എണ്‍പതിലും പോരാട്ടത്തിനൊരുങ്ങി സുഗതകുമാരി
text_fieldsതിരുവനന്തപുരം: മലയാളത്തിന്‍െറ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി എണ്‍പതിന്‍െറ നിറവിലേക്ക്. ജനുവരി 22ന് അവര്‍ക്ക് 80 വയസ്സ് പൂര്‍ത്തിയാകും. ജനന നക്ഷത്രമായ ‘അശ്വതി’ ഫെബ്രുവരി രണ്ടിനായതിനാല്‍ അന്ന് പിറന്നാളായി കണക്കാക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. എന്നാല്‍, 80ാം വയസ്സിന്‍െറ ആഘോഷങ്ങളെക്കാള്‍ ഇപ്പോള്‍ ടീച്ചറുടെ ചിന്ത ഒരു മഹാസമരത്തിന്‍െറ പടയൊരുക്കത്തെക്കുറിച്ചാണ്.
ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിന്‍െറ ചുക്കാന്‍ പിടിക്കുന്ന സുഗതകുമാരിക്ക് ഈ സമരം കൂടി വിജയിപ്പിക്കാനുള്ള തുണ ദൈവം തനിക്ക് നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്. സൈലന്‍റ്വാലി പദ്ധതിയെ എതിര്‍ത്തപ്പോള്‍ ഇതിനെക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ വിമാനത്താവളത്തിനായി വയലും കൃഷിയുമായി കഴിയുന്ന ഒരു പൈതൃക ഗ്രാമത്തെ ഇല്ലാതാക്കാനാണ് ശ്രമം. ഒരുകാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. ഫെബ്രുവരിയില്‍ ആറന്മുളയില്‍ സമരപ്പന്തല്‍ കെട്ടുകയും അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയും ചെയ്യും. വിമാനത്താവള ഗ്രൂപ് പറയുമ്പോലെ ശിലാസ്ഥാപനം നടത്താന്‍ അനുവദിക്കുകയില്ളെന്ന് ടീച്ചര്‍ പറഞ്ഞു. നാടിനുവേണ്ടി ശബ്ദിക്കുമ്പോള്‍ ചില ശത്രുക്കള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അവരുടെ ക്രൂരമായ അവഹേളനത്തിന് താന്‍ എപ്പോഴും ഇരയായിക്കൊണ്ടിരിക്കുന്നെന്നും സുഗതകുമാരി പറയുന്നു. വിതുര പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിനു പിന്നില്‍ താനാണെന്നുവരെ ചിലര്‍ പറഞ്ഞു. പ്രഫ. പി. ഗീതയെ പ്പോലുള്ളവര്‍ തന്നെ ഇക്കാര്യം പറഞ്ഞ് അവഹേളിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഒരിക്കല്‍ വിതുര പെണ്‍കുട്ടിയെ സെക്രട്ടേറിയറ്റ്പടിക്കല്‍ സമരത്തിന് വിളിച്ചപ്പോള്‍ താന്‍ പോകാന്‍ അനുവദിച്ചില്ളെന്നതാണ് തന്നോടുള്ള ഇവരുടെ വിദ്വേഷത്തിന് കാരണം. എന്നാല്‍, പൊതുസമൂഹം തന്നെ തിരിച്ചറിഞ്ഞാല്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ ദുരവസ്ഥയായിരിക്കും തനിക്കും വന്നുപെടുക എന്നുപറഞ്ഞ് അവള്‍ തന്നെയാണ് പോകാതിരുന്നത്.
9 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍െറ പേരിലുള്ള നിരവധി കേസുകളില്‍ ഒരെണ്ണം മാത്രമാണ് തീര്‍പ്പായത്. പ്രതിഭാഗം അഭിഭാഷകരുടെ വൃത്തികെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് അവള്‍ തളര്‍ന്നു.
വിതുര പെണ്‍കുട്ടിയുടെ മൊഴികളെ സ്വാധീനിക്കാനൊന്നും ആര്‍ക്കും കഴിയില്ളെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുഗതകുമാരി പറയുന്നു.