Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_right125ന്‍െറ പ്രൗഢിയില്‍...

125ന്‍െറ പ്രൗഢിയില്‍ മലയാളനോവല്‍

text_fields
bookmark_border
125ന്‍െറ പ്രൗഢിയില്‍ മലയാളനോവല്‍
cancel

മലയാള നോവല്‍ ചരിത്രത്തിന് 125 ആണ്ട്. മലയാളഭാഷയില്‍ രചിക്കപ്പെട്ട ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ വായനക്കാര്‍ക്ക് ഇന്നും ആവേശം പകരുന്നു. ഭാഷയില്‍ നിലവില്‍ മാതൃകകളൊന്നുമില്ലാതിരിക്കേ അത്തരമൊരു സൃഷ്ടികര്‍മം നടത്തുകയെന്ന അതിസാഹസിക ദൗത്യമാണ് ഒയ്യാരത്ത് ചന്തുമേനോന്‍ 1889ല്‍ ഏറ്റെടുത്തത്. ഇംഗ്ളീഷ് സാഹിത്യത്തെ നേരത്തെ തന്നെ പരിചയപ്പെട്ട ചന്തുമേനോന്‍ ആ ഭാഷയിലെ നോവലുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിരവധി ഇംഗ്ളീഷ് നോവലുകള്‍ വായിച്ച അദ്ദേഹം ഇതില്‍നിന്ന് ലഭിച്ച പ്രചോദനത്തില്‍നിന്നാണ് ഇന്ദുലേഖ രചിക്കുന്നത്. നോവലിന്‍െറ പുറംചട്ടയില്‍ ‘ഇംഗ്ളീഷ് നോവല്‍ മാതിരി എഴുതപ്പെട്ടിട്ടുള്ള ഒരു കഥ’ എന്ന് രേഖപ്പെടുത്തുക വഴി ഈ കടപ്പാട് പരസ്യമാക്കുകയാണ് അദ്ദേഹം.
മദ്രാസ് സര്‍വീസില്‍ ജീവനക്കാരനായിരുന്ന എടപ്പാടി ചന്തുനായരുടെയും ചിറ്റാഴിയത്ത് പാര്‍വതി അമ്മയുടെയും മകനായി 1847 ജനുവരി ഒമ്പതിന് തലശ്ശേരിയിലായിരുന്നു ഒ. ചന്തുമേനോന്‍െറ ജനനം. തലശ്ശേരി ബി.ഇ.എം.പിയില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടി. 1864ല്‍ അമ്മയുടെ മരണത്തോടെ വിദ്യാഭ്യാസം നിലച്ചു. പിന്നീട് ബ്രിട്ടീഷുകാരുടെ സിവില്‍ സര്‍വീസ് ഉയര്‍ന്ന റാങ്കോടെ പാസായ ഇദ്ദേഹം മദ്രാസ് പ്രസിഡന്‍സിയിലെ ജസ്റ്റിസ് ടി.ഇ. ഷാര്‍പെയുടെ ജൂനിയര്‍ ക്ളര്‍ക്കായി നിയമനം നേടി.
പരപ്പനങ്ങാടിയില്‍ മുന്‍സിഫായിരുന്ന കാലത്താണ് ചന്തുമേനോന്‍ ഇന്ദുലേഖ എഴുതുന്നത്. 1889 ഡിസംബര്‍ ഒമ്പതിനാണ് ഒന്നാം പതിപ്പിന്‍െറ അവതാരിക എഴുതിയത്. അങ്ങനെ അത് മലയാളത്തിലെ ആദ്യ നോവലിന്‍െറ പിറവിയുടെ ദിനവുമായി.
ചന്തുമേനോന്‍െറ ഇംഗ്ളീഷ് നോവല്‍ ഭ്രമം അറിഞ്ഞ് കഥ കേള്‍ക്കാന്‍ താല്‍പര്യംപൂണ്ട സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ് മലയാളത്തില്‍ ഒരു നോവല്‍ എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1889 ജൂണ്‍ 11ന് എഴുതിത്തുടങ്ങിയ പുസ്തകം ആഗസ്റ്റ് 17ന് അവസാനിപ്പിച്ചു എന്ന് ഒന്നാം പതിപ്പിന്‍െറ അവതാരികയില്‍ ചന്തുമേനോന്‍ പറയുന്നു.
