Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightപലതുള്ളി പെരുമലയാളം

പലതുള്ളി പെരുമലയാളം

text_fields
bookmark_border
പലതുള്ളി പെരുമലയാളം
cancel

പല മലയാളങ്ങളിലാണ് പുതിയ കാലത്തെ രാഷ്ട്രീയവും സംസ്കാരവും ശാസ്ത്രവും സാങ്കേതികവിദ്യയും ദൈനംദിന ഇലക്ട്രോണിക് ഉപഭോഗവും പുതുനാഗരികതയും നവസാമൂഹികജീവിതവും അവയുടെ ആശയ ലോകങ്ങളും പ്രയോഗമേഖലകളും ചിന്തിക്കുന്നതും ജീവിക്കുന്നതും. ഉച്ചാരണത്തിലെ പഴയ ദിഗ്ഭേദഫലിതങ്ങളേക്കാളും തെക്കന്‍ വടക്കന്‍ പരിഹാസങ്ങളേക്കാളും സ്വയംശരിവാദങ്ങളേക്കാളും ആഴത്തിലും അര്‍ഥത്തിലും വ്യത്യസ്തതകള്‍ വികസിച്ച് പുതിയ മലയാളം പല മലയാളമായി.
വടക്കും തെക്കും നടുക്കും കൊലവിളിയുണ്ട്. നിലവിളിയുണ്ട്. വര്‍ഗീയ ഗര്‍ജനമുണ്ട്. രാഷ്ട്രീയ വ്യാഖ്യാനമുണ്ട്. പക്ഷ/പ്രതിപക്ഷ പ്രസംഗമുണ്ട്. പ്രതിഷേധമുണ്ട്. പാട്ടുണ്ട്. പ്രലോഭനമുണ്ട്. സമാധാനത്തിനായുള്ള മുറവിളിയുണ്ട്. ഉണരുന്ന ദലിത് ഇച്ഛയുണ്ട്. ആദിവാസിനിലവിളിയുണ്ട്. ദൃഢബോധ്യങ്ങളോടെ തെളിഞ്ഞുവളരുന്ന പെണ്‍മലയാളമുണ്ട്. പീഡിപ്പിച്ച് കഴിഞ്ഞ് മുക്കിക്കൊല്ലുന്നവരുടെ ഒച്ചയില്‍ മുങ്ങിച്ചാവുന്ന ഇരമലയാളമുണ്ട്. കൊലപാതകമെന്നും അല്ല ആത്മഹത്യയെന്നും ഒരേ തീവ്രതയില്‍ സമരമലയാളമുണ്ട്. ഭൂരിപക്ഷ നുണയുണ്ട്. ന്യൂനപക്ഷ നേരുണ്ട്. നീട്ടലും കുറുക്കലുമുണ്ട്. പാടലും പറയലുമുണ്ട്. വാര്‍ത്തകളുടെ തിരമറിയലുണ്ട്. എല്ലാം മലയാളം; പല മലയാളം. വാദിമലയാളവും പ്രതിമലയാളവും സാക്ഷിമലയാളവും കോടതിമലയാളവുമുണ്ട്. വീട്ടുമലയാളവും നാട്ടുമലയാളവുമുണ്ട്. കൂട്ടുകാരുടെ സൗമ്യവര്‍ത്തമാനത്തിനിടയില്‍പോലും ഏതെങ്കിലുമൊരു മൗനവാതിലില്‍ തലനീട്ടുന്ന ജാതിമലയാളമുണ്ട്. കൃഷിമലയാളവും മതമലയാളവും പാര്‍ട്ടിമലയാളവും പത്രമലയാളവും ചാനല്‍മലയാളവുമുണ്ട്. മാളുകളിലെ കോര്‍പറേറ്റ്മലയാളവും പഴയ തരകുമലയാളവും വന്‍തുക മാടിവിളിക്കുന്ന ഭാഗ്യമലയാളവുമുണ്ട്. പി.കുഞ്ഞിരാമന്‍നായര്‍ ദു$ഖിച്ചപോലെ വിദേശിയുടെ അടിച്ചുതളിക്കാരിയായിപ്പോലും അകത്ത് ഇടമില്ലാതെ മുണ്ഡനം ചെയ്തു പടിക്കുപുറത്ത് തള്ളപ്പെടുന്ന വിദ്യാലയ മലയാളമുണ്ട്. പൊലീസ് സ്റ്റേഷനിലെ തെറിത്തൊഴിയും ശരണം വിളിയുടെ മലകേറലുമുണ്ട്. പരിസ്ഥിതിവിവേകത്തിന്‍െറ പുതിയ പച്ചമലയാളമുണ്ട്. അനുഭവങ്ങളുടെ പല വിതാനങ്ങളില്‍ സഹനത്തിന്‍െറയും സമരത്തിന്‍െറയും പ്രതികരണത്തിന്‍െറയും ആവിഷ്കാരത്തിന്‍െറയും പല പാകങ്ങളില്‍ പല ഭാഷകളാണ് ഇന്ന് ഏതു ഭാഷയും. അനന്തരം വചനം ബഹുവചനമായി.
