Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightചാലത്തെരുവിലെ കവി

ചാലത്തെരുവിലെ കവി

text_fields
bookmark_border
ചാലത്തെരുവിലെ കവി
cancel

വിഴിഞ്ഞം കലാപം നടന്ന 1995. ഇന്നലെവരെ കൂടപ്പിറപ്പുകളെപോലെ കഴിഞ്ഞ മനുഷ്യര്‍ കടപ്പുറത്ത് ഏറ്റുമുട്ടുന്നു. ആരൊക്കെയോ ആയുധങ്ങളുമായി ശത്രുക്കളെ തിരയുന്നു. ആദ്യം വള്ളങ്ങളും വലകളും കത്തി. പിന്നെ ഓലവീടുകളില്‍ തീ വീണു. തീയും പുകയും നിറഞ്ഞ ആ പകലിലേക്ക് ഫയര്‍ എന്‍ജിനുകള്‍ വന്നപ്പോള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. കത്തിയണഞ്ഞ ചാരക്കൂനയിലേക്ക് കുറെ നേരം നോക്കിനിന്നശേഷം അവര്‍ മണിമുഴക്കി തിരിച്ചുപോയി. പിന്നെ വന്നത് പൊലീസുകാരും ആംബുലന്‍സുകളുമായിരുന്നു. ചോരയില്‍ മുങ്ങിയ മനുഷ്യരാല്‍ ആംബുലന്‍സുകള്‍ നിറഞ്ഞു. നിസ്സാര വാക്തര്‍ക്കം കടപ്പുറത്തെ കലാപഭൂമിയാക്കി.

ഹസന്‍റ ചായക്കടക്കും രാത്രി ആരോ തീവെച്ചു.

ഹസന്‍റ ചായക്കടക്കും രാത്രി ആരോ തീവെച്ചു. ആര്‍ക്കും അയാളോട് ശത്രുതയുണ്ടായിരുന്നില്ല. പിറ്റേന്ന് കടയില്‍ ചായകൂട്ടാന്‍ വന്ന ഹസനും ഭാര്യയും ആ കാഴ്ച കണ്ട് നെഞ്ചത്ത് കൈവെച്ച് നിന്നുപോയി. മൂത്ത കുട്ടി അഷ്റഫ് ഡി. റാസക്ക് അന്ന് ആറു വയസ്സ്. അനുജന്‍ ബാദുഷക്ക് നാലു വയസ്സും. പിഞ്ചുമക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അന്ന് രാത്രിയില്‍ മണലില്‍ ഉറക്കംവരാതെ കിടന്ന ബാപ്പ, ഉമ്മമാരുടെ ചിത്രം ഇന്നും 26കാരന്‍ അഷ്റഫ് ഡി. റാസയുടെ മനസ്സിലുണ്ട്. ഇന്നവന്‍ കവിയാണ്. ഒരു ചായമക്കാനി കത്തിച്ചവര്‍ കൊണ്ടുപോയത് ഒരു കുടുംബത്തിന്‍െറ ശാന്തജീവിതമായിരുന്നു എന്ന് ഹൃദയത്തില്‍ കുറിച്ചിട്ട അവന്‍ ആ രാപ്പകലിനെക്കുറിച്ച് ഒരിക്കലും കവിത എഴുതിയിട്ടില്ല. ജനിച്ചുവീണശേഷം ഈ കവി അനുഭവിച്ചുതീര്‍ത്തത് ഒരു ജന്മത്തിന്‍െറ മുഴുവന്‍ വേദനകളായിരുന്നു. തെറ്റിദ്ധരിക്കരുത്. ഒരു കവിയായതിന്‍െറ പേരില്‍ അങ്ങനെ ഒരു ആലങ്കാരിക വാക്യം എഴുതിവെച്ചാല്‍ അത് അതിശയോക്തി എന്ന് ആരാനും വിചാരിച്ചാലോ? അങ്ങനെ വിചാരിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഈ യുവാവിന്‍െറ കഥ കേള്‍ക്കൂ. അവന്‍െറ ജീവിതം വായിക്കൂ.

