Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_right‘ചുനക്കര ഗ്രാമത്തില്‍...

‘ചുനക്കര ഗ്രാമത്തില്‍ പേര്‍ഷ്യന്‍ അത്തര്‍ ചൊരിഞ്ഞപ്പോള്‍...’

text_fields
bookmark_border
‘ചുനക്കര ഗ്രാമത്തില്‍ പേര്‍ഷ്യന്‍ അത്തര്‍ ചൊരിഞ്ഞപ്പോള്‍...’
cancel

തിരുവപ്പുലയന്‍ അമ്മയെ വിളിച്ചുണര്‍ത്തി

1969 ഒക്ടോബറിലെ ഒരു പ്രഭാതത്തിലാണ് അച്ഛന്‍െറ മരണവാര്‍ത്തയുമായി തിരുവപ്പുലയന്‍ അമ്മയെ വിളിച്ചുണര്‍ത്തിയത്. സ്വപ്നമോ യഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാതെ ഏറെനേരം അമ്മ അമ്പരന്നുനിന്നു. അച്ഛന്‍െറ ഹൃദയത്തില്‍ ഗാഢമായ ഇടമുണ്ടായിരുന്ന തിരുവപ്പുലയന്‍െറ അലമുറയിടലും കരച്ചിലും അമ്മയെ തളര്‍ത്തി. അമ്മക്കുചുറ്റും ഞങ്ങള്‍ അഞ്ചുമക്കള്‍. ഏറ്റവും മൂത്ത ചേട്ടന് അന്ന് പതിനഞ്ച്
പതിനാറ്വയസ്സ്. ഏറ്റവും ഇളയവനായ എനിക്ക് രണ്ടോ രണ്ടരയോ മാസം പ്രായം. എന്തായാലും മൂന്ന് മാസം തികഞ്ഞിട്ടില്ളെന്ന് അമ്മ പലതവണ പറയുന്നത് കേട്ടിട്ടുണ്ട്.

അമ്മ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി

അമ്മ ഓര്‍മയായിട്ട് പതിമൂന്ന് വര്‍ഷം. 2000 ആഗസ്റ്റ് അഞ്ചിനാണ് അമ്മ അപ്രതീക്ഷിതമായ നേരത്ത്
മരണത്തിന് കീഴടങ്ങിയത്. ആറിന് ചുനക്കരയിലെ വീട്ടില്‍വെച്ച് അന്ത്യകര്‍മങ്ങള്‍ നടന്നു.
എത്രപെട്ടെന്നാണ് സമയം നമ്മുടെ ജീവിതത്തെ കൊത്തിയെടുത്ത് പറക്കുകയും മരണത്തിന്‍െറ ഇടനാഴിയിലേക്ക് യാത്രയാക്കുകയും ചെയ്യുന്നത്. ശൈശവം, കൗമാരം, യൗവനം, വര്‍ധക്യം-അങ്ങനെ ഓരോ ഘട്ടവും നമ്മോട് യാതൊരു ദാക്ഷിണ്യവുമില്ലാതെ വിടപറയും. അതിനിടയില്‍ രേഖപ്പെടുത്തിവെയ്ക്കാതെ പോകരുതാത്ത ചില വ്യക്തികള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍- ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കും. ഇവിടെ ജീവിച്ചു എന്ന യാതൊരു കാലാതീയമായ അടയാളവും അവശേഷിപ്പിച്ചു പോകാത്തവരാണ്
ചിലപ്പോള്‍ അതിന് സാധിക്കുന്നവര്‍ക്ക് വളക്കൂറുള്ള മണ്ണാക്കി ഭൂമിയെ നിലനിര്‍ത്തുന്നത്.
ഓരോ മനുഷ്യനും അവന്‍െറ ജീവിതത്തില്‍ ഇരുണ്ടകാലങ്ങളില്‍ വെളിച്ചത്തിന്‍െറ ചൂട്ടെരിച്ചുവരുന്ന ഒരു വ്യക്തിയുണ്ടാകും. ചിലപ്പോള്‍ അതൊരു ആശയമായിരിക്കാം, അല്ളെങ്കില്‍ വിശ്വാസമായിരിക്കാം.
തകര്‍ന്ന് ചിതല്‍പുറ്റാകേണ്ടിവരുമായിരുന്ന ഒരു വീടിനെയും അവിടെ ഇല്ലായ്മകള്‍ മാത്രം കൂട്ടിനുണ്ടായിരുന്ന അഞ്ചുകുട്ടികളെയും നോക്കി നെടുവീര്‍പ്പിട്ടിരുന്ന എന്‍െറ അമ്മയെ പുതിയൊരു ആകാശവും ഭൂമിയും കാണിച്ചുകൊടുത്ത പോസ്റ്റുമാന്‍ തമ്പക്കണ്ണിനെക്കുറിച്ച് എഴുതുന്നത് ഇതു പോലുള്ള മനഷ്യര്‍
നമുക്കിടയില്‍ ജീവിച്ചു അല്ളെില്‍ ജീവിച്ചിരുന്നു എന്ന വിസ്മരിക്കാതിരിക്കാന്‍ വേണ്ടിയാണ്.
ആ മനുഷ്യനില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങളുടെ വീട് മറ്റൊരു ദിശയിലേക്കായിരുന്നിരിക്കും സഞ്ചരിക്കുക. അല്ളെങ്കില്‍ സഞ്ചരിച്ചിട്ടുണ്ടാവുക.
‘നീ എഴുതണം, പാറേലെ തമ്പിക്കണ്ണിനെക്കുറിച്ച്, ആ മനുഷ്യനെക്കുറിച്ച് ഞാന്‍ പറഞ്ഞതൊക്കെ നീ എഴുതണം’ അമ്മ സ്വപ്നത്തില്‍ വന്ന് പറയുന്നതായി തോന്നി.

