‘അക്കപൂട്ടുള്ള പെട്ടികള്‍’.
നമ്പര്‍ലോക്കുള്ള ബ്രീഫ്കെയ്സുകള്‍ ഒരുകാലത്ത് ഗള്‍ഫുകാരന്‍െറ പത്രാസായിരുന്നു. മരുഭൂമിയിലെ സ്വര്‍ഗങ്ങളില്‍നിന്ന് വലിയ സൗഭാഗ്യങ്ങളെ കടല്‍കടത്തിയ പെട്ടകങ്ങള്‍.
ശ്രേഷ്ഠഭാഷയില്‍ മലയാളീകരിച്ചാല്‍ ‘അക്കപൂട്ടുള്ള പെട്ടികള്‍’.
ഇഷ്ടമുള്ള രഹസ്യ അക്കങ്ങളിട്ടാണ് പൂട്ട് ഉറപ്പിക്കുന്നത്. പെട്ടിക്കൊപ്പം മനസിലിട്ടടക്കുന്ന രഹസ്യ നമ്പര്‍ മറന്നാലോ ചക്രത്തിന് കേടുപറ്റി തിരിയാതിരുന്നാലോ പെട്ടതുതന്നെ. പെട്ടി തുറക്കില്ല.
അക്കപൂട്ടുകള്‍ ബാല്യത്തില്‍ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം ജീവിത പ്രാരാബ്ദങ്ങള്‍ തലയിലേക്ക് വലിച്ചിട്ടപ്പോള്‍ ആ പെട്ടി ഞാനും ചുമക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവാസം തന്നെ ഒരു വലിയ പെട്ടിയാണെന്നും അതിനും അക്കപൂട്ടുണ്ടെന്നും അക്കങ്ങള്‍ മറന്നാല്‍ പെട്ടുപോകുമെന്നും ‘ദുരിതങ്ങളുടെ കണക്കെടുപ്പു പണി’, അഥവാ പ്രവാസി പത്രപ്രവര്‍ത്തനം തുടങ്ങിയശേഷമാണ് തിരിച്ചറിയുന്നത്.
സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളുടെ നട്ടുച്ചയിലായിരുന്നു അത്. വിദേശികളുടെ ഉള്ളം പൊള്ളിയ ‘നിതാഖാത്’ കാലം. കത്തിപ്പടരുന്ന ആശങ്കകള്‍. ആശ്വാസമായി തൊഴില്‍ പദവി ശരിയാക്കാനും അത് പറ്റാത്തവര്‍ക്ക് നാടുവിടാനും ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള രാജ വിളംബരം. വര്‍ഷങ്ങളായി അനധികൃതരായി കഴിഞ്ഞ അനേകായിരങ്ങള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇരമ്പിയാര്‍ക്കുന്നു.
ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍
അനുവദിച്ച ഇളവുകള്‍ കൊണ്ടും കുരുക്കില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്ന തിരിച്ചറിവില്‍ തളര്‍ന്ന് വഴിയാധാരമാകുന്നവര്‍. കടത്തിണ്ണകള്‍, പാലങ്ങളുടെ ചുവടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി കാണുന്നിടങ്ങളില്‍ അന്തിയുറങ്ങാന്‍ വിരിവെച്ച് അഭയാര്‍ഥികളായി തീരുന്ന പലതരം മനുഷ്യര്‍. മുഷിഞ്ഞ അവരുടെ ശരീരത്തിന്‍േറയും വസ്ത്രങ്ങളുടേയും നാറ്റമാണ് യഥാര്‍ഥ പ്രവാസത്തിനെന്ന് തിരിച്ചറിഞ്ഞതും ഈ നാളുകളിലാണ്. (ഈ മുഷിഞ്ഞ വേഷങ്ങള്‍ക്ക് പ്രവാസി ഭാരതീയ സംഗമങ്ങളില്‍ പ്രവേശനമില്ലാത്തതിനാല്‍ പ്രവാസത്തിന്‍െറ യഥാര്‍ഥ ഗന്ധം ലോകത്തിന് ആസ്വദിക്കാന്‍ കഴിയുന്നില്ളെന്ന് മാത്രം).
