ചെറുതാണ് ചേതോഹരം
text_fieldsനമ്പൂതിരി ഒരു സ്കൂട്ടര്‍ യാത്രക്കാരന്‍െറ രേഖാചിത്രം എഴുതിയിട്ടുണ്ട്- പിന്നോട്ട് പറക്കുന്ന മുടിയിഴകള്‍, വീര്‍ത്ത കുപ്പായം, ഏകാഗ്രമായ മുഖഭാവം, ഹാന്‍ഡ്ലില്‍ മുറുക്കിപ്പിടിച്ച കൈകള്‍. യാത്ര നമുക്ക് അനുഭവപ്പെടും: ‘‘എന്തൊരു സ്പീഡ്!’’ യുവാവിന്‍െറ തലമുടിയും ഇരിത്തവും ശ്രദ്ധയും കൈകാലുകളുടെ നിലയും കൊണ്ടാണ് സ്കൂട്ടര്‍ യാത്രയാണ് എന്ന് തെളിയുന്നത്. കാര്യം: ചിത്രത്തില്‍ സ്കൂട്ടര്‍ വരച്ചിട്ടേയില്ല!
ജപ്പാന്‍കാരുടെ ഹൈക്കുകവിതകളെപ്പറ്റി ആലോചിക്കുമ്പോള്‍ എന്‍െറ ഉള്ളില്‍ ഈ ‘വേഗത്തിന്‍െറ ചിത്രം’ ഉണരുന്നു. പശ്ചാത്തലവിവരണം, സ്വഭാവവര്‍ണനം മുതലായ പ്രധാനപ്പെട്ട പലതും ആ മൂന്നുവരി കവിതകള്‍ വിട്ടുകളയുന്നു; സൂചനകള്‍ മാത്രം തന്ന് കവി വാങ്ങിനില്‍ക്കുകയാണ്.
ഹൈക്കുകവി തുടങ്ങിവെക്കുന്നേയുള്ളൂ; വായനക്കാര്‍ പൂര്‍ത്തിയാക്കണം. ‘ധ്വന്യാലോക’ത്തിന്‍െറ വ്യാഖ്യാനമായ ‘ലോചന’ത്തിന്‍െറ മംഗളപദ്യത്തില്‍ അഭിനവഗുപ്തന്‍ പറയുന്നുണ്ട്: ‘‘കവിയും സഹൃദയനും കൂടിച്ചേരുമ്പോഴാണ് സരസ്വതിയുടെ തത്ത്വം വിജയിക്കുക’’ (സരസ്വത്യാസ് തത്ത്വം കവിസഹൃദയാഖ്യം വിജയതേ).
‘ഹൈക്കു’ എന്ന ജാപ്പനീസ് പദത്തിന് ‘ശ്രദ്ധ’ എന്നാണര്‍ഥം. 17 അക്ഷരം (ഓന്‍) കൊണ്ട് എഴുതുന്ന ഈ കുഞ്ഞുകവിത പണ്ടുകാലത്ത് അവിടെ കാവ്യങ്ങളുടെ ‘പ്രാരംഭവചനം’ ആയിരുന്നു. അന്ന് ‘ഹോക്കു’ എന്നു പറയും. 17ാം നൂറ്റാണ്ടുകാരനായ കവി മത്സുവോ ബാഷോ (മരണം 1694) ഇതിനെ സ്വതന്ത്രശാഖയാക്കി വളര്‍ത്തിയെടുത്തു. 19ാം നൂറ്റാണ്ടുകാരനായ കവി മസോകോ ഷിക്കിയാണ് (മരണം 1902) ‘ഹൈക്കു’ എന്ന് പേര് പരിഷ്കരിച്ചത്. പാശ്ചാത്യ സംസ്കൃതിയുടെ ആരാധകനായ ഷിക്കിതന്നെയാണ് ഈ സാഹിത്യരൂപത്തെ ആധുനീകരിച്ചത്.
പാശ്ചാത്യലോകത്ത് ‘ഹൈക്കുപ്രസ്ഥാനം’ എത്തിപ്പെടുന്നത് 19ാം നൂറ്റാണ്ടിന്‍െറ ആദ്യദശകങ്ങളിലാണ്. ജപ്പാനില്‍ ഉദ്യോഗം ഭരിച്ചിരുന്ന ഡച്ചുകാരന്‍ ഹെന്‍റിക് ഡോഫ് (മരണം 1837) എഴുതിയ കുറും കവിതകളില്‍ അതാരംഭിച്ചു. ജാപ്പനീസ് കവി യോണ്‍ നെഗുച്ചി ഇംഗ്ളീഷില്‍ എഴുതിയ ഹൈക്കുരചനകളും പഠനവും (1904) വലിയ ശ്രദ്ധനേടി. ജപ്പാനില്‍ ജീവിച്ചിരുന്ന ഇംഗ്ളീഷുകാരന്‍ ആര്‍.എച്ച്. ബ്ളിത്ത് എഴുതിയ ഹൈക്കുകവിതകളുടെ സമാഹാരവും (1949) ഹൈക്കുവിന്‍െറ ചരിത്രവും (1964) ഇംഗ്ളീഷ് വായനക്കാര്‍ക്കിടയില്‍ ഈ ശാഖക്ക് പ്രതിഷ്ഠ നല്‍കി. ഇംഗ്ളീഷിലെ പ്രാമാണികനായ ഹൈക്കുവ്യാഖ്യാതാവ് ബ്ളിത്ത് ആണ്.
ഇന്ത്യയിലെ കാര്യം: 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ബംഗാളിയില്‍ ചില ഹൈക്കുരചനകളും ചില ജാപ്പനീസ് ഹൈക്കുകളുടെ പരിഭാഷയും നിര്‍വഹിക്കുകയുണ്ടായി. സീനാബായ് രത്തന്‍ജി ദേശായി ഗുജറാത്തില്‍ ഇതിന് ജനപ്രീതി നേടിക്കൊടുത്തു. 2008 ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടന്ന ‘ലോക ഹൈക്കു ഉത്സവ’ത്തില്‍ യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ ഹൈക്കു രചയിതാക്കളും പണ്ഡിതന്മാരും സംബന്ധിക്കുകയുണ്ടായി.
1970കളില്‍ ആധുനികതാ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്ന കുഞ്ഞുണ്ണിക്കവിതകള്‍ പുറപ്പെടുന്നതോടെയാണ് മലയാളികള്‍ ഈ സാഹിത്യരൂപത്തെപ്പറ്റി കേട്ടുതുടങ്ങുന്നത്. മലയാളമല്ലാതെ മറ്റൊരു ഭാഷയും നിശ്ചയമില്ലാത്ത കുഞ്ഞുണ്ണി മാഷിന്‍െറ മുന്നില്‍ പൂര്‍വമാതൃകകളൊന്നും ഉണ്ടായിരുന്നില്ല. തമിഴിലെ കുറളിന്‍െയും ജപ്പാനിലെ ഹൈക്കുവിന്‍െറയും മട്ടിലാണ് അദ്ദേഹം എഴുതുന്നത് എന്ന നിരീക്ഷണത്തിലൂടെയാണ് അത് പടര്‍ന്നത്. പില്‍ക്കാല കവികളില്‍ ചിലര്‍ കുഞ്ഞുണ്ണിക്കവിതയുടെ സമ്പ്രദായത്തില്‍ എഴുതിയിട്ടുണ്ട്. ജപ്പാന്‍കവിതകളാല്‍ പ്രചോദിതനായി, ഹൈക്കുവിന്‍െറ രൂപവും ചരിത്രവും സ്വഭാവവും പഠിച്ച്, ഹൈക്കുകവിതകള്‍ എഴുതിയ പ്രധാനപ്പെട്ട മലയാളകവി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ചെറിയാന്‍ കെ. ചെറിയാനാണ്. അങ്ങനെ 21ാം നൂറ്റാണ്ടിന്‍െറ ആദ്യദശകങ്ങളില്‍ മലയാളം ഹൈക്കു ആവിര്‍ഭവിക്കുന്നു.
എന്‍െറ നോട്ടത്തില്‍, ജപ്പാനിലെ സാംസ്കാരിക പാരമ്പര്യത്തിന്‍െറ സവിശേഷതകളില്‍നിന്ന് ഉരുവംകൊള്ളുന്ന രൂപമാണ് ഹൈക്കു. ആ രചനകളില്‍ അധികമുള്ളത് മൗനമാണ്. ‘‘കവിത കറുത്ത അക്ഷരങ്ങളല്ല, അതെഴുതിയ കടലാസിലെ വെളുത്ത സ്ഥലമാണ്’’ എന്ന് സൂഫികള്‍ക്ക് അറിയാം. ‘‘ഗുരുവിന്‍െറ മൗനത്താല്‍ ശിഷ്യന്‍ സംശയം തീര്‍ന്നവനായി’’ എന്ന് സംസ്കൃതക്കാര്‍ പറയും. ഹൈക്കുവിന്‍െറ ജന്മനാട്ടില്‍ കുടിപ്പാര്‍ക്കുന്ന ബുദ്ധന്‍െറ ആശയവിനിമയോപാധികളില്‍ പ്രധാനം മൗനമാകുന്നു. ധ്യാനബുദ്ധകഥകളുടെ ഹ്രസ്വതയും അവയില്‍ മുഴങ്ങുന്ന നിശ്ശബ്ദതയും ഹൈക്കുകളുടേതുമായി ചേര്‍ത്തുവെച്ച് വായിക്കേണ്ടതാണ്. ‘‘ഇത്തിരി നേരംപോക്കും ഇത്തിരി ദര്‍ശനവും’’ പുലരുന്ന ആ കഥകള്‍ക്ക് താനൊരുക്കിയ പരിഭാഷാസമാഹാരത്തിന് നിത്യചൈതന്യയതി ‘മൗനമന്ദഹാസം’ എന്നു പേരിട്ടു.
ജപ്പാന്‍െറ സൗന്ദര്യശാസ്ത്രത്തിന് ചുരുക്കലിനോട് സവിശേഷമായ ആഭിമുഖ്യമുണ്ട്. അധ്വാനത്തില്‍ അമ്പരപ്പിക്കുന്ന ഭ്രമമുള്ള അവിടത്തെ കൊച്ചുമനുഷ്യര്‍ കലാനിര്‍മിതിക്കോ ആസ്വാദനത്തിനോ വളരെനേരം ചെലവാക്കാനിടയില്ല; ഒട്ടും ആര്‍ഭാടം കാണിക്കില്ല; ഒന്നും ധൂര്‍ത്തടിക്കാന്‍ പോകില്ല. കൈയില്‍ ആയുധം കരുതുന്നതിനു പകരം കൈതന്നെ ആയുധമാക്കുന്ന ‘കുങ്ഫു’വിലും വന്‍ വൃക്ഷത്തെ ചട്ടിയില്‍ ഒതുങ്ങുന്ന കൊച്ചുരൂപമാക്കി ആകൃതിപ്പെടുത്തുന്ന ‘ബോണ്‍സായി’യിലും അത് കാണാം.
‘ബോണ്‍’ എന്ന പദത്തിന് പരന്ന പാത്രം എന്നും ‘സായ്’ എന്ന പദത്തിന് കൃഷി എന്നും അര്‍ഥം. ബോണ്‍സായിയുടെ ലക്ഷ്യം ഉല്‍പാദനമല്ല, കാഴ്ചക്കാരുടെ ധ്യാനവും ആനന്ദവുമാണ്. ‘‘സ്വാഭാവികമായി മണ്ണില്‍ വളരുന്ന വൃക്ഷം പ്രാകൃതമാണ്. അതിനെ പരിഷ്കരിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മനുഷ്യജീവികളോട് തൊട്ടടുത്തുനില്‍ക്കുമ്പോള്‍ മാത്രമേ നമുക്കത് നന്നായി ആസ്വദിക്കാന്‍ കഴിയൂ.’’ -ഇതാണ് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബോണ്‍സായിയുടെ സൗന്ദര്യശാസ്ത്രം. രൂപത്തിലും ഭാവത്തിലും നമ്മളോട് അടുത്തുനില്‍ക്കുന്നതാണ് ഹൈക്കുവിന്‍െറ പ്രകൃതം -കൃഷിയിലെ ഹൈക്കുവാണ് ബോണ്‍സായ്; ഭാഷയിലെ ബോണ്‍സായ് ആണ് ഹൈക്കു. വരമൊഴിയുടെ ഭാഗമാണെങ്കിലും ഹൈക്കുവിന്‍െറ സ്വഭാവം പഴഞ്ചൊല്ല്, കടങ്കഥ, ശൈലി തുടങ്ങിയ വാമൊഴി സമ്പത്തിന്‍േറതാണ്. അവയെല്ലാമായി രൂപാന്തരംപ്രാപിക്കാന്‍ ഈ രചനകള്‍ക്ക് എളുപ്പമുണ്ട്.
