Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightചൊല്‍ക്കവിത: പാട്ടും...

ചൊല്‍ക്കവിത: പാട്ടും അരങ്ങും

text_fields
bookmark_border
ചൊല്‍ക്കവിത: പാട്ടും അരങ്ങും
cancel
ടെലിവിഷന്‍ ചാനലുകളില്‍ എനിക്കു പലപ്പോഴും കവിത ചൊല്ലേണ്ടിവന്നിട്ടുണ്ട്. ഒരു ജനപ്രിയമാധ്യമത്തില്‍ ആളുകളെ ആകര്‍ഷിക്കുന്നത് സംഗീതാത്മകമായി ചൊല്ലുന്ന കവിതകളാണ് എന്നും ഞാന്‍ ചൊല്ലാറുള്ളത് അങ്ങനെയല്ല എന്നും തിരിച്ചറിയുന്നതുകൊണ്ടാണ് ചൊല്ലേണ്ടിവന്നിട്ടുണ്ട് എന്നുതന്നെ പറഞ്ഞത്. എന്നാല്‍ ഒരു പന്ത്രണ്ടു വര്‍ഷം മുന്‍പ് അത്തരത്തില്‍ പങ്കെടുത്ത ഒരു പരിപാടി മറ്റ് അനുഭവങ്ങളില്‍നിന്നു വേറിട്ടു നില്‍ക്കുന്നു.
ഒരു ടി. വി. ചാനലില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രം കേള്‍വിക്കാരായുള്ള ഒരു ജനപ്രിയപരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചു. ചലച്ചിത്രതാരങ്ങളെയാണ് സാധാരണയായി ആ പരിപാടിയില്‍ കാണാറുണ്ടായിരുന്നത്. ഇത്തവണ കവികളെയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നു കേട്ടപ്പോള്‍ അമ്പരന്നെങ്കിലും പങ്കെടുക്കാന്‍ തന്നെ തീരുമാനിച്ചു. വി. മധുസൂദനന്‍ നായര്‍ അന്ന് അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന തുമ്പ സെന്റ് സേവിയേഴ്സ് കോളേജില്‍ വച്ചായിരുന്നു പരിപാടി.
അവിടെ ചെന്നതോടെ ഞാന്‍ ആകെ അങ്കലാപ്പിലായി. മധുസൂദനന്‍ നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, പ്രഭാ വര്‍മ്മ, ഗിരീഷ് പുലിയൂര്‍, മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍ എന്നിവരാണ് പങ്കെടുക്കുന്ന മറ്റു കവികള്‍. കവിത ചൊല്ലുന്നതിന്റെ സവിശേഷമായ ശൈലിയിലൂടെ അരങ്ങുകളെ ആകര്‍ഷിച്ചവരാണല്ലൊ അവരോരോരുത്തരും. ഞാന്‍ കവിത ചൊല്ലാറുള്ള രീതി അറിഞ്ഞിട്ടുതന്നെയാണോ എന്നെയും വിളിച്ചത് എന്ന് അവരോടു തുറന്നു ചോദിച്ചു. സെബിന്‍ ഏബ്രഹാം എന്ന സുഹൃത്തു പറഞ്ഞിട്ടാണ് എന്നു കേട്ടപ്പോള്‍ എന്റെ കവിതചൊല്ലലിനെക്കുറിച്ച് അവര്‍ക്കു ധാരണയുണ്ടായിരുന്നില്ല എന്നും മനസ്സിലായി. ‘ഈ കവിയരങ്ങിനു ഞാന്‍ ശരിയാവില്ല, ദയവായി എന്നെ ഒഴിവാക്കണം‘ എന്നായി ഞാന്‍. പക്ഷേ അവര്‍ സമ്മതിച്ചില്ല. എങ്കിലും ആദ്യം ഞാനും പിന്നീടു മറ്റുള്ളവരും കവിത ചൊല്ലുക എന്നു തീരുമാനമായി. അക്കാര്യത്തില്‍ വിഷമം തോന്നിയെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാല്‍ പരിപാടി അങ്ങനെതന്നെ നടന്നു.