പോസ്റ്റുമാന്‍ തമ്പിക്കണ്ണ്

അച്ഛന്‍െറ അടുത്ത സുഹൃത്തായിരുന്നു പോസ്റ്റുമാന്‍ തമ്പിക്കണ്ണ്. ചുനക്കരയുടെ അരയാള്‍ പൊക്കമുള്ള മുരുപ്പുകളിലൂടെയും ഇടവഴികളിലൂടെയും വരമ്പുകളിലൂടെയും അതിവിദൂരതകളില്‍ നിന്നുള്ള വിശേഷങ്ങളുമായി പ്രഭാതംമുതല്‍ പ്രദോഷംവരെ സഞ്ചരിച്ച ഒരാള്‍. പ്രിയപ്പെട്ടവരുടെ വിശേഷങ്ങളുമായി എത്തുന്ന പോസ്റ്റുമാനെ കാണുമ്പോള്‍തന്നെ വീട്ടുകാരുടെ മുഖത്ത് എന്തെന്നില്ലാത്തൊരു പ്രകാശം പരക്കും. കത്തും കാശും നല്‍കി മടങ്ങുന്ന പാറേല്‍ തമ്പിക്കണ്ണ് ദരിദ്രമായ ചുനക്കരയിലെ ഒട്ടനവധി ഭവനങ്ങളില്‍ സമൃദ്ധിയുമായി നിരന്തരം എത്തിച്ചേര്‍ന്നു. അതുകൊണ്ടാണ് നാട്ടുകാര്‍ സ്നേഹപൂര്‍വം തമ്പിക്കണ്ണിനെ സ്വീകരിച്ചത്. ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന താപാലാഫീസിന്‍െറയും പോസ്റ്റുമാന്‍െറയും സുവര്‍ണകാല പ്രതിനിധിയായിരുന്നു ആ മനുഷ്യന്‍.

ചുനക്കരയിലെ ഊടുവഴികളിലൂടെ നടന്നുതളര്‍ന്നശേഷമാണ് തമ്പിക്കണ്ണ് പ്രധാന വഴിയിലത്തെുക. അവിടെയാണ് എന്‍െറ അച്ഛന്‍െറ ജൗളി-പലവ്യഞ്ജനക്കടകള്‍. ഉച്ചക്ക്ശേഷമുള്ള തിരക്കുകുറഞ്ഞ സമയം. തമ്പിക്കണ്ണ് ഓരോ ദിവസത്തെയും വിശേഷങ്ങള്‍ അച്ഛനോട് പറയും. പിന്നെ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങും. മാസാമാസം കിട്ടുന്ന തുച്ഛ ശമ്പളത്തില്‍നിന്നും പറ്റുതീര്‍ക്കാന്‍ ഒരൊറ്റമാസംപോലും മുടക്കംവരുത്താറില്ലായിരുന്നു ആ നന്മയുള്ള ഗ്രാമീണന്‍. പറ്റുകാര്‍ തിരിച്ചുനല്‍കാത്ത സംഖ്യകള്‍ എഴുതിനിറച്ച നിരവധി നോട്ടുബുക്കുകള്‍ അച്ഛന്‍െറ കാല്‍പെട്ടിയില്‍ പില്‍ക്കാലത്ത് കാണാനായിട്ടുണ്ട്. അവയൊന്നും ചോദിക്കാന്‍ അമ്മക്കോ, തിരിച്ചുനല്‍കാനുള്ള മഹാമനസ്കത പറ്റുകാര്‍ക്കോ
ഉണ്ടായില്ല.