അക്കൂട്ടത്തിലാണ് അയാളേയും കണ്ടത്. ബത്ഹയിലെ ഫൂത്ത പാര്‍ക്കില്‍ തമ്പടിച്ച അഭയാര്‍ഥികളില്‍ ഒരു കണ്ണീര്‍ത്തുള്ളി പോലെ അയാള്‍. 58 വയസുള്ള കശ്മീരി മുഹമ്മദ് റസാഖ്. പ്രാര്‍ഥനയുടെ ആകാശത്തേക്കുയര്‍ത്തിയ കരങ്ങള്‍ പോലെ നീണ്ടുമെലിഞ്ഞൊരാള്‍. ദുരിത ദേഹത്തിലൂടെ കരഞ്ഞും വിയര്‍ത്തും ഓലിച്ചിറങ്ങിയ നീര്‍ച്ചാലുകള്‍ മുഷിഞ്ഞ കൂര്‍ത്തയെ നനച്ചു. കാശ്മീരിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍നിന്ന് മരുഭൂമിയിലേക്ക് ജീവിതം തിരഞ്ഞുവന്നവന്‍.
വീട്ടിലേക്കുള്ള വഴിതെളിയുമോ
പാര്‍ക്കിലെ ചെറുമരച്ചിലകള്‍ തണല്‍വിരിക്കുന്ന പച്ചപ്പുല്‍ മത്തെയില്‍ തളര്‍ന്നുകിടന്ന അയാളുടെ അര്‍ഥിക്കുന്ന കണ്ണുകള്‍ ചോദിച്ചത് വീട്ടിലേക്കുള്ള വഴിതെളിയുമോ എന്ന്....
ആപ്പിള്‍ മരങ്ങളാണ് അയാളുടെ ഓര്‍മകളില്‍ നിറയെ. 11 വര്‍ഷം മുമ്പ് ആട്ടിടയ വിസയില്‍ സൗദിയിലേക്ക് പറക്കുംവരെ ജമ്മുകാശ്മീരിലെ റജോരി ജില്ലയില്‍ ജന്മനാടായ ഗുലുത്തിയിലെ ആപ്പിള്‍ തോട്ടങ്ങളിലായിരുന്നു ഉപജീവനം. ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ അയാളുടെ വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യ ഫര്‍സാന്‍ ബീഗവും മക്കളായ മുഹമ്മദ് സുല്‍ത്താനും മുഹമ്മദ് ഇംറാനും. പോകണം. പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആരായുന്ന ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു.
ഫൂത്തപാര്‍ക്കില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലേക്ക് എന്നും വേച്ചുവേച്ചു അയാള്‍ നടന്നുപോയി. അയാള്‍ മാത്രമല്ല, ജീവിതത്തിന്‍െറ തഹസ്യ അക്കങ്ങള്‍ കൈമോശം വന്ന വേറെയും ആളുകള്‍. എല്ലാവരും ആ പാര്‍ക്കിലെ പച്ചപ്പുല്‍ മത്തെയില്‍ അന്തിയുറങ്ങുകയും പ്രഭാതങ്ങളില്‍ തര്‍ഹീലിലേക്ക് നടക്കുകയും നിരാശയില്‍ ഇരുണ്ടു തിരിച്ചത്തെുകയും ചെയ്തു.
എവിടെ എന്‍ട്രി നമ്പര്‍?
2013 നവംബര്‍ മൂന്നിന് അവസാനിച്ച ഇളവുകാലത്തിനുശേഷം ബാക്കിയായവരില്‍ ഈ രീതിയില്‍ തിരിച്ചുപോക്ക് തടസപ്പെട്ടത് നിരവധി പേര്‍ക്കായിരുന്നു. 10ഉം 20ഉം വര്‍ഷം രാജ്യത്ത് അനധികൃത ജീവിതം നയിച്ച വിദേശികളോട് ലോകത്തിന്‍െറ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ സൗദി ഭരണകൂടം കാട്ടിയത് ഏറ്റവും വലിയ ക്ഷമയാണ്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഉപാധികളില്ലാത്ത മാപ്പ്. എന്നാല്‍ ആ പൊതുമാപ്പും പ്രയോജനപ്പെടുത്താന്‍ കഴിയാതെ സങ്കീര്‍ണമായ നിയമകുരുക്കില്‍പെട്ടവരായിരുന്നു ഈ പറഞ്ഞ അഭയാര്‍ഥികള്‍. തിരിച്ചുപോക്കിനുള്ള വഴിതെളിയണമെങ്കില്‍ തുറന്നുകിട്ടേണ്ട വാതിലില്‍ അവരെ പേടിപ്പിച്ചത് ഒരു അക്കപൂട്ടായിരുന്നു. അതിന്‍െറ രഹസ്യ കോഡ് അവരുടെ ദുരിത ജീവിതത്തില്‍ എവിടേയോ കളഞ്ഞുപോയി.
നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പുരികം വളക്കുന്നത് ആ കോഡ് ചോദിച്ചാണ്: ‘ഫേന്‍ റക്കം ദുഖൂല്‍?’ (എവിടെ എന്‍ട്രി നമ്പര്‍?)
മുഹമ്മദ് റസാഖ് വിറയ്ക്കുന്നു. അങ്ങിനെയൊന്ന് ആദ്യമായി കേള്‍ക്കുകയാണ്. കാര്യമറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു: നിന്‍െറ പാസ്പോര്‍ട്ടില്‍ അതുണ്ട്. എന്‍ട്രി നമ്പര്‍. എവിടെ പാസ്പോര്‍ട്ട്?
പാസ്പോര്‍ട്ടിന് പകരം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ബുദ്ധിമുട്ടി തരപ്പെടുത്തിയ ഒൗട്ട്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) മാത്രമേ അയാളുടെ കൈയിലുള്ളൂ. അതെടുത്തുകാണിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍െറ പുരികം ഒടിയുന്നു: ലാാാാ, ജീബ് ജവാസ് അസലി? (ഇതല്ല, ഒറിജിനല്‍ പാസ്പോര്‍ട്ട്). അല്ളെങ്കില്‍ ഇഖാമ തരൂ എന്നായി ഉദ്യോഗസ്ഥന്‍.
ആ ചോദിച്ച രണ്ടും അയാളുടെ കൈയിലുണ്ടായിരുന്നില്ല. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈയിലാണ്. അയാള്‍ തന്നില്ല. ഓടിപ്പോന്നതാണല്ളോ. ഇഖാമയുണ്ടായിരുന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അതും എവിടേയോ നഷ്ടപ്പെട്ടു.
എന്നാല്‍ ഇതൊന്നും ആ ഉദ്യോഗസ്ഥനോട് അയാള്‍ക്ക് പറായാനായില്ല. ഉദ്യോഗസ്ഥന്‍െറ കൂര്‍ത്ത നോട്ടം നേരിടാനാകാതെ തിരിഞ്ഞുനടന്നു. പിന്നെ മിക്ക ദിവസങ്ങളിലും ഇതേ രംഗം ആവര്‍ത്തിക്കപ്പെട്ടു. അയാള്‍ക്ക് അത്രയേ കഴിയുമായിരുന്നുള്ളൂ. നാട്ടില്‍ പോകാനുള്ള അനുമതി അവിടെ കിട്ടൂവെന്ന് അയാള്‍ക്കറിയാം. അവിടെയല്ലാതെ വേറെ എവിടെ പോകാന്‍? എല്ലാ ദിവസവും തുടങ്ങുന്നത് തര്‍ഹീലിലേക്കുള്ള പ്രത്യാശയുടെ പകല്‍വഴിയിലാണ്. ഒടുങ്ങുന്നത് ഹതാശമായ ഇരുട്ടിലും.
നാട്ടുകാരനായ ഏജന്‍റാണ് അയാള്‍ക്ക് ആട്ടിടയ വിസ കൊടുത്തത്. സ്പോണ്‍സറുടെ ആട്ടിന്‍പറ്റങ്ങളോടൊപ്പം മരുഭൂമിയില്‍ അലഞ്ഞുതുടങ്ങിയ പ്രവാസ ജീവിതം. ഒമ്പത് മാസത്തിനുശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീടൊരു അഞ്ചുവര്‍ഷം റിയാദില്‍ തന്നെ കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്തു. അതിനുശേഷം ജിദ്ദയില്‍ പോയി അഞ്ചുവര്‍ഷം അവിടെയായിരുന്നു. ഇളവുകാലം വരുന്നെന്ന് കേട്ടാണ് ജിദ്ദ കോണ്‍സുലേറ്റില്‍നിന്ന് ഒൗട്ട്പാസും വാങ്ങി റിയാദിലത്തെിയത്.
