വിശ്വവിഖ്യാതരായ പെണ്ണുങ്ങള്‍
text_fieldsവേദനകളെ വായനക്കാരിലേക്ക് പകരുമ്പോള്‍ ഒരു ചിരി വിടര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ബഷീറിന്. നീറുന്ന ജീവിതാനുഭവങ്ങളെ ലാഘവത്തോടെ സുല്‍ത്താന്‍ വായനക്കാര്‍ക്ക് സമ്മാനിച്ചു. ഹാസ്യത്തിന്‍െറ മേമ്പൊടി വിതറി സാമൂഹ്യചലനങ്ങളെ ഒപ്പിയെടുത്ത കഥാകാരന്‍ തന്നെയാണ് നിഴലുകളായി മാത്രം നിലനിന്നിരുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ഇടം കണ്ടത്തെി നല്‍കിയതും.
പാത്തുമ്മയുടെ ഉത്തരവാദിത്വ ബോധം
ജീവിതം പ്രതിസന്ധിയില്‍ മുങ്ങിനില്‍ക്കുന്ന ഘട്ടങ്ങളില്‍ മുന്നില്‍ പ്രതീക്ഷ ഒരു നൂലിടും. പലപ്പോളും സ്ത്രീകളാണ് ഈ പ്രതീക്ഷ കണ്ടത്തെുന്നവരില്‍ മിടുക്കികള്‍. ജീവിതം ദാരിദ്ര്യത്തില്‍ മുങ്ങിപ്പോയപ്പോള്‍ ബഷീറിന്‍െറ പാത്തുമ്മ കണ്ടത്തെിയ പ്രതീക്ഷയായിരുന്നു തന്‍െറ ആടിന്‍െറ പ്രസവം. 'ന്‍െറ ആട് പെറട്ടെയെന്ന്' വീമ്പ് പറയുന്ന പാത്തുമ്മ പക്ഷെ മാലോകരെ കാണിച്ചത് വലിയ വിസ്മയമൊന്നുമായിരുന്നില്ല. തന്‍െറ കുഞ്ഞുമണ്‍വീടിന് വാതില്‍ വെക്കുകയെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം.
പല കച്ചവടങ്ങളും ചെയ്ത് പരാജയപ്പെട്ട് കയര്‍ കച്ചവടത്തിനിറങ്ങിയ ഭര്‍ത്താവ് കൊച്ചുണ്ണി പരാജയപ്പെടുന്നിടത്ത് ശക്തയാവുകയാണ് പാത്തുമ്മ. വീട്ടില്‍ ഉമ്മയുടെ മൂത്ത മകള്‍ എന്ന അധികാരത്തോടെയാണ് പാത്തുമ്മ കയറി വരുന്നത്. നാത്തൂന്‍മാരെയും അനിയത്തിയെയും ചീത്ത വിളിക്കും. എങ്കിലും ആടിന്‍െറ പാല്‍ കട്ടുകുടിച്ചിട്ട് പോലും പിണങ്ങാത്ത പാത്തുമ്മ ദേഷ്യം വന്ന് തൊട്ടടുത്ത നിമിഷത്തില്‍ സ്നേഹിക്കുകയും ചെയ്യും. ഖദീജക്കും കൊച്ചുണ്ണിക്കും പോലും ഒരിറ്റ് പാല് കൊടുക്കാത്ത പാത്തുമ്മ മഹാ അറുക്കീസാണെന്ന് തോന്നുമെങ്കിലും വീട്ടുകാരുടെ നിസ്സഹകരണ സമരത്തിന് മുന്നില്‍ തോറ്റുകൊടുക്കുന്നുണ്ട് അവര്‍. തുണി തയ്ക്കാന്‍ തയ്യാറാകാതെ ഹനീഫ കാട്ടുന്ന ഗര്‍വ്വിന് സ്റ്റൈലന്‍ പാല്‍ച്ചായ നല്‍കി പാത്തുമ്മ കീഴടങ്ങുന്നു. എന്നാല്‍ അടുത്ത വീട്ടില്‍ പാല്‍ വിതരണം ചെയ്ത് കിട്ടുന്ന കാശിന് വീട് പുതുക്കണമെന്ന ഉത്തരവാദിത്വ ബോധമാണ് പാത്തുമ്മയെ പലപ്പോളും പിശുക്കിയാക്കുന്നത്.