തിരിഞ്ഞുനോക്കാതെപോയ ബന്ധുക്കള്‍

അച്ഛന്‍െറ അകാലമരണം വീട്ടില്‍ സൃഷ്ടിച്ച കരിന്തിരിക്കാലത്തെ നേരിട്ടുകണ്ട ഓര്‍മ നേര്‍ത്തു നേര്‍ത്തുമാത്രം എന്‍െറ മനസ്സിലുണ്ട്. ഗതികേടുകാലങ്ങളില്‍ ഞങ്ങളുടെ വീട്ടിലേക്കൊന്നു തിരിഞ്ഞുനോക്കാതെപോയ ബന്ധുക്കള്‍. ഗതിപിടിച്ചപ്പോള്‍ നോക്കാതെ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചവര്‍ -ഇവയൊക്കെ വീടിന്‍െറ വരാന്തയിലിരുന്ന് അമ്മ പറയുന്നത് കേള്‍ക്കാന്‍ കൗതുകമായിരുന്നു. നാലുംകൂട്ടി മുറുക്കി ഇമ്പത്തില്‍ ഇരിക്കുമ്പോള്‍ വിശേഷിച്ചും.
ഒറ്റപ്ളാവില്‍ തറവാടിന്‍െറ താവഴികളായിരുന്നു ചുറ്റും. കഷ്ടജീവിതത്തിന്‍െറയും നഷ്ടസ്മരണകളുടെയും രാപ്പകലുകള്‍ പിന്നിടാന്‍ അമ്മ ആഞ്ഞുതുഴയുമ്പോള്‍ വാക്കായിപ്പോലും ആരും തുണയായത്തെിയില്ല. അപൂര്‍വം ചിലര്‍ മൂക്കത്ത് വിരല്‍വെച്ച് ‘വിധി അല്ലാതെന്തു പറയാനാ’ എന്ന തത്വവിചാരം വിളമ്പിയിട്ടുണ്ടാകണം.
അമ്മൂമ്മയുടെ അനുജത്തി ജാനകി അമ്മൂമ്മയുടെ കൈകള്‍ കരുണയുടെ കൈനീട്ടമായി ഞങ്ങള്‍ക്ക് നേരെ പലപ്പോഴും നീണ്ടുവന്നു. അമ്മയുടെ സ്വന്തം സഹോദരങ്ങള്‍ക്കൊന്നും അന്ന് ആഗ്രഹിച്ചാല്‍തന്നെ എന്തെങ്കിലും സഹായിക്കാനുള്ള പാങ്ങുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ അച്ഛന് സംഭവിച്ച ദുര്യോഗത്തെപ്പറ്റി തര്‍ക്കവും സായാഹ്ന ചര്‍ച്ചകളും തുടര്‍ന്നു. എന്നാല്‍ ഇതൊന്നും ഭൂതക്കാവിന്‍െറ കിഴക്കതിലെ വറുതിക്കും വല്ലായ്മക്കും യാതൊരു ഉപായവുമായില്ല. അതേക്കുറിച്ചൊന്നും അമ്മഅധികം ദുരിതം ആരോടും പറഞ്ഞതുമില്ല. ഇല്ലാക്കാലത്ത് മുണ്ടുമടക്കിക്കുത്തി കഴിയണമെന്നതായിരുന്നു അമ്മയുടെ വിശ്വാസം. ഇന്നും മറ്റാരോടെങ്കിലും പണം കടംവാങ്ങാന്‍ തുടങ്ങുമ്പോള്‍ അമ്മയുടെ വാക്കുകള്‍ ഓര്‍മവരും ‘കാശ് കടം കൊടുക്കുമ്പോള്‍ അത് തിരിച്ചു പ്രതീക്ഷിക്കരുത്, മറ്റെന്തെങ്കിലും വഴിയുണ്ടെങ്കില്‍ ആരോടും പണം കടം വാങ്ങരുത്’.
രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാടുപെടലിന്‍െറ കാലങ്ങളിലൂടെയായിരുന്നു അന്ന് ഞങ്ങളുടെ യാത്ര. മൂത്ത ീജ്യഷ്ഠന്‍ രാജപ്പന്‍, അച്ഛന്‍െറ മരണശേഷം വീട്ടുഭരണം ഏറ്റെടുത്തു. അങ്ങനെ അമ്മക്ക് താങ്ങും തണലുമായി മൂത്തമകന്‍ നില്‍ക്കുന്ന കാലം. പ്രായം 18, ഏറിയാല്‍ 19. രണ്ടാമത്തെ ജ്യേഷ്ഠന്‍ രാമചന്ദ്രന്‍, സ്കൂള്‍ പഠനം കഴിഞ്ഞ് സിവില്‍ എന്‍ജീനിയറിങ് ഡിപ്ളോമ പൂര്‍ത്തിയാക്കി. വായനശാലകളില്‍നിന്ന് തേടിപ്പിടിച്ചുകൊണ്ടുവരുന്ന പുസ്തകങ്ങള്‍ കെട്ടിനകത്ത് കിടന്ന് വായിക്കുക, ഫുഡ്ബാള്‍ കളിക്കു, ഇങ്ങനെ നേരം പോകുന്ന കാലം.
കൃഷിയായിരുന്നു വീട്ടിലെ ഏക വരുമാനമാര്‍ഗം. ഇരുപ്പൂ കൃഷികളില്‍ ഏതെങ്കിലുമൊന്ന് നശിച്ചാല്‍ ആ ആണ്ട് മുടന്തി മുടന്തിയെ മുന്നോട്ടുനീങ്ങൂ. നെല്ലും ചീനിയും എള്ളുമൊക്കെ നശിച്ചാല്‍ വീടിന്‍െറ സമ്പദ്വ്യവസ്ഥയാകെ തകര്‍ന്ന് തരിപ്പണമാകും. അങ്ങനെയൊരു കാലത്ത്, എഴുപതുകളുടെ രണ്ടാം പകുതിയിലാണ്, എന്തുചെയ്യണമെന്നറിയാതെ വരാന്തയില്‍ തെക്കോട്ടു നോക്കിയിരുന്ന അമ്മക്ക് മുന്നിലേക്ക് ീപാസ്റ്റുമാന്‍ തമ്പിക്കണ്ണ് കടന്നുവന്നത്. ആരോ അയച്ച രജിസ്ട്രേഡ് കത്ത് അദ്ദേഹം അമ്മക്ക് നേരെ നീട്ടി. അത് വായിച്ച് അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടീപ്പാള്‍ ഒരു നിമിഷം നില്‍ക്കാതെ, എന്തിനാണ് കരയുന്നതെന്നുപോലും ചോദിക്കാതെ തമ്പിക്കണ്ണ് അവിടെനിന്നും അപ്രത്യക്ഷനായി. ഒരു പോംവഴിയുമില്ലാത്ത നേരത്ത് ദു$ഖങ്ങളില്‍നിന്നും നാം ഓരോരുത്തരും ഓടിയൊളിക്കും, നിസ്സഹയതയാല്‍.
അഞ്ചുമക്കളും അനാഥമായ സ്വപ്നങ്ങളുമായി അമ്മ ഭൂതക്കാവിലേക്കും, കൊച്ചയ്യം വലിയവിള തുടങ്ങിയ ഹരജിന്‍ കോളനികളിലേക്കും അവരുടെ ദരിദ്രമെങ്കിലും സ്നേഹനര്‍ഭരതയിലേക്കും നോക്കി സമയം പോക്കി. അവിടങ്ങളിലെ രാത്രികാല ആളനക്കങ്ങളും ഓര്‍മകളും അമ്മയെ ഇടക്കൊക്കെ അസ്വസ്ഥമാക്കി. ഇടിമുഴക്കത്തെയും കൊള്ളിയാനെയും അക്കാലത്താണ് അമ്മ ഭയപ്പെട്ട് തുടങ്ങിയത്.