സംഗീതാത്മകമായ കവിതചൊല്ലലിന് ജനങ്ങളെ ആകര്‍ഷിക്കാനാവുമെങ്കിലും എന്നെ സംബന്ധിച്ച് അതിനു ധാരാളം പരിമിതികളുമുണ്ട്. എഴുതുന്ന വരികള്‍ ചൊല്ലലിനെ മുന്‍‌കൂട്ടിക്കാണുന്നതും ഉള്ളില്‍ വഹിക്കുന്നതും കവിതയില്‍ സാധ്യമായ ഭാവവൈവിധ്യത്തെ പരിമിതപ്പെടുത്തിയേക്കും.വായനയ്ക്കപ്പുറം അവതരണത്തെ മുന്‍‌കൂട്ടിക്കാണാത്ത കവിതകള്‍ ചൊല്ലലിനായി തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ സ്വതവേയുള്ള സ്വരവ്യതിയാനങ്ങള്‍ നഷ്ടപ്പെട്ടേക്കും. രാഗാധിഷ്ഠിതമായ ചൊല്ലലിലാണ് ഈ പ്രശ്നം ഏറെയുള്ളത്. ഹിന്ദോളം, ശിവരഞ്ജിനി, മോഹനം തുടങ്ങി കവിത ചൊല്ലുന്നവര്‍ പൊതുവേ സ്വീകരിക്കുന്ന രാഗച്ഛായകള്‍ കവിതയെ ഏകതാനമായ സ്വരത്തിലും ഭാവത്തിലും ഒതുക്കിക്കളയുകയും ചെയ്തേക്കാം. എഴുതുമ്പോള്‍ അവതരണത്തെക്കുറിച്ച് ആലോചിക്കാറേയില്ലാത്തവര്‍ക്ക് ഇതൊക്കെ വെല്ലുവിളിയായിത്തന്നെയാവും അനുഭവപ്പെട്ടിട്ടുള്ളത്. ഇതൊക്കെ പരിമിതികളാണെങ്കിലും കവിതചൊല്ലലിനു വികസിപ്പിക്കാനാവുന്ന ധാരാളം സാധ്യതകളുമുണ്ട്. അതുകൊണ്ടുതന്നെ കവിതചൊല്ലുന്നതിനെ ഞാന്‍ കുറച്ചുകാണുന്നില്ല.

സംഗീതവും കവിതയും തമ്മില്‍ നിസ്സാരമല്ലാത്ത ബന്ധമുണ്ടായിരുന്നു എന്നും പറയാതെവയ്യ. കവിതയും പാട്ടും ഒന്നുചേര്‍ന്നു വളര്‍ന്ന ഒരു ചരിത്രമാണ് മലയാളത്തിനുള്ളത്. നാടോടിപ്പാട്ടുകള്‍, കിളിപ്പാട്ടുകള്‍, തുള്ളല്‍പ്പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍ എന്നിങ്ങനെ പ്രാചീനകവിതകള്‍ മിക്കതും പാട്ടുകളാണ്. സ്വതന്ത്രമായ ഗാനങ്ങള്‍ക്കൊപ്പം പല കലാരൂപങ്ങളുടെ അവതരണത്തിന് അകമ്പടിയാവുന്ന പാട്ടുകളുണ്ട്. ഈ പാട്ടുകളെയും കവിതകളെയും ചേര്‍ത്തുനിര്‍ത്തിയ പ്രധാനഘടകം താളമാണ്. നിശ്ചിതമായ താളക്രമങ്ങള്‍ ദീക്ഷിച്ചുകൊണ്ടും പുതിയവ നിര്‍മ്മിച്ചുകൊണ്ടും കവിത ഈ സംഗീതബന്ധത്ത്ര് ഇരുപതാം നൂറ്റാണ്ട് എത്തും വരെ പൊരുത്തക്കേടുകളില്ലാതെ സൂക്ഷിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗദ്യകവിതയുടെ പുറപ്പാടായി. ജി. ശങ്കരക്കുറുപ്പ് ഉള്‍പ്പെടെ പലരും ആ രീതിയില്‍ എഴുതിയിട്ടുണ്ടെങ്കിലും അവരുടെ പ്രധാനകവിതകളേറെയും താളബദ്ധമായിരുന്നു. ആ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വൃത്തനിരാസം ഒരു പദ്ധതിയായി ബലപ്പെടുന്നതും നിശ്ചിതവൃത്തങ്ങളെ ആശ്രയിക്കാതെ അയഞ്ഞ താളം ദീക്ഷിക്കുന്ന മുക്തച്ഛന്ദസ്സ്, ഗദ്യാത്മകകവിത എന്നീ കാവ്യരൂപങ്ങള്‍ പ്രബലമാകുന്നതും.

