Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകാരപ്പറമ്പില്‍നിന്ന്...

കാരപ്പറമ്പില്‍നിന്ന് ഗ്രാസ്മീറിലേക്കുള്ള വഴികള്‍

text_fields
bookmark_border
കാരപ്പറമ്പില്‍നിന്ന് ഗ്രാസ്മീറിലേക്കുള്ള വഴികള്‍
cancel

തെക്കുപടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ഗ്രാമ്യ മനോഹാരിതകൊണ്ട് വിശുദ്ധമാക്കപ്പെട്ട ഗ്രാസ്മീര്‍ വിശ്വകവി വേഡ്സ്വര്‍ത്തിന്‍െറ പ്രിയപ്പെട്ട ഇടം കൂടിയാണ്. വേഡ്സ്വര്‍ത്തും സഹോദരിയും കവിയുമായ ഡെറോത്തി വേഡ്സ്വര്‍ത്തും 14 വര്‍ഷം ജീവിച്ച ഈ ദേശം ലോകമെമ്പാടുമുള്ള കാവ്യാസ്വാദകര്‍ക്കും പ്രിയങ്കരമാണ്. ‘ഗ്രാസ്മീര്‍’ എന്നത് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി കരുതുന്ന ഒരു മലയാളിയുണ്ട്. കെ.എം. ജമീല എന്ന കോഴിക്കോട് കാരപ്പറമ്പുകാരി. കോഴിക്കോട്ടുനിന്നാരംഭിച്ച് മദ്രാസും മൈസൂരും കുവൈത്തും പിന്നിട്ട് യു.കെയിലൂടെ ഗ്രാസ്മീര്‍ എന്ന സ്വപ്നഭൂമിയിലത്തെിച്ചേരുകയായിരുന്നു ഇവര്‍. പേരമക്കളെ ശുശ്രൂഷിക്കുന്ന വല്യുമ്മയായി കാലം കഴിക്കേണ്ട പ്രായത്തില്‍ അഞ്ച് നോവലുകള്‍ പ്രസിദ്ധീകരിക്കുകയും യാത്രാവിവരണം, കവിതാ സമാഹാരം എന്നിവയുടെ പണിപ്പുരയില്‍ സജീവമായിരിക്കുകയും ആനുകാലികങ്ങളില്‍ രചന നിര്‍വഹിക്കുകയും ഫേസ്ബുക്കില്‍ കവിത എഴുതുകയും ചെയ്യുക എന്നതാണ് ഇവരെ വേറിട്ട് നിര്‍ത്തുന്നത്. സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഒ. അബ്ദുല്ലക്കൊപ്പം നടത്തിയ യാത്രകളാണ് വീട്ടമ്മയായി ഒതുങ്ങേണ്ടിയിരുന്ന ഇവരെ കെ.എം. ജമീല എന്ന എഴുത്തുകാരിയിലേക്ക് പരിവര്‍ത്തിപ്പിച്ചത്. ഒലവക്കോട്, മദ്രാസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സതേണ്‍ റെയില്‍വേക്ക് കീഴിലെ വിവിധ സ്ഥലങ്ങളിലുള്ള യാത്രകളും താമസവും ഇവര്‍ക്ക് ഏറെ ഊര്‍ജം നല്‍കിയിരുന്നു. മദ്രാസില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അന്വേഷണം’ മാസികയിലാണ് ആദ്യം രചനകള്‍ വെളിച്ചം കണ്ടത്. ഈ രചനകള്‍ പരിഗണിച്ച് മദ്രാസ് മലയാളിസമാജം ഇവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു.

പിന്നീട്, റെയില്‍വേയിലെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് കുവൈത്തിലേക്ക് തിരിച്ചതോടെ കൂടെ ഇവരും ചേര്‍ന്നു. ഒമ്പതുവര്‍ഷത്തെ കുവൈത്തിലെ പ്രവാസ ജീവിത കാലത്താണ് എഴുത്തിനെ കുറേക്കൂടി ഗൗരവത്തോടെ സമീപിച്ചത്. കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കുവൈത്ത് ടൈംസി’ലെ മലയാളം പേജിലൂടെയാണ് ഇവരുടെ രചനകള്‍ പ്രസിദ്ധീകരിച്ചത്. ചെറുകഥക്ക് കുവൈത്ത് ടൈംസിന്‍െറ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍െറ മരണത്തത്തെുടര്‍ന്നാണ് ഒമ്പതുവര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ മൂത്ത മകന്‍ മുഹമ്മദ് സകരിയ്യ യു.എ.ഇയിലുണ്ട്. റിയാദിലുള്ള രണ്ടാമത്തെ മകനും എന്‍ജിനീയറുമായ അബ്ദുല്‍ നിസാര്‍ ‘സാബിഖി’ന്‍െറ റീജനല്‍ ടെക്നിക്കല്‍ മാനേജരാണ്. ഏക മകള്‍ ഫാത്തിമ സ്മിത അമേരിക്കയില്‍ ശാസ്ത്രജ്ഞയും ഇളയ മകന്‍ ഡോ. റിയാസ് അബ്ദുല്ല യു.കെയിലെ ലെസ്റ്റര്‍ യൂനിവേഴ്സിറ്റിയില്‍ ഡോക്ടറുമാണ്.
1986ല്‍ കാരപ്പറമ്പിലെ പുതിയ വീടിന് പേരിടുന്ന സന്ദര്‍ഭത്തില്‍ അന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ‘ഗ്രാസ്മീര്‍’ എന്ന് പേരിടുന്നത്. പിന്നീട് 2005ല്‍ യു.കെയിലുള്ള മകന്‍ ഡോ. റിയാസിന്‍െറ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍നിന്ന് ജമീലയും യു.എസില്‍ നിന്ന് മകള്‍ ഫാത്തിമയും ചെന്നപ്പോഴാണ് ‘ഗ്രാസ്മീര്‍’ സന്ദര്‍ശനവും തരപ്പെടുന്നത്. യു.കെയിലെ ‘ലേക് ഡിസ്ട്രിക്ടി’ന്‍െറ ഭാഗമായ ഗ്രാസ്മീറില്‍ വേഡ്സ്വര്‍ത്തിന്‍െറ വീടും മറ്റു വസ്തുക്കളുമെല്ലാം സംരക്ഷിച്ചിട്ടുണ്ട്. യു.കെയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഗ്രാസ്മീറിലെ പ്രധാന ആകര്‍ഷണവും വേഡ്സ്വര്‍ത്തുമായി ബന്ധപ്പെട്ട ഓര്‍മകളാണ്.
നക്ഷത്രങ്ങള്‍ സംസാരിക്കുന്ന രാത്രി, മരുഭൂമിയിലെ നിശ്വാസങ്ങള്‍, മേഘങ്ങള്‍ പറഞ്ഞത്, വിധിയുടെ തടവുകാരി, കോള്‍വിന്‍ ബേയിലെ ഒരു സായാഹ്നം, ഭ്രമണം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. യു.കെ യാത്രാവിവരണം ‘കാണാക്കാഴ്ചകള്‍’ എന്ന പേരില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. പെണ്‍ചിലന്തി എന്ന നോവല്‍ ഇനി പുറത്തിറങ്ങാനുണ്ട്. സ്ത്രീ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി പ്രസിദ്ധീകരിച്ച ‘പെണ്‍രാത്രികള്‍’ സമാഹാരത്തിലും പ്രമുഖരുടെ ‘മഴ’ അനുഭവങ്ങളുടെ കുറിപ്പിലും ഇവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:
Next Story