Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഎ.ടി.എം കൗണ്ടറിന്...

എ.ടി.എം കൗണ്ടറിന് മുന്നിലെ പട്ടാള കഥാകാരന്‍

text_fields
bookmark_border
എ.ടി.എം  കൗണ്ടറിന് മുന്നിലെ  പട്ടാള കഥാകാരന്‍
cancel

കൊല്ലം ജില്ലയിലെ പരവൂരില്‍ ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടറിലെ കാവല്‍ക്കാരനായ രാജീവ് ജി.ഇടവക്ക് അക്ഷരങ്ങളുടെ കരുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആത്മവിശ്വാസം നല്‍കുന്നത്. പത്തോളം പുരസ്കാരങ്ങള്‍ , അഞ്ച് കഥാസമാഹാരങ്ങള്‍, ഒരു നോവല്‍, ഒരു ഓര്‍മക്കുറിപ്പ് എന്നിവയെല്ലാം ഈ 42കാരന്‍െറ ബയോഡാറ്റക്കൊപ്പം ചേര്‍ത്തുവെക്കാനുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ഇടവസ്വദേശിയായ രാജീവ് പ്രീഡിഗ്രി പഠനകാലത്ത് സ്വന്തം താല്‍പര്യപ്രകാരമാണ് സൈനികസേവനം തെരഞ്ഞെടുക്കുന്നത്. 1992ല്‍ സൈനിക ഡ്രൈവറായിട്ടായിരുന്നു നിയമനം. ഒരു വര്‍ഷക്കാലം ബംഗളൂരുവില്‍ തീവ്രപരിശീലനം. വലിയ വാഹനങ്ങള്‍ വഴങ്ങുമെന്നായപ്പോള്‍ റാഞ്ചിയില്‍ ആര്‍മി സപൈ്ള കോറില്‍ ആദ്യ നിയമനം. ജീവന് ഒരുറപ്പുമില്ലാത്ത ദിനരാത്രങ്ങള്‍ തുടങ്ങുന്നത് 94ല്‍ കശ്മീരില്‍ എത്തുന്നതോടെയാണെന്ന് രാജീവ് ഓര്‍ക്കുന്നു.
കൊതിപ്പിക്കുന്ന സൗന്ദര്യമുള്ള കശ്മീരിന്‍െറ ഭീതിജനിപ്പിക്കുന്ന മറ്റൊരുമുഖമായിരുന്നു അവിടെ കണ്ടത്. അനന്ത്നാഗ് ജില്ലയിലെ ഖന്നവാള്‍ എന്ന സ്ഥലത്തായിരുന്നു പട്ടാളക്യാമ്പ്. ജില്ലാ ആസ്ഥാനത്തുനിന്ന് 60 കി.മീ. അകലെയുള്ള കുഗ്രാമം. അങ്ങോട്ടുള്ള ആദ്യയാത്രതന്നെ അവിടത്തെ സാഹചര്യം എന്തെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നുവെന്ന് രാജീവ് ഓര്‍ക്കുന്നു.
പട്ടാളത്തിലെ വലുതും ചെറുതുമായ വാഹനങ്ങള്‍ ഒരേ മികവോടെ ഓടിക്കുന്നതിനാല്‍ പലപ്പോഴും ഓഫിസര്‍മാരെ കൊണ്ടുപോകേണ്ട ചുമതലയും ലഭിച്ചു. ഇത്തരത്തില്‍ ഒരു യാത്രക്കിടെ ഉണ്ടായ ആക്രമണമാണ് രാജീവിന് തുടര്‍സേവനകാലയളവില്‍ തിരിച്ചടിയായത്. 1995ല്‍ കമാന്‍ഡിങ് ഓഫിസറുമായി കശ്മീരിലേക്ക് യാത്രപോകുമ്പോള്‍ റോഡരികിലെ രണ്ടുനിലകെട്ടിടത്തിനുമുകളില്‍നിന്ന് തീവ്രവാദികള്‍ വെടിയുതിര്‍ത്തു. വാഹനത്തിന്‍െറ ബുള്ളറ്റ്പ്രൂഫ് കവറും പിളര്‍ന്ന് എത്തിയ വെടിയുണ്ട കാലിന് പിന്നില്‍ പതിച്ചു. ആറു മാസക്കാലം ആശുപത്രിയില്‍. മെഡിക്കല്‍ ഫിറ്റ്നസ് നഷ്ടമായതിനാല്‍ തുടര്‍ജോലിക്ക് യോഗ്യനല്ളെന്ന് വിലയിരുത്തപ്പെട്ടു. ‘എ’ കാറ്റഗറിയില്‍നിന്ന് ‘സി’ കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തപ്പെട്ടു. തുടര്‍നടപടി പിരിഞ്ഞുപോരലാണ്. എന്നാല്‍, നാട്ടിലത്തെി കൂടുതല്‍ ചികിത്സ നടത്തി മടങ്ങിയത്തെിയപ്പോള്‍ ‘ബി’ കാറ്റഗറിക്ക് യോഗ്യനായി. സൈന്യത്തില്‍ തുടര്‍സേവനത്തിന് യോഗ്യനായത് ഇതുകൊണ്ടാണ്. നിശ്ചയദാര്‍ഢ്യം വീണ്ടും ഡ്രൈവിങ് സീറ്റിലത്തെിച്ചു.