അതേ പാത്തുമ്മ തന്നെ ഒരു ധാരാളിത്തവും കാണിക്കുന്നുണ്ട്. ബഷീറിനെയും അബുവിനെയും വീട്ടില്‍ വിളിച്ച് വരുത്തി പത്തിരിയും കരളും കൊടുക്കുന്നുണ്ട് പാത്തുമ്മ. ഇത് കാര്യലാഭത്തിന് വേണ്ടിയുള്ള തന്ത്രമായിരുന്നില്ല എന്നത് പാത്തുമ്മയോടുള്ള സ്നേഹം കൂട്ടുകയാണ്. തന്‍െറ പണിതീരാത്ത വീട് വല്യക്കാക്ക(ബഷീര്‍) കാണരുതെന്നായിരുന്നു പാത്തുമ്മയുടെ ആഗ്രഹം. പൊളിഞ്ഞ വാതിലുള്ള വീട്ടില്‍ ബഷീര്‍ എത്തിയത് പാത്തുമ്മക്ക് കുറച്ചിലായാണ് തോന്നുന്നത്. നിനക്ക് വാതില്‍ ഞാന്‍ പണിത് തരുമെന്ന ബഷീറിന്‍െറ വാഗ്ദാനത്തില്‍ ‘വേണ്ട ഇക്കാക്ക ഞാന്‍ പാല് വിറ്റ് പണിതോളാ’മെന്ന സ്നേഹ പൂര്‍ണമായ നിരസിക്കലും കാണാം. ഉത്തരവാദിത്വവും സാമര്‍ഥ്യവും ചുറുചുറുക്കുമെല്ലാമുള്ള പാത്തുമ്മക്ക് പക്ഷേ കുടിലതന്ത്രങ്ങളെ കണ്ടത്തൊനുള്ള കഴിവ് ഇല്ലാതെ പോയി. വീട്ടിലേക്ക് പാത്തുമ്മ കൊടുക്കുന്ന പാലിന് പുറകെ അസ്സലായി കക്കുന്ന പാലും കിട്ടുന്നുണ്ടെന്ന് നിത്യം വീട്ടില്‍ വന്ന് പോകുന്ന പാത്തുമ്മ അറിയാത്തത് അവരുടെ നിഷ്കളങ്കത കൊണ്ട് തന്നെ.
സാറാമ്മയുടെ സാമര്‍ഥ്യം
ബഷീറിന്‍െറ സ്ത്രീ കഥാപാത്രങ്ങളില്‍ ഏറ്റവും കൗശലക്കാരിയാണ് ‘പ്രേമലേഖന’ത്തിലെ സാറാമ്മ. തന്‍െറ പ്രേമഭാജനത്തെ തലകുത്തി നിര്‍ത്തിക്കാനുള്ള കൗശലം നോവല്‍ ചരിത്രത്തില്‍ സാറാമ്മക്ക് മാത്രമേ കാണുകയുള്ളു. ചിറ്റമ്മയുടെ ക്രൂരകൃത്യങ്ങള്‍ക്കിടയില്‍ ജീവിച്ചുപോകാന്‍ പെടാപ്പാട് പെടുന്നുണ്ടെങ്കിലും കേശവന്‍നായരുടെ ആശ്രിതത്വത്തിലേക്ക് എടുത്ത് ചാടാനൊന്നും അവള്‍ തയ്യാറല്ല. കേശവന്‍നായര്‍ നല്‍കിയ പ്രേമലേഖനം വേറെ വിശേഷമൊന്നുമില്ലല്ളോ എന്ന് ചോദിച്ച് ചുരുട്ടി കളയാന്‍ മടിക്കുന്നില്ല സാറാമ്മ. തന്നെ പ്രണയിക്കുക എന്ന ജോലി നല്‍കി സാറാമ്മയെ മുട്ടികുത്തിക്കാമെന്ന് കരുതിയ കേശവന്‍നായരോട് യാതൊരു സങ്കോചവുമില്ലാതെ ശമ്പളം എത്ര നിശ്ചയിച്ചു എന്നാണ് സാറാമ്മയുടെ ചോദ്യം. ആദ്യ ശമ്പളം വാങ്ങിക്കാനത്തെുന്ന സാറാമ്മക്ക് മുന്നില്‍ ചുംബന പരവശനായി നില്‍ക്കുന്ന കേശവന്‍നായരെ അത് നമ്മുടെ കരാറില്ലല്ളോ എന്ന് പറഞ്ഞ് നിരായുധയാക്കുന്നുമുണ്ട് അവള്‍. കേശവന്‍നായരുടെ തന്ത്രങ്ങളില്‍ അത്ര പെട്ടെന്ന് വിഴാനൊന്നും തയ്യാറല്ല സാറാമ്മ. കേശവന്‍നായരോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചിട്ടും അണുകിട ചലിക്കാന്‍ സാറാമ്മ തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടിയെ ഹിന്ദുവായി വളര്‍ത്താനോ പേരിടാനോ താല്പര്യമില്ളെന്ന് തുറന്നടിക്കുന്ന അവള്‍ തങ്ങള്‍ ഒരുമിച്ച് ജിവിക്കുമ്പോള്‍ വീട്ടിലെ പാചകം മുതലായ കാര്യങ്ങള്‍ തന്‍െറ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാവുമെന്ന് കട്ടായം പറയുന്നു. പ്രണയത്തിലെ സമത്വം വരച്ചുകാണിക്കുന്ന ‘പ്രേമലേഖന’ത്തില്‍ വ്യക്തിത്വത്തില്‍ കേശവന്‍നായരേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നത് സാറാമ്മ തന്നെ.
കുഞ്ഞിപാത്തുമ്മയുടെ കാരുണ്യം
മതത്തിനകത്ത് തന്നെ വിപ്ളവം നടത്തുകയാണ് 'ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന കൃതിയിലൂടെ ബഷീര്‍ ചെയ്യുന്നത്. പൂവ് ചൂടിയാലും സാരിയും ബ്ളൗസും ധരിച്ചാലും ഷെയ്ത്താന്‍ പിടികൂടുമെന്ന് വിശ്വസിക്കുന്നിടത്തു നിന്ന് അറിവ് നേടാനും പുസ്തകം വായിക്കാനും വരെ സ്വാതന്ത്ര്യം ലഭിക്കുന്നിടത്തേക്ക് കുഞ്ഞിപാത്തുമ്മ വളരുകയായിരുന്നു. സമ്പന്നനും പ്രതാപിയുമായ വട്ടനടിമയുടെയും കുഞ്ഞിതാച്ചുമ്മയുടെയും മകളായി ജനിച്ച കുഞ്ഞിപാത്തുമ്മയെ ആടയാഭരണങ്ങളൊന്നും ആകര്‍ഷിച്ചിരുന്നില്ല. എന്നാല്‍ കുഞ്ഞിപാത്തുമ്മ എന്ന പേര് മറ്റാര്‍ക്കും പാടില്ളെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കേസ് നടത്തി സമ്പത്ത് മുഴുവനും നഷ്ടപ്പെട്ട് വീട് വിട്ടിറങ്ങേണ്ടി വരുമ്പോള്‍ കുഞ്ഞിപാത്തുമ്മ സന്തോഷിക്കുകയാണ് ചെയ്യുന്നത്. പുറത്തെ വെളിച്ചം കാണാനും ആമ്പല്‍ പൊയ്കയില്‍ കുളിക്കാനും അവളെ സഹായിച്ചത് പഴയ പ്രൌഢിയില്‍ നിന്ന് പുറത്തുകടക്കാനായതാണ്. ഡാന്‍സും പാട്ടും ഉന്നതവിദ്യാഭ്യാസവും നേടിയ പെണ്ണിനെയേ വിവാഹം ചെയ്യൂ എന്ന ശപഥവുമായി നടക്കുന്ന വലിയ ‘മെനക്കാരനായ’ നിസാര്‍ അഹമ്മദിന് മനുഷ്യത്വപരമായ ഇടപെടലുകള്‍ ഈ അറിവിനൊക്കെ അപ്പുറമാണെന്ന് കാണിച്ചുകൊടുക്കുന്നത് കുഞ്ഞിപാത്തുമ്മയാണ്.