സൗദി തലസ്ഥാന നഗരത്തില്‍ വിദേശികള്‍ കൂടുതലായി സംഗമിക്കാറുള്ള ബത്ഹയിലാണ് എത്തിച്ചേര്‍ന്നത്. അവിടെ ഗസാന്‍ തെുവിനോട് ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക ഫൂത്ത പാര്‍ക്കില്‍ നൂറുകണക്കിന് നിയമലംഘകരിലൊരാളായി അഭയംപ്രാപിച്ചു. ഏഴുമാസമാണ് അവിടെ കഴിഞ്ഞത്. അന്ന് മുതല്‍ മിക്ക ദിവസങ്ങളിലും തര്‍ഹീലില്‍ പോകും. തര്‍ഹീലിലേക്ക് നടന്നാണ് പോക്ക്. തിരിച്ചും നടക്കും. ഫൂത്ത പാര്‍ക്കില്‍ തന്നോടൊപ്പവും തനിക്കുശേഷവും വന്ന നൂറുകണക്കിനാളുകള്‍ യാത്രാരേഖകള്‍ ശരിയാക്കി നാടുപിടിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് കിട്ടിയ ഒൗട്ട്പാസ് രണ്ട് തവണ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുതുക്കി. അതുമായി ഓരോ തവണയും തര്‍ഹീലില്‍ പോയി വെറും കയ്യോടെ മടങ്ങി.
അസല്‍ പാസ്പോര്‍ട്ടും സൗദിയിലേക്ക് പ്രവേശിച്ചതിന്‍െറ തെളിവായ എമിഗ്രേഷനില്‍നിന്ന് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന എന്‍ട്രി നമ്പറും (റഖം ദുഖൂലു)മാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. പാസ്പോര്‍ട്ട് നമ്പര്‍ പോലും ഓര്‍മയിലില്ല. പിന്നെയല്ളേ, റഖം ദുഖൂല്‍!!!
ആ പ്രതീക്ഷയും വെറുതയായി
മുഹമ്മദ് റസാഖ് ഒളിച്ചോടിയതിന് പിന്നാലെ സ്പോണ്‍സര്‍ സൗദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗത്തില്‍ തന്‍െറ ജോലിക്കാരനെ കാണാനില്ളെന്ന പരാതി നല്‍കി. പാസ്പോര്‍ട്ട് വിഭാഗം ഒളിച്ചോടിയവരുടെ പട്ടികയില്‍പെടുത്തി ‘ഹുറൂബാ’ക്കി. ഇതിനോടൊപ്പം അവിടെയേല്‍പിച്ച പാസ്പോര്‍ട്ട് സാധാരണഗതിയില്‍ പിന്നീട് ഇന്ത്യന്‍ എംബസിയില്‍ എത്തേണ്ടതാണ്. അങ്ങിനെയൊരു പ്രതീക്ഷ മുഹമ്മദ് റസാഖിനുമുണ്ടായിരുന്നു. ആ പ്രതീക്ഷയും വെറുതയായി. പാസ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടുതന്നെ അതില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘റഖം ദുഖൂലും’ കണ്ടത്തൊന്‍ കഴിഞ്ഞില്ല. സ്പോണ്‍സറോടൊപ്പം ഒമ്പത് മാസം ജോലി ചെയ്തെങ്കിലും വിദേശികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡായ ‘ഇഖാമ’ എടുത്തിരുന്നില്ല. സൗദിയില്‍ എത്തിയതിനുള്ള ഏക തെളിവ് ആ പാസ്പോര്‍ട്ട് മാത്രമായിരുന്നു.
ഇളവുകാലമായ ഏഴുമാസവും കടന്നുപോയി. വേനല്‍ പോയി മഞ്ഞുകാലത്തിന്‍െറ വരവായി. ഋതുമാറ്റത്തിന്‍െറ ലക്ഷണങ്ങള്‍ മഴയായി പെയ്തിറങ്ങി. അന്തിക്ക് തലചായ്ക്കല്‍ സമീപത്തെ കടത്തിണ്ണയിലെ, കെട്ടിടം കാവല്‍ക്കാരന്‍െറ കാലുപിടിച്ചുണ്ടാക്കിയെടുത്ത അല്‍പസ്ഥലത്തേക്ക് മാറ്റി. റിയാദിലെ ഇന്ത്യന്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ കാരുണ്യം കമ്പിളിപ്പുതപ്പായത്തെിയത് മാത്രം ആശ്വാസമായി. എങ്കിലും തിണ്ണയിലേക്ക് അടിച്ചുകയറുന്ന മഴചാറ്റലില്‍ കമ്പിളിയും തോറ്റുപോയി. ശരീരം ആലിലപോലെ വിറച്ചു. പ്രായാധിക്യത്തിന്‍െറ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പെരുകി.
വാര്‍ത്താ ‘സ്റ്റോറി’കളുടെ ചകാരയായിരുന്ന ‘നിതാഖാത് കാലത്ത്’ ആ പാര്‍ക്കിലത്തെുമ്പോള്‍ ഞാന്‍ കണ്ടത് ദുരിതത്തിന്‍െറ ഉടല്‍രൂപമായി മുന്നില്‍നിന്ന് വിറയ്ക്കുന്ന മുഹമ്മദ് റസാഖിനെയാണ്. ഹൃദയമുള്ളവര്‍ക്ക് ‘നിയമം നിയമത്തിന്‍െറ വഴിയെ’ എന്ന് നിസംഗത കൊണ്ട് തടുക്കാന്‍ കഴിയാത്ത കാഴ്ച. ആപ്പിള്‍ മരങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന മുഹമ്മദ് റസാഖിനെ കുറിച്ച് പത്രത്തില്‍ വാര്‍ത്തയെഴുതി. അത് വായിച്ച ബത്ഹയിലെ കരുണയുള്ള കുറെ മലയാളി ചെറുപ്പക്കാര്‍ അയാളുടെ സംരക്ഷണം ഏറ്റെടുക്കാനും നാട്ടിലേക്കയക്കാന്‍ സാധ്യമായ മാര്‍ഗം തേടാനും തയാറായി മുന്നോട്ടുവന്നു. തര്‍ഹീലിലെ മേധാവിയുടെ മുന്നിലത്തെിച്ചു.
ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം
അയാളുടെ കദനകഥ അദ്ദേഹം കേട്ടു. ആ മനസ് ഒരിട ഒന്ന് നനഞ്ഞിരിക്കണം. സഹാനുഭൂതിയോടെ അദ്ദേഹം അയാളെ നോക്കി. നിയമത്തിന്‍െറ കാര്‍ക്കശ്യം ആ മുഖത്തുനിന്ന് മാഞ്ഞുപോയി. സാധ്യമായ സഹായം നല്‍കാമെന്ന് ആ നല്ലവനായ സൗദി ഉദ്യോഗസ്ഥന്‍ ചെറുപ്പക്കാര്‍ക്ക് വാക്കുനല്‍കി.
അപ്പോഴും ആ പ്രശ്നം ബാക്കിനിന്നു. ആ കോഡ്. റഖം ദുഖൂല്‍. പ്രവാസപ്പെട്ടിയുടെ അക്കപ്പൂട്ട്. കഴിഞ്ഞ 11വര്‍ഷത്തെ രേഖയിലില്ലാത്ത ജീവിതം ആ താഴിനുള്ളിലാണ്. അത് തുറന്നെടുക്കണം. രേഖകളിലേക്ക് പകരണം. അതിന് പ്രവാസത്തിലേക്ക് പ്രവേശിച്ച ആ നമ്പര്‍ കൂടിയേ തീരൂ. അതില്ലാതെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീങ്ങില്ല.
ആ വകുപ്പ് മേധാവി സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു. ഉപദേശമാരാഞ്ഞ് ഉന്നതങ്ങളിലേക്ക് വിളിച്ചു. അതിനിടയില്‍ എപ്പോഴോ ആ മുഖത്ത് പ്രകാശം വീഴുന്നത് ചെറുപ്പക്കാര്‍ പ്രത്യാശയോടെ കണ്ടു. അദ്ദേഹം സന്തോഷത്തോടെ അയാളുടേയും ആ ചെറുപ്പക്കാരുടേയും മുഖത്തേക്ക് നോക്കി. രേഖയിലില്ലാത്ത ജീവിതത്തെ ഒരു ഓടകണക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനമായി. നടപടിക്രമങ്ങളില്‍ അസാധാരണമായ ഗതിമാറ്റം.