ഇഴഞ്ഞുപോകുന്ന പാമ്പുകളെ കൊല്ലാന്‍ അനുവദിക്കാതെ

ഇഴഞ്ഞുപോകുന്ന പാമ്പുകളെ കൊല്ലാന്‍ അനുവദിക്കാതെ അമ്മ അവക്ക് വങ്കുകളിലും പൊത്തുകളിലും അഭയം നല്‍കി. മക്കള്‍ ആവലാതികളുമായി അരികെയത്തെുമ്പോള്‍ മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറി. മറ്റാരും കാണാതെ കരഞ്ഞു. എന്നെ മടിയിലിരുത്തി മുലതന്നും കെട്ടിപ്പിടിച്ചും വിങ്ങിപ്പൊട്ടിയ അമ്മയുടെ കണ്ണീര്‍ച്ചൂടും തേങ്ങലും ഇന്നും ചില നേരങ്ങളില്‍ തേടിവരും. തീര്‍ത്താല്‍ തീരാത്ത കടമായി മനസ്സില്‍ അമ്മ തിണര്‍ത്തുപൊങ്ങും.

‘ചന്ദ്രനെ നമുക്ക് പേര്‍ഷ്യക്കയച്ചാലോ’

പെട്ടെന്നൊരുനാള്‍ തമ്പിക്കണ്ണ് വീട്ടിലേക്ക് വന്നു. കത്തും കാശും വിതരണം ചെയ്ത് തളര്‍ന്ന ഒരു മധ്യാഹ്നത്തില്‍. അതിനോടകം ചന്ദ്രേട്ടന്‍െറ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയും ആള് തരക്കേടില്ളെന്നുമൊക്ക അദ്ദേഹം മനസിലാക്കിയിരുന്നു.
‘ചന്ദ്രനെ നമുക്ക് പേര്‍ഷ്യക്കയച്ചാലോ’ അമ്മയോട് തമ്പിക്കണ്ണ് ചോദിച്ചു. അദ്ഭുതത്തോടെ ആ മനുഷ്യനെ അമ്മ നോക്കി. അതിന് കുറച്ചുനാള്‍ മുമ്പ് തമ്പിക്കണ്ണിന്‍െറ മകന്‍ ഹബീസ് ദുബായിക്ക് പോയിരുന്നു. മകനോട് സംസാരിച്ച് അനുവാദം വാങ്ങിയ ശേഷമാണ് സുഹൃത്തിന്‍െറ മകനെക്കൂടി രക്ഷപ്പെടുത്തുക എന്ന ദൗത്യവുമായി ആ വലിയ മനുഷ്യന്‍ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. സ്വന്തത്തിലും ബന്ധത്തിലും പേര്‍ഷ്യന്‍ മോഹങ്ങളുമായി നിരവധിപേര്‍ കാത്തുനില്‍ക്കുമ്പോഴാണ് അങ്ങനെയൊരു തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നത്.


അന്ന് ഗള്‍ഫ് രാജ്യങ്ങളെ ഭൂരിപക്ഷം ഗ്രാമീണവും പേര്‍ഷ്യയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ദുബായ്, മസ്കറ്റ്, അബുദാബി, ദോഹ, കുവൈറ്റ്, സൗദി, ഇറാഖ്, ഇറാന്‍ ഈ നാടുകളെല്ലാം അന്ന് ഗ്രാമങ്ങളില്‍ പേര്‍ഷ്യയായിരുന്നു. പോസ്റ്റുമാന്‍ തമ്പിക്കണ്ണിന്‍െറ ചോദ്യത്തിന് മുന്നില്‍ അമ്മ പകച്ചുനിന്നു. പിന്നെ മൂത്ത മകനുമായി സംാസരിച്ചു. പേര്‍ഷ്യയെന്നല്ല, ഏത് ബര്‍മയില്‍ പോയാണെങ്കിലും രക്ഷപ്പെടണമെന്നും സ്വന്തം വീടിനെയെങ്കിലും കരിന്തിരിക്കാലത്തില്‍നിന്ന് രക്ഷിക്കണമെന്നും ചന്ദ്രേട്ടന്‍ നിശ്ചയിച്ചിട്ടുണ്ടാകണം. പേര്‍ഷ്യക്ക് പോകാന്‍ താന്‍ തയാറാണെന്ന് അധികം ആലോചനകളൊന്നുമില്ലാതെ തീരുമാനിച്ചു.
അതിനുള്ള പണം തേടിയുള്ള ഓട്ടപ്പാച്ചിലിലായി അമ്മയും മൂത്ത ജ്യേഷ്ഠനും. നല്‍കേണ്ട തുക കണ്ടവും കരയുമൊക്ക വിറ്റ് സ്വരുക്കൂട്ടി. തുക തമ്പിക്കണ്ണിനെ ഏല്‍പിച്ചു. അധികനാള്‍ കഴിയുംമുീമ്പ ഏറെ ആഹ്ളാദത്തോടെ അദ്ദേഹം വിസയുമായി വന്നു. പിന്നെല്ലാം അതിവേഗത്തില്‍ സംഭവിക്കുകയായിരുന്നു. ബോംബൈയിലത്തെി കപ്പലില്‍ ദുബായിക്ക് പോകാനുള്ള വഴി വിവരങ്ങളൊക്കെ തമ്പിക്കണ്ണുതന്നെ വിശദമാക്കി.