തിരുവനന്തപുരത്ത് കരിമഠം കോളനിയിലെ അഴുക്കുചാലിനും മാലിന്യക്കൂമ്പാരത്തിനും അടുത്തുള്ള ഇടുങ്ങിയ വാടകമുറിയില്‍ ഹസന്‍ തന്‍െറ ഭാര്യ നൂര്‍ജഹാനുമായി വന്നുകയറി. ആണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അവിടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറന്നു. അഷ്റഫും ബാദുഷയും. തന്‍െറ ഭര്‍ത്താവിന് മറ്റൊരു ഭാര്യയും അതില്‍ നാലു മക്കളും ഉണ്ടെന്ന കാര്യം ഏറെ കഴിയുംമുമ്പേ നൂര്‍ജഹാന്‍ അറിഞ്ഞു. പിന്നെ നൂര്‍ജഹാന് തന്‍െറ കുടുംബത്തിന്‍െറ ഉത്തരവാദിത്തം പലപ്പോഴും ഏറ്റെടുക്കേണ്ടിവന്നു. അവര്‍ രാപ്പകലില്ലാതെ അധ്വാനിക്കാന്‍ തുടങ്ങി. പാചകക്കാരുടെ സഹായിയായും വീട്ടുജോലിക്കാരിയായും ഒക്കെ അവര്‍ കുടുംബത്തിന്‍െറ ഭാരം ചുമന്നു.

പിന്നീടാണ് ഹസന്‍ നൂര്‍ജഹാനെയും മക്കളെയുംകൊണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വിഴിഞ്ഞത്ത് ചെല്ലുന്നതും ചായക്കട തുടങ്ങുന്നതും. വര്‍ഗീയ കലാപത്തില്‍ കട കത്തിയമര്‍ന്നതോടെ അയാള്‍ മാനസികമായി തളര്‍ന്നു. നൂര്‍ജഹാന്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. കുട്ടികളെ സ്കൂളില്‍ ചേര്‍ത്തുവെങ്കിലും അവരുടെ കാര്യങ്ങള്‍ വേണ്ടവിധം നോക്കാന്‍ ആ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. പതിയപ്പതിയെ ഹസനും ഭാര്യയും രോഗികളുമായി. മൂത്ത കുട്ടിയായ അഷ്റഫ് ആറാം ക്ളാസിലെ പഠനം നിര്‍ത്തി ജോലിക്ക് പോയിത്തുടങ്ങി. അവന്‍ കൊണ്ടുവരുന്ന നാണയത്തുട്ടുകള്‍ പ്രതീക്ഷിച്ച് ഉമ്മയും ബാപ്പയും കുഞ്ഞനുജനും വിശപ്പോടെ കാത്തിരുന്നു.

11കാരനെ കണ്ട് നാരായണന്‍കുട്ടി സാറിന്‍റ കരള്‍ നൊന്തു

ചായക്കടയില്‍ വെള്ളം കോരാന്‍ നില്‍ക്കുന്ന ആ 11കാരനെ കണ്ട് അവിടെ ചായകുടിക്കാന്‍ കയറിയ നാരായണന്‍കുട്ടി സാറിന്‍െറ കരള്‍ നൊന്തു. അതേ പ്രായത്തില്‍ ഒരു മകന്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. നാരായണന്‍കുട്ടി സാറിന്‍െറ നിര്‍ബന്ധം മൂലം ആറക്കട സ്കൂളില്‍ വീണ്ടും അഷ്റഫ് പോയിത്തുടങ്ങി. അവനെ ഏറെ സ്നേഹിച്ച മഞ്ജുള ടീച്ചര്‍ ഫീസ് കൊടുക്കാമെന്നേറ്റു. അതിനിടയിലാണ് ആരോ അവന്‍ കവിത എഴുതുമെന്ന് കണ്ടത്തെിയത്. അവന്‍ അക്കാര്യം നിഷേധിച്ചു. എന്നിട്ടും നാരായണന്‍കുട്ടി സാര്‍ അവനില്‍നിന്ന് കവിത പിടിച്ചെടുത്ത് സ്കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. പക്ഷേ, അഷ്റഫ് സ്കൂളിലത്തെുന്നത് മാവേലിയെപോലെയായിരുന്നു. കൂട്ടുകാര്‍ ക്ളാസ്മുറിയില്‍ ഇരിക്കുമ്പോള്‍ സഹപാഠി ദൂരെ തെരുവില്‍ പകലന്തിയോളം അധ്വാനിക്കുകയായിരുന്നു. ഇളമുടല്‍കൊണ്ട് അവന്‍ ഉന്തുവണ്ടി വലിച്ചു. ഹോട്ടലുകളിലേക്ക് വെള്ളം വലിച്ചു. 10ാം ക്ളാസ് പരീക്ഷാത്തലേന്നും കവി ജോലിത്തിരക്കുകളിലായിരുന്നു. പാഠപുസ്തകം കാണാതെ പരീക്ഷ എഴുതിയ അഷ്റഫ് തോറ്റ് സ്കൂളില്‍നിന്ന് പുറത്തുവന്നു. ഒരു അധ്യാപകനും അവനെ കുറ്റംപറഞ്ഞില്ല. വീട്ടുകാര്‍ ശപിച്ചില്ല. എങ്കിലും മഞ്ജുള ടീച്ചര്‍ വീട്ടില്‍ അന്വേഷിച്ചുവന്ന് അനുഗ്രഹിച്ചു. അരുമയോടെയും വേദനയോടെയും ചേര്‍ത്തുപിടിച്ചു. വലിയവനാകുമെന്ന് നല്ല വാക്ക് പറഞ്ഞു. തോറ്റകുട്ടി വലിയവനാകുന്നതെങ്ങനെയെന്ന് അന്ന് ഹസനും കുടുംബവും പലവട്ടം ആലോചിച്ച് തലപുകച്ചു.