കവിത ഇതരവ്യവഹാരങ്ങളില്‍നിന്നു പൂര്‍ണമായി സ്വതന്ത്രമായ സ്വത്വമന്വേഷിച്ചു തുടങ്ങിയ ഇതേ കാലത്താണ് മലയാളത്തില്‍ ജനപ്രിയസംഗീതവും വലിയ പ്രചാരം നേടുന്നത്. ചലച്ചിത്രസംഗീതവും കെ. പി. എ. സി. യുടെ നാടകഗാനങ്ങളുമൊക്കെ അക്കാലത്ത് ജനങ്ങളെ ആകര്‍ഷിച്ചു. കൊച്ചിയില്‍ മെഹബൂബും കോഴിക്കോട് കെ. രാഘവനും കോഴിക്കോട് അബ്ദുള്‍ ഖാദറും ബാബുരാജുമൊക്കെ സ്വതന്ത്രമായ സംഗീതാവിഷാരങ്ങള്‍ക്കും നേതൃത്വം നല്‍കി. എന്നാല്‍ സ്വതന്ത്രസംഗീതാവിഷ്കാരങ്ങള്‍ ദുര്‍ബലമാവുമകയും ജനപ്രിയസംഗീതം എന്നാല്‍ ചലച്ചിത്രസംഗീതം എന്ന ഒരു അവസ്ഥ വന്നുചേരുകയുമാണ് പിന്നീടുണ്ടായത്. ആകാശവാണിയിലൂടെ പ്രചാരം നേടിയ ലളിതസംഗീതം, പിന്നീടുണ്ടായ സംഗീത ആല്‍ബങ്ങള്‍, പുതുരീതിയില്‍ പുറത്തെത്തിയ നാടന്‍‌പാട്ടുകള്‍ എന്നിവയ്ക്കും ചലച്ചിത്രസംഗീതത്തിന്റെ അധീശത്വത്തെ മറികടക്കാനായില്ല. അമേരിക്ക, നേറ്റീവ് ബാപ്പ തുടങ്ങിയ ഒന്നുരണ്ട് സംഗീതആല്‍ബങ്ങള്‍ സ്വന്തമായ ഒരാവിഷ്കാരപദ്ധതി മുന്നോട്ടു വയ്ക്കുന്നതിലൂടെ അടുത്ത കാലത്ത് ഒരു വ്യതിയാനം സൂചിപ്പിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെങ്കിലും പൊതുധാരയുടെ സംഗീതബോധം ഇപ്പോഴും ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പംതന്നെ. പറഞ്ഞുവന്നത് സ്വതന്ത്രമായ ജനപ്രിയസംഗീതം എന്ന ഒരവസ്ഥ മലയാളത്തില്‍ ശക്തിപ്രാപിച്ചില്ല എന്നാണ്.