നോവല്‍ എന്ന സാഹിത്യരൂപം എന്താണെന്നുള്ള മികച്ച പഠനം കൂടിയാണ് ചന്തുമേനോന്‍െറ അവതാരിക. ഒരു നോവലിലെ കഥ യഥാര്‍ഥമാണോ അല്ലയോ എന്നതല്ല; അത് എങ്ങനെ പറയുന്നു എന്നതിലാണ് കാര്യമെന്ന് അദ്ദേഹം വിശ്വസിച്ചു. അവതരണത്തില്‍ ഭംഗിയുണ്ടെങ്കില്‍ സാഹിത്യം സാധാരണ മനുഷ്യന് വിനോദം പകരുമെന്നും അറിവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതത്തിന്‍െറ സ്വാധീനത്തിന് വഴങ്ങാതെ തനി മലയാളത്തില്‍ നോവല്‍ എഴുതാനാണ് അദ്ദേഹം ഉദ്യമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു.
ആദ്യ നോവല്‍തന്നെ ജനപ്രിയമായി എന്ന ഭാഗ്യവും മലയാളത്തിനുണ്ടായി. 1890 ജനുവരിയില്‍ വില്‍പനയാരംഭിച്ച ഇന്ദുലേഖയുടെ ആദ്യ പതിപതിപ്പിലെ മുഴുവന്‍ കോപ്പികളും മാര്‍ച്ച് 30നകം വിറ്റുപോയെന്ന് രണ്ടാം പതിപ്പിന്‍െറ അവതാരികയില്‍ പറയുന്നു. പുസ്തകത്തിന് ലഭിച്ച സ്വീകാര്യതക്ക് തെളിവാണ് ഇത്. മദ്രാസ് മെയില്‍, ഹിന്ദു, സ്റ്റാന്‍ഡേര്‍ഡ്, കേരള പത്രിക, കേരള സഞ്ചാരി തുടങ്ങി പത്രങ്ങള്‍ ഇന്ദുലേഖയെ പ്രശംസിച്ച് എഴുതി. ഇതിന്‍െറ ആവേശത്തിലാണ് രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്. വായനക്കാരില്‍നിന്നുണ്ടായ അഭിപ്രായങ്ങളും മറ്റും മാനിച്ച് അല്‍പം ഭേദഗതിയോടെയാണ് രണ്ടാം പതിപ്പ് പുറത്തിറക്കിയത്.
ഭാഷക്കും സാഹിത്യത്തിനും ഊറ്റം കൊള്ളാന്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ടാകുമ്പോഴും ഇന്നും സാഹിത്യത്തിലെ പെണ്ണ് പൂര്‍ണമായും മുന്‍നിരയിലത്തൊത്ത മലയാളത്തിന്‍െറ ആദ്യ ലക്ഷണയുക്ത നോവലിന്‍െറ ഭ്രമണകേന്ദ്രം ഒരു തന്‍േറടിയായ സ്ത്രീയാണെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നു. ആണധികാരത്തിന്‍െറ ലക്ഷ്മണരേഖകള്‍ ഭേദിച്ച് ‘സദാചാരപരമായ’ സ്വാതന്ത്ര്യം നേടാന്‍ മലയാളിനായികമാര്‍ക്ക് ഇനിയും കരുത്തുകിട്ടാതിരിക്കുമ്പോഴാണ് ഉറച്ച ശബ്ദത്തോടെയും ആത്മവിശ്വാസമുള്ള ചലനങ്ങളിലൂടെയും ഇന്ദുലേഖ സാഹിത്യത്തറവാട്ടില്‍ ഇന്നും തിളങ്ങുന്നത്.
‘ഇന്ദുലേഖ’ ഇന്ദുലേഖയുടെ തന്നെ ജീവിതകഥയാണ്. സൗന്ദര്യത്തോടൊപ്പം കുലീനത്വവും കാര്യബോധവുമുള്ളവളാണ് ചന്തുമേനോന്‍െറ നായിക. മാധവനെയും ഇന്ദുലേഖയെയും നമ്മള്‍ ആദ്യം ഒരുമിച്ച് കാണുമ്പോഴുള്ള അവരുടെ സംഭാഷണം ഇതിന് തെളിവാണ്. ‘മനസ്സിനെ സ്വാധീനമാക്കേണമെങ്കില്‍ അതിനു വേറെ ചില സാധനങ്ങളെ ഉപയോഗിച്ചിട്ടുവേണം. ധൈര്യം, ക്ഷമ മുതലായ സാധനങ്ങളെ ഉപയോഗിച്ചിട്ടു വേണം മനസ്സിനെ സ്വാധീനമാക്കാന്‍ . അങ്ങിനെയുള്ള സാധനങ്ങളെ ഒന്നും ഉപയോഗിക്കാതെതന്നെ എന്‍്റെ മനസ്സു സ്വസ്ഥതയില്‍ നില്‍ക്കുന്നുണ്ടല്ളോ. അതുകൊണ്ട് എന്‍്റെ മനസ്സിന്‍െറ സ്വസ്ഥത അതിനു സഹജമായ ഒരു ഗുണമാണെന്നു ഞാന്‍ വിചാരിക്കുന്നു.’ എന്ന ഇന്ദുലേഖ പറയുമ്പോള്‍ വ്യക്തിത്വവും നിലപാടുമുള്ള ഒരു സ്ത്രീയെ നമുക്ക് കാണാം.
