കാവ്യഗന്ധര്‍വന് സ്മരണാഞ്ജലി
text_fieldsജൂണ്‍ 17 ചങ്ങമ്പുഴ ചരമദിനം
കയ്യില്‍ പൊന്‍വീണയുമായി മണ്ണില്‍ പാടാനത്തെിയ കാവ്യഗന്ധര്‍വന് അക്ഷരകേരളത്തിന്‍െറ സ്മരണാഞ്ജലി. മലയാളിയുടെ കാല്‍പനികഭാവങ്ങള്‍ക്ക് ഈണം നല്‍കിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനമാണ് ജൂണ്‍ 17. കാല്‍പനികതയുടെ തൂലികകൊണ്ട് സാധാരണക്കാരനു മനസിലാകുന്ന ഭാഷയില്‍ ചങ്ങമ്പുഴ കവിത ചമച്ചു. സാധാരണക്കാരന്‍െറ സങ്കടങ്ങള്‍ക്കായി തൂലിക കൊണ്ട് വിപ്ളവം നടത്തി. പ്രണയചാപല്യങ്ങള്‍ പാടുമ്പോള്‍ത്തന്നെ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയും അദ്ദേഹം തൂലിക ചലിപ്പിച്ചു. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍’ എന്നുറക്കെ ചോദിക്കാന്‍ ധൈര്യം കാണിച്ചു.
‘കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം’ എന്ന് വിലപിച്ചു. ‘എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം’ എന്ന് പ്രത്യാശിച്ചു. രമണന്‍ എന്ന ഒറ്റക്കാവ്യത്തിലൂടെ മലയാളത്തിന്‍െറ ഈ ഓര്‍ഫ്യൂസ് യുവഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി. മലയാളിയുടെ ഗ്രാമീണജീവിതത്തിന്‍െറ ചന്തം വരച്ചുകാട്ടിക്കൊടുത്തത് ചങ്ങമ്പുഴയാണ്.
പ്രണയത്തെക്കുറിച്ച് മധുരമായി വര്‍ണിച്ച അദ്ദേഹം തന്നെ
‘‘അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!
*നാരികള്‍, നാരികള്‍ !-വിശ്വവിപത്തിന്‍്റെ
നാരായവേരുകള്‍, നാരകീയാഗ്നികള്‍!’’ എന്നും പാടി.
വേദനകള്‍ കണ്ടത്തെിയും അവയില്‍ സ്വയം മറന്നുമാണ് അദ്ദേഹം ജീവിതം ആഘോഷമാക്കിയത്.
‘‘വേദന, വേദന, ലഹരിപിടിക്കും
വേദന, ഞാനിതില്‍ മുഴുകട്ടെ
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ’’
മുന്തിരിച്ചാറുപോലുള്ള ജീവിതം തനിക്കാസ്വദിക്കണമെന്ന് പ്രത്യാശിച്ച കവി തന്നെ
‘‘ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍
മരണശയ്യ വിരിക്കൂ സഖാക്കളേ
വസുധയോടൊരു വാക്കു ചൊന്നിട്ടി,താ
വരികയായി ഞാന്‍’’ എന്നും പാടി.
1911 ഒക്ടോബര്‍ 11 ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ജനിച്ച ചങ്ങമ്പുഴ 1948 ജൂണ്‍ 17നാണ് അന്തരിച്ചത്. 1936ലിറങ്ങിയ രമണന്‍ ഒരു ലക്ഷത്തിലേറെ കോപ്പികളാണ് വിറ്റുപോയത്. പ്രിയതോഴനായിരുന്ന ഇടപ്പള്ളി രാഘവന്‍ നായരുടെ മരണത്തത്തെുടര്‍ന്നെഴുതിയ കാവ്യമാണതെന്നാണ് പറയപ്പെടുന്നത്. കാവ്യനര്‍ത്തകി, തിലോത്തമ, ബാഷ്പാഞ്ജലി, ദേവത, മണിവീണ, മൗനഗാനം, സ്വരരാഗ സുധ, ഹേമന്ത ചന്ദ്രിക, നീറുന്ന തീച്ചൂള, പാടുന്നപിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം, വാഴക്കുല, കളിത്തോഴി തുടങ്ങി അനേകം കൃതികള്‍ അദ്ദേഹത്തിന്‍േറതായുണ്ട്.
ജീവിതത്തെ പ്രണയിച്ചും ലോകത്തോട് കലഹിച്ചും കവി പാടിക്കൊണ്ടേയിരുന്നു. ചങ്ങമ്പുഴക്കവിതകള്‍ ഒരു കാലഘട്ടത്തില്‍ തരംഗമായിരുന്നു. ആ ആവേശം ഒട്ടും നഷ്ടപ്പെടാതെ ഇന്നും മലയാളി അദ്ദേഹത്തിന്‍െറ വരികളെ നെഞ്ചിലേറ്റുന്നു.