കവിതചൊല്ലലിന്റെ വഴി മറ്റൊരു തരത്തിലായിരുന്നു. കവിയരങ്ങുകളും ചൊല്‍ക്കാഴ്ചകളും എഴുപതുകളുടെ തുടക്കം മുതലാണ് കേരളത്തില്‍ പ്രചാരം നേടുന്നത്. അയ്യപ്പപ്പണിക്കരും കാവാലവും എം. ഗോവിന്ദനുമൊക്കെ നേതൃത്വം നല്‍കിയ ചൊല്‍ക്കാഴ്ചകള്‍ സംഗീതത്തിന്റെ വഴിയെക്കാള്‍ തീയെറ്ററിന്റെ സാധ്യതകളാണ് ചൊല്‍ക്കാഴ്ചയില്‍ ഉപയോഗിച്ചത്. സച്ചിദാനന്ദന്റെയും കെ. ജി. ശങ്കരപ്പിള്ളയുടെയുമൊക്കെ താളമുക്തമായ കവിതകള്‍ പോലും ചൊല്‍ക്കാഴ്ചകളില്‍ അവതരിപ്പിക്കപ്പെട്ടു. കവിതയുടെ സ്വരവൈവിധ്യം നിലനിര്‍ത്താനും രംഗോപകരണങ്ങളുടെയും രംഗക്രിയകളുടെയും സഹായത്തോടെ കവിതയ്ക്കു മൂര്‍ത്തരൂപം നല്‍കാനും സാധിച്ചു എന്നതാണ് ചൊല്‍ക്കാഴ്ചകളെ ഇന്നും പ്രസക്തമാക്കുന്നത്. കവിയരങ്ങുകള്‍ക്ക് ആവേശം പകര്‍ന്ന കടമ്മനിട്ടയും വിനയചന്ദ്രനും സംഗീതത്തിന്റെ ചില ഘടകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നാടോടിപ്പാരമ്പര്യത്തില്‍നിന്ന് ഊര്‍ജ്ജം സ്വീകരിക്കുകയും ഒപ്പം സ്വകീയമായ അവതരണരീതി രൂപപ്പെടുത്തുകയും ചെയ്ത കവികളാണ്. കുരീപ്പുഴ ശ്രീകുമാറും ഗിരീഷ് പുലിയൂരും ഈ നാട്ടുവഴക്കങ്ങളുടെ സംസ്കാരം ഇന്നും നിലനിര്‍ത്തുന്നുമുണ്ട്. ഒട്ടൊക്കെ രാഗച്ഛായയിലാണെങ്കിലും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അവതരണങ്ങള്‍ക്കും മൃദുസംഗീതത്തിനു കീഴ്പ്പെടാത്ത മുഴക്കവും പരുക്കന്‍ ഭാവങ്ങളുടെയും സ്വരങ്ങളുടെയും മിശ്രസ്വഭാവവുമുണ്ട്.
ഇതൊക്കെയാണെങ്കിലും ഏകദേശം എണ്‍പതുകളുടെ പകുതിയോടെ കവിയരങ്ങുകള്‍ക്കും ചൊല്‍ക്കാഴ്ചകള്‍ക്കും കുറേയൊക്കെ പ്രചാരം നഷ്ടപ്പെട്ടു. സച്ചിദാനന്ദനെപ്പോലുള്ള കവികള്‍ എണ്‍‌പതുകളില്‍ത്തന്നെ അതിന്റെ ആവിഷ്കാരപരമായ സ്വഭാവത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ചു. പ്രധാനകവികള്‍ക്ക് ധാരാളം അനുകര്‍ത്താക്കളുണ്ടാവുകയും ചൊല്ലല്‍‌രീതിക്ക് കവിതയെക്കാള്‍ പ്രാധാന്യം കിട്ടുകയും ചെയ്തതോടെ കവിയരങ്ങുകളുടെ ശ്രോതാക്കളും പതിയെ പിന്‍‌മാറിത്തുടങ്ങി.