സുഹ്റയുടെ സഹനം
‘ബാല്യകാലസഖി’യില്‍ സുഹ്റയുടെ സഹനമാണ് പലപ്പോഴും മജീദിനെ ശക്തിപ്പെടുത്തുന്നത്. കണക്കറിയാതെ തല്ലുകൊണ്ട് നടന്ന മജീദിനെ സ്വന്തം സ്ളേറ്റിലെ ഉത്തരങ്ങള്‍ കാണിച്ച് കൊടുത്ത് ക്ളാസില്‍ ഒന്നാമനാക്കുന്നിടത്ത് തുടങ്ങുന്നു സുഹ്റയുടെ സ്നേഹം. വിഷക്കല്ലുകാച്ചി കുരുവന്ന് അനങ്ങാനും തിരിയാനും കഴിയാതെ കിടക്കുന്ന ബഷീറിന്‍്റെ ഉള്ളം കാലില്‍ ചുംബിച്ച് വേദനകളെ പറിച്ചെറിഞ്ഞതും സുഹ്റ തന്നെ. മജീദ് ഒരു രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി പോയെങ്കിലും സുഹ്റ അവനെ മറക്കാന്‍ തയ്യാറായിരുന്നില്ല. കശാപ്പുകാരനെ വിവാഹം ചെയ്ത് പോയിട്ടും സുഹ്റ നട്ട ചെമ്പരത്തി കമ്പുകള്‍ ചുവന്ന പൂക്കളുമായി കണ്ണ് തുറിച്ച് നിന്നു. മജീദിനോടുള്ള സ്നേഹം കൊണ്ട് വിങ്ങിയ അവളുടെ ഹൃദയം പോലെ.
വര്‍ഷള്‍ക്ക് ശേഷം വീട്ടിലേക്ക് മജീദ് തിരിച്ച് വരുമ്പോള്‍ പഴയപോലെ സുഹ്റ മജീദിന്‍്റെ രാജകുമാരിയാകുന്നു. സദാചാര കണ്ണുകളെ ഭയന്ന മജീദിനെ ‘അവര്‍ കണ്ടാലെന്ത്’ എന്ന് പറഞ്ഞ് ധീരനാക്കുന്നതും സുഹ്റ തന്നെ. അസുഖം വന്ന് രണ്ട് മാസത്തോളം കിടപ്പിലായിട്ടും മജീദിനെ അറിയിക്കാതെ, പറയാത്ത ഒരു രഹസ്യം അവനായി ബാക്കി വെച്ച് സുഹ്റ തന്‍െറ സഹനം അവസാനിപ്പിക്കുകയായിരുന്നു.
സുബൈദയുടെ ധൈര്യം
മഹാധൈര്യശൈലിയാണ് മുച്ചീട്ടുകളിക്കാരന്‍െറ മകള്‍ സുബൈദ. വര്‍ഷങ്ങള്‍ നീണ്ട പാരമ്പര്യമുള്ള മുച്ചീട്ട് കളിയില്‍ അവളുടെ ബാപ്പയെ പറ്റിച്ച് മണ്ടന്‍ മുത്തപ്പ നിരന്തരം വിജയിച്ചുകൊണ്ടിരിന്നതും ബാപ്പയുടെ സമ്പാദ്യം മുഴുവന്‍ എതിര്‍ചേരിയിലേക്ക് ഒഴുകിയതും സുബൈദയുടെ ബുദ്ധിയും ധൈര്യവും കൊണ്ടാണ്. രൂപ ചീട്ടിന്‍െറ മുകളില്‍ നാല് കുത്തിട്ട് കാമുകനെ സ്വന്തമാക്കാന്‍ സുബൈദ കാട്ടിയ ധൈര്യം ചില്ലറയല്ലല്ളോ.
ബാപ്പയുടെ സ്ഥിരം ശത്രുവായ മണ്ടന്‍മുത്തപ്പയോട് പ്രണയ സല്ലാപം നടത്താനും അവള്‍ ധൈര്യം കാട്ടി. ശക്തരും ബുദ്ധിമതികളുമായ സ്ത്രീകഥാപാത്ര സൃഷ്ടികളിലൂടെ ബഷീര്‍ സമൂഹത്തിന്‍െറ യാഥാസ്ഥിക ചിന്തകളെ തൂത്തെറിയുക കൂടി ചെയ്തു. ബഷീര്‍ ഓര്‍മയായി 20 വര്‍ഷം പിന്നിടുമ്പോളും പാത്തുമ്മയും സാറാമ്മയും സുഹ്റയുമെല്ലാം നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു.