എഴുത്തുമലയാളത്തിന്‍െറ 2014
text_fieldsപതിരുകളേറെ, പവിഴം കുറവ്
ഒരു കൊച്ചു ഭാഷക്ക് സാധ്യമാകുന്നതിലേറെ പുസ്തകങ്ങളാണ് ഒരോ വര്‍ഷവും മലയാളം രചിക്കുന്നത്. ആയിരത്തിനും രണ്ടായിരത്തിനുമിടയില്‍ പുസ്തകങ്ങള്‍. ഇത്രയും ചുരുങ്ങിയ ദേശത്ത് നിന്ന് ഇത്രയേറെ പുസ്തങ്ങള്‍ ഇറങ്ങുന്ന മറ്റൊരു ഭാഷയുണ്ടാവില്ളെന്നുറപ്പ്. എഴുതപ്പെടുന്നതില്‍ നല്ല പങ്കും പതിരാണ് എന്നതില്‍ തര്‍ക്കമില്ല. ഉള്‍ക്കനമുള്ള രചനകള്‍ കൈവിരലിലില്‍ എണ്ണാവുന്നത്ര ശുഷ്കവും. 2014 ലും ഇതിന് അപവാദമില്ല.
എന്നാല്‍, മലയാളം സര്‍ഗാത്മതയുടെ അതിരുകള്‍ വിശാലമാകുന്നതിനും എഴുത്ത് തിടംവച്ച് തിമര്‍ത്താടുന്നതിനുമാണ് പൊയ്തൊഴിഞ്ഞ പുസ്തകവര്‍ഷം സാക്ഷിയാകുന്നത്. അങ്ങനെയായിരിക്കുമ്പോഴും, ലോക സാഹിത്യത്തിന്‍െറ അളവുകോല്‍ വച്ച് മലയാളത്തെ പരിഗണിക്കുന്നത് അര്‍ത്ഥശൂന്യമായിരിക്കും.
അഞ്ച് പ്രധാന സവിശേഷതകളാണ് കടന്നുപോകുന്ന വര്‍ഷത്തിന്‍െറ ഒൗസ്യത്ത്. ഒന്ന്- മഹാരഥര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഒഴിഞ്ഞു നില്‍ക്കുകയും യുവത സമ്പൂര്‍ണാധിപത്യം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട്-എഴുത്തിനെ അതിഗൗരവത്തോടെ വീക്ഷിക്കുകയും എഴുത്തിനായി ഏറെ അധ്വാനിക്കാനും തയാറായ ഒരു കൂട്ടം എഴുത്തുകാര്‍ രംഗത്ത് വന്നു. അവര്‍ കഥയുടെ പ്രപഞ്ചം-അന്തരീക്ഷത്തെ പതിവ് ചിട്ടവട്ടങ്ങളില്‍ നിന്ന് പറിച്ചുനട്ടു. മൂന്ന്-മലയാളത്തിനും പുറംലോകത്തിനുമിടയിലെ ദൂരം പുതിയ എഴുത്തുകള്‍ അപ്രസക്തമാക്കി. നാല്-യുദ്ധം, വിപ്ളവം തുടങ്ങി ഇങ്ങേയറ്റത്ത് പ്രണയം വരെ ഏതൊരു വിഷയത്തിലും തങ്ങളുടെ രചനകള്‍ ‘സദാചാരം’ തുടങ്ങിയ ഒരു വ്യവസ്ഥാപിത മാമൂലുകള്‍ക്കും വിധേയമല്ളെന്ന് പുതിയ എഴുത്ത് പ്രഖ്യാപിച്ചു. അഞ്ച്- പ്രമേയത്തില്‍, കഥാപശ്ചാത്തലത്തില്‍, അവതരണത്തില്‍, ഭാഷയില്‍ ഒക്കെ സമഗ്രവും ചടുലവുമായ പരീക്ഷണം നടന്നു.
നോവല്‍ ശാഖയിലാണ് 2014 ല്‍ മികച്ച രചനകള്‍ ഉണ്ടായത്. എഴുത്തിന്‍െറ ഏത് മാനദണ്ഡങ്ങളില്‍ നോക്കിയാലും ഏറ്റവും മികച്ച രചനയെന്ന് വിശേഷിപ്പിക്കാവുന്നത് ടി.ഡി. രാമകൃഷ്ണന്‍െറ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’യാണ്. ചരിത്രം, മിത്ത്, സമകാലിക രാഷ്ട്രീയം, ദേശീയത, പോരാട്ടം എന്നിങ്ങനെ വിവിധ തലങ്ങള്‍ക്കൊപ്പം ക്രാഫ്റ്റിന്‍െറ അതിസുന്ദരമായ കൈയടക്കവും ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം. അറേബ്യയിലെ വിപളവത്തിന്‍െറ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച മുല്ലപ്പു നിറമുള്ള പകലുകള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്നീ രണ്ടുനോവലുകള്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നു. വി.ജെ. ജയിംസിന്‍െറ ‘നിരീശ്വരന്‍’, ബിനോയ് തോമസിന്‍െറ ‘കരിക്കോട്ടക്കരി’, റോഷനി സ്വപ്നയുടെ ‘ശ്രദ്ധ’, കെ.വി. മണികണ്ഠന്‍െറ ‘മൂന്നാമിടങ്ങള്‍’, അന്‍വര്‍അബ്ദുള്ളയുടെ ‘റിപ്പബ്ളിക്ക്’, ജി.ആര്‍. ഇന്ദുഗോപന്‍െറ ‘കാളി ഗണ്ഡകി’ (ഈ പുസ്തകങ്ങള്‍ എല്ലാം ഡി.സി.ബുക്സില്‍ നിന്ന്), ഇ. സന്തോഷ് കുമാറിന്‍െറ ‘കുന്നുകള്‍ നക്ഷത്രങ്ങള്‍’ എന്നിവ വായനക്കാരുടെ നല്ല അഭിപ്രായം നേടിയ നോവലുകളാണ്. എന്‍. പ്രഭാകരന്‍െറ ‘ക്ഷൗരം’, സി.വി. ബാലകൃഷ്ണന്‍െറ ‘ലൈബ്രേറിയന്‍’, പി. സുരേന്ദ്രന്‍െറ ‘ ശൂന്യമനുഷ്യര്‍’ തുടങ്ങിയ നോവലുകള്‍ മുതിര്‍ന്ന എഴുത്തുകാരുടേതായി പുറത്തിറങ്ങി.
വിവിധ പ്രസാധകരിലായി എടുത്തുപറയേണ്ട ഇരുപതോളം നല്ല കഥാ സമാഹാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. വി.എം. ദേവദാസിന്‍െറ ‘ശലഭജീവിതം’
(ചിന്ത പബ്ളിഷേഴ്സ്) ആണ് എടുത്തു പറയേണ്ട കൃതി. പ്രമോദ് രാമന്‍െറ ‘ദൃഷ്ടിച്ചാവേര്‍’ എസ്. ഹരീഷിന്‍െറ ‘ആദം’,(രണ്ടും ഡി.സി.ബുക്സ്), കെ. രേഖയുടെ ‘നിന്നില്‍ ചാരുന്ന നേരത്ത്’, എസ്. സിതാരയുടെ ‘വെയിലില്‍ ഒരു കളിയെഴുത്തുകാരി’, (രണ്ടുകൃതികളും മാതൃഭൂമി ബുക്സ്) പി.വി.ഷാജികുമാറിന്‍െറ ‘ഉള്ളാള്‍’ , വിനു എബ്രഹാമിന്‍െറ ‘നിലാവിന്‍െറ നഖങ്ങള്‍’, കരുണാകരന്‍െറ ‘അതി കുപിതനായ കുറ്റാന്വേഷകനും മറ്റ് കഥകളും’(ഡി.സി),,ഇ.പി. ശ്രീകുമാറിന്‍െറ ‘കറന്‍സി’, പി.എന്‍. കിഷോര്‍ കുമാറിന്‍െറ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’, സോക്രട്ടീസ് കെ. വാലത്തിന്‍െറ ‘കവചിതം’ പി.കെ. പാറക്കടവിന്‍െറ ‘ പൂക്കുന്നതിന്‍െറ രഹസ്യം’ (മാതൃഭൂമി) എന്നിവയാണ് വായിച്ചിരിക്കേണ്ട കഥാസമാഹരങ്ങളില്‍ ചിലത്. ടി. പത്മനാഭന്‍, എന്‍.എസ്. മാധവന്‍, സി.രാധാകൃഷ്ണന്‍, കെ.ആര്‍.മീര, കെ.എ. സെബാസ്റ്റ്യന്‍, അഷിത, അക്ബര്‍ കക്കട്ടില്‍, അംബികാസൂതന്‍ മങ്ങാട്, ജോണ്‍ എബ്രഹാം, കെ.വി. അനൂപ് തുടങ്ങിയവരുടെ കഥാ സമാഹാരങ്ങളും ഇറങ്ങിയെങ്കിലും അവയെ പൂര്‍ണമായും 2014 ന്‍െറ രചനകള്‍ എന്ന് വിശേഷിപ്പിക്കുന്നത് ശരിയായിരിക്കില്ല.
പതിവ് പോലെ നിരവധി കവിതാ സമാഹാരങ്ങള്‍ ഇത്തവണയും പുറത്തിറങ്ങി. വി. മധൂസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട് (ഡി.സി.ബുക്സ്) ആണ് മുതിര്‍ന്ന തലമുറയുടെ ശ്രദ്ധേയമായ രചന. ‘അമ്മയെ കുളിപ്പിക്കുമ്പോള്‍’ (സാവിത്രി രാജീവന്‍-മാതൃഭൂമി ബുക്സ്), നിശബ്ദതയിലെ പ്രകാശങ്ങള്‍ (സെബാസ്റ്റ്യന്‍-ഡി.സി.ബുക്സ്), ‘തിരക്കില്ളെങ്കില്‍ ഒന്നു നില്‍ക്കണേ’ (അഭിരാമി-ഡി.സി.ബുക്സ്), ‘ഇന്‍സിലിക്ക’ (എല്‍.തോമസ്കുട്ടി, കറന്‍റ് ബുക്സ് കോട്ടയം), ‘ഷിറാഫലിയുടെ കവിതകള്‍’(ഷിറാഫലി), ‘അപ്പോ കാനു സന്യാലിന് മതിയായി അല്ളേ’ ( മങ്ങാട് രത്നാകരന്‍), ‘അമിഗ്ദല (, എം.ഡി. ധന്യ), ‘ഏഴാം നാള്‍’ (ജെനി, ഡി.സി.ബുക്സ്), ‘ഉപ്പിലിട്ടത്’(റഫീഖ് തിരുവള്ളൂര്‍, മാതൃഭൂമി) എന്നിവയാണ് ശ്രദ്ധേയമായ കവിതാ സമാഹാരങ്ങള്‍. കവിതാവിമര്‍ശം-പഠനങ്ങളില്‍ സജയ് കെ.വിയുടെ ‘വേരുകള്‍ക്കിടയിലെ ജീവിതം’ ( ഇന്‍സൈറ്റ് പബ്ളിഷേഴ്സ്) പലനിലക്കും ഉജ്ജ്വലമാണ്.
ഓര്‍മ-യാത്ര പുസ്തകങ്ങളില്‍ വി.മുസഫര്‍ അഹമ്മദിന്‍െറ ‘കുടിയേറ്റക്കാരന്‍െറ വീട് ’(ഡി.സി.ബുക്സ്) ആണ് മികച്ച രചന. അദ്ദേഹത്തിന്‍െറ തന്നെ ‘ഏകതാരയിലെ പാട്ടുപാലങ്ങള്‍’ (ഒലിവ് ബുക്സ്)വേറിട്ടുനില്‍ക്കുന്നു. ഈ ഗണത്തില്‍ മറ്റൊന്ന് പി. സുരേന്ദ്രന്‍െറ ‘വയല്‍ തെരുവ്’ (മാതൃഭൂമി)ആണ്.
ആത്മകഥ-ജീവചരിത്ര പുസ്തകങ്ങളിലും വന്‍ ഒഴുക്കുതന്നെ ഉണ്ടായി. ജനകീയ സാംസ്കാരിക വേദി മുന്‍ സെക്രട്ടറി കവിയുര്‍ ബാലന്‍ രചിച്ച ‘നക്ഷത്രങ്ങള്‍ ചുവന്ന കാലം’ (ഗ്രീന്‍ ബുക്സ്)ആണ് എടുത്തു പറയേണ്ട പുസ്തകം. എന്നാല്‍, ഈ പുസ്തകം അധികം വായിക്കപ്പെടുകയോ പരാമര്‍ശിക്കപ്പെടുകയോ ചെയ്തില്ളെന്നത് വാസ്തവം. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ ‘കാലപ്രമാണം’, ജി.വേണുഗോപാലിന്‍െറ ‘ഓര്‍മ ചെരാതുകള്‍’, ശരതിന്‍െറ ‘ആത്മരാഗം’, ഒരു ചെമ്പനീര്‍പൂപോലെ, (ഉണ്ണിമേനോന്‍-എം.ഡി.മനോജ്-ഒലിവ് ബുക്സ്), ഗന്ധര്‍വ സംഗീതം (സജി ശ്രീവത്സം-മീഡിയ ഫെയിസ്), പ്രേം പ്രകാശിന്‍െറ ‘പ്രകാശ വര്‍ഷങ്ങള്‍’, എന്‍. പരമശിവന്‍ നായരുടെ ‘മിന്നല്‍ക്കഥകള്‍’, പത്മന്‍ രചിച്ച ‘എന്‍െറ ഭാസിയണ്ണന്‍’, മാതൃഭൂമി), സംവിധായകന്‍ മോഹന്‍െറ ‘ഇളക്കങ്ങള്‍ ഇടവേളകള്‍’ (അനുശ്രീ-ഡി.സി.ബുക്സ്), ‘ജീവിത വിജയത്തിന്‍െറ പാഠപുസ്തകം’(ഇ.ശ്രീധരന്‍െറ ജീവിതകഥ), മനോജ് ചന്ദ്രന്‍ എഡിറ്റ് ചെയ്ത ‘ലോഹിത ദാസ്’ (ഒലിവ്) എന്നിവയാണ് എടുത്തുപറയേണ്ട ആത്മകഥാ-ജീവചരിത്ര ഗ്രന്ഥങ്ങള്‍.
സിനിമ പഠന, നിരൂപണ ശാഖയില്‍ നല്ല ആറോളം പുസ്തകങ്ങളുണ്ടായി. ഡോണ്‍ ജോര്‍ജ് രചിച്ച ‘സിനിമകളനവധി’(ഒലിവ് ബുക്സ്), കെ.പി.ജയകുമാറിന്‍െറ ‘ജാതിവ്യവസ്ഥയും മലയാള സിനിമയും’ (ഒലിവ് ബുക്സ്),വി.കെ. ജോസഫിന്‍െറ അതിജീവനത്തിന്‍െറ ചലച്ചിത്ര ഭാഷ്യങ്ങള്‍ (ചിന്ത പബ്ളിഷേഴ്സ്), എ. ചന്ദ്രശേഖറിന്‍െറ ‘സിനിമ-കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ദൃശ്യകാമനകള്‍’ (ഡോണ്‍ ബുക്സ്), കെ.ബി.വേണുവിന്‍െറ ‘സിനിമയുടെ സ്വതന്ത്ര റിപ്പബ്ളിക്കുകള്‍’ അന്‍വര്‍ അബ്ദുള്ളയുടെ ‘റിവേഴ്സ് ക്ളാപ്പ്’ (മാതൃഭൂമി) എന്നിവയാണ് സിനിമാ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയവയില്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍.
കെ. മാധവന്‍ രചിച്ച ‘ഒരു ഗ്രാമത്തിന്‍െറ ഹൃദയത്തിലൂടെ’ എന്ന പുസ്തകത്തിന് അപ്പുറം എടുത്തുപറയേണ്ട ചരിത്രഗ്രന്ഥങ്ങള്‍ ഒന്നും ഉണ്ടായില്ളെന്നതാണ് ഖേദകരം. വിമര്‍ശന-പഠന ഗ്രന്ഥങ്ങളില്‍ എടുത്തു പറയേണ്ടവ രവിചന്ദ്രന്‍ സി. രചിച്ച ‘ബുദ്ധനെ എറിഞ്ഞ കല്ല്’ (ഡി.സി.ബുക്സ്), സി.പി. നാരായണന്‍െറ ‘അതിവിപ്ളവത്തിന്‍െറ ദാര്‍ശനിക പ്രശ്നങ്ങള്‍’ (ചിന്ത പബ്ളിഷേഴ്സ്’), എം.എന്‍.കാരശ്ശേരിയുടെ ‘പിടക്കോഴി കൂവരുത്’(മാതൃഭൂമി) എന്നിവയാണ്.
മലയാളം ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പുസ്തകം ഗെയില്‍ ട്രെഡ്വെല്‍ രചിച്ച ‘വിശുദ്ധനരകം’ (മൈത്രി ബുക്സ്), ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ (ഗെയില്‍ ട്രെഡ്വെല്ലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം)എന്നിവയാണ്. വില്‍പനയില്‍ ഒരു പക്ഷേ മുന്നില്‍ നിന്നിട്ടുണ്ടാകുക ‘ഞാന്‍ മലാല’(പി.എസ്. രാകേഷ്, മാതൃഭൂമി ബുക്സ്), കെ.ആര്‍.മീരയുടെ ‘ആരാച്ചാര്‍’ പോലുള്ള പുസ്തങ്ങളാവാം.