അരുമക്കിനാക്കളുമായി നമ്മുടെ ഹൃദയ മലയാളം..
text_fieldsശ്രേഷ്ഠ പദവി ഗരിമയില്‍ കേരളം ഇന്ന് 57 ാം ജന്‍മദിനം ആഘോഷിക്കുന്നു.
ഭാഷയ്ക്ക് രാജ്യത്തിന്‍െറ കൊടുമുടിയോളമുള്ള പതക്കം ലഭിച്ച സാഹചര്യത്തില്‍ ഇത്തവണത്തെ കേരളപ്പിറവി ആഘോഷത്തിന് ഏറെ മാറ്റുണ്ട്. വിദ്യാലയങ്ങളും കലാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും മലയാളം സര്‍വകലാശാലയും ഒക്കെ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുമുണ്ട്.
എങ്കിലും മലയാണ്‍മയുടെ മുന്നേറ്റം എന്നത് മലയാളികള്‍ തങ്ങളുടെ ജീവിതത്തില്‍നിന്നും ഒഴിച്ചിടുന്ന പ്രവണതക്ക് ഈ കേരളപ്പിറവിയിലും ഒട്ടും മാറ്റം വന്നിട്ടില്ല. അതുകൊണ്ട് തന്നെ മുറിവേറ്റ ഭാഷയുടെ നിശബ്ദ വിലാപത്തിന് കാത് നല്‍കാത്തവരായി നമ്മുടെ തലമുറയും മാറിയിരിക്കുന്നു. ഭാഷയോടുള്ള അവഗണനയും മലയാളം അറിഞ്ഞുകൂടാത്ത പുതിയ കുട്ടികളും ഉണ്ടായികൊണ്ടേയിരിക്കുന്നു.
കേരളസംസ്ഥാനം രൂപവല്‍ക്കരിച്ചത് 1956 നവംബര്‍ ഒന്നിനാണ്.1947 ല്‍ രാജ്യം ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രമായശേഷം കേരളം സ്വതന്ത്രമാകാന്‍ പിന്നെയും ഏഴ് വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വരികയായിരുന്നു.ഐക്ക്യകേരളത്തിന് വേണ്ടിയുള്ള നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. 1953 ലെ സംസ്ഥാന പുന:സംഘടനാക്കമീഷന്‍ രൂപവല്‍ക്കരിക്കപ്പെടുകയും 1955 ല്‍ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:്സംഘടിപ്പിക്കാനുള്ള കേന്ദ്രത്തിന്‍െറ ഉത്തരവ് പ്രകാരമാണ് തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനവും മദ്രാസ് ഗവണ്‍മെന്‍റിന്‍െറ കീഴിലുള്ള മലബാറും ഒരുമിച്ച് ചേര്‍ത്ത് കേരളം രൂപവല്‍ക്കരിച്ചത്.
കേരളം രൂപവല്‍ക്കരിക്കപ്പെടുമ്പോള്‍ 14 സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷം ജനാധിപത്യത്തിലൂടെ ഇ.എം.എസ് മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബാലറ്റിലൂടെ ആദ്യകമ്യൂണിസ്റ്റ് ഭരണകൂടം കടന്നുവന്ന ചരിത്രവും പിറന്നു. കാലങ്ങള്‍ പിന്നിട്ട് ഇരുമുന്നണികളെയും മാറി മാറി വരിച്ച കേരളം വര്‍ത്തമാന കാലത്തില്‍ എത്തിനില്‍ക്കപ്പെടുമ്പോള്‍ ഉയരുന്നത് കൂടുതലും ആശങ്കകളാണ്. സമ്പൂര്‍ണ്ണ സാക്ഷരതയിലും വിദ്യാസമ്പന്നതയിലും സാംസ്കാരികതയിലും വ്യക്തി ശുചിത്വങ്ങളിലും ഒക്കെ മറ്റുള്ള സംസ്ഥാനങ്ങളെ ഒരുപാട് പിന്നിലാക്കിയ കേരളം എന്നാല്‍ മറ്റ് പല കാര്യത്തിലും ആശാവഹമായ സ്ഥാനത്തല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ദൈവത്തിന്‍െറ സ്വന്തം നാട് എന്ന് ലോകടൂറിസം കൗതുകത്തോടെ വിളിക്കുന്ന കൊച്ചുകേരളം ഇന്ന് സ്വന്തം പ്രകൃതിയെ യാതൊരു മടിയുമില്ലാതെ കൊന്നുതിന്നുന്ന കാഴ്ചയാണുള്ളത്. നമ്മുടെ നാട്ടുപാതകള്‍ക്ക് ഇരുവശവും രണ്ട് പതിറ്റാണ്ടുവരെ ഉണ്ടായിരുന്ന വയലേലകള്‍ ഇന്ന് മാഞ്ഞുപോയിരിക്കുന്നു. അരുവികളും ജലാശയങ്ങളും ഒക്കെ മലിനമായി. ജലസാക്ഷരതയില്‍ നമ്മള്‍ ഏറെ പിന്നില്‍ തുടരുന്നു എന്നുള്ളതാണ് സത്യം. അതുപോലെ കര്‍ഷകന്‍െറയും തൊഴിലാളികളുടെയും നാടായ കേരളത്തില്‍ പൊതുവെ ദേഹമനങ്ങി പണിയെടുക്കാന്‍ മടിയുള്ളവരായി എന്നതും ദു:ഖകരമായ സത്യമായി തുടരുന്നു. പ്രവാസികള്‍ അയക്കുന്ന പണവും ഒപ്പം സര്‍ക്കാര്‍ ജോലികളിലും കണ്ണ് നട്ടിരിക്കുന്നവരാണ് കൂടുതലും. എന്നാല്‍ സ്വകാര്യ മേഖലകളില്‍ ജോലിക്കാരും ഐ.ടി പ്രൊഫഷണലുകളും കൂടിവരുന്നു. ഒപ്പം കരിയറില്‍ ശ്രദ്ധിക്കുന്ന യുവത്വവും കൂടുന്നു.
അന്യസംസ്ഥാനത്ത് നിന്ന് അരിയും പച്ചക്കറിയും മുട്ടയും പാലും എത്തിയില്ളെങ്കില്‍ നമ്മള്‍ പട്ടിണിയാകുന്ന സ്ഥിയിയുമാണ്. അതിനൊപ്പം മദ്യപാന ശീലത്തില്‍ കേരളീയരുടെ മുന്നേറ്റം നമ്മുടെ മൂല്ല്യങ്ങളെ പിന്നോട്ടടിപ്പിക്കുകയും സംസ്ഥാനത്തെ നാണിപ്പിക്കുകയും ചെയ്തിരിക്കുന്നു. മദ്യക്കടക്ക് മുന്നിലെ നീണ്ട ക്യുവും മദ്യപിക്കുന്നവരുടെ ശരാശരി പ്രായം 12 വയസ് എന്നതും അപകടകരമായ സൂചനകള്‍ നലകുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചും ലൈംഗിക വൈകൃതങ്ങള്‍ അടിച്ചേല്‍പ്പിച്ചും കുടുംബ ബന്ധങ്ങളുടെ അപചയവും ശിഥിലീകരണവും സാധാരണമാക്കിയും മലയാളികളില്‍ പലരും ധാര്‍മ്മികതയെ കൈവിടുന്നു എന്നതും ഈ കേരള പിറവി ദിനത്തിലെ വേദനിപ്പിക്കുന്ന കാഴ്ചയാണ്.