സ്വപ്നങ്ങളില്‍ ടെഡ് ഹ്യൂസും ഒക്ടോവിയ പാസും

10ാം ക്ളാസ് തോറ്റ കുട്ടി തെരുവുഗായകന്‍, ബസ്സ്റ്റാന്‍ഡ് കാന്‍റീന്‍ ജ്വല്ലറിഹൗസ് കീപ്പിങ് ജീവനക്കാരന്‍, പള്ളി മുക്രി, പല ചരക്കുകടചെരിപ്പുകടസര്‍വീസ് സ്റ്റേഷന്‍ ജോലിക്കാരന്‍, ബസ് ക്ളീനര്‍, അണ്‍എയ്ഡഡ് കോളജിലെ ശിപായി തുടങ്ങി പലതുമായി. അന്നുമുതല്‍ ഇന്നുവരെ വിശ്രമമില്ലാത്തവനായി. അതിനിടയില്‍ രഹസ്യമായി കവിത എഴുതി. എന്നാല്‍, അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. വീടില്ലാത്തവനും വിദ്യാഭ്യാസമില്ലാത്തവനും കവിത എഴുതുന്നത് തെറ്റാണെന്ന ബോധം അന്ന് കവിക്കുണ്ടായിരുന്നു. അതുകൊണ്ട് ‘ധംറു’ എന്ന തൂലികാനാമത്തില്‍ ഒളിച്ചിരുന്നു. അഷ്റഫിന്‍െറ ആദ്യ കവിതകള്‍ ചെറുകിട പ്രസിദ്ധീകരണങ്ങളില്‍ വന്നത് ആ തൂലികാ നാമത്തിലായിരുന്നു. ഒടുവില്‍ ആ കവിത്വം പുറന്തോട് പൊട്ടിച്ച് പുറത്തുവന്നു. ആസ്വാദകര്‍ കൂടിവന്നു. എന്നും കിട്ടുന്ന കൂലിയില്‍നിന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാന്‍ പണം മാറ്റിവെച്ചു. ബാക്കി പണം ഉമ്മയെ ഏല്‍പിക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ചെലവായ തുകയില്‍ പുസ്തകം വാങ്ങിയതിന്‍െറ കണക്കും ചേര്‍ത്തുവെച്ചു. വിശന്ന് നടന്നലഞ്ഞ് വീട്ടിലത്തെുന്ന കവി ആദ്യം മുതിരുക പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കാനാണ്. വായിച്ച രചനയുടെ കര്‍ത്താവിനെ ടെലിഫോണ്‍ ബൂത്തില്‍ പോയി വിളിക്കും. വിഴിഞ്ഞത്തെ ടെലിഫോണ്‍ ബൂത്തുകള്‍ രാത്രികളില്‍ ഹസനെ കാത്തിരുന്നു. അങ്ങനെ സാഹിത്യകാരന്മാരുടെ പ്രിയ ആസ്വാദകനായും വിമര്‍ശകനായും മാറിയ അഷ്റഫിന്‍െറ വീട്ടില്‍ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും കുന്നുകൂടി. വാടക വീട്ടില്‍നിന്ന് പുതിയ വാടക വീട്ടിലേക്ക് മാറുമ്പോള്‍ ഈ പുസ്തകങ്ങളും കവി ചുമന്നുകൊണ്ടുപോകും. വായന ഇല്ളെങ്കില്‍ ഉറങ്ങാന്‍ കഴിയില്ല. സ്വപ്നങ്ങളില്‍ ടെഡ് ഹ്യൂസും ഒക്ടോവിയ പാസും ഒ.വി. വിജയനും...
അഷ്റഫ് ഡി. റാസ എഴുതിയ ‘ഏഴു മുറികളില്‍ കവിത’ ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങി. കവി ജോലിചെയ്യുന്ന തിരുവനന്തപുരം നഗരത്തിലെ ചാല കമ്പോളത്തിലെ അലി ട്രേഡേഴ്സിന്‍െറ മുന്നില്‍ കവി പഴവിള രമേശനാണ് പുസ്തകം പ്രകാശിപ്പിച്ചത്. ചാലയിലെ തൊഴിലാളികള്‍ അതിന് സാക്ഷിയായി. ആദ്യ പതിപ്പിന് രണ്ടു മാസം തികയുംമുമ്പേ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആരെയും പൊള്ളിക്കുന്ന ആ കവിതകള്‍ക്ക് വായനക്കാരേറുകയുണ്ടായി. ‘ഉറക്കം’ എന്ന കവിത കേള്‍ക്കുക.

‘മൂന്നുകാലത്തിലെയും
തെറ്റുകള്‍
അതിസുഖങ്ങള്‍
ദുരന്തങ്ങള്‍
സ്വപ്നത്തിലെ
കരയും, പ്രണയവും
കടലും മരണവും
ഭീതിപ്പെടുത്താനുണ്ട്
വിശപ്പിന്‍െറ
മുകള്‍നിലയിലേക്ക് ഓടിത്തളര്‍ന്ന
രണ്ടാംക്ളാസുകാരനെപ്പോലെ
ദൈവത്തിന്‍െറ വിരിപ്പില്‍
കിടക്കുന്ന
അമ്മയെ കെട്ടിപ്പിടിച്ച്...
ഓടിത്തളര്‍ന്ന്...’
എന്തെന്ത് ജീവിതാനുഭവങ്ങളാണ് ഈ ചെറുപ്രായത്തില്‍ അഷ്റഫിന് ഉണ്ടായിരിക്കുന്നത്.
പലപ്പോഴും ഉമ്മയുടെ അസുഖങ്ങള്‍ അവനെ ജോലിയില്‍നിന്ന് വീട്ടിലേക്ക് മടക്കി വിളിച്ചുകൊണ്ടിരുന്നു. ഉമ്മക്ക് സുഖമായി തിരിച്ചുചെല്ലുമ്പോള്‍ ജോലിയില്‍ മറ്റാരെങ്കിലും കയറിക്കാണും. എങ്കിലും എല്ലാവര്‍ക്കും ഏറെ ഇഷ്ടം. വായനക്കിറുക്കനായ ചെക്കനെന്ന ഒറ്റ കമന്‍റ് മാത്രം. എല്ലാമായ ഉമ്മക്കുവേണ്ടി ജോലി കളയുന്നതില്‍ അഷ്റഫിന് വിഷമമില്ല. ഭ്രൂണമായിരുന്ന കാലത്തെക്കുറിച്ച് കവിത എഴുതി ഉമ്മക്ക് സമര്‍പ്പിക്കണമെന്നതാണ് കവിയുടെ വലിയ മോഹം.