അരങ്ങുകളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയെങ്കിലും ഓഡിയോ കാസറ്റുകളിലൂടെ കവിതചൊല്ലല്‍ വ്യത്യസ്തമായൊരു രൂപം സ്വീകരിക്കുന്നതാണ് പിന്നീടു കേള്‍ക്കുന്നത്. കടമ്മനിട്ടയും വിനയചന്ദ്രനും ബാലചന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ കാസറ്റുകളിറക്കിയെങ്കിലും കൂടുതല്‍ അനുകര്‍ത്താക്കളെ സൃഷ്ടിച്ചത് ഒ. എന്‍. വി. കുറുപ്പിന്റെയും വി. മധുസൂദനന്‍ നായരുടെയും ചൊല്‍‌വഴിയാണ്. അക്കാലത്തു കൂടുതല്‍ പ്രചാരം നേടിയ മധുസൂദനന്‍ നായരുടെ കവിതകള്‍ രാഗാധിഷ്ഠിതമായ ഭാവസംഗീതത്തിന്റെ വഴിയിലാണ്. ഭാവാത്മകമായ ശബ്ദത്തിന്റെയും സംഗീതത്തിന്റെയും സഹായത്തോടെ അദ്ദേഹം കവിതചൊല്ലലിന്റെ വഴിയില്‍ ഏറ്റവും പ്രധാനിയായി. പിന്നീടു വന്ന മുരുകന്‍ കാട്ടാക്കടയുടെയും അനില്‍ പനച്ചൂരാന്റെയും കവിതകളും പാട്ടുവഴിയിലാണു കൂടുതല്‍ ഊന്നിയത്. ടെലിവിഷന്റെയും ഓഡിയോ കാസറ്റിന്റെയും പിന്നീട് സി. ഡി. യുടെയും പ്രചാരസാധ്യതകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്.
ചൊല്‍ക്കാഴ്ചകളും കവിയരങ്ങുകളും ദുര്‍ബ്ബലമായ ഒരു ഘട്ടത്തില്‍ കവികളും കേള്‍വിക്കാരും കവിതാവതരണങ്ങളില്‍നിന്നു പിന്‍‌വലിഞ്ഞപ്പോള്‍ ഈ പാട്ടുകവിത ഏറെക്കുറേ സതന്ത്രമായ ഒരു സംഗീതരൂപമായി. കവിതയെക്കുറിച്ചുള്ള പൊതുധാരണകള്‍ സംഗീതത്തിന്റെ ഘടകങ്ങളെ മിക്കവാറും തിരസ്കരിച്ചതോടെ പാട്ടുകവിതയും അല്ലാത്ത കവിതയും പൂര്‍ണമായും രണ്ടു വഴിയില്‍ ആകുന്നതാണ് ഇന്നു കാണുന്നത്. ഇക്കാലത്തുണ്ടാകുന്ന താളബദ്ധമായ കവിതകള്‍ പോലും അതിന്റെ പദഘടനയിലൂടെ, ഭാവനിയന്ത്രണത്തിലൂടെ, സ്വരവൈവിധ്യത്തിലൂടെ സംഗീതത്തെ ആശ്രയിച്ചുള്ള ചൊല്ലല്‍‌രീതിയില്‍നിന്ന് സ്വയം അകന്നുനില്‍ക്കുന്നു. സമീപകാലത്ത് ആറങ്ങോട്ടുകരയില്‍ കവിതാവതരണത്തെപ്പറ്റി നടന്ന ദീര്‍ഘസംവാദം കേരളകവിതയുടെ കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ കവിതാവതരണത്തിനുള്ള വൈവിധ്യത്തെയും അതിന്റെ വിവിധമാനങ്ങളെയും മലയാളത്തിലുള്ള അതിന്റെ സാധ്യതകളെയും പറ്റി അതില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നു പറയാവുന്ന തരത്തില്‍ എറണാകുളത്ത് ലതീഷ് മോഹന്റെയും വയനാട്ടില്‍ വിഷ്ണുപ്രസാദിന്റെയും സംഘാടനത്തില്‍ നടന്ന കവിതാവതരണങ്ങളില്‍ സംഗീതത്തെക്കാള്‍ രംഗക്രിയകള്‍ക്കു പ്രാധാന്യം നല്‍കുന്ന രീതി വീണ്ടും സജീവമാകുന്നുമുണ്ട്. പഴയ ചൊല്‍ക്കാഴ്ചയെ അനുസ്മരിപ്പിക്കുന്ന ഈ അവതരണങ്ങള്‍ അംഗവിക്ഷേപങ്ങളോടെയുള്ള കവിതചൊല്ലല്‍, തീയെറ്ററിന്റെയും നൃത്തത്തിന്റെയുമൊക്കെ സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവയിലൂടെ വ്യത്യസ്തമായ മറ്റൊരു സംവേദനശീലത്തിനു തുടക്കമിടുന്നുണ്ട്..