വിരലടയാളമെടുക്കുന്ന മെഷീനില്‍ മുഹമ്മദ് റസാഖിന്‍െറ മെല്ലിച്ച വിരലുകള്‍ പതിഞ്ഞു. കാമറയില്‍ കണ്ണുകളും മുഖവും പതിപ്പിച്ചു. അങ്ങിനെ നീണ്ട 11 വര്‍ഷത്തെ ജീവിതം ഏതാനും നിമിഷങ്ങള്‍ കൊണ്ട് തര്‍ഹീലിന്‍േറയും ജവാസാത്തിന്‍േറയും കമ്പ്യുട്ടര്‍ നെറ്റുവര്‍ക്കിലേക്ക് രേഖകളായി ആവാഹിച്ചു. മനസില്‍നിന്നെടുത്ത കരുണയുടെ താക്കോല്‍ കൊണ്ടാണ് അദ്ദേഹം ആ അക്കപ്പൂട്ട് തുറന്ന് അയാളെ മോചിപ്പിച്ചത്.
പിന്നെയെല്ലാം വേഗത്തിലായിരുന്നു. എക്സിറ്റ് വിസ ഒൗട്ട്പാസില്‍ പതിച്ചത്തെി. സീസണല്‍ തിരക്കും വിമാന സര്‍വീസിന്‍െറ കുറവും കാരണും ശ്രീനഗറിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ളെന്നായപ്പോള്‍ ദല്‍ഹിയിലേക്ക് മതി. എങ്ങിനേയും തന്‍െറ നാട്ടിലേക്ക് പോയിക്കോളാമെന്ന് ദുരിതഛായ ഒഴിഞ്ഞ ആ മുഖത്തെ വെളിച്ചം പറഞ്ഞു. സൗജന്യ വിമാന ടിക്കറ്റുമായി മനുഷ്യസ്നേഹികളത്തെി. വിരഹം കവര്‍ന്ന ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച് ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും പുതിയ കോശങ്ങള്‍ തുടുത്ത മനസുമായി അയാള്‍ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പറന്നുപോയി.
ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച്
പിന്നെയെല്ലാം വേഗത്തിലായിരുന്നു. എക്സിറ്റ് വിസ ഒൗട്ട്പാസില്‍ പതിച്ചത്തെി. സീസണല്‍ തിരക്കും വിമാന സര്‍വീസിന്‍െറ കുറവും കാരണും ശ്രീനഗറിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ളെന്നായപ്പോള്‍ ദല്‍ഹിയിലേക്ക് മതി. താന്‍ എങ്ങിനേയും തന്‍െറ നാട്ടിലേക്ക് പോയിക്കോളാമെന്ന് ദുരിതഛായ ഒഴിഞ്ഞ മുഖത്തെ വെളിച്ചം പറഞ്ഞു. സൗജന്യ വിമാന ടിക്കറ്റുമായി മനുഷ്യസ്നേഹികളത്തെി. വിരഹം കവര്‍ന്ന ആയൂസിലെ 11 വര്‍ഷത്തിന്‍െറ പടം പൊഴിച്ച് ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും പുതിയ കോശങ്ങള്‍ തുടുത്ത മനസുമായി അയാള്‍ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും പറന്നുപോയി.
തര്‍ഹീലിലെ ഉദ്യോഗസ്ഥന് ആ വയസനോട് തോന്നിയ മനസലിവ് പിന്നീട് അതുപോലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്പെട്ടു. അക്കപ്പൂട്ടുകളുടെ കുരുക്കഴിച്ച് ഇപ്പോഴും ആളുകള്‍ നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.
ഫൂത്ത പാര്‍ക്കിലെ പുല്‍മൈതാനിയില്‍ കഴിഞ്ഞ ദിവസം പുതിയൊരാളെ കണ്ടു. ഏതാനും മാസം മുമ്പ് മാത്രം തൊഴില്‍ വിസയില്‍ വന്ന ഒരു ചെറുപ്പക്കാരന്‍. ഇഖാമ നല്‍കാമെന്ന് പറഞ്ഞ് പണവും പാസ്പോര്‍ട്ടും വാങ്ങിപ്പോയ സ്പോണ്‍സറെ കാണാനില്ല. എന്തുചെയ്യണമെന്നറിയില്ളെന്ന് പകച്ചുനോക്കുന്നു അയാള്‍...