തഴപ്പായില്‍ കിടക്കുമ്പോള്‍ അഷ്റഫ് പാമ്പിനെ കണ്ടു
അഷ്റഫിന്‍െറ ജീവിതത്തിലെ രസകരമായ ഒരനുഭവംകൂടി ഇവിടെ കുറിക്കാം: മുക്രിയായി ജോലി നോക്കിയിരുന്ന പള്ളിയിലെ വാസസ്ഥലത്തോട് ചേര്‍ന്ന് രാത്രിയില്‍ ഒരു പാമ്പ് വന്നുകയറി. തഴപ്പായില്‍ കിടക്കുമ്പോള്‍ അഷ്റഫ് പാമ്പിനെ കണ്ടു.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് വഴിവക്കില്‍ കണ്ട പാമ്പിനെ കൈകൊണ്ട് എടുത്ത് ലാളിച്ച ഓര്‍മ പെട്ടെന്ന് വന്നു. അവനും പാമ്പും കുറെ നേരം നോക്കിക്കിടന്നു. പിറ്റേന്നും പാമ്പിനെ കണ്ടു. മുറിയോട് ചേര്‍ന്നുള്ള സിമന്‍റ് ഇഷ്ടികകള്‍ കൂട്ടിവെച്ച സ്ഥലത്താണ് പാമ്പിന്‍െറ താമസമെന്ന് അഷ്റഫിന് മനസ്സിലായി. ചില രാത്രികളില്‍ പാമ്പ് അവന്‍െറ മുറിയോട് ചേര്‍ന്ന ഉയരമുള്ള ഭാഗത്ത് തലനീട്ടി വന്നിരുന്നു. ഒരു ദിവസം സിമന്‍റ് ഇഷ്ടികകള്‍ ചേര്‍ത്തുവെച്ച ഭാഗത്ത് ആരോ പാമ്പിനെ കണ്ടു. ഇഷ്ടികകള്‍ അവിടെനിന്ന് മാറ്റിക്കവെ പെട്ടെന്ന് പാമ്പ് തല നീട്ടി. എല്ലാവരും പാമ്പിനെ കൊല്ലാന്‍ അഷ്റഫിനോട് ആവശ്യപ്പെട്ടു. അവന്‍ അറച്ചുനില്‍ക്കെ ആരോ കലിതുള്ളി: ‘നീയതിനെ കൊന്നില്ളെങ്കില്‍ നിന്നെ ഞങ്ങള്‍ കൊല്ലും.’ അങ്ങനെ അഷ്റഫ് ആ പാതകം ചെയ്തു. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കൊലപാതകം..

‘ഈ ജന്മത്തില്‍ നീയെന്നെയും ഞാന്‍ നിന്നെയും കണ്ടിട്ടേയില്ല.’

. അഷ്റഫിന്‍െറ കവിതയിലെ വരികള്‍ ഇങ്ങനെ: ‘ഈ ജന്മത്തില്‍ നീയെന്നെയും ഞാന്‍ നിന്നെയും കണ്ടിട്ടേയില്ല.’

Show Full Article
TAGS:
Next Story