ചന്ദ്രേട്ടന്‍ ദുബായിലേക്ക് യാത്രയായി

അങ്ങനെ ചീന്ദ്രട്ടന്‍ ദുബായിീലക്ക് യാത്രയായി. ആ ദിവസം ഇന്നും എന്‍െറ ഓര്‍മയിലുണ്ട്. അന്ന്, വീട് ഏങ്ങലടികൊണ്ട് നിറഞ്ഞു. അമ്മ, പെങ്ങള്‍, കുട്ടിയമ്മ, അമ്മാവന്മാര്‍, അവരുടെ മക്കള്‍, കൊച്ചുപെണ്ണ്, ലീല, ചെറിജയനാടന്‍- ഓരോരുത്തരും എവിടേക്കോ പോകുന്ന ചന്ദ്രേട്ടനോട് യാത്ര പറയുന്നതിന്‍െറ സങ്കടക്കടല്‍ മനസിലടക്കാനാവാതെ നിന്നു. മുരളിയേട്ടന്‍ അന്നും ദുഖത്തെ അകത്തൊതുക്കി നില്‍ക്കുന്ന പ്രകൃതത്തില്‍തന്നെയായിരുന്നു.

ദൂതക്കാവിന്‍െറ നടുവിലുണ്ടായിരുന്ന തെന്നിക്കിടക്കുന്ന കുളക്കരയിലൂടെ ജ്യേഷ്ഠന്മാര്‍ ടാക്സിക്കരികിലേക്ക് നടന്നു. അപ്പോഴും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി തമ്പിക്കണ്ണ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കാര്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ അമ്മയും ശ്യാമള ചേച്ചിയും വിങ്ങിപ്പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ കുട്ടികള്‍ക്ക് ആ കരച്ചിലിന്‍െറ അഗാധത അത്രയൊന്നും അന്ന് പിടികിട്ടിയില്ല.
പിന്നീടുള്ള 18 ദിവസങ്ങള്‍ മൂത്ത ജ്യേഷ്ഠന്‍ അനുജനെ മുംബൈ വരെ അനുഗമിച്ചു. അവിടെനിന്നും കപ്പല്‍ കയറ്റി അയച്ചശേഷം ചുനക്കരയിലേക്ക് മടങ്ങി. പത്തിലേറെ ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചത്തെിയത്. അതുംകഴിഞ്ഞ് ഏറെനാള്‍ പിന്നിട്ടപ്പോഴാണ് ഒരു ടെലിഗ്രാം ദുബായില്‍നിന്നും വീട്ടിലേക്ക് വന്നത്. അതിനോടകം പോസ്റ്റുമാന്‍ തമ്പിക്കണ്ണ് വിവരങ്ങള്‍ അമ്മയെ അറിയിച്ചിരുന്നു. അമ്മക്ക് നെരിപ്പോടുനിറഞ്ഞ നേരമായിരുന്നു അത്. അവിടെ സമാശ്വാസമായത് തമ്പിക്കണ്ണ് എന്ന നന്മയുടെ പ്രതിരൂപവും. ഒരുപക്ഷെ മനുഷ്യന്‍െറ അല്ലലുകളില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെയൊക്കയാകണം. സ്വന്തം സുഹൃത്തിന്‍െറ നിസ്സഹായത നിറഞ്ഞ വീട്ടിലേക്ക് തമ്പിക്കണ്ണ് എന്ന വലിയമനുഷ്യന്‍ ഒരു നിയോഗം പോലെ കൊണ്ടുവന്നത് സമൃദ്ധിയുടെ വെളിച്ചവും ആശ്വാസവുമായിരുന്നു.