‘‘ആ നഗരത്തില്‍ എല്ലാവര്‍ക്കുമറിയാം
അവളുടെ ഭര്‍ത്താവിനൊഴിച്ച്’’
എന്ന പ്രശസ്തമായ ഹൈക്കു നോക്കുക. കള്ളി പിടികിട്ടുമ്പോള്‍ നിങ്ങള്‍ മന്ദഹസിക്കുന്നു. കടങ്കഥയിലെ ‘ഉത്തരം’ എളുപ്പം തെളിഞ്ഞുകിട്ടിയതില്‍ സ്വയം അനുമോദിക്കാന്‍കൂടിയാണ് ആ ചെറുപുഞ്ചിരി.
ഇന്നത്തെ സാഹചര്യത്തില്‍, നമുക്ക് എളുപ്പം കാര്യം തിരിയാന്‍വേണ്ടി പറയാം: അനലംകൃതമായ, അനാര്‍ഭാടമായ ഹൈക്കു ഗാന്ധിയനാണ്. പാരിസില്‍ ചെന്നപ്പോള്‍ അത്യുന്നതമായ ഈഫല്‍ ഗോപുരം കണ്ടിട്ട് ഗാന്ധിജിക്ക് ഇഷ്ടമായില്ല- അധ്വാനത്തിന്‍െറയും സമയത്തിന്‍െറയും ധനത്തിന്‍െറയും ദുര്‍വ്യയം എന്നാണ് ആ രൂപത്തെ വിശേഷിപ്പിച്ചത്. ലില്ലിപ്പുട്ടില്‍ എത്തിപ്പെട്ടിരുന്നെങ്കില്‍ ഗാന്ധിജി ആഹ്ളാദിച്ചേനെ! അവിടെ കൊച്ചുവയറിന് ആഹാരം ഇത്തിരിമതിയല്ളോ. വേഷത്തിലും ഭക്ഷണത്തിലും ഭാഷണത്തിലും ജീവിതസൗകര്യങ്ങളിലുമെല്ലാം മിതത്വം പാലിക്കുന്നതാണ് ഗാന്ധിപാഠം. ‘‘എനിക്ക് പറയാന്‍ ഇത്തിരിയേ വാക്കും വേണ്ടൂ’’ എന്ന് അവനവനെ തിരിച്ചറിയുന്ന കുഞ്ഞുണ്ണി ഗാന്ധിമാര്‍ഗക്കാരനാണ് എന്നോര്‍ക്കുക.
ജീവിതത്തിന്‍െറ ഹ്രസ്വതയാണ് സ്വന്തം കൊച്ചുരൂപത്തിലൂടെ ഹൈക്കു ആവിഷ്കരിക്കുന്നത്. സൗന്ദര്യശാസ്ത്രവും തത്ത്വചിന്തയും ഊറിക്കൂടിയ ഹിമബിന്ദുവാണത്. അതില്‍ കാനനം പ്രതിബിംബിക്കുന്നു; അവയില്‍ ചിലത് ഏറുപടക്കംപോലെ പൊട്ടുന്നു. ഈ ‘വാമനപുര’ത്തുനിന്ന് ചുറ്റും നോക്കുമ്പോള്‍ ബോധ്യമാവുന്നു -ഷൂമാക്കര്‍ പറഞ്ഞതുതന്നെ കാര്യം: ‘‘ചെറുതാണ് ചേതോഹരം.’’
(മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)