നിലപാടുകളില്‍ നിര്‍ഭയം ഉറച്ചുനിന്ന ഉഗ്രമൂര്‍ത്തി
text_fieldsഇന്ത്യന്‍ സാഹിത്യത്തിന്‍െറയും ധൈഷണികതയുടെയും മണ്ഡലങ്ങളില്‍ അരനൂറ്റാണ്ടിലധികം വെളിച്ചം വിതറിയ പ്രകാശ ഗോപുരമായിരുന്നു ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി. ഭാവനയുടെ അനന്തമായ പ്രപഞ്ചത്തില്‍ വിഹരിക്കുമ്പോഴും സാമൂഹികയാഥാര്‍ഥ്യങ്ങളോട് ശക്തമായി പ്രതികരിക്കാന്‍ അദ്ദേഹം മറന്നില്ല. കര്‍ണാടകയിലെ ആധുനിക സാഹിത്യത്തിന്‍െറ മുഖ്യ പ്രയോക്താക്കളിലൊരാളായിരുന്ന അനന്തമൂര്‍ത്തി തന്‍െറ രാഷ്ട്രീയ നിലപാടുകള്‍ എന്നും വെട്ടിത്തുറന്നു പറഞ്ഞു. മതേതരത്വത്തിനും സാമുദായിക സൗഹാര്‍ദത്തിനും വേണ്ടി വാദിച്ചു. ‘ജനാധിപത്യ സോഷ്യലിസ്റ്റ്’ എന്നായിരുന്നു അദ്ദേഹം തന്നത്തെന്നെ വിശേഷിപ്പിച്ചിരുന്നത്. റാം മനോഹര്‍ ലോഹ്യയുടെയും ഗോപാലഗൗഡയുടെയും കാല്‍പാടുകള്‍ നോക്കി സോഷ്യലിസ്റ്റ്-ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ പുരോഗമനപാതയിലൂടെയാണ് എന്നും അദ്ദേഹം സഞ്ചരിച്ചിരുന്നത്. മതത്തിലും രാഷ്ട്രീയത്തിലുമുള്ള ഫാഷിസ്റ്റ് സമീപനങ്ങളോടും സങ്കുചിതത്വങ്ങളോടും അദ്ദേഹം നിരന്തരം കലഹിച്ചു. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അദ്ദേഹം സവര്‍ണഹൈന്ദവതയുടെ സഹജ ജീര്‍ണതകളോട് സന്ധിയില്ലാ സമരം നയിച്ചു. അതുകൊണ്ടുതന്നെ, താന്‍ ഒരു ‘ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍’ ആണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
നോവലിസ്റ്റ്, കഥാകൃത്ത്, കവി, നിരൂപകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ട അനന്തമൂര്‍ത്തി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സാംസ്കാരിക സ്ഥാനപതി തന്നെയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായും വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ച നാളുകളില്‍ ഇന്ത്യന്‍ ധിഷണയുടെ ശബ്ദം ലോകം കേട്ടത് അനന്തമൂര്‍ത്തിയിലൂടെയായിരുന്നു. ജ്ഞാനപീഠജേതാവും മാന്‍ ബുക്കര്‍ പ്രൈസിലെ ഫൈനലിസ്റ്റുമായ അദ്ദേഹം ഇന്ത്യന്‍ സാഹിത്യത്തിലെ സമാനതകളില്ലാത്ത രചനാശൈലിയുടെ ഉടമ കൂടിയാണ്.
1932 ഡിസംബര്‍ 21ന് കര്‍ണാടകയിലെ ഷിമോഗയിലെ മെലിഗെ ഗ്രാമത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനനം. സോഷ്യലിസ്റ്റ് നേതാവ് ഗോപാലഗൗഡയില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് പലപ്പോഴും പഠനം മുന്നോട്ടു നീങ്ങിയിരുന്നത്. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. മടങ്ങിവന്ന് മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ സംസ്കൃതവും പുരുഷസൂക്തവും പഠിച്ചുവളര്‍ന്ന അനന്തമൂര്‍ത്തി എഴുത്തില്‍ ആദ്യം പടവെട്ടിയത് സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികത്വത്തോടും ജീര്‍ണതകളോടുമാണ്. കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന സംസ്കാര എന്ന നോവല്‍(1970) കരുത്തനായ എഴുത്തുകാരനെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തി. ബ്രാഹ്മണ്യം നിരാകരിച്ച ഒരാളുടെ ശവം എങ്ങനെ സംസ്കരിക്കുമെന്ന യാഥാസ്ഥിതികസമൂഹത്തിന്‍െറ ആകുലതകളെ വിഷയമാക്കിയാണ് ജീര്‍ണതകള്‍ക്കെതിരെ അനന്തമൂര്‍ത്തി ആഞ്ഞടിച്ചത്. പട്ടാഭിരാമ റെഡ്ഡി ചലച്ചിത്രഭാഷ്യം നല്‍കിയപ്പോള്‍ സംസ്കാര 1971ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡു നേടി. 1977ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഗിരീഷ് കാസറവള്ളിയുടെ ‘ഘടശ്രദ്ധ’ അനന്തമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ചതാണ്. അവസ്ഥ, ഭാരതീപുര, ഭാവ, ബാര എന്നീ നോവലുകള്‍ മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങളിലേക്ക് കണ്ണയക്കുന്നു. ‘ബാര’ (വരള്‍ച്ച) എം.എസ്. സത്യു സിനിമയാക്കിയിട്ടുണ്ട്.
