ഇതിഹാസം പൂര്‍ത്തിയാക്കാതെ ഭാരതീദേവി വിടവാങ്ങി
text_fieldsപഴയങ്ങാടി: രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടം ബാക്കിയാക്കി എം.വി രാഘവന്‍ യാത്രയായതിനു പിറകെ അദ്ദേഹത്തിന്‍െറ ജീവചരിത്രകാരിയെയും മരണം തിരികെ വിളിച്ചു. എം.വി.രാഘവന്‍െറ ജീവചരിത്രഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നതിനിടെയാണ് അദ്ദേഹം സഹോദരി എന്ന് പരിചയപ്പെടുത്താറുള്ള ഭാരതീദേവി മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്‍െറ അറിയപ്പെടാത്ത ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഗ്രന്ഥം. ഇതിന്‍െറ ആദ്യഭാഗം ‘ആരൊക്കെയോ വലിച്ചുകീറിയ ഇതിഹാസം’ ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഭര്‍ത്താവ് വയനാട്ടിലെ മാനന്തവാടിയില്‍ മരിച്ച വിവരം ഫോണില്‍ കേട്ട് അവര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന ഭാരതീദേവി ലാവ, പാറമക്കള്‍ തുടങ്ങി നോവലുകളും നിത്യകല്യാണി എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ വിദ്യാഭ്യാസകാലത്താണ് സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും എം.വി.ആറുള്‍പ്പെടെ നേതാക്കളുമായി സൗഹൃദത്തിലാവുന്നതും.
ഭര്‍ത്താവ് എം.എം. അനന്തന്‍ നമ്പ്യാര്‍ വയനാട്ടിലെ മാനന്തവാടിയില്‍ ലോഡ്ജ് മുറിയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ നാട്ടിലേക്ക് മടങ്ങേണ്ട ഭര്‍ത്താവിന്‍െറ മടക്ക യാത്രയെ കുറിച്ചറിയാന്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചതായിരുന്നു ഭാരതീ ദേവി. ഫോണെടുത്ത പൊലീസുദ്യോഗസ്ഥന്‍ മരണ വാര്‍ത്തയറിയിച്ചതോടെ കുഴഞ്ഞു വീണ ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കത്തെിക്കുന്നതിനിടെയായിരുന്നു മരണം.