സുന്ദരനായ സൂതന്‍െറ മകനാണ് കര്‍ണന്‍. വായുപുത്രനല്ല ഭീമന്‍. കൊടുങ്കാട്ടില്‍നിന്ന് ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ വന്ന പേരറിയാത്ത ഒരു കാട്ടാളനാണ് ഭീമന്‍െറ പിതാവ്.
പൊതുവെ സ്ത്രീയെ ശരീരമായി കാണാനാണ് എഴുത്തുകാരന് താല്‍പര്യം. അവളുടെ സൗന്ദര്യത്തിനും ആകാരവടിവിനുമൊക്കെയാണ് മുന്‍തൂക്കം. ദ്രൗപദിയുടെ ഭ്രമാത്മകസൗന്ദര്യവും രതിവിലാസങ്ങളും വിവരിക്കാന്‍ ‘രണ്ടാമൂഴ’ത്തിലെ എത്രയെത്ര പുറങ്ങളാണ് നീക്കിവെച്ചിരിക്കുന്നത്! ഭീമന്‍െറ ഭാര്യ ബലന്ധര, സപത്നിയെക്കുറിച്ചദ്ദേഹത്തോടു പറയുന്നു: ‘‘നാലുവര്‍ഷം വേണമെങ്കില്‍ ഏതു പുരുഷനും കാത്തിരുന്നുപോവും. ഞാന്‍ വിചാരിച്ചതിലുമേറെ സുന്ദരി’’3 (രണ്ടാമൂഴം, പുറം: 149). വാസ്തവത്തിലിത് എഴുത്തുകാരന്‍ ബലന്ധരയെക്കൊണ്ട് പറയിച്ചതാണെന്ന് തോന്നും. ദ്രൗപദിയെ പ്രഥമദൃഷ്ടിയില്‍ ഭീമന്‍ വിലയിരുത്തുന്നു. ‘‘അഞ്ജന ശലാകകള്‍, നീലത്താമരയിതളുകള്‍, എള്ളിന്‍ പൂക്കള്‍, മന്ദാരമൊട്ടുകള്‍, മദകുംഭങ്ങള്‍’’4 (പുറം: 128). അവയൊന്നൊന്നായി ആസ്വദിക്കാന്‍ ഭീമന്‍ ഏതു സാഹസത്തിനും മുതിര്‍ന്നു. വനാന്തരത്തില്‍ കല്യാണസൗഗന്ധികം തേടിപ്പോയി. മോഹിനി സിംഹിനിയായിക്കാണാന്‍ രാക്ഷസന്മാരെ കൊന്നു. മറ്റു നാലു പാണ്ഡവരും വിയര്‍പ്പിന് താമരപ്പൂ ഗന്ധമുള്ള ആ കറുത്ത സുന്ദരിയെ ഊഴം വെച്ച് പ്രാപിക്കാന്‍ ഉഴറിനടന്നു. രണ്ടാമൂഴക്കാരനായിപ്പോയതില്‍ ഭീമന്‍െറ ധര്‍മസങ്കടംതന്നെയാണ് നോവലിന്‍െറ കാതല്‍.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മഹാപ്രസ്ഥാനത്തിനിറങ്ങിയ പാണ്ഡവരുടെ കൂടെ നടക്കുന്ന ദ്രൗപദി കുഴഞ്ഞുവീണു. തെല്ലും ദാക്ഷിണ്യമില്ലാതെ, അവളെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ മുന്നോട്ടുനടന്ന ധര്‍മപുത്രര്‍ പറഞ്ഞ ന്യായം വിചിത്രമാണ്: ‘‘ ഉടലോടെ ദേവപദത്തിലത്തൊനുള്ള ആത്മവീര്യം അവള്‍ പണ്ടേ നഷ്ടപ്പെടുത്തി.’’5 (പുറം: 18).
അമ്പരന്നു നില്‍ക്കുന്ന ഭീമനോട് ജ്യേഷ്ഠന്‍ വിശദീകരിക്കുന്നു: ‘‘അവള്‍ അര്‍ജുനനെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ. രാജസൂയത്തില്‍ എന്‍െറയരികെ ഇരിക്കുമ്പോഴും അവളുടെ കണ്ണുകള്‍ അര്‍ജുനനിലായിരുന്നു’’6 (പുറം: 18). അങ്ങേയറ്റം ധര്‍മിഷ്ഠനായി വാഴ്ത്തപ്പെട്ട ധര്‍മപുത്രര്‍ അസൂയാലുവായ ഒരു ഭര്‍ത്താവായി തരംതാഴുന്നു. സ്വാര്‍ഥതല്‍പരരായ അഞ്ചു പുരുഷന്മാരുടെ കൂടെ ജീവിക്കാന്‍ വിധിക്കപ്പെട്ട ദ്രൗപദിയുടെ അന്ത്യം അതിദയനീയംതന്നെ.
എഴുത്തുകാരന്‍ ആരുടെ പക്ഷമാണെന്ന ചോദ്യം പ്രസക്തമാണ്. ആംഗലേയ കവി ജോണ്‍ മില്‍ട്ടനെപ്പോലെ ഗൂഢമായൊരു സ്ത്രീവിദ്വേഷം എം.ടിയുടെ രചനകളിലും നിഴലിക്കുന്നില്ളേ എന്ന സംശയം ബാക്കി. അതോ, സുന്ദരിയെങ്കിലും ബുദ്ധിയും ആത്മാഭിമാനവും ഉള്ള നായികമാരെ ഈ ധന്യപ്രതിഭ ഇനിയും കണ്ടത്തെിയില്ളെന്നോ?
1. ‘ബന്ധനം’, ‘എം.ടിയുടെ തെരഞ്ഞെടുത്ത കഥകള്‍’ കറന്‍റ് ബുക്സ്, 1968 പതിപ്പ്, പുറം: 28.
2. ‘മഞ്ഞ്’, പൂര്‍ണാ പബ്ളിക്കേഷന്‍സ്, 1981 പതിപ്പ്, പുറം: 11.
3, 4, 5, 6. ‘രണ്ടാമൂഴം’, കറന്‍റ് ബുക്സ്, 201 പതിപ്പ്, പുറം: 149, 128, 18, 18.
(മാധ്യമം ആഴ്ചപ്പതിപ്പ് 2014 സെപ്തംബര്‍ എട്ട് പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