കേരളവും മലയാളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അനന്തമൂര്‍ത്തിക്ക്. മുത്തച്ഛന് തിരുവിതാംകൂര്‍ മഹാരാജാവിന്‍െറ കൊട്ടാരത്തിലായിരുന്നു ജോലി. 13ാം വയസ്സുവരെ അനന്തമൂര്‍ത്തിയുടെ അച്ഛന്‍ കേരളത്തിലായിരുന്നു. മലയാളം സംസാരിച്ചിരുന്ന മുത്തശ്ശി എന്നുമുണ്ടായിരുന്നു കൊച്ചുമകന്‍െറ ഓര്‍മയില്‍. പക്ഷേ, കേരളവുമായുള്ള തന്‍െറ ആത്മബന്ധത്തിന് എം. ഗോവിന്ദനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് അനന്തമൂര്‍ത്തി സാഹിത്യവൃത്തങ്ങളില്‍ പറഞ്ഞിരുന്നത്. 1970ല്‍ എം.ഗോവിന്ദനെ മദിരാശിയില്‍ കണ്ടുമുട്ടിയതിനുശേഷമാണ് മലയാളത്തിലെ എഴുത്തുകാരുമായി അദ്ദേഹം അടുക്കുന്നത്. 1987ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി. ഇടതുസര്‍ക്കാറാണ് മൂര്‍ത്തിയെ വി.സിയാക്കിയത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടപ്പോള്‍ അനന്തമൂര്‍ത്തി തന്‍െറ നിലപാടുകള്‍ ഒളിച്ചുവെച്ചില്ല. വിവിധ പത്രങ്ങളിലായി അഞ്ചോളംലേഖനങ്ങള്‍ ചൈനീസ് ഭരണകൂടത്തിനെതിരെ എഴുതി. അന്നത്തെ ആഭ്യന്തരമന്ത്രി ടി.കെ.രാമകൃഷ്ണനുള്‍പ്പെടെയുള്ളവരെ അത് പ്രകോപിപ്പിച്ചു. ഉദ്യോഗസ്ഥ മേധാവിത്വം കണ്ട് മടുത്ത് വി.സി സ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു അനന്തമൂര്‍ത്തി. ഇനിയും ഇവിടെ നിന്നാല്‍ തന്‍െറ സര്‍ഗവാസനയും വ്യക്തിത്വവും നഷ്ടപ്പെടുമെന്നു പറഞ്ഞാണ് സ്ഥാനമേറ്റെടുത്ത് മൂന്നാംവര്‍ഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
ജനതാദള്‍ സെക്കുലര്‍ നേതാവ് ദേവഗൗഡ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ബി.ജെ.പിയുമായി അധികാരം പങ്കിടുന്ന ധാരണയിലത്തെിയ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നരേന്ദ്ര മോദി ഹിറ്റ്ലര്‍ക്ക് സമമാണെന്നും അദ്ദേഹം അധികാരത്തില്‍ വന്നാല്‍ താന്‍ ഇന്ത്യ വിടുമെന്നുമുള്ള പ്രസ്താവന ഈയിടെ വിവാദമുയര്‍ത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നമോ ബ്രിഗേഡ് അദ്ദേഹത്തിന് കറാച്ചിയിലേക്ക് ഫൈ്ളറ്റ് ടിക്കറ്റ് എടുത്തുകൊടുക്കുകയും ചെയ്തു. തന്‍േറത് വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്ന് പിന്നീട് അനന്തമൂര്‍ത്തി തിരുത്തി. ബംഗളൂരു ഉള്‍പ്പെടെയുള്ള 10 നഗരങ്ങളെ അവയുടെ അധിനിവേശനാമങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് അനന്തമൂര്‍ത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