17 വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യം വിട്ടുപോന്നു. മെഡിക്കല്‍ കാറ്റഗറി കുറഞ്ഞവര്‍ക്ക് തുടരാനാവില്ളെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനമായിരുന്നു ഇതിന് കാരണം. 2374 രൂപ മാത്രം മാസ പെന്‍ഷനുമായി പിരിയേണ്ടിവന്നു. പിന്നീട് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടപ്പോള്‍ മടങ്ങിവരാന്‍ വിളിയുണ്ടായി. അതുവരെ വാങ്ങിയ പെന്‍ഷനും പിരിഞ്ഞുപോന്നപ്പോള്‍ ലഭിച്ച തുകയും നല്‍കണമെന്ന വ്യവസ്ഥ മടക്കത്തിന് തടസ്സമായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെ പണം മടക്കി നല്‍കും.
ജോലിക്കാലത്ത് 99ല്‍ പരവൂര്‍ സ്വദേശിനിയായ ദീപയെ വിവാഹംകഴിച്ചു. രണ്ട് കുട്ടികളുമായി. ഇതിനിടെ, ഒരു ചെറിയ വീടും നിര്‍മിച്ചു. ഈ സാഹചര്യത്തില്‍ തുച്ഛമായ പെന്‍ഷനുമായൊരു ജീവിതം കടുത്ത വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ മൂന്നുവര്‍ഷത്തോളം ഓടിച്ചു. പിന്നീടാണ് എ.ടി.എമ്മില്‍ സെക്യൂരിറ്റി ജോലി കിട്ടിയത്.
90ലാണ് ആദ്യകഥ പ്രസിദ്ധീകരിച്ചത്.
‘ചോരവരകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച രാജീവിന്‍െറ യുദ്ധസ്മരണകള്‍ യാഥാര്‍ഥ്യങ്ങളുടെ പകര്‍ത്തിയെഴുത്താണ്.
ഒരിക്കല്‍ സമീപത്തെ ഗ്രാമത്തില്‍ തീവ്രവാദി ആക്രമണമുണ്ടായതറിഞ്ഞ് ഓപറേഷന്‍ സംഘത്തിന് അങ്ങോട്ടുപോകേണ്ടിവന്നു. കോണ്‍വോയ് ആയാണ് സംഘത്തിന്‍െറ യാത്ര. ഏറ്റവും മുന്നില്‍ അകമ്പടി വാഹനം. പിന്നില്‍ രാജീവ് ഓടിക്കുന്ന കമാന്‍ഡിങ് ഓഫിസറുടെ വാഹനം. ഇതില്‍ അഞ്ച് സൈനികരുമുണ്ട്. പിന്നില്‍ ആംബുലന്‍സ്. ഇതിന് പിന്നില്‍ മറ്റൊരു വാഹനം. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അതിവേഗത്തിലാണ് യാത്ര. ആംബുലന്‍സിന്‍െറ ഡ്രൈവര്‍ പുതിയ ആളായതിനാല്‍ പലപ്പോഴും മുമ്പിലുള്ള വാഹനങ്ങള്‍ക്കൊപ്പമത്തൊനാകുന്നില്ല. റോഡില്‍ ഒരു മരപ്പാലത്തിന് സമീപമത്തെിയപ്പോള്‍ കമാന്‍ഡിങ് ഓഫിസര്‍ വണ്ടി നിര്‍ത്താനാവശ്യപ്പെട്ടു. ഇതിനകം അകമ്പടി വാഹനം പാലം കടന്നിരുന്നു. ‘രാജീവ് പിറകിലെ ആംബുലന്‍സ് ഓടിച്ചോ, ഞാന്‍ ഈ വാഹനം ഓടിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു. അതു ശരിയാവില്ളെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ആംബുലന്‍സിന്‍െറ ഡ്രൈവിങ് സീറ്റില്‍ കയറുമ്പോഴേക്കും കമാന്‍ഡിങ് ഓഫിസറുടെ വാഹനം മുന്നോട്ടുനീങ്ങിയിരുന്നു. വാഹനം പാലത്തില്‍ കയറിയതും കാതടപ്പിക്കുന്ന സ്ഫോടനമാണ് പിന്നെ കേട്ടത്. ചിന്നിച്ചിതറിയ ശരീരങ്ങളും തീഗോളമായി മാറിയ വാഹനവും കണ്‍മുന്നില്‍. നിമിഷാര്‍ധത്തില്‍ തിരിച്ചുകിട്ടിയ ജീവനുമായി തരിച്ചുനില്‍ക്കുമ്പോള്‍ തോന്നിയ വികാരമെന്തെന്നുപോലും രാജീവിന് ഓര്‍ത്തെടുക്കാനാകുന്നില്ല.
അങ്ങനെ മരിച്ചാലും വിട്ടുപോകാത്ത ഭയാനക ഓര്‍മകള്‍ക്ക് നോവലിന്‍െറ രൂപമായതാണ് ‘2 ആര്‍.ആര്‍.ഡി കമ്പനി’. എ.ടി.എം കൗണ്ടറിനുമുന്നിലെ മടുപ്പിക്കുന്ന ഏകാന്തതയെ അക്ഷരങ്ങള്‍കൊണ്ട് മറികടക്കുമ്പോള്‍ രാജീവ് ധീരരായ പട്ടാളക്കാരുടെയും ഒരുകൂട്ടം നിഷ്കളങ്ക കശ്മീരികളുടെയും രേഖാചിത്രങ്ങളാണ് നമുക്കു നല്‍കുന്നത്.

Show Full Article
TAGS:
Next Story