ഉച്ചാരണ/പരികല്‍പനാ ഭേദങ്ങളെ പരിഹസിക്കാന്‍ മാത്രം ശീലിച്ചിരുന്ന ഫ്യൂഡല്‍ പ്രതികരണശീലങ്ങളില്‍നിന്ന് ലോകബോധമുള്ള ജനതയുടെ ശ്രദ്ധ മാറിയിട്ടുണ്ട്. ഊശാന്‍ പരിഹാസങ്ങള്‍ക്കപ്പുറം ഫാഷിസത്തിന്‍െറ പെരുപ്പവും ഹിംസയുടെ പടര്‍ച്ചയും ദിക്കോട് ദിക്കുയരുന്ന നിലവിളിയിലും അനുരണനങ്ങളിലും വായിക്കുന്നുണ്ട് നമ്മുടെ പുതിയ വാഗ്വിവേകം. സാമൂഹികമായ ഉത്കണ്ഠകളും മതേതര തിരിച്ചറിവുകളും ജനാധിപത്യമൂല്യങ്ങളും ലോകചരിത്രബന്ധങ്ങളും ഇന്നലത്തേക്കാള്‍ ഉള്‍ക്കൊള്ളുന്നുണ്ട് ഇന്നത്തെ മലയാളം. പൊതുദുരന്തസന്ദര്‍ഭങ്ങളിലെ മനുഷ്യാവസ്ഥയും ഭാഷയില്‍ ഒളിപ്പിക്കപ്പെട്ട പ്രത്യയശാസ്ത്ര വിവക്ഷകളും ഇന്നലത്തേക്കാള്‍ അടുത്തറിയുന്നുണ്ട് ഇന്നത്തെ മലയാളം.
ഭാഷയുടെ പുറങ്ങള്‍ക്കപ്പുറം മൗനം/അകം കൂടുതല്‍ വിളവുതരുന്ന ഇടങ്ങളുണ്ട്. സര്‍ഗാത്മകതയുടെ ലോകങ്ങള്‍. കഥയും കവിതയും നാടകവും സിനിമയും നോവലും ചരിത്രവും പാട്ടും സൈദ്ധാന്തിക വെളിവുകളും. ഒരു മലയാളത്തില്‍ പല മലയാളം. എണ്ണിയെണ്ണിപ്പോയാല്‍ മലയാളവിശ്വാസിയും മലയാളവിദ്വേഷിയുമുള്‍പ്പെടെയുള്ള മലയാളി ജനസംഖ്യയുടെ പല മടങ്ങുണ്ട് മലയാളങ്ങളെന്നു കാണും. ഒരു സംസ്കാരം ഒരു ഭാഷ. ഒരു വിശ്വാസം ഒരു ഭാഷ. ഒരു കാഴ്ചപ്പാട് ഒരു ഭാഷ. കണ്ടുകണ്ടിരുന്നാല്‍ അവസാനമില്ല ഭാഷയുടെ അടരുകള്‍ക്കും ഭാഷക്കുള്ളിലെ ഭാഷകള്‍ക്കും. മലയാളമാണെങ്കിലും മനസ്സിലാവില്ല ഭാവുകത്വവ്യവസ്ഥക്കും ജ്ഞാനഘടനക്കും ലോകബോധത്തിനും വെളിയിലുള്ളവര്‍ക്ക് എഴുത്തുകലയിലെ ഭാവനയുടെയും ചിന്തയുടെയും സൗന്ദര്യം. ആദിയില്‍ പുകയുണ്ടായി എന്നവര്‍ പരാതി പറയും.
