ചവറുവണ്ടി
text_fieldsഎത്രകാലമായി ഞാനോടിക്കുന്ന
വണ്ടിയാണിത്
ചെറുതും വലുതുമായ
നിരവധി വീടുകള്‍ക്കിടയിലൂടെ
ചവറുകളുടെ ശ്മശാനത്തിലേക്ക്
ഞാന്‍ നഗരത്തിന്റെ അഴുക്കിനെ
ചുമന്നു കൊണ്ടുവരുന്നു.
മലിനമായ പ്ലാസ്റ്റിക്കിനും
മണ്ണിലാകെ ചിതറിക്കിടക്കുന്ന
നഗര മണത്തിനുമിടയില്‍ നിന്ന്
വീണുകിട്ടിയ വെളുത്ത പഞ്ഞിക്കരടിയെ
വീട്ടിലേക്ക് കൊണ്ടുപോകണം.
മൃഗങ്ങളുടെയും പക്ഷികളുടെയും
ശവശരീരങ്ങള്‍
വിരലി തന്നെ കിടന്നുറങ്ങുന്നു.
ഭക്ഷണനേരങ്ങളില്‍ അവ
അലിവില്ലാതെ പുറത്തേക്ക് തികട്ടുന്നു.
ചവറുപോലെ മലിനമായി
ചിലപ്പോള്‍ ജീവിതം
സ്വപ്നങ്ങളില്‍ ഞെരുങ്ങിപ്പാര്‍ക്കുന്നു.
പെറ്റിക്കോട്ട് മാത്രം ധരിച്ച്
കിടന്നുറങ്ങുന്ന മകള്‍ ക്കരികില്‍
സ്നേഹത്തോടെ കൊണ്ടുവയ്ക്കണം
ചവറുകൂനയില്‍ നിന്നു കിട്ടിയ
ഈ പഞ്ഞിക്കരടിയെ
ഏതോ വലിയ വീട്ടില്‍നിന്ന്
വലിച്ചെറിഞ്ഞ
ഈ പാവക്കുഞ്ഞിനെ
ഉടുപ്പണിയിക്കുമ്പോള്‍
അവള്‍ അറിയുമോ
നഗരത്തിന്റെ കെടുംമണം ?
എത്രകാലമായി ഞാനോടിക്കുന്ന
ചവറുവണ്ടിയാണിത്
(കടപ്പാട്: മനോജ് കാട്ടാമ്പള്ളിയുടെ ഫെയിസ്ബുക്ക് വാള്‍)