സ്ത്രീ വിമോചനത്തിനുവേണ്ടി ശക്തിയുക്തം ശബ്ദമുയര്‍ത്തുന്നുണ്ട് ചന്തുമേനോന്‍െറ ഇന്ദുലേഖ. പുസ്തകമെഴുതപ്പെട്ട സാമൂഹികസാഹചര്യത്തെയും ഇന്നത്തെ സാഹിത്യത്തിലെ പെണ്ണിനെയും ചേര്‍ത്തുവായിക്കുമ്പോഴാണ് അത് തികച്ചും വെളിവാകുന്നത്. സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് നോവലിസ്റ്റ്. നോവലിന്‍െറ അവസാന അധ്യായം ഇതിനായാണ് വിനിയോഗിക്കുന്നത്.
ന്യായമെന്ന് തോന്നുന്ന കാര്യം ഒട്ടും പേടിയില്ലാതെ ആരുടെ മുഖത്തുനോക്കിയും പറയാന്‍ തന്‍േറടമുള്ളവനാണ് നോവലിലെ നായകനായ മാധവന്‍. ശിന്നനെ ഇംഗ്ളീഷ് വിദ്യാഭ്യാസം ചെയ്യിക്കാന്‍ അമ്മാവനോടും വലിയമ്മാവനോടും കാര്‍ക്കശ്യത്തോടെ നിര്‍ബന്ധം പിടിക്കുന്ന മാധവനില്‍ ഈ സവിശേഷത കാണാം.
സ്ത്രീസൗന്ദര്യത്തിന്‍െറ കടുത്ത ആരാധകനാണ് ചന്തുമേനോന്‍. അത്ര മനോഹരമായാണ് സ്ത്രീ സൗന്ദര്യത്തെ അദ്ദേഹം വര്‍ണിക്കുന്നത്. ‘കാണുന്ന ക്ഷണത്തില്‍ മനസിനെ എങ്ങിനെ മോഹിപ്പിക്കുന്നുവോ അതുപോലെതന്നെ എല്ലായ്പോഴും എത്രനേരമെങ്കിലും നോക്കിയാലും മനസിന്നു കണ്ടതു പോരെന്നുള്ള മോഹം ഉണ്ടാക്കിച്ചുകൊണ്ടേയിരിക്കണം. അങ്ങിനെയുള്ള സ്ത്രീയെ ഞാന്‍ സുന്ദരി എന്നു പറയും.’
അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് മലയാളത്തിലാദ്യം എഴുതപ്പെട്ട നോവലെങ്കിലും ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന ഖ്യാതി ഇന്ദുലേഖക്ക് സ്വന്തം. തുടര്‍ന്ന് ശാരദ എന്ന നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കും മുമ്പേ ചന്തുമേനോന്‍ ഇഹലോകവാസം വെടിഞ്ഞു. ഇതേതുടര്‍ന്ന് മറ്റ് ചിലരാണ് ‘ശാരദ’ നോവല്‍ പൂര്‍ത്തിയാക്കിയത്. ഇന്ദുലേഖയുടെ രണ്ടാം പതിപ്പിറങ്ങിയ 1890ല്‍ തന്നെ ഡബ്ള്യു. ഡ്യൂമര്‍ഗ് എന്ന അന്നത്തെ കലക്ടര്‍ നോവല്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.
ഇന്ദുലേഖയില്‍നിന്ന് ഏറെ മുന്നിലേക്ക് നടന്നിരിക്കുന്നു മലയാളസാഹിത്യം. 125 വര്‍ഷങ്ങള്‍ കൊണ്ട് ലോകമറിഞ്ഞ ഒട്ടേറെ നോവലുകള്‍, എണ്ണം പറഞ്ഞ എഴുത്തുകാര്‍. ചെറുകഥയും കവിതയുമൊക്കെയായി മലയാള സാഹിത്യം തഴച്ചുവളര്‍ന്നു. മലയാള സാഹിത്യത്തറവാടിന്‍െറ പൂമുഖത്തെ കസേരയില്‍ അമര്‍ന്നിരിക്കുകയാണ് ഒ. ചന്തുമേനോന്‍ എന്ന കാരണവര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story