ഇന്നു കവിതയുടെ അരങ്ങവതരണങ്ങള്‍ സംഗീതേതരമായ സാധ്യതകളാണ് അന്വേഷിക്കുന്നത്. മാത്രമല്ല, അരങ്ങവതരണത്തിനുള്ള സാധ്യതകള്‍ എഴുതപ്പെട്ട കവിതകളില്‍ കണ്ടെടുക്കുകയാണ് അതിന്റെ രീതി. അതായത് അരങ്ങവതരണം ഒരു പ്രത്യേകമാതൃകയെ പിന്‍‌പറ്റുന്നില്ല എന്നര്‍ത്ഥം. അപ്പോള്‍ സംഗീതാത്മകമായ ചൊല്ലലിനു പ്രാധാന്യം നല്‍കുന്ന മറ്റൊരു തരം കവിതയെ പാ‍ട്ടുകവിത എന്നുതന്നെ വിളിക്കേണ്ടിവരുന്നു. മുരുകന്‍ കാട്ടാക്കടയെപ്പോലെ സംഗീതത്തെ കാര്യമായി ആശ്രയിക്കുന്നവര്‍ പാട്ടുകവികള്‍ എന്ന വിളിപ്പേരും പങ്കുവയ്ക്കേണ്ടിവരുന്നു. പക്ഷേ ഈ പാട്ടുകവിതയ്ക്കു മറ്റൊരു തരത്തില്‍ വികസിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ചലച്ചിത്രസംഗീതത്തില്‍നിന്നു ഭിന്നമായി, സ്വതന്ത്രമായ ജനപ്രിയസംഗീതത്തിന്റെ ഒരിടം ഇവിടെ ഒഴിഞ്ഞു കിടക്കുന്നു. അവിടെയാണ് പാട്ടുകവിതയും ഇടം നേടുന്നത്. അതിന് ഇപ്പോഴുള്ളതിലേറെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. രാഗാധിഷ്ഠിതമായ കവിതചൊല്ലലിന്റെ പരിമിതികളെ അതിനും മറികടക്കേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വരവൈവിധ്യം കുറഞ്ഞ ഭാവഗീതങ്ങളുടെ നിലയാണ് അതിനുള്ളത്. ചൊല്ലലില്‍ അതെങ്ങനെ മറികടക്കും എന്നത് സര്‍ഗാത്മകമായ ഒരു വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ അത് എങ്ങനെ സമീപിക്കും എന്നു കൌതുകത്തോടെ കാത്തിരിക്കുന്നു. സാങ്കേതികശാസ്ത്രത്തിന്റെയും സംഗീതോപകരണങ്ങളുടെയും സഹായത്തോടെ ഒരു സ്വതന്ത്രകലയായി പാട്ടുകവിതയും വികസിക്കുമെന്നു കരുതാം. പക്ഷേ കവിതയുടേതെന്നതിനെക്കാള്‍ പാട്ടിന്റെ വഴിയിലാണ് അതിനു സഞ്ചരിക്കാനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story