ഒഴുകും തോറും ആഴവും ഒഴുക്കും അഴകും മാത്രമല്ല, അഴുക്കും കൂടും. ഒഴുകിയൊഴുകിക്കലങ്ങലും ഒഴുകിയൊഴുകിത്തെളിയലും ഭാഷയുടെ ഒഴുക്കിന്‍െറയും നിയമം. വീട്ടുമലയാളത്തിലെ മണങ്ങളും രുചികളും വിലയുമല്ല ഹോട്ടല്‍മലയാളത്തില്‍. എരിവും പുളിയും കയ്പ്പും മധുരവും വേറെയാണ് സ്കൂള്‍മലയാളത്തില്‍. ഭരണഭാഷയിലെ പുകച്ചുവയും മന്ദതാളവും ന്യായാന്യായ മസാലകളും വേറെ. മടുപ്പും ശിക്ഷയും മുക്തിയും ആശ്വാസവും ആയുര്‍നഷ്ടവുമായും മറ്റെന്തുമായും അതില്‍ യാഥാര്‍ഥ്യത്തിന്‍െറ പകര്‍ച്ച വരാം.
വര്‍ഷങ്ങള്‍ക്കു മുമ്പ് മൊകേരിയിലെ സ്നേഹമലയാളത്തില്‍ സന്തോഷിച്ചിരുന്നിട്ടുണ്ട് ഞാന്‍. കുന്നിന്‍മുകളിലേക്കുള്ള ഇടവഴിയിലൂടെ അന്തിക്കുശേഷം ഒരാള്‍ തുണിസഞ്ചിയും തൂക്കി നടന്നുപോയി. സഞ്ചിയില്‍ എന്താണെന്ന ചോദ്യവുമായി ലോകം എത്തിനോക്കേണ്ടതില്ല. അതാണുലോകമാന്യതിലകത്തം. ചിരമിത്രമായ സഞ്ചിയെ സംശയിക്കേണ്ട കാര്യമില്ല. അങ്ങനെ സംശയിക്കുന്ന നോട്ടമോ വാക്കോ വിപല്‍ജാഗ്രതയിലും അന്ന് നാട്ടുഭാഷയിലില്ല. തുണിസഞ്ചിയില്‍ കുന്നുമ്മലേക്ക് സഞ്ചരിച്ചത് തേങ്ങയല്ല പച്ചക്കറിയല്ല വീട്ടില്‍ വിളഞ്ഞ ബോംബുകളാണെന്നറിയുന്നത് പിറ്റേന്ന് നാണ്വേട്ടന്‍െറ കടയില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ്.
വിസ്ഫോടനത്തിലെ വലിയ ദുരന്തമെന്തായിരുന്നു എന്നുപറയാന്‍ ‘അടുത്ത്’ എന്ന് സ്വന്തം കവിതയിലെ ചില വരികള്‍ പറഞ്ഞ് ഈ കുറിപ്പ് മതിയാക്കാം:
ഇന്നിവിടെപ്പൊട്ടിയതില്‍ കത്തിക്കരിഞ്ഞത്
ഇനി സംസാരിക്കാനാവാത്ത ഒരു ഭാഷ.
തകര്‍ന്നത് ഓര്‍മയിലെ അര്‍ഥങ്ങള്‍
അര്‍ഥങ്ങളുടെ തണല്‍
തണലിലെ വിശ്വാസം
വിശ്വാസത്തിലെ സ്വപ്നം
സ്വപ്നത്തിലെ പാട്ട്...
അതൊക്കെ മതിയായിരുന്നു
പാവങ്ങള്‍ക്ക് കഴിഞ്ഞുകൂടാന്‍.

Show Full Article
TAGS:
Next Story