ഇളം നീലനിറമുള്ള എയര്‍മെയില്‍

ദുബായിലത്തെിയെന്നും കപ്പലിറങ്ങിയീപ്പാള്‍തന്നെ ഹബീബിനെ കണ്ടെന്നും താമസവും ജോലിയുമൊക്കെ അദ്ദേഹം ഏര്‍പ്പാടാക്കിയെന്നും അറിയിച്ചുകൊണ്ടുള്ള ചീന്ദ്രട്ടന്‍െറ കത്ത് വന്നു. ഇളം നീലനിറമുള്ള എയര്‍മെയില്‍ അമ്മക്ക് നേരെ നീട്ടിക്കൊണ്ട് പോസ്റ്റുമാന്‍ തമ്പിക്കണ്ണ് ഒന്നു ചിരിക്കുക മാത്രം ചെയ്തു. ആ നേരത്ത് അമ്മ സ്വയമറിയാതെ കരഞ്ഞു പോയിരുന്നു എന്നു പറയുമ്പോള്‍ അമ്മക്ക് ആ മനുഷ്യനോടുണ്ടായിരുന്ന ആത്മാര്‍ഥമായ കടപ്പാട് മനസ്സിലാക്കാനായി.

പിന്നീടുള്ള നാളുകളില്‍ വീട്ടിലെ കഷ്ടരാത്രികളും നഷ്ടജാതകവും തിരുത്തിയെഴുതപ്പെട്ടു. അച്ഛന്‍െറ അകാല മരണം നല്‍കിയ ശൂന്യതയും ഇറക്കവും പതുക്കെപ്പതുക്കെ മാറിവന്നു. വീടിന്‍െറ ചോര്‍ച്ച മാറി. മോടികള്‍ വന്നു ചേര്‍ന്നു. വസ്ത്രങ്ങള്‍ക്ക് അത്തര്‍ മണമുണ്ടായി. ചെക്കും ഡ്രാഫ്റ്റും കത്തും മുടങ്ങാതെ വരാന്‍ തുടങ്ങി. സഹോദരങ്ങളെ കരപറ്റിക്കാന്‍ ചന്ദ്രേട്ടന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. പലരും രക്ഷപ്പെടാന്‍ അതു കാരണമായി.

ആ മനുഷ്യനാണ് എന്‍െറ വീടിന് ഓണക്കാലങ്ങള്‍ തിരിച്ചുനല്‍കിയത്

ഓര്‍മകള്‍ തിരയുമ്പോള്‍ തമ്പിക്കണ്ണിനെപ്പോലുള്ള ഗ്രാമീണ നന്മകളെ വീണ്ടെടുക്കാതിരിക്കാനാവില്ല. വീണ്ടും വീണ്ടും ആ മനുഷ്യന്‍െറ സഹജമായ നിഷ്കളങ്കഭാവം മനസ്സിലേക്കത്തെുന്നു. ആ മനുഷ്യനാണ് തകര്‍ച്ചയുടെ കയ്പുനീരില്‍നിന്നും എന്‍െറ വീടിന് ഓണക്കാലങ്ങള്‍ തിരിച്ചുനല്‍കിയത്.
അപ്രതീക്ഷിതമായി കടന്നുവരുന്ന ഇതുപോലുള്ള കരുതലും സ്നേഹവുമാകണം,അതിന് കാരണമാകുന്ന മനുഷ്യരാകണം ഭൂമിയുടെ അച്യുതണ്ടിനെ എല്ലാക്കാലവും ബലഭദ്രമാക്കുന്നത്. അവിടെ നില്‍ക്കുന്നതുകൊണ്ടാകണം ഒരു കൊടുങ്കാറ്റിലും പെരുവെള്ളപ്പാച്ചിലിലും കടപുഴകാതെ വന്‍മരങ്ങള്‍ മണ്ണില്‍ ഉറപ്പിച്ചു നില്‍ക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story