ചെറുത്തുനില്‍പിന്‍െറ കവിക്ക് വിട
text_fieldsതെല്‍അവീവ്: അറബ് ഐക്യത്തിനും ഫലസ്തീന്‍ വിമോചനത്തിനുമായി സമരജീവിതം നയിച്ച വിപ്ളവ കവി സമീഹ് അല്‍ ഖാസിമിന് സാഹിത്യലോകത്തിന്‍െറ വിട. ഏറെ നാളായി അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഇസ്രായേലിലെ സഫേദില്‍വെച്ചാണ് മരിച്ചത്. ഫലസ്തീനികള്‍ക്കുവേണ്ടി ഇസ്രായേല്‍ മണ്ണില്‍വെച്ചു തന്നെ ധീരമായി തൂലിക ചലിപ്പിച്ച അപൂര്‍വം എഴുത്തുകാരിലൊരാളാണ് 75കാരനായ സമീഹ്. മഹ്മൂദ് ദര്‍വീഷ്, തൗഫീഖ് സയ്യാദ് തുടങ്ങിയ കവികളുടെ കൂടെയാണ് അറബ് സാഹിത്യത്തില്‍ അദ്ദേഹത്തിന്‍െറ സ്ഥാനം. രാഷ്ട്രീയ വിമര്‍ശകന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
1939ല്‍, ഇന്നത്തെ ജോര്‍ഡനിലെ അസ്സര്‍ഖയിലാണ് സമീഹിന്‍െറ ജനനം. പില്‍കാലത്ത് ഇസ്രായേലിന്‍െറ ഭാഗമായ റമേഹിലേക്ക് സമീഹിന്‍െറ കുടുംബം രണ്ടാം ലോകയുദ്ധ കാലത്ത് പലായനം ചെയ്തു. അറബ് ജനതക്ക് ഭൂരിപക്ഷമുണ്ടായിരുന്ന റമേഹിലെ ജനങ്ങള്‍ ഇസ്രായേലിന്‍െറ സൈനിക ഭീകരതക്ക് തുടക്കം മുതലേ ഇരകളായിരുന്നു. ഈ അനുഭവങ്ങളാണ് സമീഹ് എന്ന കവിയെയും ആക്ടിവിസ്റ്റിനെയും വളര്‍ത്തിയത്. 18ാം വയസ്സില്‍ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരം (മവാകിബുല്‍ ഷംസ്) ഈ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഇക്കാലത്തു തന്നെ, ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ നടന്ന സമരങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. 1967ലെ ആറു ദിന യുദ്ധ സമയത്ത് അദ്ദേഹത്തോട് സൈന്യത്തില്‍ ചേരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ച അദ്ദേഹം അന്നത്തെ പ്രബല കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ഹദ്ദാഷില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ഞാന്‍ കവിതക്കുവേണ്ടിയാണ് ജനിച്ചത്; തോക്കിനു വേണ്ടിയല്ല. ഇതോടെ അദ്ദേഹം ദീര്‍ഘനാള്‍ വീട്ടുതടങ്കലിലായി.
അറബ് ജനതയുടെ ഐക്യവും ഫലസ്തീന്‍ വിമോചനവുമൊക്കെയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. ‘ഏകാധിപത്യവും അഴിമതിയുമാണ് അറബ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരുനാള്‍ ഇത് അവസാനിക്കും. തുനീഷ്യയിലാണ് എന്‍െറ പ്രതീക്ഷ. എന്‍െറ സ്വപ്നം പൂവണിഞ്ഞാല്‍ ഞാന്‍ അവിടെ പോയി ആ ജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യും. 2007ല്‍ ഒരു പ്രമുഖ പത്രപ്രവര്‍ത്തകനോട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍െറ സ്വപ്നം യാഥാര്‍ഥ്യമായി. ബിന്‍ അലിയെ തുരത്തി അവിടെ ജനകീയ ഭരണം സ്ഥാപിതമായപ്പോള്‍ തുനീഷ്യന്‍ ആക്ടിവിസ്റ്റുകള്‍ സമീഹിനെ അവിടേക്ക് ക്ഷണിച്ചു.
24 വാല്യങ്ങളിലായി സമീഹിന്‍െറ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30ലധികം ഭാഷകളിലേക്ക് അദ്ദേഹത്തിന്‍െറ കവിതകള്‍ മൊഴിമാറ്റം ചെയ്തു. ചെറുത്തുനില്‍പിന്‍െറ കവിയെന്ന വിശേഷണത്തെക്കുറിച്ച് ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സമീഹ് ഇങ്ങനെ മറുപടി നല്‍കി: ദര്‍വീഷിനും മറ്റുമൊപ്പം എനിക്ക് വന്നുചേര്‍ന്ന പേരാണിത്. ഞാനതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷേ, ഞാന്‍ ഫലസ്തീന്‍ ചെറുത്തുനില്‍പിന്‍െറ മാത്രം കവിയല്ല. ലോകത്തു നടക്കുന്ന മുഴുവന്‍ ചെറുത്തുനില്‍പു സമരങ്ങള്‍ക്കും എന്‍െറ ഐക്യദാര്‍ഢ്യമുണ്ട്. എങ്കിലും ഫലസ്തീന്‍ എന്നും അദ്ദേഹത്തിന് തീരാവേദനയായിരുന്നു. ‘ഭാവിയില്‍ എന്നെയും എന്‍െറ കവിതകളെയും ലോകം എങ്ങനെ സ്മരിക്കുമെന്നതിനെക്കുറിച്ച് എന്‍െറ ചിന്തയിലെവിടെയുമില്ല. ഫലസ്തീന്‍റ വിമോചനവും നീതിയിലധിഷ്ഠിതമായ ഒരു ലോകവുമാണ് എന്‍െറ സ്വപ്നം. അവസാന കാലത്ത് അദ്ദേഹം ഇങ്ങനെ കുറിച്ചു:
മരണമേ,
നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല
പക്ഷെ, എനിക്ക് നിന്നെ ഒട്ടും ഭയവുമില്ല.